ഒന്നരമാസത്തിലേറെ നീണ്ട പരസ്യ പ്രചാരണങ്ങള്‍ അവസാനിച്ചു. മലപ്പുറത്തും കൊല്ലത്തും തൊടുപുഴയിലും മാവേലിക്കരയിലും നേരിയ സംഘർഷമുണ്ടായി

Share

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഒന്നരമാസത്തിലേറെ നീണ്ട പരസ്യ പ്രചാരണങ്ങള്‍ അവസാനിച്ചു. ആവേശം അണപൊട്ടി ഒഴുകിയപ്പോൾ അവസാന നിമിഷം പലയിടത്തും സംഘർഷത്തിന്റെ വക്കോളമെത്തി. കലാശക്കൊട്ട് കൊഴുപ്പിക്കാനായി മൂന്ന് മുന്നണികളും 20 മണ്ഡലങ്ങളിലെയും പ്രധാന കേന്ദ്രങ്ങളിലേക്ക് ഒഴുകി എത്തി. മലപ്പുറത്തും കൊല്ലത്തും തൊടുപുഴയിലും മാവേലിക്കരയിലും നേരിയ സംഘർഷമുണ്ടായി. കൊല്ലം കരുനാഗപ്പള്ളിയിൽ സംഘർഷത്തിനിടെ കല്ലേറിൽ സി ആർ മഹേഷ് എംഎൽഎ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു.

കൃത്യം ആറു മണിക്ക് തന്നെ പൊലീസ് ഇടപെട്ട് പരസ്യപ്രചാരണം അവസാനിപ്പിക്കുകയായിരുന്നു. ഇനി നാളെ നിശബ്ദ പ്രചാരണത്തിന്റേതാണ്. ആറാഴ്ച നീണ്ട നാടിളക്കിയ പ്രചാരണത്തിനുശേഷം കേരളം വെള്ളിയാഴ്ച പോളിംഗ് ബൂത്തിലേക്ക് പോവുകയാണ്.

മറ്റന്നാള്‍ നാളെ രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. നാളെ നിശബ്ദ പ്രചാരണം. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

തിരുവനന്തപുരത്തിന് പുറമേ തൃശൂര്‍, കാസര്‍ഗോഡ്, പത്തനംതിട്ട ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ട് ആറുമണി മുതല്‍ ശനിയാഴ്ച വരെയാണ് നിരോധനാജ്ഞ. പത്തനംതിട്ടയില്‍ നാളെ വൈകിട്ട് ആറുമണി മുതലാണ് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരും എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറും ക്രെയിനിലേറിയാണ് അവസാന മണിക്കൂറിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്തത്. ഇടതു സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കാൽ നടയായി പ്രവർത്തകർക്കൊപ്പമായിരുന്നു.

കൊല്ലം കരുനാഗപ്പള്ളിയില്‍ സംഘര്‍ഷം. എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തിനിടെ സി ആര്‍ മഹേഷ് എംഎല്‍എയ്ക്കും നാലു പോലീസുകാര്‍ക്കും പരിക്കേറ്റു. ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലാണ് കരുനാഗപ്പള്ളി നിയമസഭാ മണ്ഡലം ഉള്‍പ്പെടുന്നത്

Back to Top