ടെക്ക് ഭീമനായ മൈക്രോസോഫ്റ്റില്‍ പിരിച്ചുവിടല്‍ ഇപ്പോഴും തുടരുകയാണ്.

Share

ടെക്ക് ഭീമനായ മൈക്രോസോഫ്റ്റില്‍ പിരിച്ചുവിടല്‍ ഇപ്പോഴും തുടരുകയാണ്. രണ്ടാം തവണയും ജീവനക്കാരെ കമ്പനിയില്‍ നിന്ന് വെട്ടിക്കുറച്ചതായാണ് പുതിയ റിപ്പോര്‍ട്ട്.

ഈ വര്‍ഷം തന്നെ ജനുവരി 28ന് 10000 ജീവനക്കാരെ മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടിരുന്നു. ഇപ്പോള്‍ ഉപഭോക്തൃ സേവനം, സപ്പോര്‍ട്ട്, സെയില്‍സ് തുടങ്ങിയ വിഭാഗങ്ങളിലുള്ള ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായിരിക്കുന്നത്.

ഈ കാലയളവില്‍ തന്നെ കഴിഞ്ഞ വര്‍ഷവും മൈക്രോസോഫ്റ്റ് ജീവനക്കാരുടെ എണ്ണം ഇത്തരത്തില്‍ കുറച്ചിരുന്നു. നിലവില്‍ അമേരിക്കയിലെ വാഷിംഗ്ടണ്‍ മേഖലയിലെ 276 ജീവനക്കാരെ മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുള്ളത്. ബിസിനസ് മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സംഘടനാപരവും ജീവനക്കാരുടെ എണ്ണത്തിലുമുള്ള ക്രമീകരണങ്ങള്‍ അനിവാര്യമാണെന്ന് മൈക്രോസോഫ്റ്റ് പ്രതികരിച്ചു. കൂടാതെ കമ്പനിയുടെ തന്ത്രപരമായ വളര്‍ച്ചാമേഖലകളിലും നിക്ഷേപം നടത്തുന്നതിനും മുൻഗണനനല്‍കുമെന്നും കമ്പനി അറിയിച്ചു.

ഈ വര്‍ഷം ആദ്യം 10000 ത്തോളം ജീവനക്കാരെ ഒരുമിച്ച്‌ മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടത് ഏറെ വാര്‍ത്തയായിരുന്നു. അത് ഏകദേശം മൊത്തം തൊഴിലാളികളുടെ 5 ശതമാനം ആണ്. മൈക്രോസോഫ്റ്റിന്റെ സിഇഒ സത്യ നദെല്ല ഒരു ബ്ലോഗിലൂടെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചതായി അറിയിക്കുകയും ചെയ്തിരുന്നു. ” ചില മേഖലകളിലെ ജോലികള്‍ ഞങ്ങള്‍ ഒഴിവാക്കുമ്പോള്‍ ചില പ്രധാന തന്ത്രപരമായ മേഖലകളില്‍ ഞങ്ങള്‍ നിയമനം തുടരും. ബാധിക്കപ്പെടുന്ന ഓരോ വ്യക്തിക്കും ഇതൊരു വെല്ലുവിളി നിറഞ്ഞ സമയമാണെന്ന് ഞങ്ങള്‍ക്കറിയാം. ഈ പ്രക്രിയയിലൂടെ കടന്നുപോകുമ്പോള്‍ സാധ്യമായതും സുതാര്യവുമായ രീതിയില്‍ തന്നെ ഞങ്ങള്‍ അത് ചെയ്തിരിക്കും. അതിന് ഞാന്‍ അടങ്ങുന്ന ടീം പ്രതിജ്ഞാബദ്ധരാണ് എന്നും നദെല്ല പറഞ്ഞു.

അതേസമയം ടെക് മേഖലയിലെ പിരിച്ചുവിടലുകള്‍ 2022 മുതല്‍ തുടര്‍ച്ചയായി നടക്കുന്നുണ്ട്. മെറ്റാ, ആമസോണ്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ വമ്പൻ ടെക് ഭീമന്മാര്‍ ഇതുവരെ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു കഴിഞ്ഞു. 2023ല്‍ ആകട്ടെ ഇതുവരെ 2 ലക്ഷത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടതായി ആണ് റിപ്പോര്‍ട്ട്.

Back to Top