ടി20 ചരിത്രത്തിലെ റെക്കോര്‍ഡ് ചെയ്‌സ്, ചരിത്രവിജയം സ്വന്തമാക്കി പഞ്ചാബ് കിങ്‌സ്

Share

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചരിത്രവിജയം സ്വന്തമാക്കി പഞ്ചാബ് കിങ്‌സ്. ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് പഞ്ചാബ് വിജയം പിടിച്ചെടുത്തത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 262 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം എട്ട് പന്തുകള്‍ ബാക്കിനില്‍ക്കേ പഞ്ചാബ് മറികടന്നു. ടി20 ചരിത്രത്തിലെ റെക്കോര്‍ഡ് ചെയ്‌സാണിത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ തന്നെ ഇങ്ങനെയൊരു മത്സരം ഇതാദ്യമാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും പഞ്ചാബ് കിങ്‌സും തമ്മിലുള്ള മത്സരമാണ് ഓപ്പണര്‍മാരുടെ വെടിക്കെട്ടിലൂടെ ചരിത്രത്തില്‍ ഇടം നേടിയത്. ഇരുടീമുകളുടെയും ഓപ്പണര്‍മാര്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ ആദ്യ ഐപിഎല്‍ മത്സരമാണ് ഇന്ന് നടന്ന കൊല്‍ക്കത്ത- പഞ്ചാബ് പോരാട്ടം. കൊല്‍ക്കത്തയുടെ ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ടും സുനില്‍ നരെയ്നും പഞ്ചാബിന്‍റെ ഓപ്പണര്‍മാരായ പ്രഭ്സിമ്രാന്‍ സിങ്ങും ജോണി ബെയര്‍സ്റ്റോയും അര്‍ദ്ധ സെഞ്ച്വറി തികച്ചു.

ഈഡനില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 261 റണ്‍സ് അടിച്ചെടുത്തു. അര്‍ദ്ധ സെഞ്ച്വറി നേടിയ ഫില്‍ സാള്‍ട്ട് (75), സുനില്‍ നരെയ്ന്‍ (71) എന്നിവരുടെ വെടിക്കെട്ട് ഇന്നിങ്സാണ് കൊല്‍ക്കത്തയ്ക്ക് കരുത്തായത്. മറുപടി ബാറ്റിങ്ങില്‍ 18.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സ് നേടിയാണ് പഞ്ചാബ് വിജയം പിടിച്ചെടുത്തത്. ജോണി ബെയര്‍സ്‌റ്റോയുടെ (48 പന്തില്‍ പുറത്താവാതെ 108) വെടിക്കെട്ട് സെഞ്ച്വറിയാണ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്.

കൂറ്റന്‍ സ്‌കോറിന് മറുപടി പറയാനിറങ്ങിയ പഞ്ചാബിന് വെടിക്കെട്ട് തുടക്കമാണ് ലഭിച്ചത്. പവര്‍പ്ലേയില്‍ തന്നെ 93 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ പ്രഭ്‌സിമ്രാന്‍ സിങ്- ജോണി ബെയര്‍സ്‌റ്റോ സഖ്യത്തിന് സാധിച്ചു. പ്രഭ്‌സിമ്രാന്‍ 18 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി തികച്ച് കൊല്‍ക്കത്തയെ ഞെട്ടിച്ചു. ആറാം ഓവറിലെ അവസാന പന്തില്‍ പ്രഭ്‌സിമ്രാനെ റണ്ണൗട്ടാക്കി സുനില്‍ നരെയ്‌നാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. 20 പന്തില്‍ അഞ്ച് സിക്‌സും നാല് ബൗണ്ടറിയുമടക്കം 54 റണ്‍സെടുത്താണ് പ്രഭ്‌സിമ്രാന്‍ കൂടാരം കയറിയത്.

Back to Top