ഇത് ചാർജറോ അതോ ബോംബോ? കണ്ണൂരിൽ ചാർജർ പൊട്ടിത്തെറിച്ച് ഒരു മുറി മൊത്തം കത്തി ചാമ്പലായി, അന്വേഷണമാരംഭിച്ച് പോലീസ്

Share

കണ്ണൂര്‍: കതിരൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ആറാം മൈലില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ചു വീടിനു തീപിടിച്ച സംഭവത്തില്‍ കതിരൂര്‍ പേലീസ് അന്വേഷണമാരംഭിച്ചു. വീടിന്റെ കിടപ്പുമുറിയില്‍ വെച്ചിരുന്ന മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് കിടപ്പുമുറി പൂര്‍ണമായും കത്തിനശിച്ചിരുന്നു.വിലകുറഞ്ഞ ചൈനീസ് മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ചതിനു ശേഷം സ്വിച്ച് ഓഫാക്കാന്‍ മറന്നതാണെന്നാണ് വന്‍തീപിടിത്തത്തിന് ഇടയാക്കിയതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
കതിരൂരിലെ ആറാംമൈലിലെ എംഎ മന്‍സിലില്‍ മഷൂദിന്റെ വീട്ടിലാണ് അപകടം. കഴിഞ്ഞ ദിവസം സന്ധ്യക്ക് മഷുദിന്റെ അളിയന്റെ മകന്‍ പള്ളിയില്‍ പോയി തിരിച്ച് വരുമ്പോഴാണ് വീടിന്റെ മുകള്‍ നിലയിലെ മുറിയില്‍ നിന്നും പുക ഉയരുന്നത് കണ്ടത്. ഉടന്‍ വീട്ടുകാരെ അറിയിക്കുകയായിരുന്നു. എന്നാല്‍ ചൂടും പുകയും കാരണം മുറിയില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല. കൂത്തുപറമ്പില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി തീ അണക്കുകയായിരുന്നു. മുറിയിലെ ഫര്‍ണ്ണിച്ചറുകള്‍ കത്തിനശിച്ചു. ചുമരുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. മുറിക്ക് സമീപത്തെ തെങ്ങിന്റെ ഓലകളും കരിഞ്ഞ നിലയിലാണ്.
മൊബൈല്‍ ചാര്‍ജ് ചെയ്ത ശേഷം പ്ലഗിന്റെ സ്വിച്ച് ഓഫാക്കാതെ ചൂടുപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. മഷൂദിന്റെ മകനാണ് ഈ മുറി ഉപയോഗിക്കുന്നത്. സംഭവത്തില്‍ കതിരൂര്‍ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് സംശയിക്കുന്നു.
മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ചുവീടിന് തീപിടിച്ചത് അപൂര്‍വ്വസംഭവമാണെന്നാണ് വൈദ്യുതി രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു. ചൈനീസ് ചാര്‍ജര്‍ ഉപയോഗിച്ചാതാവാം അപകടകാരണമെന്ന് ഇവര്‍ പറയുന്നു. ഇതുകാരണം പഴയ വയറിങ് ചെയ്ത വീടുകളില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
കതിരൂര്‍ വില്ലേജ് ഓഫീസില്‍ നിന്നും ഉദ്യോഗസ്ഥരെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി. സംഭവത്തെ കുറിച്ചു കതിരൂര്‍ പൊലിസും അന്വേഷണമാരംഭിച്ചിട്ടുണ്ട്.വീട്ടുപകരണങ്ങള്‍ കത്തിനശിച്ചതു കാരണം വന്‍നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് വീട്ടുകാര്‍ പറയുന്നത്. വീടിന്റെ മുകളിലെ ഫര്‍ണിച്ചര്‍, ഇലക്ട്രിക് ഉപകരണങ്ങള്‍ എന്നിവ പൂര്‍ണമായും കത്തിച്ചാമ്പലായിട്ടുണ്ട്. തലനാരിഴയ്ക്കാണ് വീടിന്റെ താഴത്തെ നിലയ്ക്കു തീപിടിക്കാത്തതിരുന്നത്.തീപിടിത്തത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് ജനപ്രതിനിധികളടക്കം നിരവധി പേര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

Back to Top