Categories
International Latest news main-slider top news

പ്രാര്‍ത്ഥന വിഫലമായി ; ടൈറ്റന്‍ പൊട്ടിത്തെറിച്ച്‌ അഞ്ച് യാത്രികരും മരിച്ചു

ആഴക്കടലില്‍ നിന്ന് അതിജീവനത്തിന്റെ വാര്‍ത്ത പ്രതീക്ഷിച്ചുള്ള കാത്തിരിപ്പ് വിഫലം. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കാണാതായ ടൈറ്റന്‍ മുങ്ങിക്കപ്പല്‍ അകത്തേക്ക് പൊട്ടിത്തെറിച്ച്‌ അഞ്ച് യാത്രക്കാരും മരിച്ചുവെന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡ് സ്ഥിരീകരിച്ചു.

 

 

ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ക്ക് സമീപമാണ് പൊട്ടിത്തെറി സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. ടൈറ്റാനിക്കില്‍ നിന്ന് 1,600 അടി അകലെയായിരുന്നു ടൈറ്റന്റെ അവശിഷ്ടങ്ങള്‍. 6.7 മീറ്റര്‍ നീളവും മണിക്കൂറില്‍ 3.5 കിമി വേഗതയുമുള്ള ടൈറ്റന്‍ സ്വാതന്ത്രമായാണ് സമുദ്രത്തില്‍ സഞ്ചരിച്ചിരുന്നത്. മുങ്ങിക്കപ്പലിന്റെ കാര്‍ബണ്‍ ഫൈബറിലോ ടൈറ്റാനിയം ഹള്ളിലോ ചെറിയ പൊട്ടല്‍ വന്നാല്‍ പോലും ഇംപ്ലോഷന്‍ ( അകത്തേക്ക് പൊട്ടിത്തെറിക്കല്‍) സംഭവിക്കാം.

 

മുങ്ങിക്കപ്പലിലെ ഓക്‌സിജന്‍ തീരാറായിരിക്കേ വലിയ തിരച്ചിലാണ് കോസ്റ്റ് ഗാര്‍ഡ് നടത്തിയത്. എന്നാല്‍ ഫലമുണ്ടായില്ല

 

 

Categories
International Latest news main-slider

4 മാസമായി കാണാനില്ല; കൈകൾ ബന്ധിച്ച് തടിപ്പെട്ടിയിൽ ബ്രസീലിയൻ നടന്റെ മൃതദേഹം

ബ്രസീലിയ: നാലു മാസം മുൻപ് കാണാതായ ബ്രസീൽ താരത്തിന്റെ മൃതദേഹം റയോ ഡി ജനീറോയിലെ ഒരു വീടിനു പുറത്തെ പെട്ടിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. നടൻ ജെഫേഴ്സണ്‍ മച്ചാഡോ (44) മരിച്ചതായി കുടുംബ സുഹൃത്ത് സിന്തിയ ഹിൽസെൻഡെഗർ മരണവിവരം ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ സ്ഥിരീകരിച്ചു.

ഒരു വീടിന്റെ പുറത്ത് ആറടിയോളം ആഴമുള്ള കുഴിയിൽ ചങ്ങലകൾ കൊണ്ടു ബന്ധിച്ച് പെട്ടിയിൽ കിടത്തിയ നിലയിൽ ആണ് മൃതദേഹം കണ്ടെടുത്തത്. കുഴി കോൺക്രീറ്റ് ഉപയോഗിച്ച് മൂടിയിരുന്നു. ആ വീട് വാടകയ്ക്ക് എടുത്ത ആളെ ചുറ്റിപ്പറ്റിയാണ് നിലവിലെ അന്വേഷണം. ഇയാൾ ഒരുമാസം മുൻപാണ് വീട്ടിൽ അവസാനമായി എത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

ജെഫേഴ്സണിന്റെ കൈകൾ തലയ്ക്കു പിന്നിലായി കെട്ടിവച്ചിരുന്നുവെന്നു കുടുംബത്തിന്റെ അഭിഭാഷകൻ ജൈറോ മഗാൽഹേസ് പറഞ്ഞു. മൃതദേഹം കണ്ടെത്തിയ പെട്ടി ജെഫേഴ്സണിന്റെ വീട്ടിൽ ഉള്ളതിനു സമാനമാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. അഴുകിയ മൃതദേഹം വിരലടയാളം വച്ചാണ് തിരിച്ചറിഞ്ഞത്. കഴുത്തിൽ പാട് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ശ്വാസംമുട്ടിച്ചുള്ള കൊലപാതകമാണെന്ന സംശയം കുടുംബം ഉയർത്തുന്നു.

നടന്റെ വീട്ടിലെ എട്ട് നായ്ക്കുട്ടികളെ പരിപാലിക്കാൻ ആരുമില്ലെന്ന് സന്നദ്ധ സംഘടന അറിയിച്ചപ്പോഴാണ് ജെഫേഴ്സണെ കാണാതായെന്ന് കുടുംബം മനസ്സിലാക്കുന്നത്. മാസങ്ങളായി ജെഫേഴ്സണിന്റെ മൊബൈലിൽനിന്ന് കുടുംബത്തിന് സന്ദേശങ്ങൾ ലഭിച്ചിരുന്നു. എന്നാൽ ഇമെയിൽ സന്ദേശങ്ങളിലെ അക്ഷരത്തെറ്റുകൾ കണ്ടപ്പോൾ സംശയം തോന്നിയിരുന്നെന്ന് ജെഫേഴ്സണിന്റെ അമ്മ മരിയ ദാസ് ഡോറെസ് പറഞ്ഞു.

Categories
International Kerala Latest news main-slider

കുവൈത്തിൽ മലയാളി ദമ്പതികളെ താമസിക്കുന്ന സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്

കുവൈത്ത് സിറ്റി : മെയ് 4, കുവൈത്തിൽ മലയാളി ദമ്പതികളെ താമസിക്കുന്ന സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്

ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് കുറ്റാന്വേഷണ വിഭാഗം അറിയിച്ചു.

ഇന്ന് കാലത്ത് സാൽമിയായിലാണ് മലയാളി ദമ്പതികളെ താമസിക്കുന്ന കെട്ടിടത്തിന്റെ വിവിധ ഇടങ്ങളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനംതിട്ട മല്ലശേരി പൂങ്കാവ് പുത്തേത് പുത്തൻവീട്ടിൽ സൈജു സൈമൺ, ഭാര്യ ജീന എന്നിവരാണ് മരണമടഞ്ഞത്.

ആദ്യം സൈമണെ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് സ്ഥലത്ത് എത്തിയ പോലീസ് ഉദ്യോഗസ്ഥർ ഇവർ താമസിച്ചിരുന്ന മുറിയുടെ വാതിൽ തുറക്കാൻ ശ്രമിച്ചു. എന്നാൽ റൂം അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു തുടർന്ന് വാതിൽ പൊളിച്ച് അകത്ത് കയറിയ സുരക്ഷാ ഉദ്യോഗസ്ഥർ, ഭാര്യയെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ആരോഗ്യ മന്ത്രാലയത്തിൽ ആംബുലൻസ് വിഭാഗത്തിൽ ജീവനക്കാരനാണ് സൈമൺ ഇവർ തമ്മിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് വിവാഹിതരായത്.

സൈമണ് ആദ്യ വിവാഹത്തിൽ രണ്ട് മക്കളുണ്ട്.സ്വകാര്യ വിദ്യാലത്തിൽ ഐ. ടി. വിഭാഗം ജീവനക്കാരിയാണ് ജീന.

Categories
International Kasaragod Latest news National top news

സര്‍വ്വനാശത്തിലേക്കാണ് പോവുന്നത് !’ AI ആണവ യുദ്ധത്തേക്കാള്‍ വിനാശകരമെന്ന് ഗവേഷകർ 

സര്‍വ്വനാശത്തിലേക്കാണ് പോവുന്നത് !’ AI ആണവ യുദ്ധത്തേക്കാള്‍ വിനാശകരമെന്ന് ഗവേഷകർ

സാങ്കേതിക വിദ്യ പുതുയുഗത്തിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യുഗത്തിലേക്ക്. മനുഷ്യനെ മറികടക്കും വിധം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മുന്നേറുന്നത് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുകയാണ്. വലിയ രീതിയില്‍ ഡാറ്റ കൈകാര്യം ചെയ്യാന്‍ ഇന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് സാധിക്കുന്നുണ്ട്.

മനുഷ്യനെ പോലെ ഭാഷ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ജിപിടി4 എന്ന നിര്‍മിതബുദ്ധി ഏവരെയും അമ്പരപ്പിച്ചുകൊണ്ടിരിക്കുന്നു.

ഒരു വശത്ത് മനുഷ്യന്റെ ജോലികളെ ലളിതമാക്കി മാറ്റാന്‍ എഐ സഹായിക്കും എന്ന പ്രത്യാശിക്കുമ്പോഴും മറുവശത്ത് അതേ കുറിച്ച് ആശങ്ക ഉയരുന്നുണ്ട്. അത്തരം ഒരു മുന്നറിയിപ്പ് നല്‍കുകയാണ് എഐ ഗവേഷകനായ എലിസര്‍ യുഡ്‌കോവ്‌സ്‌കി.

അതി മാനുഷികമായ ബുദ്ധിശേഷിയുള്ള ഇത്തരം സംവിധാനങ്ങളുടെ നിര്‍മാണം അവസാനിപ്പിച്ചില്ലെങ്കില്‍ ഭൂമിയിലെ എല്ലാവരും മരണപ്പെടും എന്ന് എലിസര്‍ യുഡ്‌കോവ്‌സ്‌കി ടൈം മാഗസിനിൽ എഴുതിയ ഒരു ലേഖനത്തില്‍ പറഞ്ഞു. കാലിഫോര്‍ണിയയിലെ ബെര്‍ക് ലിയിലെ മെഷീന്‍ ഇന്റലിജന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകനാണ് അദ്ദേഹം.

ഇക്കഴിഞ്ഞ മാര്‍ച്ച് 29 ന് ഇലോണ്‍ മസ്‌ക്, ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് വൊസ്‌നൈയ്ക് ഉള്‍പ്പടെ നിരവധിയാളുകള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗവേഷണങ്ങള്‍ നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഒരു തുറന്ന കത്ത് പുറത്തുവിട്ടിരുന്നു.

എന്നാല്‍ ഈ കത്തില്‍ പറയുന്ന ആവശ്യങ്ങള്‍ പോലും യഥാര്‍ത്ഥ പ്രശ്‌നത്തെ നേരിടാന്‍ പര്യാപ്തമല്ലെന്നാണ് എലിസര്‍ യുഡ്‌കോവ്‌സ്‌കി പറയുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹം ഈ കത്തില്‍ പങ്കാളിയായിട്ടില്ല.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എത്രത്തോളം അപകടകരമാണെന്ന് അദ്ദേഹം പറയുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനോട് മത്സരിച്ചാല്‍ മനുഷ്യര്‍ പരാജയപ്പെടുകയേ ചെയ്യുകയുള്ളൂ. എഐ മൂലമുള്ള കൂട്ട വംശനാശഭീഷണിക്ക് ആണവായുധ യുദ്ധഭീഷണി തടയാനുള്ള ശ്രമങ്ങളേക്കാള്‍ പ്രാധാന്യം നല്‍കണം എന്ന് അദ്ദേഹം പറയുന്നു.

എഐയുടെ വെല്ലുവിളികള്‍ മനസിലാക്കാന്‍ നമ്മള്‍ ഇനിയും തയ്യാറെടുത്തിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍, അതിശക്തമായൊരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ആരെങ്കിലും നിര്‍മിച്ചെടുത്താല്‍, തൊട്ടുപിന്നാലെതന്നെ മനുഷ്യവര്‍ഗത്തിലെ ഓരോരുത്തരും ഭൂമിയിലെ എല്ലാ ജീവിവര്‍ഗങ്ങളും ചത്തൊടുങ്ങും എന്നാണ് ഞാന്‍ കരുതുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് സ്വയം തിരിച്ചറിയാന്‍ കഴിവുണ്ടോ എന്ന് കണ്ടെത്തുക എങ്ങനെയാണെന്ന് നമ്മള്‍ക്ക് യാതൊരു അറിവുമില്ലെന്നും അദ്ദേഹം പറയുന്നു.

ഗവേഷണങ്ങള്‍ക്കിടെ അബദ്ധത്തില്‍ സ്വയം ചിന്തിക്കാന്‍ ശേഷിയുള്ളൊരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിര്‍മിക്കപ്പെട്ടാല്‍ ബുദ്ധിയുള്ളൊരു ജീവിയുടെ എല്ലാ ധാര്‍മിക പ്രശ്‌നങ്ങളും അതിനുമുണ്ടാവും. ആരിലും കീഴ്‌പ്പെടാതിരിക്കാനുള്ള അവകാശവും അതിനുണ്ടാവും.

അതിമാനുഷിക ബുദ്ധി സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് തന്നെ ദശാബ്ദങ്ങള്‍ വേണ്ടിവന്നേക്കും. ആ പരിഹാരവും എല്ലാവരും കൊല്ലപ്പെടാതിരിക്കാന്‍ വേണ്ടി മാത്രമാവും. ചിലപ്പോള്‍ അപ്പോഴേക്കും നമ്മളെല്ലാം മരിച്ചിട്ടുണ്ടാവും അദ്ദേഹം പറഞ്ഞു.

Categories
International Kasaragod Latest news main-slider top news

കാഞ്ഞങ്ങാട് സി എച്ച് സെന്റർ, ഷാർജ കമ്മറ്റിക്ക് പുതിയ ഭാരവാഹികൾ

ഷാർജ : കാഞ്ഞങ്ങാട് സി എച്ച് സെന്റർ ഷാർജാ കമ്മറ്റിയുടെ ജനറൽ ബോഡി യോഗം ചെയർമാൻ, സി.കെ.നാസറിന്റെ അദ്ധ്യക്ഷതയിൽ സി.എച്ച്. സെന്റർ കേന്ദ്ര കമ്മറ്റി കൺവീനർ, ജ : അബ്ദുല്ല ആറങ്ങാടി ഉൽഘാടനം ചെയ്തു, യോഗത്തിൽ മുഹമ്മദ്‌ കുഞ്ഞി കുളത്തിങ്കാൽ റിപ്പോർട്ടും, ലത്തീഫ് മാണിക്കോത്ത്, വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി കെ.എച്ച്. ഷംസുദ്ദീൻ കല്ലൂരാവിയെ ചെയർമാനായും, നാസർ തായൽ കൺവീനറായും, നാസർ ഫ്രൂട്ട് ട്രഷറർ ആയും തെരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റായി, സി.ബി.കരീം ചിത്താരി,മുഹമ്മദാജി കാഞ്ഞങ്ങാട്,ഹംസ മുക്കൂട്, സുബൈർ എ.വി.മുഹമ്മദ്‌ കുഞ്ഞി കുളത്തിങ്കാൽ, സി. കെ.നാസർ കൂളിയങ്കാൽ എന്നിവരെയും, ജോയിന്റ് കൺവീനർമാരായി, യൂസുഫ് ഹാജി അരയി, കരീം കൊളവയൽ, താജുദ്ദീൻ ചിത്താരി, ലത്തീഫ് മാണിക്കോത്ത്, വി.വി അബ്ബാസ് ചിത്താരി, അബ്ദുല്ല അലങ്കാർ, എന്നിവരെയും തെരഞ്ഞെടുത്തു.

യോഗത്തിൽ മുഹമ്മദ്‌ കുഞ്ഞി കുളത്തിങ്കാൽ സ്വാഗതവും, താജുദ്ദീൻ ചിത്താരി നന്ദിയും പറഞ്ഞു.

Categories
International main-slider

ലോകത്തിലെ ഏറ്റവും വലിയ ധനികനെന്ന സ്ഥാനം തിരിച്ചു പിടിച്ച്‌ എലോണ്‍ മസ്‌ക്

യോര്‍ക്: ലോകത്തിലെ ഏറ്റവും വലിയ ധനികനെന്ന സ്ഥാനം തിരിച്ചു പിടിച്ച്‌ എലോണ്‍ മസ്‌ക്. ടെസ്ലയുടെ ഓഹരി വില കുതിച്ചുയര്‍ന്നതാണ് വീണ്ടും സമ്പന്നരില്‍ ഒന്നാം സ്ഥാനത്തേക്ക് എലോണ്‍ മസ്‌കിനെ എത്തിച്ചതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ 187 ബില്യണ്‍ ഡോളറാണ് മസ്‌കിന്റെ ആസ്തി. എല്‍എംവിഎച്ച്‌ ഉടമ ബെര്‍ണാഡ് അര്‍ണോള്‍ട്ടിനെ മറി കടന്നാണ് എലോണ്‍ മസ്‌ക് ഒന്നാം സ്ഥാനത്തെത്തിയത്.

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ 137 ബില്യണ്‍ യുഎസ് ഡോളറായിരുന്നു മസ്‌കിന്റെ ആസ്തി. ടെസ്ലയുടെ ഓഹരികള്‍ ഇടിഞ്ഞതിന് പിന്നാലെ 2022 ഡിസംബറിലാണ് ബെര്‍ണാഡ് അര്‍ണോള്‍ട്ട് മസ്‌കിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയത്. 2021 സെപ്തംബര്‍ മുതല്‍ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയാണ് എലോണ്‍ മസ്‌ക്. ആ സ്ഥാനത്തേക്ക് തന്നെയാണ് മസ്‌ക് വീണ്ടും തിരിച്ചെത്തിയത്.

എലോണ്‍ മസ്‌കിന് മുന്‍പ് ആമസോണ്‍ സ്ഥാപകനായ ജഫ് ബസോസാണ് ആ സ്ഥാനത്തുണ്ടായിരുന്നത്. അതേ സമയം ഗൗതം അദാനിയുടെ ഗ്രൂപ്പ് ഓഹരികളില്‍ ഇടിവ് തുടരുകയാണ്. സമ്പന്നരില്‍ സൂചികയില്‍ 32-ാം സ്ഥാനത്താണ് നിലവില്‍ അദാനി. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെയാണ് അദാനിയുടെ ഓഹരികളില്‍ ഇടിവ് നേരിട്ടത്. 37.7 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് ഇപ്പോള്‍ അദാനിയുടേത്.

Categories
International Latest news Technology top news

ഷെഡ്യൂള്‍ ഗ്രൂപ്പ് കോള്‍’; പുതിയ ഫീച്ചറുമായി വാട്‌സ്‌ആപ്പ്, അറിയേണ്ടതെല്ലാം

ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിക്കുന്നതിന്റെ തിരക്കിലാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്‌ആപ്പ്.

ഗ്രൂപ്പ് കോളുകള്‍ ഷെഡ്യൂള്‍ ചെയ്ത് വെയ്ക്കാന്‍ സഹായിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വാട്‌സ്‌ആപ്പ് എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇത് വിജയകരമെന്ന് കണ്ടാല്‍ എല്ലാവര്‍ക്കും ലഭിക്കുന്ന വിധം സേവനം വിപുലപ്പെടുത്താനാണ് വാട്‌സ്‌ആപ്പ് പദ്ധതിയിടുന്നത്.

പുതിയ കോണ്‍ടെക്‌സ്റ്റ് മെനുവില്‍ നിന്ന് ഷെഡ്യൂള്‍ കോള്‍ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുംവിധമാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുക. ഗ്രൂപ്പില്‍ കോള്‍ ബട്ടണ്‍ അമര്‍ത്തുമ്ബോള്‍ കോണ്‍ടെക്‌സ്റ്റ് മെനു തെളിഞ്ഞ് വരുന്ന രീതിയിലാണ് ക്രമീകരണം ഒരുക്കുക. ഗ്രൂപ്പ് യോഗങ്ങളില്‍ ഇത് വളരെയധികം പ്രയോജനപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍കൂട്ടി അറിയിച്ച്‌ യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ ഇതുവഴി സാധിക്കും. യോഗം സംഘടിപ്പിക്കുന്ന സമയം നേരത്തെ തന്നെ അറിയിക്കാന്‍ സാധിക്കുന്നത് കൊണ്ട് എല്ലാ അംഗങ്ങള്‍ക്കും ഇതില്‍ പങ്കെടുക്കുന്നതിനും ബുദ്ധിമുട്ട് ഉണ്ടാവില്ല.വോയ്‌സ് കോളിന് പുറമേ വീഡിയോ കോളിലും സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുംവിധമാണ് സൗകര്യം ഏര്‍പ്പെടുത്തുക. ഗ്രൂപ്പ് കോള്‍ ആരംഭിക്കുമ്ബോള്‍ തന്നെ ഷെഡ്യൂള്‍ കോളിലേക്ക് പങ്കെടുക്കേണ്ട ആളുകളുടെ പേര് ചേര്‍ക്കാന്‍ സാധിക്കും. ഗ്രൂപ്പ് കോള്‍ ആരംഭിക്കുമ്ബോള്‍ തന്നെ എല്ലാം ഗ്രൂപ്പ് അംഗങ്ങളെയും യോഗത്തെ കുറിച്ച്‌ അറിയിക്കാന്‍ ഈ ഫീച്ചര്‍ വഴി സാധിക്കുന്നത് കൊണ്ട് , ഫലപ്രദമായി യോഗം സംഘടിപ്പിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Categories
International Latest news main-slider

അധികാരത്തിലെത്തിയാല്‍ ചൈന, പാകിസ്ഥാന്‍ തുടങ്ങി യു.എസിന്റെ വിരോധികളായ എല്ലാ രാജ്യങ്ങള്‍ക്കും നല്‍കുന്ന എല്ലാ സഹായങ്ങളും നിറുത്തലാക്കുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവും ഇന്ത്യന്‍ വംശജയുമായ നിക്കി ഹേലി.

വാഷിംഗ്ടണ്‍ : അധികാരത്തിലെത്തിയാല്‍ ചൈന, പാകിസ്ഥാന്‍ തുടങ്ങി യു.എസിന്റെ വിരോധികളായ എല്ലാ രാജ്യങ്ങള്‍ക്കും നല്‍കുന്ന എല്ലാ സഹായങ്ങളും നിറുത്തലാക്കുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവും ഇന്ത്യന്‍ വംശജയുമായ നിക്കി ഹേലി.

2024 – യു.എസ് പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രൈമറിയില്‍ നിക്കി മത്സരിക്കുന്നുണ്ട്. പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന ആദ്യ ഇന്ത്യന്‍ – അമേരിക്കന്‍ വംശജയാണ് നിക്കി.

കഴിഞ്ഞ വര്‍ഷം 46 ബില്യണ്‍ ഡോളറാണ് യു.എസ് വിദേശ രാജ്യങ്ങള്‍ക്ക് സഹായമായി നല്‍കിയതെന്നും മറ്റൊരു രാജ്യവും ഇത്രയേറെ ചെലവാക്കിയിട്ടില്ലെന്നും നിക്കി പറഞ്ഞു. ജോ ബൈഡന്‍ ഭരണകൂടം പാകിസ്ഥാന് സൈനിക സഹായം നല്‍കുന്നത് പുനരാരംഭിച്ചു. കുറഞ്ഞത് ഒരു ഡസന്‍ ഭീകര സംഘടനകളുടെയെങ്കിലും ആസ്ഥാനമാണ് അവിടം. മാത്രമല്ല, അവര്‍ക്ക് ചായ്‌വ് ചൈനയോടാണ്.

യു.എന്നില്‍ ഏറ്റവും കൂടുതല്‍ അമേരിക്കാ വിരുദ്ധ വോട്ടുകള്‍ ചെയ്തിട്ടുള്ള രാജ്യങ്ങളിലൊന്നായ സിംബാവെയ്ക്ക് ലക്ഷക്കണക്കിന് ഡോളറുകളാണ് യു.എസ് നല്‍കിയത്. അമേരിക്കക്കാര്‍ക്ക് ചൈനവ്യക്തമായ ഭീഷണി ഉയര്‍ത്തുന്നു. എന്നിട്ടും പരിസ്ഥിതി പദ്ധതികള്‍ക്കും മറ്റും അമേരിക്കന്‍ നികുതിദായകരുടെ പണം നല്‍കുന്നു. ക്യൂബയ്ക്കും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്റെ അടുത്ത അനുയായി ആയ ബെലറൂസിനും വരെ യു.എസ് സഹായം നല്‍കുന്നു.

ബൈഡന്‍ മാത്രമല്ല, ദശാബ്ദങ്ങളായി ഇരു പാര്‍ട്ടികളിലെയും പ്രസിഡന്റുമാര്‍ ഈ രീതി പിന്തുടരുന്നുണ്ട്. രാജ്യത്തിന്റെ വിദേശ സഹായ നയം ഇപ്പോഴും ഭൂതകാലത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. സഹായം സ്വീകരിക്കുന്ന രാജ്യങ്ങളെ പറ്റി പരിശോധിക്കുന്നില്ല. ഈ രീതികള്‍ വേരോടെ പിഴുതെറിയാന്‍ നിശ്ചയദാര്‍ഢ്യമുള്ള ഒരു പ്രസിഡന്റിനെയാണ് യു.എസിന് വേണ്ടതെന്നും നിക്കി ഹേലി പറഞ്ഞു.

Categories
International Latest news National Technology top news

ഗൂ​ഗിളിലെ തെറ്റുകളും പിഴവുകളും കണ്ടെത്തുന്നതിൽ മുന്നിൽ ഇന്ത്യക്കാർ; ഇതുവരെ പ്രതിഫലമായി നൽകിയത് 100 കോടിയോളം രൂപ

ഗൂ​ഗിളിലെ തെറ്റുകളും പിഴവുകളും കണ്ടെത്തുന്നതിൽ മുന്നിൽ ഇന്ത്യക്കാർ; ഇതുവരെ പ്രതിഫലമായി നൽകിയത് 100 കോടിയോളം രൂപ; ​ഗൂഗിൾ പുറത്തുവിട്ട കണക്കുകൾ ഇങ്ങനെ..

ഗൂ​ഗിളിലെ തെറ്റുകളും പിഴവുകളും കണ്ടെത്താൻ മുന്നിൽ നിൽക്കുന്നത് ഇന്ത്യക്കാർ. ഇത്തരത്തിൽ സുരക്ഷാപിഴവുകൾ കണ്ടെത്തി പരിഹരിക്കാൻ സഹായിച്ചവർക്ക് കഴിഞ്ഞ വർഷം ആകെ നൽകിയത് 1.2 കോടി ഡോളർ അതായത് ഏകദേശം 99.51 കോടി രൂപയാണ്. ആൽഫബെറ്റ്, ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആൻഡ്രോയിഡ് വൾനറബിലിറ്റി റിവാർഡ് പ്രോഗ്രാമിന് (വിആർപി) 2022 ൽ 48 ലക്ഷം ഡോളർ പ്രതിഫലമാണ് നൽകിയത്. ഇത് ഒരു വർഷം നൽകുന്ന റെക്കോർഡ് തുകയാണ്. കഴിഞ്ഞ വർഷം 700 ടെക് വിദഗ്ധർ‌ക്കാണ് ഈ തുക നൽകിയത്. ഇവർക്ക് ലഭിച്ച തുകയിൽ 2.3 ലക്ഷം ഡോളർ ചാരിറ്റിക്കായും സംഭാവന ചെയ്തു.

2022 ൽ ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിൽ ഇരുന്നൂറിലധികം പിഴവുകൾ കണ്ടെത്തിയ ബഗ്‌സ്മിററിലെ അമൻ പാണ്ഡെയാണ് വിദഗ്ധരുടെ പട്ടികയിൽ ഒന്നാമത്. 2021 ലും അമൻ പാണ്ഡെയായിരുന്നു ഒന്നാം സ്ഥാനത്തെന്ന് ഗൂഗിൾ വൾനറബിലിറ്റി റിവാർഡ് ടീമിലെ സാറാ ജേക്കബ്സ് പറഞ്ഞു. 2019 മുതൽ ഇതുവരെയായി വിആർപി പ്രോഗ്രാമിൽ 500 ലധികം പിഴവുകളാണ് പാണ്ഡെ റിപ്പോർട്ട് ചെയ്തത്.

ആൻഡ്രോയിഡ് ചിപ്‌സെറ്റ് സെക്യൂരിറ്റി റിവാർഡ് പ്രോഗ്രാമിൽ (ACSRP) 2022 ൽ 4.86 ലക്ഷം ഡോളർ പ്രതിഫലമായി നൽകി. ഈ വിഭാഗത്തിൽ 700 ലധികം സുരക്ഷാ പിഴവുകളാണ് റിപ്പോർട്ട് ചെയ്തത്. ക്രോം വിആർപിയിൽ 470 സുരക്ഷാ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ വിദഗ്ധർക്ക് പ്രതിഫലമായി നൽകിയത് 40 ലക്ഷം ഡോളരാണ്. ക്രോംഒഎസി ലെ സുരക്ഷാ ബഗുകളെക്കുറിച്ചുള്ള 110 റിപ്പോർട്ടുകൾക്ക് ഏകദേശം 5 ലക്ഷം ഡോളറും പ്രതിഫലം നൽകി.

2021ൽ ബഗ് ഹണ്ടേഴ്‌സ് പോർട്ടലും ഗൂഗിൾ തുടങ്ങി. ഗൂഗിൾ, ആൻഡ്രോയിഡ്, ക്രോം, ക്രോംഒഎസ്, ചിപ്സെറ്റ്, ഗൂഗിൾ പ്ലേ എന്നിങ്ങനെയുള്ള വിആർപികളിൽ ഗവേഷകർക്ക് അതിവേഗം ബഗ് റിപ്പോർട്ട് ചെയ്യുന്നതിനാണ് പൊതു ഗവേഷക പോർട്ടൽ അവതരിപ്പിച്ചത്. പ്രധാന ഡൊമെയിനുകളിലെയും ഡിവൈസുകളിലെയും പിഴവുകൾ കണ്ടെത്തുന്ന എത്തിക്കൽ ഹാക്കർമാർ‌ക്കും ടെക്കികൾക്കുമാണ് ഗൂഗിൾ ഹാൾ ഫെയിം അംഗീകാരം നൽകുന്നത്. ഗൂഗിളിലെ സാങ്കേതിക വിദഗ്ധരുടെ പിഴവുകൾ കണ്ടെത്തി ഈ അംഗീകാരം നേടാൻ ലക്ഷക്കണക്കിനു ടെക്കികളാണ് ദിവസവും ശ്രമിച്ചുക്കൊണ്ടിരിക്കുന്നത്.

 

ഗൂഗിളിന്റെ സാങ്കേതിക സംവിധാനങ്ങളിലെ തെറ്റുകൾ കണ്ടെത്തുന്നവർക്ക് അതിന്റെ നിലവാരത്തിന് അനുസരിച്ച് നൽകുന്ന അംഗീകാരമാണ് ഹാൾ ഓഫ് ഫെയിം. ഈ ലിസ്റ്റിൽ വരുന്നവരെല്ലാം ഗൂഗിളിന്റെ ഹാൾ ഓഫ് ഫെയിം പ്രത്യേക പേജിൽ എന്നും നിലനിർത്തും. വൾനറബിലിറ്റി റിവാർഡ് പ്രോഗ്രാം (Vulnerability Reward Program) എന്നാണ് ഇതിനെ വിളിക്കുന്നത്. തെറ്റു കണ്ടെത്തുന്നവർക്ക് ഗൂഗിൾ പ്രതിഫലവും നൽകും. പിഴവുകളുടെ ഗൗരവം കണക്കിലെടുത്ത് നൽകുന്ന തുകയിലും മാറ്റമുണ്ടാകും. ചൂണ്ടിക്കാണിച്ച പിഴവുകളുടെ എണ്ണവും ഗൗരവവും കണക്കിലെടുത്താണ് പട്ടികയിലെ സ്ഥാനം നിർണ്ണയിക്കുന്നത്.

 

Categories
Editors Pick International main-slider

2023 യുക്രെയിന്റെ വിജയത്തിന്റെ വര്‍ഷമായിരിക്കുമെന്ന പ്രഖ്യാപനവുമായി പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്കി.

2023 യുക്രെയിന്റെ വിജയത്തിന്റെ വര്‍ഷമായിരിക്കുമെന്ന പ്രഖ്യാപനവുമായി പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്കി.

ഇന്നലെ യുക്രെയിന്‍ അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തോടനുബന്ധിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ വര്‍ഷം വിജയം നേടാന്‍ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു. വേദനയുടെയും ദുരിതത്തിന്റെയും വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും ഒരു വര്‍ഷത്തിലൂടെയാണ് രാജ്യം കടന്നുപോയതെന്നും തങ്ങള്‍ അജയ്യരാണെന്ന് യുക്രെയിന്‍ ജനത ഇതിനോടകം തെളിയിച്ചെന്നും സെലെന്‍സ്കി പറഞ്ഞു.

കീവില്‍ നടന്ന പ്രത്യേക ചടങ്ങില്‍ അധിനിവേശത്തിനിടെ ജീവന്‍ വെടിഞ്ഞ സൈനികരുടെ കുടുംബങ്ങള്‍ക്ക് മെഡല്‍ നല്‍കി സെലെന്‍സ്കി ആദരിച്ചു.

അതേ സമയം, ഐക്യരാഷ്ട്ര സംഘടന ജനറല്‍ അസംബ്ലിയില്‍ റഷ്യന്‍ അധിനിവേശത്തിനെതിരെ മുന്നോട്ട് വച്ച പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു. യു.എസ്, യു.കെ, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങി 141 രാജ്യങ്ങള്‍ അനുകൂലിച്ചതോടെ പ്രമേയം അംഗീകരിച്ചു. ഇന്ത്യ, ചൈന, ഇറാന്‍, ദക്ഷിണാഫ്രിക്ക ഉള്‍പ്പെടെ 32 രാജ്യങ്ങള്‍ വിട്ടുനിന്നു.

റഷ്യ, ബെലറൂസ്, ഉത്തര കൊറിയ, എറിട്രിയ, മാലി, നിക്കരാഗ്വ, സിറിയ എന്നീ ഏഴ് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തു. യുക്രെയിനില്‍ നീതിയുക്തവും ശാശ്വതവുമായ സമാധാനം വേണമെന്നും റഷ്യ ഉടന്‍ പിന്‍മാറണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. റഷ്യക്കെതിരെ വോട്ട്ചെയ്യാന്‍ യുക്രെയിന്‍, യു.എസ് എന്നിവരില്‍ നിന്ന് ഇന്ത്യക്ക് കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍, സമാധാനപരമായ ചര്‍ച്ചകളിലൂടെ മാത്രമേ പ്രശ്ന പരിഹാരം കണ്ടെത്താനാകൂ എന്ന നിലപാടില്‍ ഇന്ത്യ ഉറച്ചുനിന്നു.

അധിനിവേശം ഒരു വര്‍ഷം പിന്നിട്ട അവസരത്തില്‍ യുക്രെയിന് പിന്തുണ പ്രഖ്യാപിച്ചും റഷ്യയെ കടന്നാക്രമിച്ചും പാശ്ചാത്യ രാജ്യങ്ങള്‍ രംഗത്തെത്തി. പോളണ്ടില്‍ നിന്നുള്ള ലെപ്പേഡ് – 2 സൈനിക ടാങ്കുകളുടെ ആദ്യ ബാച്ച്‌ ഇന്നലെ യുക്രെയിന് കൈമാറി. കൂടുതല്‍ ടാങ്കുകള്‍ വരും ദിവസങ്ങളില്‍ നല്‍കുമെന്ന് ഇന്നലെ കീവിലെത്തിയ പോളിഷ് പ്രധാനമന്ത്രി മാത്യൂസ് മൊറാവീകി അറിയിച്ചു. യുക്രെയിന് 10 ലെപ്പേഡ് ടാങ്കുകളും വ്യോമപ്രതരോധ സംവിധാനങ്ങളും നല്‍കുമെന്ന് സ്വീഡന്‍ അറിയിച്ചു.

അതേ സമയം, ബ്രിട്ടണില്‍ പ്രധാനമന്ത്രി ഋഷി സുനകിന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് പുറത്ത് മൗനാചരണം നടത്തി. യുക്രെയിന്റെ ശ്രദ്ധേയമായ ചെറുത്തുനില്‍പ്പിനെ അഭിനന്ദിച്ച ചാള്‍സ് മൂന്നാമന്‍ രാജാവ് റഷ്യന്‍ ആക്രമണത്തെ അപലപിച്ചു.

യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് തുടങ്ങിയവര്‍ യുക്രെയിന് കൂടുതല്‍ പിന്തുണ വാഗ്ദ്ധാനം ചെയ്തു. യുക്രെയിന്റെ സുരക്ഷയ്ക്ക് യു.എസ് ഹൈടെക് ഡ്രോണുകള്‍ ഉള്‍പ്പെടെ 200 കോടി ഡോളറിന്റെ പാക്കേജ് പ്രഖ്യാപിച്ചു. പാരീസിലെ ഈഫല്‍ ടവര്‍, യൂറോപ്യന്‍ യൂണിയന്‍ കേന്ദ്രങ്ങള്‍ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കെട്ടിടങ്ങളില്‍ യുക്രെയിന്‍ ദേശിയ പതാകയുടെ നിറങ്ങള്‍ തെളിയിച്ച്‌ ഐക്യദാര്‍ഢ്യമറിയിച്ചു.

അതിനിടെ, ലണ്ടനില്‍ റഷ്യന്‍ എംബസിയിലേക്കുള്ള റോഡില്‍ യുക്രെയിന്‍ പതാകയുടെ നിറങ്ങളിലെ പെയിന്റടിച്ച്‌ ചില സംഘടനകള്‍ പ്രതിഷേധിച്ചു. കസഖ്‌സ്ഥാന്‍, സെര്‍ബിയ തുടങ്ങിയ ഇടങ്ങളിലും റഷ്യക്കെതിരെ തെരുവുകളില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറി. കഴിഞ്ഞ വര്‍ഷംകീവില്‍ തകര്‍ക്കപ്പെട്ട റഷ്യന്‍ ടാങ്കിനെ ബെര്‍ലിനിലെ റഷ്യന്‍ എംബസിക്ക് മുന്നില്‍ ആക്ടിവിസ്റ്റുകള്‍ പ്രദര്‍ശിപ്പിച്ചു.

ധനപരമായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള ആഗോള സംഘടനയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് റഷ്യയുടെ അംഗത്വം താത്കാലികമായി നീക്കി. അതിനിടെ, പോരാട്ടത്തില്‍ റഷ്യ വിജയിക്കുമെന്നും ഭീഷണികളെ നേരിടാന്‍ വേണ്ടി വന്നാല്‍ പോളിഷ് അതിര്‍ത്തി വരെ പോകാന്‍ തയാറാണെന്നും റഷ്യന്‍ മുന്‍ പ്രസിഡന്റ് ഡിമിട്രി മെഡ്‌വഡേവ് പറഞ്ഞു.

യുക്രെയിനിലെ വെടിനിറുത്തലിന് 12 പോയിന്റുകളോട് കൂടിയ സമാധാന പദ്ധതി മുന്നോട്ട് വച്ച്‌ ചൈനീസ് വിദേശകാര്യ മന്ത്രാലയം. യുക്രെയിനില്‍ ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും റഷ്യക്ക് മേല്‍ പാശ്ചാത്യ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നത് നിറുത്തണമെന്നും പദ്ധതിയില്‍ നിര്‍ദ്ദേശിക്കുന്നു.

ഒരേ ദിശയില്‍ ചര്‍ച്ചകള്‍ പുനഃരാരംഭിക്കാന്‍ എല്ലാവരും റഷ്യയേയും യുക്രെയിനേയും പ്രോത്സാഹിപ്പിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. എന്നാല്‍, റഷ്യന്‍ അധിനിവേശം അവസാനിപ്പിക്കാനുള്ള ഏതൊരു പദ്ധതിയും തങ്ങളുടെ അതിര്‍ത്തിയില്‍ നിന്ന് റഷ്യന്‍ സൈന്യത്തിന്റെ പിന്‍മാറ്റം ഉള്‍ക്കൊള്ളുന്നതാകണമെന്ന് യുക്രെയിന്‍ അറിയിച്ചു. ചൈനയുടെ നിര്‍ദ്ദേശങ്ങള്‍ സൂഷ്മമായി പഠിക്കുമെന്നും യുക്രെയിന്‍ പ്രതികരിച്ചു. റഷ്യയുമായി അടുത്ത സൗഹൃദംപുലര്‍ത്തുന്ന ചൈനയുടെ നിര്‍ദ്ദേശങ്ങളെ പാശ്ചാത്യ രാജ്യങ്ങള്‍ നിരസിച്ചു.

യുക്രെയിന്‍ അധിനിവേശത്തെ അപലപിക്കാന്‍ തയാറല്ലാത്ത ചൈനയുടെ നിര്‍ദ്ദേശങ്ങള്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ അനുയോജ്യമല്ലെന്ന് നാറ്റോ ജനറല്‍ സെക്രട്ടറി ജെന്‍സ് സ്റ്റോല്‍റ്റന്‍ബര്‍ഗ് പറഞ്ഞു. ചൈന സമാധാന പദ്ധതിയല്ല, ചില തത്വങ്ങളാണ് പങ്കിട്ടതെന്ന് യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ‌ലെയ്‌ന്‍ പറഞ്ഞു. പദ്ധതിയെ ജാഗ്രതയോടെ സ്വാഗതം ചെയ്യുന്നെന്ന് പറഞ്ഞ ജര്‍മ്മനി റഷ്യന്‍ സൈന്യത്തിന്റെ പിന്‍മാറ്റം അടക്കം പ്രധാനപ്പെട്ട ഘടകങ്ങള്‍ ചൈനയുടെ നിര്‍ദ്ദേശത്തില്‍ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി.

Back to Top