Categories
International Latest news main-slider top news

യുഎസിൽ ‘സോംബി’ രോഗം; രണ്ട് മാനുകൾക്ക് പോസിറ്റീവായി; മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്

 

യുഎസിൽ രണ്ട് മാനുകൾക്ക് കൂടി സോംബി രോഗം സ്ഥിരീകരിച്ചു. വെസ്റ്റ് വിർജീനിയയിലെ ഹാർപേഴ്‌സ് ഫെറി നാഷ്ണൽ ഹിസ്റ്റോറിക്കൽ പാർക്കിലെ രണ്ട് വൈറ്റ്-ടെിൽഡ് മാനുകൾക്കാണ് പോസിറ്റീവായത്. ആദ്യമായാണ് വെസ്റ്റ് വിർജീനിയയിലെ നാഷ്ണൽ പാർക്കിൽ രോഗം സ്ഥിരീകരിക്കുന്നത്.നാഷ്ണൽ പാർക്ക് സർവീസ് പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം രോഗം സ്ഥിരീകരിച്ച മാനുകളെ കൊന്നിട്ടുണ്ട്. തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ആന്റീറ്റാം, മോണോക്കസി ബാറ്റിൽഫീൽഡ് പാർക്ക് എന്നിവിടങ്ങളിലും രോഗം കണ്ടെത്തിയിട്ടുണ്ട്.

Categories
International Latest news main-slider

ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു, ഗൾഫ് മേഖലയിൽ അടുത്ത ആഴ്ച കനത്ത മഴക്ക് സാധ്യത.

ഒമാനില്‍ ദിവസങ്ങളായി പെയ്ത കനത്ത മഴയ്ക്ക് ശമനമുണ്ടായതിന് പിന്നാലെ പുതിയ കാലാവസ്ഥ റിപ്പോര്‍ട്ട് പുറത്ത്. ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നും അതിൻറെ ഫലമായി അടുത്ത ആഴ്ച രാജ്യത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ഏപ്രില്‍ 23 ചൊവ്വാഴ്ച മുതല്‍ ഏപ്രില്‍ 25 വ്യാഴാഴ്ച വരെയാണ് ന്യൂനമര്‍ദ്ദം ബാധിക്കാന്‍ സാധ്യതയുള്ളതെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ മഴമേഘങ്ങള്‍ രൂപപ്പെടാനും മഴ പെയ്യാനും സാധ്യത പ്രവചിക്കുന്നുണ്ട്. ചിലപ്പോള്‍ കനത്ത മഴയും ഇടിയോട് കൂടിയ മഴയും ഉണ്ടായേക്കും. രാജ്യത്തെ കാലാവസ്ഥ സാഹചര്യം നാഷണല്‍ സെന്റര്‍ ഫോര്‍ ഏര്‍ലി വാണിങ് ഓഫ് മള്‍ട്ടിപ്പിള്‍ ഹസാര്‍ഡ്‌സ് സംഘം നിരന്തരം നിരീക്ഷിക്കുന്നുണ്ട്.

Categories
International Latest news main-slider

യു.എ.ഇയിലെ ജനജീവിതം സാധാരണ നിലയിലേക്ക്

ദുബൈ: ചൊവ്വാഴ്ച പെയ്ത കനത്ത മഴയെ തുടര്‍ന്ന് യു.എ.ഇയിലെ ജനജീവിതം സാധാരണ നിലയിലേക്ക്. റോഡിലെ വെള്ളക്കെട്ടുകള്‍ ഒഴിവാക്കി തുടങ്ങി. 24 മണിക്കൂറിനകം ദുബൈ വിമാനത്താവളത്തിലെ സര്‍വിസുകള്‍ പൂര്‍ണമായും പുനരാരംഭിച്ചെന്ന് സി.ഒ.ഒ അറിയിച്ചു. 1,244 വിമാനങ്ങളാണ് ദുബൈ വിമാനത്താവളത്തില്‍ രണ്ടു ദിവസങ്ങളിലായി റദ്ദാക്കിയത്  41 എണ്ണം വഴിതിരിച്ചുവിടുകയും ചെയ്തു. എയർപോട്ട് അധികൃതരുടെ അറിയിപ്പ് ഇല്ലാതെ ആരും തന്നെ വിമാന താവളങ്ങളിൽ എത്തരുതെന്ന് മുന്നറിപ്പ് ഇന്നും നൽകി.

ടൺ കണക്കിന് മണലാണ് വെള്ളത്തിനൊപ്പം റോഡിൽ അടിഞ്ഞു കൂടിയത് ഇന്നും ജെസിബി ഉപയോഗിച്ചു റോഡിൽ നിന്നുള്ള മണൽ നീക്കം തുടരുന്നു. വെള്ളകെട്ടുകൾ ഇന്നത്തോടെ ഒഴിഞ്ഞു തുടങ്ങി വലിയ ടാങ്കറുകളിൽ മോട്ടോർ ഉപയോഗിച്ചു ദ്രുതഗതിയിലാണ് വെള്ളം നീക്കം ചെയ്തത്. വെള്ളക്കെട്ടുകളിൽപ്പെട്ടുപോയ നൂറുകണക്കിന് വാഹനങ്ങൾ റോഡിൽ നിന്നും നീക്കം ചെയ്തു കൊണ്ടിരിക്കുന്നു. ഇന്നും പല ഭാഗത്തും അസാധരണമായ ട്രാഫിക്ക് ബ്ലോക്കുകൾ അനുഭവപ്പെട്ടു. പലയിടത്തും റോഡുകൾ പൊട്ടിപൊളിഞ്ഞു. വാഹന ഗതാഗതം പൂർവ്വ സ്ഥിതിയിൽ എത്തികൊണ്ടിരിക്കുന്നു. മൂന്നു ദിവസം നിശ്ചലമായ പബ്ലിക്‌ സെക്ടറുകൾ ഇന്ന് പൂർണമായി പ്രവർത്തനം തുടങ്ങി

തീവ്ര കാലാവസ്ഥാ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ ദുബൈയിലെ അടിസ്ഥാന സൗകര്യവികസനങ്ങളെ കുറിച്ചും മറ്റും വിശദമായി പഠിക്കാന്‍ യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ഉത്തരവിട്ടു.

മഴയെ തുടര്‍ന്ന് സര്‍വിസുകള്‍ മുടങ്ങിയ സമയത്തെ യാത്രാക്കൂലി പൂര്‍ണമായും തിരിച്ചുനല്‍കുമെന്ന് വിമാനക്കമ്പനികള്‍ അറിയിച്ചു. എയര്‍ അറേബ്യ, ഫ്‌ളൈ ദുബൈ സര്‍വിസുകള്‍ ദുബൈയില്‍നിന്ന് പുനരാരംഭിച്ചു. മലയാളികളടക്കം നിരവധി പേര്‍ മണിക്കൂറുകളോളം വിമാനത്താവളത്തില്‍ കുടുങ്ങി.

75 വര്‍ഷത്തെ ഏറ്റവും വലിയ മഴ വലിയ നാശനഷ്ടമാണ് രാജ്യത്തുണ്ടാക്കിയത്. നാശനഷ്ടങ്ങളുടെ തോത് കണക്കാക്കാനും അടിസ്ഥാന സൗകര്യങ്ങളുടെ അവസ്ഥ പഠിക്കാനും യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണമെന്നും ദുരിത ബാധിതര്‍ക്ക് സഹായം നല്‍കാനും അദ്ദേഹം ആവശ്യപ്പെട്ടു. വെള്ളപ്പൊക്കം മൂലമുണ്ടായ നാശനഷ്ടങ്ങളോ പരിക്കുകളോ സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. റാസല്‍ഖൈമ വാദി ഇസ്ഫാനിയില്‍ ചൊവ്വാഴ്ച വാഹനം ഒഴുക്കില്‍പ്പെട്ട് 70 കാരന്‍ മരിച്ചു. നൂറുകണക്കിനു കെട്ടിടങ്ങള്‍ക്ക് കേടുപാടുപറ്റി.

Categories
International Latest news main-slider

യുഎഇയിൽ കഴിഞ്ഞ രണ്ട് ദിവസം 75 വര്‍ഷത്തിനിടയിലെ ഏറ്റവും കനത്ത മഴ

യുഎഇയിൽ കഴിഞ്ഞ രണ്ട് ദിവസം 75 വര്‍ഷത്തിനിടയിലെ ഏറ്റവും കനത്ത മഴ തുടരുകയും ജനജീവിതം സ്തംഭിക്കുകയും ചെയ്തു. ദുബായ്, അല്‍ ഐൻ, ഫുജൈറ ഉള്‍പ്പെടെ മേഖലകളില്‍ അതീവ ജാഗ്രതാ നിർദ്ദേശത്തിലായിരിന്നു.

രണ്ട് ദിവസത്തെ ശക്തമായ മഴക്ക് ശേഷം ഇന്ന് രാവിലെ മേഘം തെളിഞ്ഞു കാണപ്പെട്ടു. അൽ ഖുസ്, ബർഷ, എമിരേറ്റ്സ് റോഡുകൾ, ഷെയ്ഖ് സായിദ് റോഡ് തുടങ്ങിയ ദുബായുടെ ഏകദേശം മേഖലകളിലും ദുരിതം ബാധിച്ചു. ആയിരകണക്കിന് വാഹനങ്ങൾ വെള്ളകെട്ടുകളിൽപ്പെട്ടു. പലയിടത്തും വൈദ്യുതി നിലച്ചു. ഷാർജ പൂർണമായി മഴ ദുരിതത്തിൽ പെട്ടു. നൂറ് കണക്കിന് വാഹനങ്ങൾ ട്രാഫിക് ജാമുകളിൽ പെട്ടു. വെള്ളകെട്ടിൽ നിന്നും ട്രാഫിക് ജാമിൽ നിന്നും രക്ഷപ്പെടാൻ നോ എൻട്രി റോഡുകളും യു ടേൺകളും എടുക്കാൻ പോലീസ് നേരിട്ട് നിർദേശങ്ങൾ നൽകി. മെട്രോ റെ‍ഡ് ലൈൻ സർവീസ് മുടങ്ങിയതും പബ്ലിക് ബസ്, ടാക്സി എന്നിവ നിർത്തിയതും കാരണം പലരും പല സ്ഥലങ്ങളിൽ കുടുങ്ങി. പലരും സമാന്തര വഴികൾ കണ്ടെത്തിയും ഇടവഴികളിലൂടെയും തിരിച്ചു താമസസ്ഥലങ്ങളിൽ എത്താൻ ശ്രമിച്ചു. കനത്ത മഴയിൽ വിമാനത്താവളങ്ങളിൽ വെള്ളം കയറിയതോടെ വിമാനങ്ങൾ റദ്ദാക്കി

ഇന്നും ദുബായിൽ വർക്ക്‌ ഫ്രം ഹോം അനുവദിച്ചു. സ്കൂളുകൾ തുറന്നില്ല

രാജ്യത്ത് ഇതര ഗൾഫ് രാജ്യങ്ങളിൽ നിന്നും പെരുന്നാൾ ആഘോഷത്തിനും സന്ദർശനത്തിനും എത്തിയ ഒട്ടേറെ പേരും ഇന്നലെ യാത്ര ചെയ്യാൻ സാധിക്കാതെ പാതിവഴിയിൽ കുടുങ്ങി. വിമാനത്താവളങ്ങൾ, വിവിധ മാളുകൾ, മെട്രോ സ്റ്റേഷനുകൾ തുടങ്ങിയയിടങ്ങളിലാണ് ഭക്ഷണം പോലും കഴിക്കാനാകാതെ ആളുകൾ കുടുങ്ങിയത്

ഒമാനിലെ  മുസന്ദം, അല്‍ബുറൈമി, അല്‍ ദാഹിറ, വടക്കൻ ബാത്തിനാ, മസ്ക്കറ്റ്, വടക്കൻ അല്‍-ഷർഖിയ, തെക്കൻ ശർഖിയ, വടക്കൻ അല്‍ വുസ്ത ഗവർണറേറ്റ് എന്നിവിടങ്ങളില്‍ കനത്ത മഴയായിരുന്നു.

ഇതിനോടകം വലിയ നാശ നഷ്ടം ഉണ്ടായ ഒമാനില്‍ ഇന്ന് രാവിലെ വരെ കൂടുതല്‍ ശക്തമായ മഴ മുന്നറിയിപ്പാണ് നിലനില്‍ക്കുന്നത്. ഒമാനില്‍ പൊലീസ് ഉള്‍പ്പടെ സംവിധാനങ്ങള്‍ സജ്ജമായി നിരീക്ഷനവും രക്ഷാപ്രവർത്തനങ്ങളും തുടരുന്നു.

ഒമാനില്‍ മഴയില്‍ മരണം 18 ആയി. റോഡുകളിലെ വെള്ളക്കെട്ട് കാരണം പലയിടത്തും ഗതാഗതം നിലച്ചു. വീടിന് പുറത്ത് ഇറങ്ങരുതെന്നാണ് നിർദേശം. സ്കൂളുകള്‍ക്കും തൊഴില്‍ സ്ഥാപനങ്ങള്‍ക്കും ഇന്നും അവധിയാണ്.

Categories
International Kerala Latest news

മുതിർന്ന സംഗീതജ്ഞൻ കെ.ജി. ജയൻ അന്തരിച്ചു.

മുതിർന്ന സംഗീതജ്ഞൻ കെ.ജി. ജയൻ അന്തരിച്ചു. കുറച്ചുകാലമായി വിവിധ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. 90 വയസായിരുന്നു. നടൻ മനോജ് കെ. ജയൻ മകനാണ്. ഭക്തിഗാനങ്ങൾക്കും വയലിൻ വായനയിലും പ്രാവീണ്യമുള്ള കർണാടക സംഗീതജ്ഞനായിരുന്നു.

1934 നവംബർ 21-ന് ജനിച്ച ഇരട്ട സഹോദരങ്ങളായ കലാരത്‌നം കെ.ജി. ജയനും സഹോദരൻ വിജയനും ദക്ഷിണേന്ത്യയിൽ അവരുടെ ഭക്തിഗാനങ്ങൾ, ചലച്ചിത്രഗാനങ്ങൾ, സ്റ്റേജ് ഷോകൾ എന്നിവയിലൂടെ പ്രശസ്തരാണ്. മാവേലിക്കര രാധാകൃഷ്ണയ്യർ, ആലത്തൂർ ബ്രദേഴ്‌സ്, ചെമ്പൈ വൈദ്യനാഥ ഭാഗവതർ, എം. ബാലമുരളീകൃഷ്ണ തുടങ്ങിയ പ്രമുഖ കർണാടക ഗായകരുടെ കീഴിൽ സംഗീത പരിശീലനം നേടിയിട്ടുണ്ട്.

ആയിരത്തിലധികം ഗാനങ്ങൾക്ക് അദ്ദേഹം ഈണം നൽകി. കേരള സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി ഏർപ്പെടുത്തിയ കേരള സംഗീത നാടക അക്കാദമി അവാർഡും (1991) ഹരിവരാസനം അവാർഡും (2013) അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2019ൽ പത്മശ്രീ ലഭിച്ചു

Categories
International Latest news main-slider top news

24 മണിക്കൂറിനകം ഇറാൻ ഇസ്രായേലിനെ ആക്രമിക്കുമെന്ന് മുന്നറിയിപ്പ്; വ്യോമാതിര്‍ത്തി മാറ്റി എയര്‍ ഇന്ത്യ, വലഞ്ഞ് യാത്രക്കാര്‍

ഇരുപത്തിനാല് മണിക്കൂറിനകം ഇറാൻ ഇസ്രായേലിനെ ആക്രമിച്ചേക്കുമെന്ന് മുന്നറിയിപ്പ്. ഡമാസ്‌കസിലുള്ള ഇറാൻ എംബസിയിലെ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രതികാര നടപടിയുണ്ടാകുമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു.

നാളെയോടെ ഇറാന്റെ ആക്രമണമുണ്ടാവുമെന്ന് യുഎസും മറ്റ് രഹസ്യാന്വേഷണ ഏജൻസികളും മുന്നറിയിപ്പ് നല്‍കുന്നു.

 

സംഘർഷം കണക്കിലെടുത്ത് എയർ ഇന്ത്യാ വിമാനങ്ങള്‍ ഇറാൻ വ്യോമാതിർത്തി ഒഴിവാക്കുകയാണ്. ലണ്ടനിലേയ്ക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനം ഇറാൻ വ്യോമാതിർത്തി ഒഴിവാക്കി കൂടുതല്‍ ദൂരം സ‌ഞ്ചരിച്ചതായി റിപ്പോർട്ടുകള്‍ പുറത്തുവന്നു.

 

യൂറോപ്പിലേക്ക് പോകുന്ന എല്ലാ എയർ ഇന്ത്യ വിമാനങ്ങള്‍ക്കും ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ രണ്ട് മണിക്കൂർവരെ കൂടുതല്‍ സമയം വേണ്ടിവരുമെന്ന് അധികൃതർ അറിയിക്കുന്നു.അതേസമയം, പശ്ചിമേഷ്യയിലേക്കുള്ള എയർ ഇന്ത്യ വിമാനങ്ങള്‍ ഇറാനിയൻ വ്യോമാതിർത്തിയുടെ തെക്ക് ഭാഗത്തുകൂടി പറക്കുന്നതിനാല്‍ സംഘർഷം ബാധിക്കില്ല.

 

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഇസ്രായേല്‍ ആക്രമണത്തെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ആക്രമണം ഉണ്ടാകരുതെന്നും അദ്ദേഹം പ്രതികരിച്ചു. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഡ്രോണുകളും മിസൈലുകളും ഇസ്രായേല്‍ മണ്ണില്‍ ആക്രമണം നടത്തുമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. അതിർത്തികളില്‍ നിന്ന് 2000 കിലോമീറ്റർ അകലെവരെ ആക്രമണം നടത്താൻ ശേഷിയുള്ള ബാലിസ്റ്റിക്, ക്ര്യൂസ് മിസൈലുകള്‍ ഇറാന്റെ പക്കലുണ്ടെന്നും രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

റിപ്പോർട്ടുകള്‍ക്ക് പിന്നാലെ ഇസ്രായേലിനെ സഹായിക്കാനും പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന അമേരിക്കൻ സേനയെ സംരക്ഷിക്കാനും യു എസ് കൂടുതല്‍ സൈനികവ്യൂഹത്തെ അയച്ചു. ഇതിന്റെ ഭാഗമായി യു എസ് എസ് കാ‌ർണെ അടക്കം രണ്ട് കപ്പലുകള്‍ മെഡിറ്ററേനിയൻ കടലിലേയ്ക്ക് അയച്ചു. ആക്രമണത്തെ ചെറുക്കാനുള്ള നയതന്ത്ര നീക്കങ്ങളും അമേരിക്ക ശക്തമാക്കി. അടിയന്തര ചർച്ചകള്‍ക്കായി യുഎസ് സെൻട്രല്‍ കമാൻഡ് മേധാവി ജനറല്‍ മൈക്കല്‍ കുറില്ലയെയും ബൈഡൻ ഇസ്രായേലിലേക്ക് അയച്ചിരിക്കുകയാണ്.

 

ദമാസ്‌കസിലെ കോണ്‍സുലേറ്റിലുണ്ടായ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ രണ്ട് ജനറലുകള്‍ ഉള്‍പ്പെടെ ഏഴുപേർ കൊല്ലപ്പെട്ടതില്‍ പ്രതികാര നടപടിയുണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നല്‍കിയിരുന്നു.പിന്നാലെ ഇസ്രായേല്‍ സുരക്ഷ ശക്തമാക്കുകയും കൂടുതല്‍ സേനയെ വിന്യസിക്കുകയും ചെയ്തു. സൈനികർക്ക് ഹോം ലീവ് റദ്ദാക്കിയതിന് പുറമെ വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുകയും ചെയ്തു. ജിപിഎസ്-നാവിഗേഷൻ സംവിധാനമുള്ള ഡ്രോണുകളോ മിസൈലുകളോ രാജ്യത്തിന് നേരെ തൊടുത്തുവിടാൻ സാദ്ധ്യതയുള്ളതിനാല്‍ ഇവയെ തടസപ്പെടുത്തുന്നതിനായി ടെല്‍ അവീവിന് മുകളിലൂടെ നാവിഗേഷൻ സിഗ്നലുകള്‍ നിരത്തിയിരിക്കുകയാണ് ഇസ്രായേല്‍.

Categories
International Latest news main-slider

യുഎഇയിൽ തിങ്കൾ മുതൽ മൂന്ന് ദിവസം മഴ

യുഎഇയിൽ അടുത്തയാഴ്ച ഇടിയോടുകൂടിയ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കൾ മുതൽ ബുധൻ വരെ മഴ ഉണ്ടാകുമെങ്കിലും ചൊവ്വാഴ്ച അതിശക്തമാകുമെന്നാണ് പ്രവചനം. 3 ദിവസം തുടർച്ചയായി പെയ്യുന്ന മഴ താപനില 19ലേക്കു താഴ്ത്തും.അറബിക്കടലിലും ഒമാൻ കടലിലും കാറ്റിന്റെ വേഗം മണിക്കൂറിൽ 40 കിലോമീറ്ററിലേക്ക് ഉയരും. കടലിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്

Categories
International Latest news main-slider top news

17000 കോടി രൂപയുടെ ആസ്തിയില്‍ നിന്ന് പൂജ്യത്തിലേക്ക്; പുതിയ ഫോബ്‌സ് ബില്യണയര്‍ പട്ടികയില്‍ നിന്ന് ബൈജു രവീന്ദ്രൻ പുറത്ത്

17000 കോടി രൂപയുടെ ആസ്തിയില്‍ നിന്ന് പൂജ്യത്തിലേക്ക് തകർന്നടിഞ്ഞതോടെ, പുതിയ ഫോബ്‌സ് ബില്യണയർ പട്ടികയില്‍ നിന്ന് ബൈജൂസ് ആപ്പ് സ്ഥാപകൻ ബൈജു രവീന്ദ്രൻ പുറത്തായി.

2022ല്‍ 22 ബില്യണ്‍ ആയിരുന്നു ബൈജൂസ് കമ്ബനിയുടെ ആസ്തി. കഴിഞ്ഞ വർഷം ഇത് 2.1 ബില്യണ്‍ ഡോളർ (17,545കോടി) ആയിരുന്നു. ഇതില്‍ നിന്നാണ് ഇപ്പോള്‍ ബൈജൂസിന്റെ ആസ്തി പൂജ്യത്തിലേക്ക് കൂപ്പ് കുത്തിയത്.ഇന്ത്യയിലെ എജ്യുടെക് സ്റ്റാർട്ട്‌അപ്പ് സംരംഭകരില്‍ ഏറ്റവും വലിയ തകർച്ച നേരിട്ടയാളാണ് ബൈജു രവീന്ദ്രൻ. ബൈജൂസിന്റെ മാതൃകമ്ബനിയായ തിങ്ക് ആൻഡ് ലേണില്‍ നിക്ഷേപം ഉണ്ടായിരുന്ന ബ്ലാക്ക് റോക്ക് എന്ന സ്ഥാപനം 2024 ജനുവരിയില്‍ അവരുടെ ഓഹരിയുടെ മൂല്യം വെട്ടിക്കുറച്ചിരുന്നു . ശമ്ബളം കൊടുക്കാനില്ലാതെ ഈ ആഴ്ച മാത്രം 500 പേരെയാണ് ബൈജൂസ് പിരിച്ചുവിട്ടത്. ആകെ മൂവായിരത്തോളം പേർക്ക് ഇതുവരെ ബൈജൂസില്‍ നിന്ന് ജോലി നഷ്ടപ്പെട്ടു.

Categories
International Latest news main-slider top news

ഭൂമിക്കടിയില്‍ 700 കിലോമീറ്റര്‍ താഴെ ഭീമൻ സമുദ്രം; ഇവിടെയുള്ളത് ഭൂമിയിലാകെയുള്ള സമുദ്ര ജലത്തിന്‍റെ മൂന്നിരട്ടി!

ഭൂമിക്കടിയില്‍ മറഞ്ഞിരിക്കുന്ന ഭീമാകാരമായ സമുദ്രമുണ്ടെന്ന് ശാസ്ത്രജ്ഞർ. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 700 കിലോമീറ്റർ താഴെയാണ് ജലസംഭരണിയിലെന്ന പോലെ വെള്ളമുള്ളത്.

റിംഗ്‌വുഡൈറ്റ് എന്നറിയപ്പെടുന്ന പാറക്കെട്ടുകളിലാണ് വെള്ളം സംഭരിച്ചിരിക്കുന്നത്. ഈ ഭൂഗർഭ സമുദ്രത്തില്‍ ഭൂമിയിലാകെയുള്ള സമുദ്രങ്ങളുടെ മൂന്നിരട്ടി വെള്ളമുണ്ടെന്നും ഗവേഷകർ പറയുന്നു. ഇല്ലിനോയിയിലെ ഇവാൻസ്റ്റണിലുള്ള നോർത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടേതാണ് കണ്ടെത്തല്‍.

ഭൂമിയില്‍ ജലത്തിന്‍റെ ഉത്ഭവത്തെ കുറിച്ചുള്ള തെരച്ചിലിലായിരുന്നു ശാസ്ത്രജ്ഞർ. ‘ഡീഹൈഡ്രേഷൻ മെല്‍റ്റിംഗ് അറ്റ് ദ ടോപ്പ് ഓഫ് ദി ലോവർ മാന്‍റില്‍’ എന്ന പ്രബന്ധത്തിലാണ് ഈ കണ്ടെത്തലുകള്‍ വിശദീകരിച്ചിരിക്കുന്നത്. നീല നിറമുള്ള റിംഗ്‌വുഡൈറ്റ് പാറക്കെട്ടുകളുടെ പ്രത്യേകതകളെ കുറിച്ചും ഈ പ്രബന്ധത്തില്‍ പറയുന്നുണ്ട്.

റിങ്‌വുഡൈറ്റ് വെള്ളം വലിച്ചെടുക്കുന്ന ഒരു സ്പോഞ്ച് പോലെയാണ്. ഹൈഡ്രജനെ ആകർഷിക്കാനും വെള്ളം തടഞ്ഞുനിർത്താനും കഴിയുന്ന ക്രിസ്റ്റല്‍ ഘടനയാണ് റിംഗ്‍വുഡൈറ്റിന്‍റേതെന്ന് ഗവേഷക സംഘത്തിലെ ജിയോഫിസിസ്റ്റായ സ്റ്റീവ് ജേക്കബ്സെൻ പറഞ്ഞു.

Categories
International Latest news main-slider

റഷ്യയിൽ ഭീകരാക്രമണം : വെടിവയ്പിൽ 60 പേർ മരിച്ചു നൂറിലേറെപ്പേർക്ക് പരുക്കേറ്റു.

മോസ്കോ: റഷ്യൻ തലസ്‌ഥാനമായ മോസ്കോയിൽ സംഗീതനിശ നടന്ന ക്രോക്കസ് സിറ്റി ഹാളിൽ 5 അക്രമികൾ നടത്തിയ വെടിവയ്പിൽ 60 പേർ മരിച്ചു. നൂറിലേറെപ്പേർക്കു പരുക്കേറ്റു. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. വെടിവയ്പിനു പിന്നാലെ 2 തവണ സ്ഫോടനവുമുണ്ടായി. ഇതോടെ വൻ തീപിടിത്തവുമുണ്ടായി. തീപടർന്ന് ഹാളിന്റെ മേൽക്കൂര ഇടിഞ്ഞുവീണു. സംഭവം ഭീകരാക്രമണമാണെന്ന് റഷ്യ സ്ഥിരീകരിച്ചു.

വെടിവയ്പ്പിനെത്തുടർന്നു പുറത്തേക്ക് ഓടിരക്ഷപ്പെടാനുള്ള തിക്കിലും തിരക്കിലും പെട്ടാണ് ചിലർ മരിച്ചത്. സൈനികരുടേതുപോലുള്ള വസ്ത്രം ധരിച്ചാണ് അക്രമികൾ എത്തിയത്. ഇവരിൽ ചിലർ കെട്ടിടത്തിനുള്ളിൽ ഒളിച്ചിരിപ്പുണ്ടെന്ന നിഗമനത്തിൽ പൊലീസ് തിരച്ചിൽ ഊർജിതമാക്കി. അക്രമികൾ യന്ത്രത്തോക്ക് ഉപയോഗിച്ചു തുടരെ വെടിവയ്ക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. അക്രമികളിൽ ഒരാൾ പിടിയിലായതായി റിപ്പോർട്ടുണ്ട്. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.

ഒൻപതിനായിരത്തോളം ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന കെട്ടിടസമുച്ചയത്തിലായിരുന്നു പരിപാടി നടന്നത്. ആറായിരത്തിലധികം വെടിവെപ്പ് നടക്കുമ്പോൾ സംഭവസ്ഥലത്തുണ്ടായിരുന്നു. ഭീകരാക്രമണമെന്നാണ് റഷ്യൻ വിദേശകാര്യമന്ത്രാലയം സംഭവത്തെ വിശേഷിപ്പിച്ചത്. ആഴ്‌ചയവസാനം നടക്കാനിരുന്ന എല്ലാ പരിപാടികളും റദ്ദാക്കിയതായി മോസ്കോ മേയർ അറിയിച്ചു.

Back to Top