Categories
Kerala Latest news main-slider

പനമ്പിള്ളിനഗറിലെ വീട്ടിൽ മോഷണം, പ്രതിയെ കേരള പോലീസ് കണ്ടെത്തിയത് പതിനഞ്ചു മണിക്കൂറിനുള്ളിൽ

എറണാകുളം നഗരത്തിൻ്റെ ഹൃദയഭാഗത്ത് സിനിമാ സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തി കടന്നുകളഞ്ഞ പ്രതിയെ പതിനഞ്ചു മണിക്കൂറിനുള്ളിൽ കണ്ടെത്തി കേരള പോലീസിന്റെ അന്വേഷണ മികവ്. കൊച്ചി സിറ്റി പൊലീസാണ് കൃത്യം നടന്ന് മണിക്കൂറുകൾക്കകം പ്രതിയെ കണ്ടെത്തിയത്.

ശനിയാഴ്ച പുലർച്ചെ 1.30 നാണ് പനമ്പിള്ളിനഗറിലെ വീട്ടിൽ മോഷണം നടന്നത്. ഒരു കോടിയിൽ പരം രൂപയുടെ ആഭരണങ്ങൾ നഷ്ടമായി. രാവിലെ 8.30 ന് വിവരം ലഭിച്ചതോടെ പോലീസ് അന്വേഷണം തുടങ്ങി. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്യാം സുന്ദറിന്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ എസ് സുദർശന്റെ മേൽനോട്ടത്തിലായിരുന്നു പോലീസിൻ്റെ പിന്നീടുള്ള നീക്കം. എറണാകുളം എ.സി. പി പി രാജ് കുമാറിൻ്റെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘം ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ മോഷണസ്ഥലത്തിനു സമീപത്തുനിന്ന് തെളിവുകൾ കണ്ടെത്തി. നിരവധി മൊബൈൽ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടന്നു. സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ മറുനാടൻ രജിസ്ട്രേഷൻ ഉള്ള കാറിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് വഴിത്തിരിവായത്. വിവിധ സ്ഥലങ്ങളിലെ cctv ക്യാമറകൾ പരിശോധിച്ചതിൽ പ്രതിയുടെ യാത്ര എറണാകുളത്തു നിന്നു മംഗലാപുരം വഴി കർണ്ണാടകത്തിലേയ്ക്കാണെന്നും മനസ്സിലാക്കി.

ഉടൻ വിവരം കർണാടക പോലീസിന് കൈമാറി. ഉഡുപ്പിയിൽ കർണാടക പോലീസ് ഏറെ വൈകാതെ വാഹനം കണ്ടെത്തി. മോഷ്ടാവായ ബീഹാർ സ്വദേശിയും കുപ്രസിദ്ധ കുറ്റവാളിയുമായ മുഹമ്മദ് ഇർഫാനെ തടഞ്ഞുവെച്ചു. പിൻതുടർന്നെത്തിയ എറണാകുളം ടൗൺ സൗത്ത് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ജില്ലാ പഞ്ചായത്ത് അധ്യക്ഷ എന്നു ബോർഡ് വെച്ച വാഹനത്തിലാണ് പ്രതി സഞ്ചരിച്ചിരുന്നത്. പ്രതിയിൽ നിന്ന് മോഷണമുതലുകളും സഞ്ചരിച്ച കാറും കൃത്യത്തിനുപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു.

ഇൻസ്‌പെക്ടർമാരായ പ്രേമാനന്ദകൃഷ്ണൻ, സജുകുമാർ.ജി.പി, റിച്ചാർഡ് വർഗീസ്, രമേശ് സി., സബ് ഇൻസ്‌പെക്ടർമാരായ ശരത്, വിഷ്ണു, രവി കുമാർ, ഹരിശങ്കർ, ലെബിമോൻ, ഗ്രേഡ് സബ് ഇൻസ്‌പെക്ടർമാരായ അനസ്.വി.എം, ജോസി.സി.എം, അനിൽകുമാർ.പി, സനീപ് കുമാർ.വി.കെ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മഹേഷ്.എം, പ്രശാന്ത് ബാബു, നിഖിൽ, ജിബിൻലാൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്ന മറ്റു പോലീസ് ഉദ്യോഗസ്ഥർ.

ഭാര്യ ബിഹാറിലെ സീതാമഡി ജില്ലാ പരിഷത് അംഗം ഗുൽഷൻ പർവീണിന്റെ ഔദ്യോഗിക പദവി രേഖപ്പെടുത്തിയ ചുവന്ന ബോർഡ് വച്ച കാറിലാണ് ഇർഫാൻ കൊച്ചിയിൽ നിന്നു മോഷണമുതലുമായി കടന്നത്. വഴിയിലെ പൊലീസ് പരിശോധന ഒഴിവാക്കാനുള്ള മുൻകരുതലായിരുന്നു ഇതെന്നു പ്രതി പൊലീസിനോടു സമ്മതിച്ചു

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ ‘ബിഹാർ റോബിൻഹുഡ്’ എന്നറിയപ്പെടുന്ന മുഹമ്മദ് ഇർഫാൻ 2021ലെ വിഷുദിനത്തിൽ തിരുവനന്തപുരത്തു ഭീമ ജ്വല്ലറി ഉടമ ബി. ഗോവിന്ദന്റെ വീട്ടിലെ കവർച്ചയിലും പ്രതി. ഇർഫാനെ പിടികൂടിയതോടെ, കവടിയാറിൽ രാജ്ഭവനു സമീപത്തെ സുരക്ഷാമേഖലയിൽ 3 വളർത്തു നായ്ക്കളും സെക്യൂരിറ്റി ജീവനക്കാരുമുള്ള വീടിന്റെ വാതിലോ ജനലോ തകർക്കാതെ വജ്രാഭരണങ്ങളടക്കം കവർന്നതെങ്ങനെയെന്ന 3 വർഷം പ്രായമുള്ള ചോദ്യത്തിനും ഉത്തരമാകും.

ചോദ്യംചെയ്യലിൽ ജോഷിയുടെ വീട്ടിൽ മോഷണം നടത്തുന്നതിനു മുൻപു സമീപത്തെ 3 വീടുകളിൽ മോഷണശ്രമം നടത്തിയതായി ഇർഫാൻ സമ്മതിച്ചു. ഇതിൽ ആദ്യത്തേതു വ്യവസായി ജോർജ് അലക്സാണ്ടർ മുത്തൂറ്റിന്റെ വീടാണ്. പ്രതിയുടെ കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയ ശേഷം വൈകിട്ട് അഞ്ചരയോടെ പൊലീസ് പ്രതിയുമായി ജോഷിയുടെ വീട്ടിലുൾപ്പെടെ തെളിവെടുപ്പു നടത്തി

Categories
Kerala Latest news main-slider

തൃക്കരിപ്പൂരിലെ തിരഞ്ഞെടുപ്പ് റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാനം ചെയ്തു

തൃക്കരിപ്പൂർ : നാട്ടിൽ ഒട്ടനവധി പ്രശ്നങ്ങൾ ഉയർന്നുവന്നപ്പോൾ ഈ നാട്ടിൽനിന്നും ജയിച്ചുപോയവർ ഈ നാടിനൊപ്പം നിൽക്കുന്നതും നാടിന്റെ ശബ്ദമായി മാറുന്നതും ആരും കണ്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാസർകോട് ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി എം.വി. ബാലകൃഷ്ണന്റെ തിരഞ്ഞെടുപ്പ് റാലി തൃക്കരിപ്പൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ച് വർഷക്കാലം പാർലമെന്റിൽ കേരളത്തിന്റെ ശബ്ദം വേണ്ടവിധം ഉയർന്നുകേട്ടില്ല. തീർത്തും മങ്ങിപ്പോയി കക്ഷിനില നോക്കിയാൽ 20-ൽ 18 യു.ഡി.എഫ്. അംഗങ്ങളാണ്. ഈ 18 അംഗ സംഘം കേരളത്തിന്റെ ശബ്ദമായി മാറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിനെതിരെ കേന്ദ്രം സാമ്പത്തിക പ്രതിരോധം ഏർപ്പെടുത്തിയപ്പോഴും കേരളവിരുദ്ധ സമീപനമാണ് 18 അംഗ സംഘം സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം. രാജഗോപാലൻ എം.എൽ.എ. അധ്യക്ഷനായി.

എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ, സ്ഥാനാർഥി എം.വി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ., ഇ. ചന്ദ്രശേഖരൻ എം.എൽ.എ., കെ.പി. സതീഷ് ചന്ദ്രൻ, പി. കരുണാകരൻ, സി.പി.ഐ. ജില്ലാ സെക്രട്ടറി സി.പി. ബാബു, ആർ.ജെ.ഡി. സംസ്ഥാന സെക്രട്ടറി ടി.വി. ബാലകൃഷ്ണൻ, വി.വി. കൃഷ്ണൻ, കുര്യാക്കോസ് പ്ലാപറമ്പൻ, കരിം ചന്തേര, സണ്ണി അരമന, രതീഷ് പുതിയപുരയിൽ, പി.പി. ശശിധരൻ, പി.വി. ഗോവിന്ദൻ, സുരേഷ് പുതിയടത്ത്, കെ.എം. ബാലകൃഷ്ണൻ, എ.ജി. ബഷീർ, എം.കെ. ഹാജി, പി.വി. തമ്പാൻ, സാബു എബ്രഹാം എന്നിവർ സംബന്ധിച്ചു.

Categories
Kerala Latest news main-slider

ലോകസഭ തിരഞ്ഞെടുപ്പ്: വ്യാജവാർത്ത പ്രചരിപ്പിച്ച ഓൺലൈൻ ചാനലിനെതിരെ കേസെടുത്തു

തിരുവനന്തപുരം ജില്ലയിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്ക് തകരാറുണ്ടെന്നും ഇലക്ഷൻ ഉദ്യോഗസ്ഥരം രാഷ്ട്രീയപ്രവർത്തകരും തമ്മിൽ തർക്കമുണ്ടായെന്നും വ്യാജവാർത്ത പ്രചരിപ്പിച്ച ഓൺലൈൻ ചാനലിനെതിരെ കേസെടുത്തു. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തത്.

നിയമനടപടി ആവശ്യപ്പെട്ട് ജില്ലാ കളക്ടർ നൽകിയ പരാതിയിലാണ് നടപടി. നിയമനടപടിക്ക് പിന്നാലെ ഓൺലൈൻ ചാനലിൽ നിന്ന് വാർത്ത പിൻവലിച്ചു.

ചീഫ് ഇലക്ടറൽ ഓഫീസർക്കെതിരെ അധിക്ഷേപം നടത്തിയ വിഷയത്തിൽ തിരുവല്ല പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌ത് പ്രതിയെ കണ്ടെത്തി മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു.

പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമൂഹത്തിൽ തെറ്റിദ്ധാരണാജനകവും വിദ്വേഷം പരത്തുന്ന തരത്തിലുമുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കും സ്ത്രീത്വത്തെ അവഹേളിക്കുന്ന തരത്തിൽ പ്രചാരണം നടത്തുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്. എല്ലാത്തരം സൈബർ ആക്രമണങ്ങളും കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിന് 24 മണിക്കൂറും സൈബർ പട്രോളിങ് ഏർപ്പെടുത്തിയിട്ടുണ്ട്

Categories
Kerala Latest news main-slider

ലോക്സഭ തിരഞ്ഞെടുപ്പ്: സാമൂഹ്യ മാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണം, വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍ 42 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണം, വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരെയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്വേഷം ഉളവാക്കുന്ന തരത്തിലും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്തവര്‍ക്കെതിരെ സംസ്ഥാനത്ത് ഇതുവരെ 42 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

സമൂഹത്തില്‍ വിദ്വേഷവും സ്പര്‍ധയും വളര്‍ത്തുന്ന തരത്തിലുള്ള ഇത്തരം സന്ദേശങ്ങള്‍ നിര്‍മ്മിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെയും അവ പങ്കുവയ്ക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. എല്ലാ സാമൂഹ്യമാധ്യമങ്ങളും 24 മണിക്കൂറും പോലീസിന്‍റെ കര്‍ശന നിരീക്ഷണത്തിലായിരിക്കും.

Categories
Kerala Latest news main-slider

മോക് പോളിനിടെ കാസർകോട് ചെയ്യാത്ത വോട്ട് ബിജെപിക്ക്. പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി നിർദ്ദേശിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ മോക് പോളിനിടെ കാസർകോട് ചെയ്യാത്ത വോട്ട് ബിജെപിക്ക് പോയെന്ന് ആരോപണം. ഇക്കാര്യം പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി നിർദ്ദേശിച്ചു. ഹർജിക്കാരനായ പ്രശാന്ത് ഭൂഷനാണ് വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. വിവിപാറ്റ് സ്ലിപ്പുകൾ പൂർണ്ണമായി എണ്ണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയുടെ വാദത്തിനിടെയാണ് പ്രശാന്ത് ഭൂഷണൻ ഇക്കാര്യം ഉന്നയിച്ചത്. നാല് വോട്ടിംഗ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി പോൾ ചെയ്തുവെന്ന് ഹർജിക്കാരൻ അറിയിച്ചു. വിവിപാറ്റ് സ്ലിപ്പുകൾ പൂർണ്ണമായി എണ്ണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേയാണ് കോടതി നിർദ്ദേശം നൽകിയത്. സംഭവത്തിന് പിന്നാലെ യുഡിഎഫും എൽഡിഎഫും ജില്ലാകലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.

ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇവിഎം) ഉപയോഗിച്ച് വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ (വിവിപാറ്റ്) സ്ലിപ്പുകൾ വിശദമായി പരിശോധിക്കുന്നതിൻ്റെ ഘട്ടങ്ങൾ വിശദമായി വിശദീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പവിത്രത നിലനിർത്തണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഇവിഎമ്മുകൾ ഉപയോഗിച്ചുള്ള വോട്ടുകളുടെ പൂർണമായ ക്രോസ് വെരിഫിക്കേഷൻ വിവിപാറ്റ് ഉപയോഗിച്ച് നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹർജികൾ പരിഗണിക്കുന്നത്. ഇത് ഒരു സ്വതന്ത്ര വോട്ട് വെരിഫിക്കേഷൻ സംവിധാനമാണ്. നിലവിൽ ഓരോ അസംബ്ലി സെഗ്‌മെൻ്റിലും ക്രമരഹിതമായി തിരഞ്ഞെടുത്ത അഞ്ച് ഇവിഎമ്മുകളിൽ മാത്രമാണ് വിവിപാറ്റ് പരിശോധന നടത്തുന്നത്.

വോട്ട് ചെയ്ത ശേഷം വോട്ടർക്ക് വിവിപാറ്റ് സ്ലിപ്പ് എടുക്കാൻ കഴിയണമെന്ന് കേസിൽ ഹർജിക്കാരിൽ ഒരാൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ നിസാം പാഷ വാദത്തിനിടെ പറഞ്ഞു.

Categories
International Kerala Latest news

മുതിർന്ന സംഗീതജ്ഞൻ കെ.ജി. ജയൻ അന്തരിച്ചു.

മുതിർന്ന സംഗീതജ്ഞൻ കെ.ജി. ജയൻ അന്തരിച്ചു. കുറച്ചുകാലമായി വിവിധ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. 90 വയസായിരുന്നു. നടൻ മനോജ് കെ. ജയൻ മകനാണ്. ഭക്തിഗാനങ്ങൾക്കും വയലിൻ വായനയിലും പ്രാവീണ്യമുള്ള കർണാടക സംഗീതജ്ഞനായിരുന്നു.

1934 നവംബർ 21-ന് ജനിച്ച ഇരട്ട സഹോദരങ്ങളായ കലാരത്‌നം കെ.ജി. ജയനും സഹോദരൻ വിജയനും ദക്ഷിണേന്ത്യയിൽ അവരുടെ ഭക്തിഗാനങ്ങൾ, ചലച്ചിത്രഗാനങ്ങൾ, സ്റ്റേജ് ഷോകൾ എന്നിവയിലൂടെ പ്രശസ്തരാണ്. മാവേലിക്കര രാധാകൃഷ്ണയ്യർ, ആലത്തൂർ ബ്രദേഴ്‌സ്, ചെമ്പൈ വൈദ്യനാഥ ഭാഗവതർ, എം. ബാലമുരളീകൃഷ്ണ തുടങ്ങിയ പ്രമുഖ കർണാടക ഗായകരുടെ കീഴിൽ സംഗീത പരിശീലനം നേടിയിട്ടുണ്ട്.

ആയിരത്തിലധികം ഗാനങ്ങൾക്ക് അദ്ദേഹം ഈണം നൽകി. കേരള സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി ഏർപ്പെടുത്തിയ കേരള സംഗീത നാടക അക്കാദമി അവാർഡും (1991) ഹരിവരാസനം അവാർഡും (2013) അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2019ൽ പത്മശ്രീ ലഭിച്ചു

Categories
Kerala Latest news main-slider top news

സംസ്ഥാനത്തെ കളിസ്ഥലമില്ലാത്ത വിദ്യാലയങ്ങള്‍ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി. പഠനം ക്ലാസ് മുറിയില്‍ മാത്രം ഒതുങ്ങേണ്ടതല്ലെന്നും കളിസ്ഥലം കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ വളർച്ചയ്ക്ക് അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു.

സംസ്ഥാനത്തെ കളിസ്ഥലമില്ലാത്ത വിദ്യാലയങ്ങള്‍ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി. പഠനം ക്ലാസ് മുറിയില്‍ മാത്രം ഒതുങ്ങേണ്ടതല്ലെന്നും കളിസ്ഥലം കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ വളർച്ചയ്ക്ക് അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു

മൈതാനമാണ് ആത്യന്തികമായ ക്ലാസ്‌മുറിയെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. പത്തനംതിട്ട തേവായൂർ ഗവ. എല്‍.പി.സ്‌കൂള്‍ ഗ്രൗണ്ടില്‍ വാട്ടർടാങ്ക് നിർമ്മിക്കാനുള്ള ജില്ലാ പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ പി.ടി.എ നല്‍കിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം.

സ്കൂള്‍ മൈതാനത്തിന്റെ വിസ്തീർണം കേരള വിദ്യാഭ്യാസച്ചട്ടത്തില്‍ പ്രത്യേകം നിഷ്കർഷിക്കണം. നിലവില്‍ ഇക്കാര്യത്തില്‍ വ്യക്തതയില്ലാത്തതിനാല്‍ സ്‌കൂളുകള്‍ വേണ്ടത്ര കളിസ്ഥലം ഒരുക്കാത്ത സ്ഥിതിയുണ്ട്.

കളിസ്ഥലത്തിന്റെ വിസ്തീർണം സി.ബി.എസ്.ഇ രജിസ്‌ട്രേഷൻ ചട്ടങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്.ഇതടക്കം കണക്കിലെടുത്ത് കേരള വിദ്യാഭ്യാസച്ചട്ടത്തിലും നാലു മാസത്തിനകം ചട്ടങ്ങള്‍ രൂപീകരിക്കണം. ഇത് പാലിക്കാൻ കർശന നിർദ്ദേശം നല്‍കുകയും വേണം. വേണ്ടത്ര സമയം നല്‍കിയിട്ടും ഇക്കാര്യം പാലിക്കാത്ത സ്‌കൂളുകള്‍ പൂട്ടാൻ ഉത്തരവിടണമെന്നാണ് കോടതി നിർദ്ദേശം. ഉത്തരവ് പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് അയച്ചുകൊടുക്കും. സ്‌കൂള്‍ കളിസ്ഥലത്ത് വാട്ടർടാങ്ക് നിർമ്മിക്കുന്നതില്‍ നിന്ന് ജില്ലാ പഞ്ചായത്ത് പിന്നീട് പിന്മാറിയിരുന്നു.

Categories
Kerala Latest news main-slider

സൗദി ജയിലിലെ റഹീമിന്റെ മോചനത്തിനായി 34 കോടി രൂപ സമാഹരിച്ചു.ലോകമെമ്പാടുമുള്ള മലയാളികൾ ഒരേമനസ്സോടെ ഒന്നിച്ചു

ലോകമെമ്പാടുമുള്ള മലയാളികൾ ഒരേമനസ്സോടെ കൈകോർത്തുപിടിച്ചപ്പോൾ സൗദി ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായി 34 കോടി രൂപ സമാഹരിക്കുക എന്ന വമ്പൻ ലക്ഷ്യം ചെറുതായി. കൈ​യ​ബ​ദ്ധം മൂ​ലം സൗ​ദി ബാ​ല​ൻ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ 18 വ​ർ​ഷ​മാ​യി ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചു വ​രു​ക​യാ​ണ് അ​ബ്ദു​ൽ റ​ഹീം. വധശിക്ഷയിൽനിന്ന് ഒഴിവാക്കാൻ സൗദി ബാലന്റെ കുടുംബം ആവശ്യപ്പെട്ട 34 കോടി രൂപയാണ് മലയാളികൾ കൈകോർത്ത് സമാഹരിച്ചത്. തുക സൗദി കുടുംബത്തിന് നൽകാനുള്ള അന്തിമ ദിവസത്തിന് മൂന്നു ദിവസം ശേഷിക്കേയാണ് 34 കോടി പൂർണമായി സ്വരൂപിച്ചത്.

നാലുദിവസം മുമ്പ് വെറും അഞ്ചുകോടി രൂപ മാത്രമായിരുന്നു സഹായമായി സമിതിക്ക് ലഭിച്ചത്. എന്നാൽ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വാർത്ത വന്നതോടെ റഹീമിന്റെ മോചനത്തിനായി മനുഷ്യസ്നേഹികൾ കൈയയച്ച് സഹായിക്കുകയായിരുന്നു. വ്യവസായി ബോബി ചെമ്മണ്ണൂരും ഒട്ടേറെ സന്നദ്ധപ്രവർത്തകരും റഹീമിന്റെ മോചനത്തിനായി നേരിട്ടിറങ്ങി. മോചനത്തിന് പണം സമാഹരിക്കുന്നതിനായി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ യാചകയാത്ര നടത്തുകയാണ് ബോബി ചെമ്മണ്ണൂർ. പ്രവാസികളും വലിയതോതിൽ സഹായിച്ചു.

‘സേവ് അബ്ദുൽ റഹീം’ എന്ന മൊബൈൽ ആപ്പ് വഴിയും നേരിട്ടും നിരവധി ആളുകളാണ് അബ്ദുൾ റഹീമിൻ്റെ വീട്ടിലേക്കും അബ്ദു റഹീം ദയാധന സമാഹരണ കമ്മിറ്റിയേയും പണമയച്ചത്.

ഇനി മൂന്നു ദിവസമാണ് ബാക്കി നിൽക്കെ ഇനി പണം അയക്കേണ്ടെന്ന് ദയാധനസമാഹരണ കമ്മിറ്റി അറിയിച്ചു. 34,45,46,568 രൂപയാണ് ഇതുവരെ ലഭിച്ചത്. എംബിസി വഴി പണം കൈമാറാനുള്ള നടപടികൾ ശനിയാഴ്‌ച ചേരുന്ന കമ്മിറ്റി യോഗം തീരുമാനിക്കും.

വെള്ളിയാഴ്ച ഉച്ചയോടെ പണസമാഹരണം 30 കോടി കവിഞ്ഞിരുന്നു. മണിക്കൂറുകൾക്കുള്ളിലാണ് 4 കോടി രൂപ കൂടി ലഭിച്ചത്. ചൊ​വ്വാ​ഴ്ച​യാണ് പണം നൽകാനുള്ള അ​വ​സാ​ന തീ​യ​തി. തുക സമാഹരിക്കുന്നതിന്റെ സുതാര്യത ഉറപ്പു വരുത്തുന്നതിനുള്ള ഓഡിറ്റിങ്ങിന് വേണ്ടി പ്രത്യേക ആപ്പിന്റെ പ്രവർത്തനം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വൈകിട്ട് 4.30 വരെ നിർത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് 34കോടി സമാഹരിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചത്. ഇ​വി​ടെ പി​രി​ച്ചെ​ടു​ത്ത പ​ണം ഇന്ത്യൻ എംബസി വഴി സൗ​ദി​യി​ലെത്തിക്കും. ഇ​തിനാ​യി ധ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ പ്ര​ത്യേ​ക അ​നു​മ​തി തേ​ടാ​ൻ ശ്ര​മം തുടങ്ങി.

Categories
Kasaragod Kerala main-slider top news

ചൂട് കൂടിയതോടെ ചെങ്കണ്ണ്, ചിക്കന്‍ പോക്‌സ് രോഗങ്ങള്‍ വ്യാപിക്കുന്നു

 

സംസ്ഥാനത്ത് പകല്‍ താപനില നാല്പത് ഡിഗ്രിക്ക് അടുത്തെത്തി. ചൂട് വർദ്ധിക്കുന്നതോടെ രോഗവ്യാപനത്തിന്റെ ആശങ്കയും വർദ്ധിക്കുകയാണ്. ചെങ്കണ്ണ്, ചിക്കന്‍ പോക്‌സ്, വയറിളക്കം തുടങ്ങിയ രോഗങ്ങളാണ് പടരുന്നത്. മിക്ക ആശുപത്രികളിലും ഇത്തരം രോഗികളുടെ തിരക്കാണ്. ഗുരുതരമാകില്ലെങ്കിലും അസ്വസ്ഥത വര്‍ധിപ്പിക്കുമെന്നതിനാല്‍ ഇത്തരം രോഗങ്ങള്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. ചെങ്കണ്ണ് രോഗമാണ് വ്യാപകമാകുന്നത്. കണ്ണിന് വേദന, ചുവപ്പ് നിറം, ചൊറിച്ചില്‍ എന്നിങ്ങനെ പല ലക്ഷണങ്ങളോടെയും എത്തുന്ന രോഗം ദിവസങ്ങള്‍ നീണ്ടുനില്‍ക്കാറുണ്ട്. ചിലര്‍ക്കെങ്കിലും കണ്ണിന് ചുറ്റും വീക്കം, വേദന എന്നിവയും ഉണ്ടാകാറുണ്ട്. അപൂര്‍വം ചിലരില്‍ അസ്വസ്ഥത വര്‍ധിപ്പിക്കാറുണ്ട്. കൃത്യമായ രോഗമറിയാതെ മുതിര്‍ന്നവരില്‍ പലരും ആശുപത്രിയില്‍ ചികിത്സ തേടാറില്ല. ചിലര്‍ സ്വയം ചികത്സ നടത്തുകയും ചെയ്യും. എന്നാല്‍, കണ്ണിന് അസ്വസ്ഥത തോന്നിയാലുടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ചിക്കന്‍ പോക്‌സും വ്യാപകമാണ്. ചൂട് വര്‍ധിക്കുന്നതനുസരിച്ച് രോഗത്തിന്റെ അസ്വസ്ഥതയും രോഗവ്യാപനവും വര്‍ധിക്കുകയാണ്. ചൂട് വര്‍ധിക്കുന്നതിനാല്‍ രോഗത്തിന്റെ അസ്വസ്ഥത വര്‍ധിക്കുന്നതായി അനുഭവസ്ഥര്‍ പറയുന്നു. രോഗം വന്നാലും പലരും ആധുനിക ചികിത്സ തേടാറില്ലെന്നതും അസ്വസ്ഥത വര്‍ധിപ്പിക്കുന്നു. ചിക്കന്‍പോക്‌സ് ഗുരുതര രോഗമല്ലെങ്കിലും ലക്ഷണങ്ങള്‍ കണ്ടാലുടന്‍ ചികിത്സ തേടണമെന്ന ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഗുണനിലവാരമില്ലാത്ത വെള്ളത്തിന്റെ ഉപയോഗം വ്യാപകമാകുന്നത് വയറിളക്ക രോഗവും പടരാന്‍ കാരണമാകുന്നു. അത്യൂഷ്ണത്തെ തുടര്‍ന്നു കാണുന്ന സ്ഥലങ്ങളില്‍ നിന്നെല്ലാം മനുഷ്യന്‍ വെള്ളം കുടിച്ചുപോകും. പലപ്പോഴും ശുദ്ധീകരിക്കാത്ത വെള്ളമോ, ഗുണനിലവാരമില്ലാത്ത വെള്ളമോ കുടിക്കേണ്ട സാഹചര്യമുണ്ടാകും. ഇത് വയറിളക്കം ഉള്‍പ്പെടെയുള്ള ജലജന്യ രോഗങ്ങളിലേക്ക് നയിക്കും.

Categories
Kerala Latest news main-slider

എം. സ്വരാജ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി, കെ. ബാബുവിന് എം.എല്‍.എയായി തുടരാം

തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ കെ. ബാബുവിന്റെ തിരഞ്ഞെടുപ്പുവിജയം ചോദ്യംചെയ്ത് എം. സ്വരാജ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി.

തെരഞ്ഞെടുപ്പ് കേസായതിനാല്‍ പ്രധാനപ്പെട്ട സാക്ഷികളെയും കോടതി നേരിട്ട് വിസ്തരിച്ചിരുന്നു. 2021 ജൂണിലാണ് സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. 2021ലെ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ 992 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ. ബാബു വിജയിച്ചത്. കെ. ബാബുവിന് 65,875 വോട്ട് ലഭിച്ചപ്പോള്‍ എതിര്‍സ്ഥാനാര്‍ഥി സി.പി.എമ്മിലെ എം. സ്വരാജിന് 64,883 വോട്ടാണ് ലഭിച്ചത്.

ബാബുവിന് എം.എല്‍.എയായി തുടരാം.  മതചിഹ്നം ഉപയോഗിച്ച് കെ.ബാബു വോട്ട് തേടി എന്നാണ് ഹരജിയിലെ ആക്ഷേപം. ജസ്റ്റിസ് പി.ജി.അജിത് കുമാറിന്‍റെ ബെഞ്ചാണ് വിധി പറഞ്ഞത്.

അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചുവെന്നും മതചിഹ്നം ദുരുപയോഗം ചെയ്തുവെന്നുമാണ് ഹരജിയിലെ പ്രധാന ആരോപണം. അയ്യപ്പന്റെ പേര് ദുരുപയോഗം ചെയ്താണ് ബാബു വിജയിച്ചത്. അയ്യനെ കെട്ടിക്കാന്‍ വന്ന സ്വരാജിനെ കെട്ടുകെട്ടിക്കണം എന്ന തരത്തില്‍ ചുമരെഴുത്തുകള്‍ വരെയുണ്ടായി. അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച സ്ലിപ്പുകള്‍ വിതരണം ചെയ്തു. ഇതില്‍ ബാബുവിന്റെ പേരും ചിഹ്നവുമുണ്ടായിരുന്നു. മണ്ഡലത്തിന്റെ പലഭാഗങ്ങളിലും സ്ഥാനാര്‍ഥി നേരിട്ടെത്തി അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചു. ജാതി, മതം, ഭാഷ, സമുദായം എന്നിവയുടെ പേരില്‍ വോട്ട് ചോദിക്കരുതെന്ന തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനം നടത്തിയ ബാബുവിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നായിരുന്നു സ്വരാജിന്റെ ആവശ്യം.

എന്നാല്‍ അയ്യപ്പന്റെ പേരില്‍ വോട്ടു പിടിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കാലത്തോ അതിനെ തൊട്ടടുത്ത ദിവസങ്ങളിലോ ഇത്തരം പരാതി എല്‍.ഡി.എഫ് ഉയര്‍ത്തിയിട്ടില്ലെന്നുമാണ് കെ.ബാബുവിന്റെ വാദം. സ്വരാജിന്റെ തെരഞ്ഞെടുപ്പ് ഹരജി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി കെ.ബാബു ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹരജി നിലനില്‍ക്കുമെന്നും വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കി വിധി പറയണമെന്നുമായിരുന്നു സുപ്രിംകോടതി നല്‍കിയ നിര്‍ദേശം.

Back to Top