2023 യുക്രെയിന്റെ വിജയത്തിന്റെ വര്‍ഷമായിരിക്കുമെന്ന പ്രഖ്യാപനവുമായി പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്കി.

Share

2023 യുക്രെയിന്റെ വിജയത്തിന്റെ വര്‍ഷമായിരിക്കുമെന്ന പ്രഖ്യാപനവുമായി പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്കി.

ഇന്നലെ യുക്രെയിന്‍ അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തോടനുബന്ധിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ വര്‍ഷം വിജയം നേടാന്‍ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു. വേദനയുടെയും ദുരിതത്തിന്റെയും വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും ഒരു വര്‍ഷത്തിലൂടെയാണ് രാജ്യം കടന്നുപോയതെന്നും തങ്ങള്‍ അജയ്യരാണെന്ന് യുക്രെയിന്‍ ജനത ഇതിനോടകം തെളിയിച്ചെന്നും സെലെന്‍സ്കി പറഞ്ഞു.

കീവില്‍ നടന്ന പ്രത്യേക ചടങ്ങില്‍ അധിനിവേശത്തിനിടെ ജീവന്‍ വെടിഞ്ഞ സൈനികരുടെ കുടുംബങ്ങള്‍ക്ക് മെഡല്‍ നല്‍കി സെലെന്‍സ്കി ആദരിച്ചു.

അതേ സമയം, ഐക്യരാഷ്ട്ര സംഘടന ജനറല്‍ അസംബ്ലിയില്‍ റഷ്യന്‍ അധിനിവേശത്തിനെതിരെ മുന്നോട്ട് വച്ച പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു. യു.എസ്, യു.കെ, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങി 141 രാജ്യങ്ങള്‍ അനുകൂലിച്ചതോടെ പ്രമേയം അംഗീകരിച്ചു. ഇന്ത്യ, ചൈന, ഇറാന്‍, ദക്ഷിണാഫ്രിക്ക ഉള്‍പ്പെടെ 32 രാജ്യങ്ങള്‍ വിട്ടുനിന്നു.

റഷ്യ, ബെലറൂസ്, ഉത്തര കൊറിയ, എറിട്രിയ, മാലി, നിക്കരാഗ്വ, സിറിയ എന്നീ ഏഴ് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തു. യുക്രെയിനില്‍ നീതിയുക്തവും ശാശ്വതവുമായ സമാധാനം വേണമെന്നും റഷ്യ ഉടന്‍ പിന്‍മാറണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. റഷ്യക്കെതിരെ വോട്ട്ചെയ്യാന്‍ യുക്രെയിന്‍, യു.എസ് എന്നിവരില്‍ നിന്ന് ഇന്ത്യക്ക് കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍, സമാധാനപരമായ ചര്‍ച്ചകളിലൂടെ മാത്രമേ പ്രശ്ന പരിഹാരം കണ്ടെത്താനാകൂ എന്ന നിലപാടില്‍ ഇന്ത്യ ഉറച്ചുനിന്നു.

അധിനിവേശം ഒരു വര്‍ഷം പിന്നിട്ട അവസരത്തില്‍ യുക്രെയിന് പിന്തുണ പ്രഖ്യാപിച്ചും റഷ്യയെ കടന്നാക്രമിച്ചും പാശ്ചാത്യ രാജ്യങ്ങള്‍ രംഗത്തെത്തി. പോളണ്ടില്‍ നിന്നുള്ള ലെപ്പേഡ് – 2 സൈനിക ടാങ്കുകളുടെ ആദ്യ ബാച്ച്‌ ഇന്നലെ യുക്രെയിന് കൈമാറി. കൂടുതല്‍ ടാങ്കുകള്‍ വരും ദിവസങ്ങളില്‍ നല്‍കുമെന്ന് ഇന്നലെ കീവിലെത്തിയ പോളിഷ് പ്രധാനമന്ത്രി മാത്യൂസ് മൊറാവീകി അറിയിച്ചു. യുക്രെയിന് 10 ലെപ്പേഡ് ടാങ്കുകളും വ്യോമപ്രതരോധ സംവിധാനങ്ങളും നല്‍കുമെന്ന് സ്വീഡന്‍ അറിയിച്ചു.

അതേ സമയം, ബ്രിട്ടണില്‍ പ്രധാനമന്ത്രി ഋഷി സുനകിന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് പുറത്ത് മൗനാചരണം നടത്തി. യുക്രെയിന്റെ ശ്രദ്ധേയമായ ചെറുത്തുനില്‍പ്പിനെ അഭിനന്ദിച്ച ചാള്‍സ് മൂന്നാമന്‍ രാജാവ് റഷ്യന്‍ ആക്രമണത്തെ അപലപിച്ചു.

യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് തുടങ്ങിയവര്‍ യുക്രെയിന് കൂടുതല്‍ പിന്തുണ വാഗ്ദ്ധാനം ചെയ്തു. യുക്രെയിന്റെ സുരക്ഷയ്ക്ക് യു.എസ് ഹൈടെക് ഡ്രോണുകള്‍ ഉള്‍പ്പെടെ 200 കോടി ഡോളറിന്റെ പാക്കേജ് പ്രഖ്യാപിച്ചു. പാരീസിലെ ഈഫല്‍ ടവര്‍, യൂറോപ്യന്‍ യൂണിയന്‍ കേന്ദ്രങ്ങള്‍ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കെട്ടിടങ്ങളില്‍ യുക്രെയിന്‍ ദേശിയ പതാകയുടെ നിറങ്ങള്‍ തെളിയിച്ച്‌ ഐക്യദാര്‍ഢ്യമറിയിച്ചു.

അതിനിടെ, ലണ്ടനില്‍ റഷ്യന്‍ എംബസിയിലേക്കുള്ള റോഡില്‍ യുക്രെയിന്‍ പതാകയുടെ നിറങ്ങളിലെ പെയിന്റടിച്ച്‌ ചില സംഘടനകള്‍ പ്രതിഷേധിച്ചു. കസഖ്‌സ്ഥാന്‍, സെര്‍ബിയ തുടങ്ങിയ ഇടങ്ങളിലും റഷ്യക്കെതിരെ തെരുവുകളില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറി. കഴിഞ്ഞ വര്‍ഷംകീവില്‍ തകര്‍ക്കപ്പെട്ട റഷ്യന്‍ ടാങ്കിനെ ബെര്‍ലിനിലെ റഷ്യന്‍ എംബസിക്ക് മുന്നില്‍ ആക്ടിവിസ്റ്റുകള്‍ പ്രദര്‍ശിപ്പിച്ചു.

ധനപരമായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള ആഗോള സംഘടനയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് റഷ്യയുടെ അംഗത്വം താത്കാലികമായി നീക്കി. അതിനിടെ, പോരാട്ടത്തില്‍ റഷ്യ വിജയിക്കുമെന്നും ഭീഷണികളെ നേരിടാന്‍ വേണ്ടി വന്നാല്‍ പോളിഷ് അതിര്‍ത്തി വരെ പോകാന്‍ തയാറാണെന്നും റഷ്യന്‍ മുന്‍ പ്രസിഡന്റ് ഡിമിട്രി മെഡ്‌വഡേവ് പറഞ്ഞു.

യുക്രെയിനിലെ വെടിനിറുത്തലിന് 12 പോയിന്റുകളോട് കൂടിയ സമാധാന പദ്ധതി മുന്നോട്ട് വച്ച്‌ ചൈനീസ് വിദേശകാര്യ മന്ത്രാലയം. യുക്രെയിനില്‍ ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും റഷ്യക്ക് മേല്‍ പാശ്ചാത്യ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നത് നിറുത്തണമെന്നും പദ്ധതിയില്‍ നിര്‍ദ്ദേശിക്കുന്നു.

ഒരേ ദിശയില്‍ ചര്‍ച്ചകള്‍ പുനഃരാരംഭിക്കാന്‍ എല്ലാവരും റഷ്യയേയും യുക്രെയിനേയും പ്രോത്സാഹിപ്പിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. എന്നാല്‍, റഷ്യന്‍ അധിനിവേശം അവസാനിപ്പിക്കാനുള്ള ഏതൊരു പദ്ധതിയും തങ്ങളുടെ അതിര്‍ത്തിയില്‍ നിന്ന് റഷ്യന്‍ സൈന്യത്തിന്റെ പിന്‍മാറ്റം ഉള്‍ക്കൊള്ളുന്നതാകണമെന്ന് യുക്രെയിന്‍ അറിയിച്ചു. ചൈനയുടെ നിര്‍ദ്ദേശങ്ങള്‍ സൂഷ്മമായി പഠിക്കുമെന്നും യുക്രെയിന്‍ പ്രതികരിച്ചു. റഷ്യയുമായി അടുത്ത സൗഹൃദംപുലര്‍ത്തുന്ന ചൈനയുടെ നിര്‍ദ്ദേശങ്ങളെ പാശ്ചാത്യ രാജ്യങ്ങള്‍ നിരസിച്ചു.

യുക്രെയിന്‍ അധിനിവേശത്തെ അപലപിക്കാന്‍ തയാറല്ലാത്ത ചൈനയുടെ നിര്‍ദ്ദേശങ്ങള്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ അനുയോജ്യമല്ലെന്ന് നാറ്റോ ജനറല്‍ സെക്രട്ടറി ജെന്‍സ് സ്റ്റോല്‍റ്റന്‍ബര്‍ഗ് പറഞ്ഞു. ചൈന സമാധാന പദ്ധതിയല്ല, ചില തത്വങ്ങളാണ് പങ്കിട്ടതെന്ന് യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ‌ലെയ്‌ന്‍ പറഞ്ഞു. പദ്ധതിയെ ജാഗ്രതയോടെ സ്വാഗതം ചെയ്യുന്നെന്ന് പറഞ്ഞ ജര്‍മ്മനി റഷ്യന്‍ സൈന്യത്തിന്റെ പിന്‍മാറ്റം അടക്കം പ്രധാനപ്പെട്ട ഘടകങ്ങള്‍ ചൈനയുടെ നിര്‍ദ്ദേശത്തില്‍ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി.

Back to Top