Categories
Kasaragod Latest news main-slider

മറക്കളം നിറഞ്ഞാടി കണ്ടനാർകേളൻ; ഇന്ന് വയനാട്ടുകുലവന്റെ തിരുമുടി നിവരും

ഉദുമ : വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ഉദുമ കണ്ണികുളങ്ങര വലിയവീട് തറവാട്ടിൽ ഒരുക്കിയ മറക്കളത്തിൽ നിറഞ്ഞാടിയ കണ്ടനാർകേളന്റെ അനുഗ്രഹം തേടി ശനിയാഴ്ച തറവാട്ടിലെത്തിയത് പതിനായിരങ്ങൾ. ശ്രദ്ധേയമായ ബപ്പിടൽ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ നാടൊന്നാകെ തറവാട്ടിലേക്ക് ഒഴുകിയെത്തിയ ഒരു രാത്രിയായിരുന്നു ഇന്നലെ . വൈകുന്നേരം കാർന്നോൻ, കോരച്ചൻ തെയ്യങ്ങളുടെ വെള്ളാട്ടത്തിന് ശേഷമായിരുന്നു കണ്ടനാർ കേളന്റെ വെള്ളാട്ടം. ബപ്പിടൽ ചടങ്ങ് പൂർത്തിയായപ്പോൾ വിഷ്ണു മൂർത്തിയുടെ തിടങ്ങളും വയനാട്ടുകുലവന്റെ വെള്ളാട്ടവും തുടർന്ന് അന്നദാനവും ഉണ്ടായിയിരുന്നു. വെള്ളിയാഴ്ച്ച രാത്രിയാണ്‌ മറക്കളത്തിൽ ദീപം തെളിഞ്ഞത്. അനുബന്ധചടങ്ങുകൾക്ക് ശേഷം പാലക്കുന്ന് ക്ഷേത്ര സ്ഥാനികനായ ബാലകൃഷ്ണൻ കാർണവർ പ്രധാന കോലധാരികളായി സച്ചിൻ കാവിൽ(കണ്ടനാർ കേളൻ), ജയൻ കുറ്റിക്കോൽ (വയനാട്ടുകുലവൻ), സന്തോഷ്‌ ചോട്ടത്തോൽ (കോരച്ചൻ തെയ്യം), സനിത്ത് കാനത്തൂർ (കാർന്നോൻ തെയ്യം) എന്നിവരെ പ്രഖ്യാപിച്ചു.

തെയ്യംകെട്ടിന് ആശംസകൾ നേർന്ന് ലോകസഭ സ്ഥാനാർഥികളായ രാജ്‌മോഹൻ ഉണ്ണിത്താൻ എം. പി, എം. വി. ബാലകൃഷ്ണൻ, എം. എൽ. അശ്വിനി എന്നിവരും ഉദുമ ടൗൺ ജുമാ മസ്ജിദ് കമ്മിറ്റി ഭാരവാഹികളും തറവാട്ടിൽ എത്തിയിരുന്നു.

ഇന്ന് വയനാട്ടുകുലവന്റെ തിരുമുടി നിവരും

ഇന്ന് രാവിലെ 7ന് കാർന്നോൻ, 9ന് കോരച്ചൻ, 11ന് കണ്ടനാർകേളൻ തെയ്യങ്ങളുടെ പുറപ്പാടുകൾ നടക്കും. വൈകുന്നേരം 4 നാണ് കുലദൈവമായ വയനാട്ടുകുലവൻ മറക്കളത്തിൽ പ്രവേശിക്കുക. വേഷത്തിലും ആട്ടത്തിലും താളത്തിലും ആചാരാനുഷ്ഠാനങ്ങളിലും വട്ടമുടിയും അരയാടയും പൊയ്‌ക്കണ്ണും വെള്ളത്താടിയും കന്നക്കത്തിയും മുളയമ്പും മുളവില്ലും ഒന്നായിട്ടുള്ളതാണ് കുലവന്റെ പ്രത്യേകത. കുലവന്റെ ഉറ്റ ചങ്ങാതിയായ ആതിപറമ്പൻ കുഞ്ഞാലിയുമായുള്ള സൗഹൃദത്തിന്റെ ഓർമപുതുക്കലിന്റെ ഭാഗമായ ബോനം കൊടുക്കലും തുടർന്ന് ചൂട്ടൊപ്പിക്കലും ഞായറാഴ്ച്ച നടക്കും. മോഹനൻ കൊക്കാലാണ് ചൂട്ടൊപ്പിക്കുന്നത്. വിഷ്ണുമൂർത്തിയുടെ പുറപ്പാടിന് ശേഷം മറപിളർക്കലും കൈവീതിനും ശേഷം തെയ്യംകെട്ട് സമാപിക്കും. ബപ്പിടൽ നേരമൊഴികെ എല്ലാ ദിവസവും ഭക്ഷണം വിളമ്പുന്നുണ്ട്.

ചൂട്ട്കുറ്റി ഒരുക്കലും ചൂട്ടൊപ്പിക്കലും

ഉദുമ :കഴക പരിധിയിലെ തെയ്യംകെട്ടുകളിൽ പാലക്കുന്ന് ക്ഷേത്രത്തിലെ സ്ഥാനികരുടെ മേൽനോട്ടത്തിലാണ് ചൂട്ടൊപ്പിക്കൽ ചടങ്ങിന്റെ ചൂട്ട്കുറ്റി ഒരുക്കുന്നത് . മുളംകുറ്റി മുക്കാൽ കോൽ നീളത്തിൽ മുറിച്ച് തെങ്ങോല നാരുകൊണ്ട് (പാന്തം) കെട്ടിയശേഷം എണ്ണയിലും നെയ്യിലും കുതിർത്ത് വെക്കും. പിന്നീട് കത്തിച്ച ചൂട്ട് വെളിച്ചപ്പാടന്റെ സഹായത്തോടെ അതിനായി നിയോഗിതനായ തറവാട് കാർണവർ കുലവന് സമർപ്പിക്കും. കാർണവരോടൊപ്പം മറക്കളത്തിന് ചുറ്റും മൂന്നു വട്ടം പൂർത്തിയാക്കിയ ശേഷം ചൂട്ടുമായി ചെണ്ടയുടെ താളത്തിൽ ചുവടൊപ്പിച്ച്‌ കുലവൻ നൃത്തം വെക്കും.

ഉത്സവാനന്തരം ‘കൊട്ടിലക’ത്ത് സൂക്ഷിച്ചു വെക്കുന്ന എണ്ണയിലും നെയ്യിലും കുതിർന്ന കുറ്റി എത്രയോ വർഷങ്ങൾ ദ്രവിച്ചുപോകാതെ നിലനിൽക്കും

Categories
Kasaragod Latest news main-slider

അരവത്ത് ശ്രീ വയലപ്രം തറവാട് ശുദ്ധികലശ-കളിയാട്ട മഹോൽസവത്തിന് ഭക്തി നിർഭരമായ തുടക്കം;വർണ്ണശബളമായ കലവറ നിറയ്ക്കൽ ഘോഷയാത്ര നടന്നു

പെരിയ:ദേവീചൈതന്യം കുടികൊള്ളുന്ന പ്രസിദ്ധമായ അരവത്ത് ശ്രീ വയലപ്രം തറവാടിൽ ശുദ്ധികലകർമ്മങ്ങൾക്കും,കളിയാട്ട മഹോൽസവത്തിനും ഭക്തിസാന്ദ്രമായ തുടക്കം. ആഘോഷ ചടങ്ങുകളുടെ ഭാഗമായി വർണ്ണശബളമായ കലവറ ഘോഷയാത്ര നടന്നു.കുതിരക്കോട് അയ്യപ്പ ഭജനമന്ദിരത്തിൽ നിന്നും ആരംഭിച്ച കലവറഘോഷയാത്രയിൽ താലപ്പൊലി,മുത്തുകുട,വാ ദ്യമേളം എന്നിവ അകമ്പടി സേവിച്ചു.

നാളെ (മാർച്ച് 31) ഞായറാഴ്ച്ച രാവിലെ മുതൽ താന്ത്രീക കർമ്മങ്ങൾ,ശുദ്ധികലശപൂജ എന്നിവ അരവത്ത് ബ്രഹ്മശ്രീ പത്മനാഭൻ തന്ത്രികളുടെ നേതൃത്വത്തിൽ നടക്കും.ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന അന്നദാനത്തോടുകൂടി ശുദ്ധികലശമഹോൽസവം സമാപിക്കും.

കളിയാട്ട മഹോത്സവം ഏപ്രിൽ 23,24,25 ( മേടം 10,11,12 ) എന്നീ തീയ്യതികളിൽ വിവിധി പരിപാടികളോടെ കെണ്ടാടും.23 ചൊവ്വ രാവിലെ മുതൽ വിവിധ പൂജാദി കർമ്മങ്ങളോടെ പ്രതിഷ്ഠാദിനം ആരംഭിക്കും.

24 ന് വൈകീട്ട് 6 മണിക്ക് സർവൈശ്വര്യ വിളക്കു പൂജ,ഭജന എന്നിവ നടക്കും.രാത്രി 8 മണിക്ക് തെയ്യം കൂടൽ:വിഷ്ണുമൂർത്തി,പടിഞ്ഞാറ്റയിൽ ചാമുണ്ഡി,മൂവാളംകുഴി ചാമുണ്ഡി എന്നീ തെയ്യങ്ങളുടെ തിടങ്ങൽ തുടർന്ന് അന്നദാനം.രാത്രി 12 മണിക്ക് പൊട്ടൻ തെയ്യത്തിൻ്റെ പുറപ്പാട്.

ഏപ്രിൽ 25 വ്യാഴാഴ്ച രാവിലെ 10 മണിക്ക് വിഷ്ണുമൂർത്തി,പടിഞ്ഞാറ്റയിൽ ചാമുണ്ഡിയമ്മ തെയ്യങ്ങളുടെ പുറപ്പാട്.

ഉച്ചയ്ക്ക് 1 മണിക്ക് അന്നദാനം.2 മണിക്ക് മൂവാളംകുഴി ചാമുണ്ഡിയമ്മയുടെ പുറപ്പാട് 5 മണിക്ക് ഗുളികൻ ദൈവങ്ങളുടെ പുറപ്പാട് തുടർന്ന് വിളക്കിലരിയോട് കൂടി കളിയാട്ട മഹോത്സവം സമാപിക്കും.

Categories
Kasaragod Latest news main-slider

ഇന്നലെ ബി ജെ പി യിൽ ചേർന്ന മുൻ മടിക്കൈ മണ്ഡലം പ്രസിഡന്റ് ഇന്ന് വീണ്ടും കോൺഗ്രസിൽ

ഇക്കഴിഞ്ഞ ദിവസം ബി.ജെ.പിയിൽ ചേർന്ന മടിക്കൈ മുൻ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് എ.മൊയ്തീൻ കുഞ്ഞി കോൺഗ്രസ്സിൽ തിരിച്ചെത്തി.

മൊയ്തീൻ കുഞ്ഞിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും കോൺഗ്രസ്സ് നേതൃത്വവുമായി നടത്തിയ ചർച്ചയെ ഉടർന്നാണ് മൊയ്തീൻ കുഞ്ഞി കോൺഗ്രസ്സിലേക്ക് വീണ്ടും തിരിച്ചെത്തിയത്.

നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് ഓഫീസിൽ നടന്ന ചടങ്ങിൽ  ഡി.സി.സി പ്രസിഡണ്ട് പി.കെ.ഫൈസൽ ഷാളണിയിച്ചു കൊണ്ട് മൊയ്തീൻ കുഞ്ഞിയെ പാർട്ടിലേക്ക് സ്വീകരിച്ചു.

കെ.പി സി.സി സെക്രട്ടറി എം. അസിനാർ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് മഡിയൻ ഉണ്ണികൃഷ്ണൻ , നീലേശ്വരം മണ്ഡലം പ്രസിഡണ്ട് എറുവാട്ട് മോഹനൻ, നഗരസഭാ കൗൺസിലർ ഇ.ഷജീർ , ദളിത് കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പി. രാമചന്ദ്രൻ,പ്രവീൺ തോയമ്മൽ,ടി. കുഞ്ഞികൃഷ്ണൻ,ഐ.എൻ ടി.യു.സി ജില്ലാ സെക്രട്ടറി വി.വി. സുധാകരൻ, എന്നിവർ പങ്കെടുത്തു

Categories
Kerala Latest news main-slider

85 വയസ്സ് കഴിഞ്ഞവർക്കും 40ശതമാനം ഭിന്നശേഷി വിഭാഗക്കാർക്കും വീട്ടിലിരുന്നു വോട്ട് ചെയ്യാം

85 വയസ്സ് കഴിഞ്ഞ എല്ലാവർക്കും 40 ശതമാനത്തിന് മുകളിൽ ഇലക്ടറൽ റോളിൽ ഫ്ളാഗ് ചെയ്യപ്പെട്ട ഭിന്നശേഷി വിഭാഗക്കാർക്കും ഇനി വീട്ടിൽ ഇരുന്നു തന്നെ വോട്ട് ചെയാം.

ഇതു നിങ്ങൾക്കു സാധ്യമാകുവാൻ വേണ്ടി നിങ്ങളുടെ ബൂത്ത് ലെവൽ ഓഫീസർ വീടുകളിൽ എത്തുകയും, ഹോം വോട്ടിംഗ് സിസ്റ്റം പരിചയപ്പെടുത്തുകയും അതോടൊപ്പം താല്പര്യമുള്ളവർക്ക് ഫോം കൊടുക്കുകയും ചെയുന്നു. ഏഴുദിവസം കഴിഞ്ഞു ബിഎൽഒ തിരിച്ചു വന്നു നിങ്ങളിൽ നിന്ന് ഫോം വാങ്ങുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഇന്ന് തന്നെ നിങ്ങളുടെ ബൂത്ത് ലെവൽ ഓഫീസറുമായി ബന്ധപെടുക.

Categories
Kerala Latest news main-slider

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു.

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. ഓടുന്ന കാറിനുള്ളില്‍ മല്‍പ്പിടിത്തം നടന്നിരുന്നുവെന്ന് ദൃക്സാക്ഷിയായ ഗ്രാമപഞ്ചായത്തംഗം ശങ്കര്‍ മാരൂര്‍ വ്യക്തമാക്കി. അനുജ താന്‍ ഇരുന്നിരുന്ന വശത്തെ ഡോര്‍ മൂന്ന് തവണ തുറക്കാന്‍ ശ്രമിച്ചതായും ഏനാദിമംഗലം ഗ്രാമപ്പഞ്ചായത്തംഗമായ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കെ പി റോഡില്‍ ഏനാദിമംഗലം മങ്ങാട് ഭാഗത്തുവച്ചാണ് ഓടുന്ന കാറില്‍ വച്ച് മര്‍ദ്ദിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. താന്‍ സഞ്ചരിച്ച കാറിനു മുമ്പില്‍ അപകടത്തില്‍പ്പെട്ട കാര്‍ പോയിരുന്നു. കാറിന്റെ വാതില്‍ രണ്ടു മൂന്നു തവണ തുറക്കുകയും ചെയ്തു. കൂടാതെ കാറിന്റെ ഇടതുഭാഗത്തെ വാതില്‍ വഴി രണ്ടു കാലുകള്‍ പുറത്തേക്ക് ഇട്ടത് കണ്ടതായും ശങ്കര്‍മാരൂര്‍ പറഞ്ഞു. മദ്യപിച്ച ആളുകള്‍ ആരെങ്കിലും ആണെന്ന് കരുതിയാണ് കൂടുതൽ ശ്രദ്ധിക്കാതെ പോയതെന്നും അദ്ദേഹം പറയുന്നു.

വ്യാഴാഴ്ച രാത്രി 11.15 ഓടെയാണ് അപകടമുണ്ടായത്. മരിച്ച നൂറനാട് സ്വദേശിനി അനുജ രവീന്ദ്രനും(37) ചാരുംമൂട് സ്വദേശി ഹാഷിമും(31) അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദം ബന്ധുക്കള്‍ അറിയുകയും അത് പിന്നീട് കുടുംബപ്രശ്നങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു. തുമ്പമണ്‍ നോര്‍ത്ത് ഹൈസ്‌കൂളിലെ അധ്യാപികയാണ് അനുജ. സ്വകാര്യ ബസ് ഡ്രൈവറാണ് ഹാഷിം

 

Categories
Kasaragod Latest news main-slider

ധനകാര്യ സ്ഥാപനത്തിന്റെ പേരിൽ തട്ടിപ്പ് ഉടമകൾക്കെതിരെ കാഞ്ഞങ്ങാട്ട് ആദ്യ കേസ് രജിസ്റ്റർ ചെയ്തു.

കാഞ്ഞങ്ങാട്: ധനകാര്യ സ്ഥാപനത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയ ഫിഷ് ഫാർമേഴ്സ് വെൽഫെയർ പ്രൊഡ്യൂസർ കമ്പനി ഉടമകൾക്കെതിരെ കാഞ്ഞങ്ങാട്ട് ആദ്യ കേസ് രജിസ്റ്റർ ചെയ്തു. പനയാൽ നെല്ലിയടുക്കത്തെ ശിവപ്രകാശയുടെ (49) പരാതിയിൽ കമ്പനി ഉടമകളായ ആലക്കോട് തേർത്തല്ലിയിലെ രാഹുൽ ചക്രപാണി, സിന്ധു ചക്രപാണി എന്നിവർക്കെതിരെ യാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്. പരാതിക്കാരന്റെ ഭാര്യ സ്ഥാപനത്തിലെ കലക്ഷൻ ഏജന്റായിരുന്നു.

കൂടുതൽ പലിശ നൽകാമെന്നും ഭാര്യക്ക് കൂടു തൽ ശമ്പളം നൽകാമെന്നും വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷത്തി നാൽപതിനായിരം രൂപ വാങ്ങി തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് കേസ്. നാലു തവണകളിലായിട്ടായിരുന്നു പണം നൽകിയ ത്. സ്ഥാപനത്തിൽ പണം നിക്ഷേപിച്ച കാഞ്ഞങ്ങാട് നഗരത്തിലെ നൂറുകണക്കിന് പേർ സംഘടിച്ച് പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്.

ഇടപാടുകാരെ വഞ്ചിച്ചതിന് കമ്പനി ഡയറക്ടർ രാഹുൽ ചക്രപാണി കാസർകോട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇതറിഞ്ഞതോടെയാണ് കാഞ്ഞങ്ങാട്ടെ ഇടപാടുകാർ സംഘടിച്ചത്. നോർത്ത് കോട്ടച്ചേരിയിലെ സ്ഥാപനം ആഴ്ചകളായി അടഞ്ഞുകിടക്കുകയാണ്.

Categories
Kasaragod Latest news main-slider

കൂട്ടക്കനി ഗവ: യു.പി സ്ക്കൂൾ പ്രധാന അധ്യാപകർപ്രകാശൻ മാസ്റ്റർക്ക് യാത്രയയപ്പ് നൽകി.

കൂട്ടക്കനി ഗവ: യു.പി സ്‌കൂൾ വാർഷിക ദിനാഘോഷ ചടങ്ങിനൊപ്പമാണ് പ്രധാന അധ്യപകന്റ യാത്രയയപ്പ് ചടങ്ങ് നടന്നത്. സ്‌കൂളിലെ ഏഴാംതരം വിദ്യാർത്ഥിനി നിയമോളുടെ ”പറന്നിടും ഞാൻ ഒരുനാൾ” എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനവും നടന്നു.

കവിയും അധ്യാപകനുമായ സി.എം വിനയചന്ദ്രൻ മാസ്റ്റർ പോഗ്രാം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പ്രഭാകരൻ പള്ളിപ്പുഴ അദ്ധ്യക്ഷനായി

ബേക്കൽ എ.ഇ.ഒ കെ അരവിന്ദ പുസ്‌തക പ്രകാശനം നടത്തി. കെ.എം ദിലീപ് കുമാർ, പ്രദീപ് കാട്ടാമ്പള്ളി , ബീന, സുധാകരൻ പള്ളിപ്പുഴ, രാജേഷ് കൂട്ടക്കനി തുടങ്ങിയവർ സംസാരിച്ചു.

സീനിയർ അസിസ്റ്റൻ്റ് ഷൈലജ സ്വാഗതവും അധ്യാപകൻ വിഷ്‌ണു മോഹൻ നന്ദിയും പറഞ്ഞു

Categories
Kasaragod Latest news main-slider

സ്നേഹവും സൗഹൃദവുമാണ് ലഹരി, അല്ലാതെ മദ്യവും മയക്കുമരുന്നുമല്ല ലഹരിയെന്ന് റിട്ട. ഡി വൈ എസ് പി കെ.ദാമോദരൻ

തച്ചങ്ങാട് : സ്നേഹവും സൗഹൃദവുമാണ് ലഹരി, അല്ലാതെ മദ്യവും മയക്കുമരുന്നുമല്ല ലഹരിയെന്ന് റിട്ട. ഡി വൈ എസ് പി കെ.ദാമോദരൻ പറഞ്ഞു. തച്ചങ്ങാട് ബാലകൃഷ്ണന്റെ 8-ാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘാടക സമിതി ചെയർമാൻ സുകുമാരൻ പൂച്ചക്കാട് അധ്യക്ഷനായി.

സംഘാടക സമിതി ഭാരവാഹികളായ രവീന്ദ്രൻ കരിച്ചേരി, സംഘാടക സമിതി ജന. കൺവീനർ മഹേഷ് തച്ചങ്ങാട്, യശോദ ടി തച്ചങ്ങാട്, ചന്തുകുട്ടി പൊഴുതല, ചന്ദ്രൻ തച്ചങ്ങാട്, കണ്ണൻ കരുവാക്കോട്, എം.സി.ഹനീഫ, എം.പി.ജയശ്രീ, ലത പനയാൽ, ട്രസീന ധനഞ്ചയൻ, എന്നിവർ സംസാരിച്ചു. എം.ജി.രഘുനാഥൻ ക്ലാസെടുത്തു.

ഏപ്രിൽ 3 നാണ് തച്ചങ്ങാട് ബാലകൃഷ്ണന്റെ ചരമവാർഷിക ദിനം. രാവിലെ 9 മണിക്ക് പുഷ്പാർച്ചന, വൈകുന്നേരം 4 മണിക്ക് അനുസ്മരണ സമ്മേളനവും 3-ാമത് പുരസ്ക്കാര വിതരണവും കെ.പി.സി.സി മുൻ പ്രസിഡണ്ട് വി. എം. സുധീരൻ ഉദ്ഘാടനം ചെയ്യും. കേവീസ് ബാലകൃഷ്ണൻ മാസ്റ്റർക്കാണ് ഈ വർഷത്തെ പുരസ്ക്കാരം.10,000/- രൂപയും ശിൽപ്പവുമാണ് പുരസ്ക്കാരം.

Categories
Kasaragod Latest news main-slider

ഇന്ന് (വെള്ളിയാഴ്ച്ച) രാത്രി മറക്കളത്തിൽ ദീപം തെളിയും  ഉദുമ:

ഉദുമ: കണ്ണികുളങ്ങര വലിയവീട് തറവാട് വയനാട്ടുകുലവൻ തെയ്യംകെട്ടിന് കലവറ നിറയ്‌ക്കലോടെ സമാരംഭം കുറിച്ചു.

വ്യാഴാഴ്ച്ച രാവിലെ തറവാട്ടിൽ നിന്നുള്ള കന്നിക്കലവറയാണ്‌ ആദ്യം സമർപ്പിച്ചത്. തുടർന്ന് തറവാട് നിലകൊള്ളുന്ന ഒന്നാം കിഴക്കേക്കര പ്രദേശത്തുനിന്നുള്ള കലവറനിറയ്‌ക്കൽ ഘോഷയാത്ര വാദ്യമേള ഘോഷങ്ങളോടെ തറവാട്ടിലെത്തി. തുടർന്ന് വിവിധ പ്രദേശിക സമിതികളിൽ നിന്നും പ്രദേശങ്ങളിൽ നിന്നും പച്ചക്കറികൾ, ധാന്യങ്ങൽ, നാളികേരം തുടങ്ങി ഭക്ഷണമൊരുക്കാനുള്ള വിഭവങ്ങൾ അതിനായി അനുഷ്ഠാനപരമായി കെട്ടിയുണ്ടാക്കിയ കലവറയിൽ നിറച്ചു.മാതൃസമിതിയും നാട്ടുകാരും ചേർന്ന് വിളയിച്ചെടുത്ത പച്ചക്കറിക്ക് പുറമെയാണിത്.

ഉത്സവനാളുകളിൽ തറവാട്ടിലെത്തുന്നവർക്കെല്ലാം വിഭവസമൃദ്ധമായ സദ്യ വിളമ്പണമെന്നത് ഉത്സവ ചടങ്ങിന്റെ ഭാഗമാണ്. അതിനായി വിശാലമായ അടുക്കളയും ഭക്ഷണശാലയുമാണിവിടെ ഒരുക്കിയിട്ടുള്ളത്.രാത്രി ധർമദൈവങ്ങളുടെ തെയ്യം കൂടൽ നടന്നു.

വെള്ളിയാഴ്ച്ച രാവിലെ മുതൽ തറവാടു ധർമദൈവങ്ങളായ പൊട്ടൻതെയ്യം, പന്നിക്കുളത്ത് ചാമുണ്ഡി, കുറത്തിയമ്മ, വിഷ്ണുമൂർത്തി, പടിഞ്ഞാറ്റ ചാമുണ്ഡി, ഗുളികൾ തെയ്യങ്ങൾ അരങ്ങിലെത്തി അനുഗ്രഹം ചൊരിയും . രാത്രി മറക്കളത്തിൽ ദീപം തെളിയും. തുടർന്ന് ആചാരസ്ഥാനികർ കോലധാരികളുടെ പേരുകൾ ചടങ്ങിന്റെ ഭാഗമായി പ്രഖ്യാപിക്കും.

ശനിയാഴ്ചത്തെ പരിപാടി 

വൈകുന്നേരം 5ന് കാർന്നോൻ, 7ന് കോരച്ചൻ തെയ്യങ്ങളുടെ വെള്ളാട്ടം. 9ന് കണ്ടനാർ കേളന്റെ വെള്ളാട്ടത്തിന് ശേഷം നടക്കുന്ന ബപ്പിടൽ ചടങ്ങ് കാണാനായി പതിനായിരങ്ങൾ മറക്കളത്തിന് ചുറ്റും ഇടം പിടിക്കും.

തിരക്ക് നിയന്ത്രിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. വിഷ്ണുമൂർത്തി തെയ്യത്തിന്റെ തിടങ്ങലിന് ശേഷം വയനാട്ടുകുലവൻ തെയ്യത്തിന്റെ വെള്ളാട്ടവും തുടർന്ന് അന്നദാനവും ഉണ്ടാകും. 31നാണ് ചൂട്ടൊപ്പിക്കൽ ചടങ്ങ്.

 

Categories
Kasaragod Latest news main-slider

ഒരുമയുടെ പെരുമയിൽ ഇഫ്താർ സ്നേഹസംഗമം നോമ്പനുഭവങ്ങൾ പങ്കുവെച്ച് ചെയർപേർസൺ

കാഞ്ഞങ്ങാട്: ജമാഅത്തെ ഇസ്‌ലാമി കാസർകോട് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ഹിറാ മസ്ജിദിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ റമദാൻ ഒന്ന് മുതൽ വ്രതമനുഷ്ടിച്ച് വരുന്ന ചെയർപേർസൺ കെ.വി. സുജാതയുടെ നോമ്പനുവ വിവരണം ഹൃദമായി.

ഇത്തരം കൂട്ടായ്മകൾ വർത്തമാനകാല സാഹചര്യത്തിൽ നാടിൻ്റെ ഐക്യത്തിനും നന്മക്കും വേണ്ടി ഉപയോഗിക്കണമെന്നും അവർ ആവിശ്യപ്പെട്ടു.

ജമാഅത്തെ ഇസ്ലാമി ജില്ലാ വൈ പ്രസിഡന്റ് അബ്ദുൽ ലത്തീഫ് കെ.ഐ അധ്യക്ഷത വഹിച്ചു, കണ്ണൂർ യൂണിവേഴ്സിറ്റി ബഹുഭാഷാ പഠന കേന്ദ്രം ഡയറക്ടർ എ. എം ശ്രീധരൻ, ഡോ സി. ബാലൻ, വെൽഫെയർ പാർട്ടി സംസ്ഥാന സെകട്ടറി ശംസീർ ഇബ്രാഹിം എന്നിവർ സംസാരിച്ചു, സി പി എം ജില്ലാ കമ്മിറ്റിയംഗം പി.കെ നിശാന്ത്, മുസ്ലിം ലീഗ് ജില്ലാ വൈ പ്രസിഡൻ്റ് കെ ഇ എ ബക്കർ, ഡി.സി.സി. മുൻ ജില്ലാ പ്രസിഡന്റ് ഹക്കിം കുന്നിൽ, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി സജീർ കല്ലിങ്കാൽ, അഡ്വ എം സി. ജോസ്, ജില്ലാ ഗവ: പ്ലീഡർ അഡ്വ ദിനേശൻ, മെർചൻ്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി. യൂസുഫ് ഹാജി, സെക്രട്ടറി രാജേന്ദ്ര കുമാർ, പ്രസ്സ് ഫോറം സെക്രട്ടറി ബാബു കേട്ടപ്പാറ, ട്രഷറർ ഫസൽ റഹ്മാൻ, സി ഐ ടി യു നേതാവ് കാറ്റാടി കുമാരൻ, ഐ എൻ എൽ സംസ്ഥാന സെക്രട്ടേറിയേറ്റംഗം എൻ ഇബ്രാഹിം .ബഷീർ അറങ്ങാടി, എ ഹമീദ് ഹാജി, അഡ്വ പി നാരായണൻ, എം മുകുന്ദ പ്രഭു, അഹമ്മദ് കിർമാണി, സി കെ റഹ്‌മത്തുള്ള, ഡോ ബഷീർ, ഡോ റിയാസ് , ഡോ മിസ്ഹബ്, തുടങ്ങി മത രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. ടി. മുഹമ്മദ് അസ്‌ലം സ്വഗതവും ബി.എം മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു

Back to Top