Categories
Kasaragod Kerala main-slider top news

കെ-ഫോൺ ഉദ്ഘാടനം അഞ്ചിന്; ആദ്യ ഘട്ടം 30,000 സർക്കാർ സ്ഥാപനങ്ങളിലും 14,000 വീടുകളിലും മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി നാടിനു സമർപ്പിക്കും

കെ-ഫോൺ ഉദ്ഘാടനം അഞ്ചിന്; ആദ്യ ഘട്ടം 30,000 സർക്കാർ സ്ഥാപനങ്ങളിലും 14,000 വീടുകളിലും

മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി നാടിനു സമർപ്പിക്കും

എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കെ-ഫോൺ പദ്ധതി ജൂൺ അഞ്ചിനു യാഥാർഥ്യമാകും. വൈകിട്ട് നാലിനു നിയമസഭയിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്റെ അഭിമാന പദ്ധതി നാടിനു സമർപ്പിക്കും. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 30,000 സർക്കാർ സ്ഥാപനങ്ങളിലും ഒരു നിയമസഭാ മണ്ഡലത്തിൽ 100 വീടുകൾ എന്ന കണക്കിൽ 14,000 വീടുകളിലും കെ-ഫോൺ ഇന്റർനെറ്റ് എത്തും.

 

സംസ്ഥാനത്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങൾക്കു സൗജന്യമായും മറ്റുള്ളവർക്കു മിതമായ നിരക്കിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കുകയാണു കെ-ഫോണിലൂടെ സർക്കാർ ലക്ഷ്യംവയ്ക്കുന്നത്. നിലവിൽ 18000 ഓളം സർക്കാർ സ്ഥാപനങ്ങളിൽ കെ-ഫോൺ മുഖേന ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കിക്കഴിഞ്ഞു. 7000 വീടുകളിൽ കണക്ഷൻ ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർത്തീകരിച്ചു. അതിൽ 748 കണക്ഷൻ നൽകി.

 

40 ലക്ഷത്തോളം ഇന്റർനെറ്റ് കണക്ഷനുകൾ നൽകാൻ കഴിയുന്ന ഐടി അടിസ്ഥാന സൗകര്യങ്ങൾ കെ-ഫോൺ ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട്. ഇതിനായി 2519 കിലോമീറ്റർ ഒപിജിഡബ്ല്യു കേബിളിങ്ങും 19118 കിലോമീറ്റർ എഡിഎസ്എസ് കേബിളിങ്ങും പൂർത്തിയാക്കി. കൊച്ചി ഇൻഫോപാർക്ക് കേന്ദ്രീകരിച്ചാണ് കെ-ഫോണിന്റെ ഓപ്പറേറ്റിങ് സെന്റർ പ്രവർത്തിക്കുന്നത്. പദ്ധതിക്ക് അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിനാവശ്യമായ കാറ്റഗറി 1 ലൈസൻസും ഔദ്യോഗികമായി ഇന്റർനെറ്റ് സേവനങ്ങൾ നൽകാനുള്ള ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ (ഐഎസ്പി) കാറ്റഗറി ബി യൂണിഫൈഡ് ലൈസൻസും നേരത്തെ ലഭ്യമായിരുന്നു.

 

ജൂൺ അഞ്ചിനു നടക്കുന്ന സംസ്ഥാനതല ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി നിയോജക മണ്ഡലാടിസ്ഥാനത്തിലും പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

Categories
Kerala Latest news main-slider

വെള്ളരിക്കുണ്ട് താലൂക്ക് അദാലത്തിനെത്തിയ മന്ത്രി അഹമ്മദ്‌ ദേവർകോവിലിനെതിരെ പ്രതിഷേധം

മലയോരത്തെ റോഡുകളോടുള്ള പിണറായി സർക്കാരിന്റെ അവഗണയിൽ പ്രതിഷേധിച്ച്‌ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ വെള്ളരിക്കുണ്ട് താലൂക്ക് അദാലത്തിനെത്തിയ മന്ത്രി അഹമ്മദ്‌ ദേവർകോവിലേതിരെ പ്രതിഷേധം നടത്തി. യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം ഭയന്ന് പൊതുമരാമത്ത് മന്ത്രി പി എം മുഹമ്മദ്‌ റിയാസ് പരിപാടി ഒഴിവാക്കിയിരുന്നു.

സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് തമ്പാൻ, സെക്രട്ടറി മാർട്ടിൻ ജോർജ്, തൃക്കാർപ്പൂർ നിയോജകമണ്ടലം പ്രസിഡന്റ്‌ ജോബിൻ ബാബു,ബളാൽ മണ്ഡലം പ്രസിഡന്റ്‌ ബിബിൻ അറക്കൽ, ലിബിൻ ആലപ്പാട്ട്, വിഷ്ണു ചുള്ളി, ജോബിൻ പറമ്പ, ആന്റണി കരിമ്പനാകുഴിയിൽ, ഷാനോജ് മാത്യു

കനകപ്പള്ളി തുടങ്ങിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി

Categories
Kerala Latest news main-slider

കണ്ണൂരിൽ ട്രെയിനിൽ തീപിടിത്തം; ഷാറുഖ് സെയ്‌ഫി കത്തിച്ച അതേ ട്രെയിൻ

കണ്ണൂർ : റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന്റെ ബോഗി കത്തിനശിച്ചു. മൂന്നാം പ്ലാറ്റ് ഫോമിനു സമീപം ഏട്ടാമത്തെ യാർഡിൽ ഹാൾട്ട് ചെയ്തിരുന്ന ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. രാത്രി ഒന്നരയോടെയാണ് സംഭവം. ആർക്കും പരുക്കില്ല. ട്രെയിനിലെ തീപിടിത്തത്തില്‍ അട്ടിമറിയുണ്ടെന്ന് സംശയിക്കുന്നതായി റെയില്‍വേ പൊലീസ് പറഞ്ഞു.

രാത്രി 11.45നാണ് ട്രെയിന്‍ കണ്ണൂരില്‍ യാത്ര അവസാനിപ്പിച്ചത്. ഒരു ബോഗി പൂർണമായും കത്തിനശിച്ചു. പുറമേനിന്നു തീയിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. ഏറ്റവും പിറകിലെ മൂന്നാമത്തെ ബോഗിയാണ് കത്തിയത്. മൂന്ന് യൂണിറ്റ് അഗ്നിശമന സേനാ സംഘം ഏറെ നേരം പ്രയത്നിച്ചാണ് നിയന്ത്രണ വിധേയമാക്കിയത്. സമീപ ബോഗികൾക്ക് കേടുപാട് ഉണ്ടായിട്ടില്ല.

തീ ഉയരുന്നത് റെയിൽവേ ജീവനക്കാരാണ് ആദ്യം കണ്ടത്. അഗ്നിശമന സേനയുടെ വാഹനത്തിന് ഇവിടേക്ക് എത്താൻ തടസമായത് പ്രതിസന്ധിക്ക് ഇടയാക്കി. കോഴിക്കോട് എലത്തൂരിൽ ഷാറുഖ് സെയ്‌ഫി കത്തിച്ച അതേ ട്രെയിനിലാണു തീപിടിത്തമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് ഇന്റർസിറ്റി എക്സ്പ്രസായി സർവീസ് നടത്തേണ്ടതാണ്.

 

ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസിലുണ്ടായ തീപിടിത്തത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കാനുമായി ഒരാൾ ട്രെയിനിനു സമീപം എത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പുലർച്ചെ ഒന്നരയോടെ ട്രെയിനിൽനിന്ന് പുക ഉയരുകയായിരുന്നു എന്ന് ദൃക്സാക്ഷി പറഞ്ഞു.

ഉടൻതന്നെ തീ ആളിക്കത്തിയെന്നും ദൃക്സാക്ഷി ജോർജ് വെളിപ്പെടുത്തി. അഗ്നിരക്ഷാ സേനയെത്തി 45 മിനിറ്റിനുള്ളിൽ തീ അണച്ചു. എൻജിൻ വേർപെടുത്തിയ ശേഷമാണ് തീപിടിത്തമുണ്ടായത്. എൻജിൻ വേർപെടുത്തിയാൽ ഷോർട്ട് സർക്യൂട്ടിനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം പറയുന്നു.

ട്രെയിൻ തീവയ്പ് കേസിൽ എൻഐഎ കേരള പൊലീസിനോടു വിവരങ്ങൾ തേടി. സംസ്ഥാന പൊലീസിൽനിന്നും റെയിൽവേ പൊലീസിൽനിന്നുമാണു വിവരം തേടുക. തീവയ്പ്പിൽ അട്ടിമറി സംശയിക്കുന്ന സാഹചര്യത്തിലാണ് എൻഐഎ വിവരങ്ങൾ തേടുന്നത്. ഏപ്രിൽ രണ്ടിന് എലത്തൂരുണ്ടായ ട്രെയിൻ തീവയ്പ് കേസും നിലവിൽ എൻഐഎയുടെ അന്വേഷണത്തിലാണ്.

അതേസമയം, കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനു തീപിടിച്ച സംഭവത്തില്‍ ഒഴിവായതു വന്‍ ദുരന്തം. അഗ്നിക്കിരയായ ആലപ്പുഴ – കണ്ണൂര്‍ ഇന്റര്‍സിറ്റിയുടെ പിന്‍ഭാഗത്തെ ജനറല്‍ കോച്ചും ബിപിസിഎലിന്റെ ഇന്ധന സംഭരണിയും തമ്മില്‍ വെറും 100 മീറ്ററിന്റെ അകലം മാത്രമാണ് ഉണ്ടായിരുന്നത്. വലിയ അപകടമാണ് ഒഴിവായതെന്നു വിദഗ്ധര്‍ പറയുന്നു.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന്റെ ബോഗിയാണ് പുലർച്ചെ ഒന്നരയോടെ കത്തിനശിച്ചത്. മൂന്നാം പ്ലാറ്റ്ഫോമിനു സമീപം ഏട്ടാമത്തെ യാർഡിൽ ഹാൾട്ട് ചെയ്തിരുന്ന ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. രാത്രി ഒന്നരയോടെയാണ് സംഭവം. ആർക്കും പരുക്കില്ല. ട്രെയിനിലെ തീപിടിത്തത്തില്‍ അട്ടിമറിയുണ്ടെന്നു സംശയിക്കുന്നതായി റെയില്‍വേ പൊലീസ് പറഞ്ഞു.

Categories
Kerala Latest news main-slider Other News

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

കൊച്ചി : കരൾ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു. എറണാകുളത്തെ അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചെറിയ വയറു വേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കരൾ സംബന്ധമായ അസുഖമാണെന്നു തിരിച്ചറിഞ്ഞത്. കരൾ ദാനം ചെയ്യാൻ ഹരീഷിന്റെ ഇരട്ട സഹോദരി ശ്രീജ തയാറാണെങ്കിലും ചികിത്സയ്ക്കു ഭീമമായ തുക ആവശ്യമായി വന്നിരുന്നു.

തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന നടനെ സഹായിക്കണമെന്ന് അഭ്യർഥിച്ച് സുഹൃത്തുക്കളും സഹപ്രവർത്തകരും രംഗത്തെത്തിയിരുന്നു. അടിയന്തരമായി കരൾ മാറ്റിവയ്ക്കലാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നതെന്നു സുഹൃത്തുക്കൾ പറഞ്ഞിരുന്നു.

മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ ആൻഡ് ജോ, മിന്നൽ മുരളി തുടങ്ങി ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട് ഇദ്ദേഹം

Categories
Kerala Latest news main-slider

അവധൂതഗന്ധർവനാണ് പി കുഞ്ഞിരാമൻ നായർ. നിരന്തരം ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് ജീവിതത്തെ പൂർത്തിയാക്കാൻ ശ്രമിച്ച അദ്ദേഹം കവിതയുടെ എഡിറ്റിംഗിൽ വിശ്വസിച്ചില്ല. കാലത്തെ അതിജീവിച്ച് സമൂഹത്തോട് സംവദിക്കുമ്പോഴാണ് കവിയുടെ രചന അർത്ഥപൂർണമാകുന്നത് -കെ.ജയകുമാർ  

 

കാഞ്ഞങ്ങാട് : വായിച്ചു തീരാത്ത മഹാപുസ്തകമാണ് മഹാകവി പി എന്ന് ഗാനരചയിതാവും മുൻ ചീഫ് സെക്രട്ടറിയും ആയ കെ.ജയകുമാർ, മഹാകവി പിയുടെ 45-ാം ചരമവാർഷിക ദിനത്തിൽ മഹാകവി പി. കുഞ്ഞിരാമൻ നായർ സ്മാരക ട്രസ്റ്റ് നടത്തിയ അനുസ്മരണത്തിൽ കവിതാ പുരസ്കാര സമർപ്പണം നിർവഹിക്കുകയായിരുന്നു ട്രസ്റ്റ് ചെയർമാൻ കൂടിയായ അദ്ദേഹം എത്ര പഠിച്ചാലും പൂർണമായി വഴങ്ങാത്തതും നിസാരമെന്നു തോന്നാവുന്നതുമായ സർഗാത്മക കൂസലില്ലായ്മയാണ് കവിയുടെ രചനകളുടെ സവിശേഷത കാൽപനിക വീരനായക പരിവേഷമുള്ള കവിയാണ് പി. വരുംകാലങ്ങളിലെ വായനക്കാർക്കുള്ള സന്ദേഹങ്ങളും സമാധാനങ്ങളും ഒളിപ്പിച്ച പി കവിതകളിൽ കവി ജീവിച്ച കാലത്തിന്റെയും വരാനിരിക്കുന്ന കാലങ്ങളുടെയും ഉൽക്കണ്ഠകൾ സമർഥമായി ഉൾച്ചേർത്തിരിക്കുന്നു. ഇതാണ് പി കവിതകളുടെ കാലാതിവർത്തിയായ നിത്യചൈതന്യം പിന്നാലെ വന്ന എഴുത്തുകാരെയെല്ലാം വിസ്മയിപ്പിച്ച ഇനിയും വിസ്മയിപ്പിക്കാനിരിക്കുന്ന അവധൂത ഗന്ധർവനാണ് മഹാകവി യെന്നും കൂട്ടിച്ചേർത്തു. കവയിത്രി ഷീജ വക്കത്തിന് മഹാകവി പി സ്മാരക കവിതാ പുരസ്കാരം സമ്മാനിച്ചു. ട്രസ്റ്റിന്റെ വെബ്സൈറ്റും ഉദ്ഘാടനം ചെയ്തു. നിരൂപകനും കേരള സാഹിത്യ അക്കാദമി അംഗവുമായ ഇ.പി രാജഗോപാലൻ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി ഡോ അംബികാസുതൻ മാങ്ങാട് അനുസ്മരണ പ്രഭാഷണം നടത്തി ഡോ സി ബാലൻ, അജാനൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ കൃഷ്ണൻ, സ്മാരക ട്രസ്റ്റ് സെക്രട്ടറി വി.രവീന്ദ്രൻ നായർ, ജോയിന്റ് സെക്രട്ടറി വി ജയദേവൻ, ട്രഷറർ എം കുഞ്ഞിരാമൻ പ്രോഗ്രാം കൺവീനർ ഡോ.ധന്യ കീച്ചേരി ഷീജ വക്കം എന്നിവർ പ്രസംഗിച്ചു. സംഗീതജ്ഞൻ വെള്ളിക്കോത്ത് വിഷ്ണുഭട്ട് പിയുടെ കവിയുടെ കണ്ണുനീർ എന്ന കവിത ആലപിച്ചു. ദിവാകരൻ വിഷ്ണുമംഗലം കവി സമ്മേളന ഉദ്ഘാടനം ചെയ്തു നാലപ്പാടം പത്മനാഭൻ സന്തോഷ് ഒഴിഞ്ഞവളപ്പ്, രവി തായന്നൂർ ആനന്ദകൃഷ്ണൻ അടുക്കത്തുപറമ്പ് പ്രേമചന്ദ്രൻ ചോമ്പാല, സാവിത്രി വെള്ളിക്കോത്ത് എന്നിവർ സ്വന്തം കവിത ആലപിച്ചു.

Categories
Kerala Latest news main-slider National

അരി കൊമ്പന്റെ പരാക്രമം, കമ്പത്ത് 144 പ്രഖ്യാപിച്ചു

കമ്പം: കേരള അതിർത്തിയോടു ചേർന്ന് തമിഴ്നാട്ടിലെ കമ്പം ടൗണിലിറങ്ങി പരാക്രമം കാട്ടിയ കാട്ടാന അരിക്കൊമ്പനെ ഇന്ന് ഉച്ചയ്ക്കുശേഷം മയക്കുവെടിവയ്ക്കുമെന്നു തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. തമിഴ്നാട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശ്രീനിവാസ റെഡ്ഡിയുടെ പ്രത്യേക നിർദേശമനുസരിച്ച് ഹൊസൂരിൽനിന്നും മധുരയിൽനിന്നും രണ്ടു വൈറ്ററിനറി വിദഗ്ധരെ കമ്പത്തെത്തിക്കും.

ദൗത്യത്തിനായി ആനമലയിൽനിന്നും കുങ്കിയാനകൾ പുറപ്പെട്ടു. മൂന്നു മണിയോടെ ‘ഓപ്പറേഷൻ അരിക്കൊമ്പൻ’ തുടങ്ങാനാണ് തീരുമാനം. ദൗത്യം കഴിഞ്ഞ് ആനയുടെ ആരോഗ്യനില പരിശോധിച്ചശേഷം ഹൊസൂരിൽനിന്നു കൊണ്ടുവരുന്ന പ്രത്യേക വാഹനത്തിൽ ഉൾവനത്തിലേക്കു കൊണ്ടുപോകും.

കമ്പം ടൗണിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനം പുറത്തിറങ്ങരുതെന്നു നിർദേശം നൽകി. തോക്കുമായി പൊലീസുകാര്‍ രംഗത്തെത്തി. ആകാശത്തേക്കു വെടിവച്ച് അരിക്കൊമ്പനെ കാട്ടിലേക്ക് ഓടിക്കാനാണു പൊലീസ് ശ്രമിക്കുന്നത്. കമ്പംമേട്ട് റൂട്ടിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ടൗണിൽനിന്നു മൂന്നു കിലോമീറ്റർ മാറി ഒരു തോട്ടത്തിലാണ് ഇപ്പോൾ ആനയുള്ളത്.

അരിക്കൊമ്പന്റെ പരാക്രമം ജനജീവിതത്തെ ബാധിച്ച സാഹചര്യത്തിലാണ് മയക്കുവെടി വയ്ക്കാനുള്ള തീരുമാനം. മുൻപും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ അരിക്കൊമ്പൻ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. തമിഴ്നാട് സർക്കാർ ബസിനു നേരെ അരിക്കൊമ്പൻ പാഞ്ഞടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഇതിനിടെ അരിക്കൊമ്പനെ ഭയന്ന് മേഘമലയിലേക്കുള്ള വിനോദസഞ്ചാരം പോലും നിർത്തിവച്ചിരുന്നു.

Categories
Editors Pick Kerala Latest news main-slider

ഹോട്ടൽ വ്യാപാരി സിദ്ദിഖിന്റെ കൊലപാതകം ഹണിട്രാപ്പിന്റെ ഭാഗം,സിദ്ദിഖിനെ നഗ്നനാക്കി

മലപ്പുറം∙ കോഴിക്കോട്ടെ ഹോട്ടൽ വ്യാപാരി തിരൂർ ഏഴൂർ മേച്ചേരി സിദ്ദീഖിനെ ..

(58) ലോഡ്ജ് മുറിയിൽ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിലുണ്ടായത് വൻ ട്വിസ്റ്റ്. സംഭവം മുൻപു സംശയിച്ചിരുന്നതുപോലെ ഹണിട്രാപ്പിന്റെ ഭാഗമാണെന്നാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസ് വെളിപ്പെടുത്തിയത് സിദ്ദിഖിനെ നഗ്നനാക്കി ഫോട്ടോയെടുക്കാനുള്ള ശ്രമവും അതിനെ എതിർത്തതുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് അറിയിച്ചു.

ഹണിട്രാപ്പ് എന്ന് ആദ്യം മുതലേ സംശയമുയർന്ന സംഭവത്തിൽ അന്വേഷണം കറങ്ങിത്തിരിഞ്ഞ് ഒടുവിൽ അതേ ദിശയിൽത്തന്നെ എത്തുമ്പോഴും, സംഭവത്തിൽ ഉൾപ്പെട്ടവരുടെ റോളുകളിൽ കാര്യമായ മാറ്റമുണ്ട്. സിദ്ദിഖ് ജോലിയിൽനിന്ന് പുറത്താക്കിയ മുഹമ്മദ് ഷിബിലിയുടെ പ്രതികാരം എന്ന നിലയിലാണ് ആദ്യം സംശയങ്ങളുയർന്നതെങ്കിൽ, ചിത്രം കൂടുതൽ വ്യക്തമാകുമ്പോൾ കേസിന്റെ ആണിക്കല്ലായിട്ടുള്ളത് പതിനെട്ടുകാരിയായ ഫർഹാനയാണ്.

സിദ്ദിഖും ഫർഹാനയും തമ്മിലുള്ള ബന്ധത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് ഈ കൊലപാതകത്തിലേക്കു നയിച്ച സംഭവങ്ങളെല്ലാമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തശേഷം മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസ് മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തിയ സംഭവങ്ങളും അടിവരയിടുന്നത് ഇതു തന്നെ. സിദ്ദിഖും ഫർഹാനയുടെ പിതാവും നേരത്തെ സുഹൃത്തുക്കളാണ്. അതുവഴി സിദ്ദിഖിന് ഫർഹാനയെ നേരത്തെ അറിയാം.

കേസിൽ നിലവിൽ പ്രതിസ്ഥാനത്തുള്ളത് മൂന്നു പേരാണ്. പാലക്കാട് വല്ലപ്പുഴ അച്ചീരിത്തൊടി വീട്ടിൽ മുഹമ്മദ് ഷിബിലി (22), സുഹൃത്ത് ഒറ്റപ്പാലം ചളവറ കൊറ്റോടി വീട്ടിൽ ഖദീജത്ത് ഫർഹാന (19), ഫർഹാനയുടെ സുഹൃത്തും നാട്ടുകാരനുമായ ആഷിക് (ചിക്കു–23) എന്നിവർ. ഇതിൽ ഷിബിലി, സിദ്ദിഖിന്റെ ഹോട്ടലിലെ ജോലിക്കാരനായിരുന്നു. ഫർഹാന പറഞ്ഞതനുസരിച്ചാണ് സിദ്ദിഖ് ഷിബിലിക്ക് ജോലി നൽകിയത്. സിദ്ദിഖ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ മുറിയെടുത്തതും ഫർഹാന പറഞ്ഞിട്ടു തന്നെ.

പ്രതിസ്ഥാനത്തുള്ള മൂന്നുപേരും ഒരുമിച്ചാണ് ഹണിട്രാപ്പ് ആസൂത്രണം ചെയ്തത്. ഇതുമായി ബന്ധപ്പെട്ടു തന്നെയാണ് ഡി കാസ ഹോട്ടലിൽ റൂമെടുത്തത്. 18–ാം തീയതി ഷൊർണൂരിൽ നിന്നാണ് ഫർഹാന കോഴിക്കോട്ടേയ്ക്ക് എത്തുന്നത്. പിന്നാലെ ചിക്കു എന്നു വിളിക്കുന്ന ആഷിക്കുമെത്തി. രണ്ടു പേരും ട്രെയിനിലാണ് വന്നത്. ഹോട്ടലിലെ ജോലിയിൽനിന്ന് സിദ്ദിഖ് അന്ന് ഉച്ചയ്ക്ക് പറഞ്ഞുവിട്ട ഷിബിലി കോഴിക്കോട്ടുണ്ടായിരുന്നു.

സംഭവം നടക്കുമ്പോൾ മൂന്നുപേരും ഈ ഹോട്ടലിലുണ്ടായിരുന്നു. ഹോട്ടൽ മുറിയിൽ സിദ്ദിഖും ഫർഹാനയും സംസാരിക്കുമ്പോൾ അവിടേക്കെത്തിയ ആഷിക്കും ഷിബിലിയും ബലം പ്രയോഗിച്ച് സിദ്ദിഖിന്റെ നഗ്ന ചിത്രം പകർത്താൻ ശ്രമിച്ചു. ഇതിനിടെ പണത്തിന്റെ കാര്യം പറഞ്ഞും ഭീഷണിപ്പെടുത്തി. ഇതോടെ ഇവർ തമ്മിൽ തർക്കമായി. ബലപ്രയോഗത്തിനിടെ സിദ്ദിഖ് താഴെവീണു.

എന്തു പ്രശ്നം വന്നാലും നേരിടുന്നതിനായി ഫർഹാന കയ്യിൽ ഒരു ചുറ്റിക കരുതിയിരുന്നു. ഫർഹാന നൽകിയ ചുറ്റികയുമായി ഷിബിലി സിദ്ദിഖിനെ ആക്രമിച്ചു. തലയ്ക്കാണ് അടിച്ചത്. അതിന്റെ പാട് തലയിലുണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന ആഷിഖ് സിദ്ദിഖിന്റെ നെഞ്ചിൽ പലതവണ ചവിട്ടി. ഈ ചവിട്ടിൽ സിദ്ദിഖിന്റെ വാരിയെല്ല് ഒടിഞ്ഞു.

തുടർന്ന് മൂന്നു പേരും ചേർന്ന് ഇയാളെ കൂട്ടത്തോടെ ആക്രമിച്ചു. കടുത്ത ആക്രമണത്തിനൊടുവിൽ സിദ്ദിഖ് മരിച്ചെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്നു മനസ്സിലാക്കുന്നത്. ഷിബിലിയുടെ കൈവശം ഒരു കത്തിയുമുണ്ടായിരുന്നു. ഇതുവച്ചാണ് ഭീഷണിപ്പെടുത്തിയത്. മൂവർ സംഘം എല്ലാവിധ ആസൂത്രണത്തോടെയുമാണ് എത്തിയത്.

ആക്രമണത്തിനൊടുവിൽ സിദ്ദിഖ് മരിച്ചതോടെ ഇവർ മാനാഞ്ചിറയിൽ പോയി ട്രോളി ബാഗ് വാങ്ങി. ഒരു ട്രോളി ബാഗിൽ മൃതദേഹം കയറില്ലെന്ന് മനസ്സിലായപ്പോൾ പിറ്റേന്ന് ഒരു ഇലക്ട്രിക് കട്ടർ വാങ്ങി. അതും കോഴിക്കോട്ടു നിന്നാണ് വാങ്ങിയത്. പിന്നീട് മൃതദേഹം കഷ്ണങ്ങളാക്കാൻ തീരുമാനിച്ചു. അതിനായി മുൻപു വാങ്ങിയ കടയിൽനിന്നു തന്നെ ഒരു ട്രോളി ബാഗു കൂടി വാങ്ങി. കൊലപ്പെടുത്തിയ ജി 4 റൂമിന്റെ ബാത്ത്റൂമിൽ വച്ചാണ് മൃതദേഹം കഷ്ണങ്ങളാക്കിയത്.

അതിനു ശേഷം രണ്ട് ട്രോളി ബാഗുകളിലാക്കി മൃതദേഹം കയറ്റി അട്ടപ്പാടി ചുരത്തിൽ ഉപേക്ഷിച്ചു. ആയുധങ്ങളും രക്തം പുരണ്ട വസ്ത്രങ്ങളും ഉൾപ്പെടെയുള്ളവ മറ്റൊരിടത്ത് വലിച്ചെറിഞ്ഞു. സിദ്ദിഖിന്റെ കാറും വഴിയിൽ ഉപേക്ഷിച്ചു. കേസുമായി ബന്ധപ്പെട്ട മറ്റു വസ്തുക്കളും തെളിവു നശിപ്പിക്കാനായി ഉപേക്ഷിച്ചു. ഇതെല്ലാം എവിടെയാണെന്ന് പ്രതികൾ പറഞ്ഞിട്ടുണ്ട്. തെളിവു ശേഖരണത്തിനായി പ്രതികളുമായി ഇന്നുതന്നെ വിവിധ സ്ഥലങ്ങളിലേക്കു പോകുമെന്നും എസ്പി വിശദീകരിച്ചു.

Categories
Kerala Latest news main-slider

പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കും; 81 താത്കാലിക ബാച്ച്

തിരുവനന്തപുരം: പ്ലസ് വൺ സീറ്റുകളിലെ കഴിഞ്ഞ വർഷത്തെ വർധന അതേപടി തുടരാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 81 താൽക്കാലിക ബാച്ചുകളുണ്ടാകും. മാർജിനൽ സീറ്റ് വർധനവും അതേ രീതിയിൽ തുടരും.

തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഗവൺമെന്റ് സ്കൂളുകളിൽ 30% സീറ്റ് വർധനവ് ഉണ്ടാകും. എയ്ഡഡ് സ്കൂളുകളിൽ 20% സീറ്റ് വർധനവും. എയ്ഡഡ് സ്കൂളുകൾ ആവശ്യപ്പെടുകയാണെങ്കിൽ 10% കൂടി മാർജിനൽ വർധനവ് അനുവദിക്കും. കൊല്ലം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ 20% സീറ്റ് വർധനവ് വരും.

Categories
Kerala Latest news main-slider

പുഴുങ്ങിയ മുട്ട, തേൻ, കുടംപുളി, ജാതിക്ക തുടങ്ങി എന്തു നൽകിയാലും കൈക്കൂലിയായി വാങ്ങും

മണ്ണാർക്കാട്∙ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി.സുരേഷ്കുമാർ കൈക്കൂലി ലഭിക്കാതെ ഒന്നും ചെയ്യില്ലെന്ന് നാട്ടുകാർ. പുഴുങ്ങിയ മുട്ട, തേൻ, കുടംപുളി, ജാതിക്ക തുടങ്ങി എന്തു നൽകിയാലും കൈക്കൂലിയായി വാങ്ങുമെന്നും നാട്ടുകാർ പറഞ്ഞു. അതേസമയം, തൃശൂർ വിജിലൻസ് കോടതി സുരേഷ് കുമാറിനെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. ജൂൺ 7ന് കേസ് വീണ്ടും പരിഗണിക്കും.

കൈക്കൂലി നൽകുന്നതുവരെ നടപടിയെടുക്കാതെ അപേക്ഷ പിടിച്ചുവയ്ക്കും. മലയോര കർഷകർ മുൻപ് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. വിജിലന്‍സിനെ കൊണ്ടു പിടിപ്പിക്കുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. അതേ സമയം, സുരേഷ് കൈക്കൂലി വാങ്ങുന്നതായി പരാതി ലഭിച്ചിട്ടില്ലെന്ന് പാലക്കയം വില്ലേജ് ഓഫിസർ പി.ഐ.സജീത് പറഞ്ഞു. കൈക്കൂലി വാങ്ങുന്നതായി സംശയം തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയും കലക്ടറും പങ്കെടുത്ത റവന്യു അദാലത്തിന്റെ പരിസരത്തു കൈക്കൂലി വാങ്ങുന്നതിനിടെയാണ് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി.സുരേഷ്കുമാർ വിജിലൻസിന്റെ പിടിയിലായത്. മണ്ണാർക്കാട് പച്ചക്കറി മാർക്കറ്റിന് എതിർവശത്തുള്ള താമസസ്ഥലത്തു നടത്തിയ റെയ്ഡിൽ 35 ലക്ഷം രൂപ പണമായും 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപ രേഖകളും 17 കിലോ നാണയങ്ങളും 25 ലക്ഷം രൂപയുടെ സേവിങ്സ് അക്കൗണ്ട് രേഖകളും ഉൾപ്പെടെ 1.05 കോടിയുടെ പണവും രേഖകളും കണ്ടെടുത്തു.

ഇന്നലെ വൈകീട്ട് ആരംഭിച്ച റെയ്ഡ് രാത്രി 8.30-നാണ് അവസാനിച്ചത്. തൊട്ടടുത്ത വ്യാപാര സ്ഥാപനത്തില്‍ നിന്നെടുത്ത നോട്ടെണ്ണല്‍ യന്ത്രം ഉപയോഗിച്ചാണ് ഉദ്യോഗസ്ഥര്‍ പണം എണ്ണിത്തിട്ടപ്പെടുത്തിയത്. 20 വര്‍ഷത്തോളമായി മണ്ണാര്‍ക്കാട് താലൂക്കിലെ വിവിധ വില്ലേജുകളിലായി സേവനം അനുഷ്ഠിച്ചയാളാണ് തിരുവനന്തപുരം സ്വദേശിയായ സുരേഷ് കുമാര്‍. നഗരമധ്യത്തിലെ മണ്ണാര്‍ക്കാട് വില്ലേജ് ഓഫിസിനടുത്തുള്ള ജി.ആര്‍.ഷോപ്പിങ് കോംപ്ലക്സിലെ ഒറ്റമുറിയിലാണ് കഴിഞ്ഞ 10 വര്‍ഷമായി ഇയാള്‍ താമസിക്കുന്നത്.

ആരോടും അടുപ്പം സൂക്ഷിക്കാത്ത പ്രകൃതമാണ്. മുറി വൃത്തിയാക്കുന്ന പതിവില്ലായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. നേരത്തെ അട്ടപ്പാടിയിലാണ് ഇയാള്‍ ജോലിചെയ്തിരുന്നത്. 2014 മുതൽ മണ്ണാർക്കാട് മേഖലയിലാണു സുരേഷ്കുമാർ ജോലി ചെയ്യുന്നത്.

മന്ത്രി കെ.കൃഷ്ണൻകുട്ടി, എൻ.ഷംസുദ്ദീൻ എംഎൽഎ, ജില്ലാ കലക്ടർ ഡോ.എസ്.ചിത്ര, സബ് കലക്ടർ ഡി.ധർമലശ്രീ തുടങ്ങിയവർ മണ്ണാർക്കാ‍ട് എംഇഎസ് കല്ലടി കോളജ് ഓഡിറ്റോറിയത്തിൽ ‘കരുതലും കൈത്താങ്ങും’ അദാലത്തിൽ പങ്കെടുക്കുന്നതിനിടെയാണു പുറത്തു കൈക്കൂലിക്കേസിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പിടിയിലായത്.

വസ്തുവിന്റെ ലൊക്കേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിന് 2,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണു സുരേഷ്കുമാർ അറസ്റ്റിലായത്. മഞ്ചേരി സ്വദേശിയായ പരാതിക്കാരൻ 45 ഏക്കർ സ്ഥലത്തിന്റെ ലൊക്കേഷൻ സർട്ടിഫിക്കറ്റിനായി ദിവസങ്ങൾക്കു മുൻപു വില്ലേജ് ഓഫിസിൽ അപേക്ഷ നൽകിയിരുന്നു. തുടർന്ന് സർട്ടിഫിക്കറ്റിനായി വില്ലേജ് ഓഫിസിൽ അന്വേഷിച്ചപ്പോൾ ഫയൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി.സുരേഷ്കുമാറിന്റെ കൈവശമാണെന്നറിഞ്ഞു. ഫോണിൽ വിളിച്ചപ്പോൾ 2,500 രൂപ കൈക്കൂലി ആവശ്യപ്പെടുകയും പണവുമായി മണ്ണാർക്കാട് താലൂക്ക് തല റവന്യു അദാലത്ത് നടക്കുന്ന എംഇഎസ് കോളജിൽ എത്താൻ ആവശ്യപ്പെടുകയും ചെയ്തു.

പരാതിക്കാരൻ ഈ വിവരം പാലക്കാട് വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി ഷംസുദ്ദീനെ അറിയിക്കുകയും തുടർന്നു പിടികൂടുകയുമായിരുന്നു. ഇതേ വസ്തു ലാൻഡ് അസൈൻമെന്റ് (എൽഎ) പട്ടയത്തിൽ ഉൾപ്പെട്ടതല്ലെന്ന സർട്ടിഫിക്കറ്റിനായി പരാതിക്കാരനിൽ നിന്ന് 6 മാസം മുൻപ് 10,000 രൂപയും പൊസഷൻ സർട്ടിഫിക്കറ്റിനായി അഞ്ചു മാസം മുൻപ് 9,000 രൂപയും സുരേഷ്കുമാർ വാങ്ങിയിരുന്നു. ലൊക്കേഷൻ സർട്ടിഫിക്കറ്റിനായി അപേക്ഷ സമർപ്പിച്ച സമയത്ത് 500 രൂപ വാങ്ങിയിരുന്നു.

Categories
Kerala Latest news main-slider

വിഷു ബംപർ ലോട്ടറിയുടെ 12 കോടിയുടെ ഒന്നാം സമ്മാനം VE 475588 ടിക്കറ്റിന്

തിരുവനന്തപുരം:വിഷു ബംപർ ലോട്ടറിയുടെ 12 കോടിയുടെ ഒന്നാം സമ്മാനം VE 475588 ടിക്കറ്റിന്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറുപേർക്ക്. രണ്ടാം സമ്മാനം നേടിയ ടിക്കറ്റ് നമ്പർ – VA 513003, VB 678985, VC 743934, VD 175757, VE 797565, VG 642218.

12 കോടിയുടെ 10% ഏജൻസി കമ്മിഷനായി പോകും. ശേഷിക്കുന്ന തുകയിൽ 30% നികുതി കഴിഞ്ഞിട്ടുള്ള തുക ജേതാവിന് ലഭിക്കും. അച്ചടിച്ച 42 ലക്ഷം ടിക്കറ്റുകളും വിറ്റുപോയി. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം അറിയാം. 300 രൂപയായിരുന്നു ടിക്കറ്റ് വില.

 

വിഎ, വിബി, വിസി, വിഡി, വിഇ, വിജി സീരിസുകളാണ് ടിക്കറ്റിനുള്ളത്. രണ്ടാം സമ്മാനം ഒരു കോടിരൂപ വീതം ആറു സീരിസുകൾക്ക് ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം വീതം 6 സീരീസുകൾക്ക്. നാലാം സമ്മാനം 5ലക്ഷംവീതം 6 സീരിസുകൾക്ക്. അഞ്ചാം സമ്മാനം 2 ലക്ഷംവീതം 6 സീരിസുകൾക്ക്. കൂടാതെ, 5000, 2000, 1000, 500, 300 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. മൊത്തം സമ്മാനത്തുക 49,46,12,000 രൂപ. ഏജന്റ് പ്രൈസ് 4,94,61,200 രൂപ. കഴിഞ്ഞവർഷം 10 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. 43,69206 ടിക്കറ്റുകൾ വിറ്റഴിച്ചു. ഏജന്റ് പ്രൈസ് 2,26,40,000 രൂപയായിരുന്നു

Back to Top