അധികാരത്തിലെത്തിയാല്‍ ചൈന, പാകിസ്ഥാന്‍ തുടങ്ങി യു.എസിന്റെ വിരോധികളായ എല്ലാ രാജ്യങ്ങള്‍ക്കും നല്‍കുന്ന എല്ലാ സഹായങ്ങളും നിറുത്തലാക്കുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവും ഇന്ത്യന്‍ വംശജയുമായ നിക്കി ഹേലി.

Share

വാഷിംഗ്ടണ്‍ : അധികാരത്തിലെത്തിയാല്‍ ചൈന, പാകിസ്ഥാന്‍ തുടങ്ങി യു.എസിന്റെ വിരോധികളായ എല്ലാ രാജ്യങ്ങള്‍ക്കും നല്‍കുന്ന എല്ലാ സഹായങ്ങളും നിറുത്തലാക്കുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവും ഇന്ത്യന്‍ വംശജയുമായ നിക്കി ഹേലി.

2024 – യു.എസ് പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രൈമറിയില്‍ നിക്കി മത്സരിക്കുന്നുണ്ട്. പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന ആദ്യ ഇന്ത്യന്‍ – അമേരിക്കന്‍ വംശജയാണ് നിക്കി.

കഴിഞ്ഞ വര്‍ഷം 46 ബില്യണ്‍ ഡോളറാണ് യു.എസ് വിദേശ രാജ്യങ്ങള്‍ക്ക് സഹായമായി നല്‍കിയതെന്നും മറ്റൊരു രാജ്യവും ഇത്രയേറെ ചെലവാക്കിയിട്ടില്ലെന്നും നിക്കി പറഞ്ഞു. ജോ ബൈഡന്‍ ഭരണകൂടം പാകിസ്ഥാന് സൈനിക സഹായം നല്‍കുന്നത് പുനരാരംഭിച്ചു. കുറഞ്ഞത് ഒരു ഡസന്‍ ഭീകര സംഘടനകളുടെയെങ്കിലും ആസ്ഥാനമാണ് അവിടം. മാത്രമല്ല, അവര്‍ക്ക് ചായ്‌വ് ചൈനയോടാണ്.

യു.എന്നില്‍ ഏറ്റവും കൂടുതല്‍ അമേരിക്കാ വിരുദ്ധ വോട്ടുകള്‍ ചെയ്തിട്ടുള്ള രാജ്യങ്ങളിലൊന്നായ സിംബാവെയ്ക്ക് ലക്ഷക്കണക്കിന് ഡോളറുകളാണ് യു.എസ് നല്‍കിയത്. അമേരിക്കക്കാര്‍ക്ക് ചൈനവ്യക്തമായ ഭീഷണി ഉയര്‍ത്തുന്നു. എന്നിട്ടും പരിസ്ഥിതി പദ്ധതികള്‍ക്കും മറ്റും അമേരിക്കന്‍ നികുതിദായകരുടെ പണം നല്‍കുന്നു. ക്യൂബയ്ക്കും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്റെ അടുത്ത അനുയായി ആയ ബെലറൂസിനും വരെ യു.എസ് സഹായം നല്‍കുന്നു.

ബൈഡന്‍ മാത്രമല്ല, ദശാബ്ദങ്ങളായി ഇരു പാര്‍ട്ടികളിലെയും പ്രസിഡന്റുമാര്‍ ഈ രീതി പിന്തുടരുന്നുണ്ട്. രാജ്യത്തിന്റെ വിദേശ സഹായ നയം ഇപ്പോഴും ഭൂതകാലത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. സഹായം സ്വീകരിക്കുന്ന രാജ്യങ്ങളെ പറ്റി പരിശോധിക്കുന്നില്ല. ഈ രീതികള്‍ വേരോടെ പിഴുതെറിയാന്‍ നിശ്ചയദാര്‍ഢ്യമുള്ള ഒരു പ്രസിഡന്റിനെയാണ് യു.എസിന് വേണ്ടതെന്നും നിക്കി ഹേലി പറഞ്ഞു.

Back to Top