ഇന്ന് നിശബ്ദപ്രചരണം

Share

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളം നാളെ വിധിയെഴുതും. ഇന്ന് നിശബ്ദപ്രചരണമാണ്. അവസാനനിമിഷവും വോട്ടുറപ്പാക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികൾ. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. ആകെ 2,77,49,159 വോട്ടർമാരും.

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 77.67 ആയിരുന്നു സംസ്ഥാനത്ത് പോളിങ് രേഖപ്പെടുത്തിയത്. 2021-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ 74.06 ശതമാനവും. പോളിങ് ശതമാനം 80 ശതമാനത്തിൽ കുറയാതിരിക്കുകയെന്നതാണ് ഇത്തവണത്തെ ലക്ഷ്യം എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

40 ദിവസം നീണ്ട പരസ്യ പ്രചരണത്തിനു ശേഷമാണ് കേരളം നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. പരസ്യ പ്രചാരണത്തിന് ഇന്നലെ കൊട്ടിക്കലശമായി. ഇന്ന് സ്ഥാനാർഥികളും പാർട്ടികളും നിശബ്ദ പ്രചാരണവുമായി തെരഞ്ഞെടുപ്പിലേക്കുള്ള അവസാന ഒരുക്കത്തിലാണ്

25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതൽ ആരംഭിക്കും. നാളെ രാവിലെ ഏഴുമണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർകോട് എന്നീ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാരെയും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്രസേനയെയും നിയോഗിച്ചിട്ടുണ്ട്

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ഇന്ന് കൂടി പോസ്റ്റൽ വോട്ട് ചെയ്യാനാവും. ഇതിനായുള്ള വോട്ടിംഗ് കേന്ദ്രങ്ങൾ ഇന്നുകൂടി പ്രവർത്തിക്കും. ജൂൺ നാലിനാണു വോട്ടെണ്ണൽ.

Back to Top