പാലക്കുന്ന് ക്ഷേത്രത്തിലെ ഇളയ ഭഗവതിയുടെ കാർണവരുടെ ‘തറവാട് കേറൽ മംഗലം’ നടന്നു

Share

പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തിൽ ഇളയ ഭഗവതിയുടെ കാർണവരായി കലശം കുളിച്ച് ആചാരസ്ഥാനമേറ്റ ഹരിദാസ് എന്ന ചന്ദ്രന്റെ ‘തറവാട് കേറൽ മംഗലം’ നടന്നു. കീഴൂർ കാട്ടുർ വളപ്പ് വയനാട്ടുകുലവൻ തറവാടിന് അവകാശപ്പെട്ട ആചാരസ്ഥാനമാണിത്. 10 ലേറെ വർഷമായി ഒഴിഞ്ഞുകിടന്ന സ്ഥാനത്തേക്കാണ് ഭരണി ഉത്സവ കൊടിയേറ്റനാളിൽ ഭണ്ഡാരവീട്ടിലെ തിരുമുറ്റത്ത് നടന്ന ചടങ്ങിൽ അദ്ദേഹം കലശം കുളിച്ച് കാർണവർ സ്ഥാനം ഏറ്റെടുത്തത്. ഒരുമാസമായി ഭണ്ഡാര വീട്ടിലെ വാസത്തിന് ശേഷം സ്ഥാനികരും ഭാരവാഹികളും മറ്റും ചേർന്ന് ചന്ദ്രൻ കാർണവരെ കീഴൂരിലെ കാട്ടൂർ വളപ്പ് തറവാട്ടിലേക്ക് ആനയിച്ചു. കലശം കുളിച്ച ശേഷം ആദ്യമായി തറവാട്ടിലെത്തിയ കാർണവരെ പടിഞ്ഞാറ്റയിലെ പലകയിൽ ഇരുത്തി ക്ഷേത്ര സ്ഥാനികരും തറവാട്ടിലെ തലമുതിർന്നവരും അരിയിട്ട് വണങ്ങി ആദരിച്ചു. ശേഷം മൺപാത്രത്തിൽ കാർന്നോർക്ക് മധുരവും വിളമ്പി. തറവാട്ടഗംങ്ങളായ സ്ത്രീകളും ചെറുപ്പക്കാരും സന്താനങ്ങളും അരിമണി ദീപത്തിലിട്ട് കാർണവരെ തൊഴുത് വണങ്ങി. കുന്നരിയത്തായിരുന്ന ചന്ദ്രൻ കാർണാവരും കുടുംബവും ഇനി തറവാട്ടിലായിരിക്കും താമസം. ചടങ്ങിനെത്തിയവർക്കെല്ലാം വിഭവസമൃദ്ധമായ സദ്യ വിളമ്പി.

Back to Top