ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിക്കുന്നതിന്റെ തിരക്കിലാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്‌ആപ്പ്.
ഗ്രൂപ്പ് കോളുകള്‍ ഷെഡ്യൂള്‍ ചെയ്ത് വെയ്ക്കാന്‍ സഹായിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വാട്‌സ്‌ആപ്പ് എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇത് വിജയകരമെന്ന് കണ്ടാല്‍ എല്ലാവര്‍ക്കും ലഭിക്കുന്ന വിധം സേവനം വിപുലപ്പെടുത്താനാണ് വാട്‌സ്‌ആപ്പ് പദ്ധതിയിടുന്നത്.
പുതിയ കോണ്‍ടെക്‌സ്റ്റ് മെനുവില്‍ നിന്ന് ഷെഡ്യൂള്‍ കോള്‍ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുംവിധമാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുക. ഗ്രൂപ്പില്‍ കോള്‍ ബട്ടണ്‍ അമര്‍ത്തുമ്ബോള്‍ കോണ്‍ടെക്‌സ്റ്റ് മെനു തെളിഞ്ഞ് വരുന്ന രീതിയിലാണ് ക്രമീകരണം ഒരുക്കുക. ഗ്രൂപ്പ് യോഗങ്ങളില്‍ ഇത് വളരെയധികം പ്രയോജനപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍കൂട്ടി അറിയിച്ച് യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ ഇതുവഴി സാധിക്കും. യോഗം സംഘടിപ്പിക്കുന്ന സമയം നേരത്തെ തന്നെ അറിയിക്കാന്‍ സാധിക്കുന്നത് കൊണ്ട് എല്ലാ അംഗങ്ങള്‍ക്കും ഇതില്‍ പങ്കെടുക്കുന്നതിനും ബുദ്ധിമുട്ട് ഉണ്ടാവില്ല.വോയ്‌സ് കോളിന് പുറമേ വീഡിയോ കോളിലും സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുംവിധമാണ് സൗകര്യം ഏര്‍പ്പെടുത്തുക. ഗ്രൂപ്പ് കോള്‍ ആരംഭിക്കുമ്ബോള്‍ തന്നെ ഷെഡ്യൂള്‍ കോളിലേക്ക് പങ്കെടുക്കേണ്ട ആളുകളുടെ പേര് ചേര്‍ക്കാന്‍ സാധിക്കും. ഗ്രൂപ്പ് കോള്‍ ആരംഭിക്കുമ്ബോള്‍ തന്നെ എല്ലാം ഗ്രൂപ്പ് അംഗങ്ങളെയും യോഗത്തെ കുറിച്ച് അറിയിക്കാന്‍ ഈ ഫീച്ചര്‍ വഴി സാധിക്കുന്നത് കൊണ്ട് , ഫലപ്രദമായി യോഗം സംഘടിപ്പിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.