ക്രിയേറ്റീവ് ” സംഘടിപ്പിക്കുന്ന ത്രിമൂർത്തിസ്മൃതി ഗീതങ്ങളുടെ സ്ക്രീനിംങ്ങ് റൗണ്ട് പൂർത്തിയായി

Share

✍️ സുകുമാർ ആശീർവാദ്:

കാഞ്ഞങ്ങാട്: കണ്ണിനും കാതിനും ഗാനപ്രവാഹങ്ങളുടെ തേൻ മഴ പകർന്ന് ക്രിയേറ്റീവ് കാഞ്ഞങ്ങാട് സംഘടിപ്പിക്കുന്ന ഉത്തര മലബാർ ഗാനാലാപന മൽസരത്തിന്റെ സ്ക്രീനിങ്ങ് റൗണ്ട് ഗാനസരണികയുടെ സ്മൃതി വെളിച്ചത്തിൽ പരിസമാപിച്ചു.

മെയ് ( 27 ) ന് കാഞ്ഞങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന ” ചന്ദ്രകളഭം ” സീസൺ 3 യുടെ ഭാഗമായി നടക്കുന്ന ഉത്തരമലബാർ ഗാനാലാപന മൽസരത്തിന്റെ ഫൈനൽ മൽസരത്തിന്റെ ഓഡിഷൻ റൗണ്ടാണ് ഇന്നലെ വൈകുന്നേരത്തോടെ പൂർത്തിയായത്. മലയാളത്തിന്റെ പ്രിയ കവികളായ വയലാർ, പി.ഭാസ്കരൻ, ഒ.എൻ.വി. എന്നിവർക്ക് ശ്രദ്ധാജ്ഞലികൾ അർപ്പിച്ച് ” ത്രിമൂർത്തിസ്മൃതിഗീതങ്ങൾ ” എന്ന നാമധേയത്തിൽ സംഘടിപ്പിക്കുന്ന മൽസരത്തിന്റെ സ്ക്രീനിംഗ് റൗണ്ടിൽ കോഴിക്കോട് ജില്ല മുതൽ കാസർകോട് വരെയുള്ള മൽസരാർത്ഥികൾ ആലപിച്ച ഗാനങ്ങൾ മികച്ച നിലവാരം പുലർത്തിയപ്പോൾ ആസ്വാദക മനസുകളിലും ചുണ്ടുകളിലും തത്തിക്കളിച്ച സുന്ദരഗാനങ്ങളുടെ ഓർമ്മച്ചെപ്പുകളുടെ നേർക്കാഴ്ച്ചകളായി.

കർണ്ണാനന്ദകരമായ ശബ്ദ സൗകുമാര്യത്തോടെ പാടി തകർത്ത ഗാനങ്ങളെ വിലയിരുത്താൻ വിധികർത്താക്കൾ ഏറെ പ്രയാസപ്പെട്ടാണ് ഫൈനൽ റൗണ്ടിലേക്കുള്ള വിജയികളെ തെരഞ്ഞെടുത്തത്.

മലയാള ചലചിത്രഗാനശാഖയ്ക്ക് മധുരമൂറുന്ന ഗാനങ്ങൾ സമ്മാനിച്ച് നിത്യതയിൽ ലയിച്ച വയലാർ രാമവർമ്മ- പി.ഭാസ്കരൻ മാഷ് -ഒ എൻ വി കുറുപ്പ് എന്നിവരുടെ രചനാവൈഭവത്തിൽ പിറന്ന എക്കാലത്തെയും അനശ്വര ഗാനങ്ങളായ അമ്പലപറമ്പിലെ ആരാമത്തിലെ ചെമ്പരത്തി പൂവും, പുഴകളും മലകളും ഭൂമിക്ക് ലഭിച്ച സ്ത്രീധനവും, രാഗമാലികളാൽ ചിട്ടപ്പെടുത്തിയ രാഗം ശ്രീരാഗമായും, നീർമിഴിപ്പീലികക്ക് നീർമഴതുള്ളികളുടെ ചാരുതയും, സൗരയുഥത്തിൽ വിരിഞ്ഞ ഭൂമിയുടെ സൗഗന്ധികവും, വീണതൻ പൊൻ തന്ത്രിയിൽ തേടുന്ന ശ്രീരാഗവും,താനേ തിരിഞ്ഞും മറിഞ്ഞും തൻ താമരമെത്തയിൽ ഉണർന്ന നിസ്സംഗതയുടെ ഭാവലയങ്ങളും ഇളവന്നുർ മഠത്തിലെ ഇണക്കിളിക്ക് മേടക്കാറ്റിന്റെ വിശറിയുമായും, മന്ദസമീരനിൻ മന്ദസ്മിതത്തോടെ ഇന്ദ്രശാപമേറ്റ് ഒഴുകിയെത്തിയ കാമുകിയെയും, അവിടുന്നെൻ ഗാനം കേൾക്കാൻ ചെവിയോർത്ത് അരികിലേക്ക് ചേർന്നിരിക്കാൻ ആഗ്രഹിക്കുന്ന കാമുകിയുടെ വിരഹ ദു:ഖവും, ആലുവാപുഴയ്ക്ക് ആയിരം പാദസരങ്ങൾ അണിയിച്ചും, ചക്രവർത്തിനിക്ക് ശിൽപ്പഗോപുരങ്ങൾ പണിയിച്ചും, നീ എൻ സർഗ്ഗ സൗന്ദര്യവും സർഗ്ഗസംഗീതവുമാണെന്ന പ്രണയ സംഗീതവർണ്ണനയും,ഭൂമിദേവിയെ പുഞ്ചിരിപ്പിച്ച് പൂവ് ചൂടിയ ശ്രാവണ സന്ധ്യകളും, പ്രളയപയോധിയിൽ ഉയർത്തെഴുന്നേറ്റ കാലത്തെ പ്രകീർത്തിച്ചും, ഈ മിഴി പൊയ്കകളിൽ ഇന്ദ്രനീലിമയുടെ ദൃശ്യഭംഗിയെ വർണ്ണിച്ചും മധുരമൂറുന്ന ഗാനങ്ങൾ പാടി തകർത്തപ്പോൾ ശ്രോതാക്കൾക്ക് മറ്റൊരു അനുഭവവും വേറിട്ട കാഴ്ച്ചകളുമാണ് ഗായകർ സമ്മാനിച്ചത്. മൽസരാർത്ഥികളിലെ ഇളംതലമുറക്കാരനായ കൊച്ചു മിടുക്കൻ ആലപിച്ച എന്റെ സ്വപ്നത്തിലെ താമര പൊയ്കയിൽ വന്നിറങ്ങിയ രൂപവതിയെ സദസ് കൗതുകത്തോടെ സ്വീകരിച്ചു.

കാഞ്ഞങ്ങാട് മഹാകവി പി. സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങ് പ്രശസ്ത സംഗീതജ്ഞൻ വെള്ളിക്കോത്ത് വിഷ്ണു ഭട്ട് ഭദ്രദീപം തെളിയിച്ച് സ്മൃതിഗീതങ്ങൾക്ക് പ്രകാശം പകർന്നു. ക്രിയേറ്റിവ് പ്രസിഡണ്ട് അബ്ദുൾ ജബ്ബാർ അദ്ധ്യക്ഷനായി. സെക്രട്ടറി ഇ.വി.സുധാകരൻ സ്വാഗതം പകർന്നു. സംഘടയുടെ അംഗങ്ങളും മൽസരാർത്ഥികളുടെ രക്ഷിതാക്കളും സംഗീതാസ്വാദകരും പങ്കെടുത്ത ഓഡീഷൻ റൗണ്ടിൽ 40 ഓളം ഗായികാഗായകൻമാർ മാറ്റുരച്ചു.

 

 

പടം: സ്മൃതി വെളിച്ചം…

മെയ് 27 ന് കാഞ്ഞങ്ങാട് മുനിസിപ്പൽ ടൗൺഹാളിൽ ക്രിയേറ്റിവ് കാഞ്ഞങ്ങാട് സംഘടപ്പിക്കുന്ന ചന്ദ്രകളഭം സീസൺ ( 3 ) “ത്രിമൂർത്തിസ്മൃതിഗീതങ്ങൾ “ഉത്തരമലബാർ ഗാനാലാപന മൽസരത്തിന് മുന്നോടിയായി ഇന്നലെ കാഞ്ഞങ്ങാട് മഹാകവി പി.സ്മാരക മന്ദിരത്തിൽ നടന്ന ഓഡീഷൻ റൗണ്ടിന് തുടക്കം കുറിച്ച് പ്രശസ്ത സംഗീതജ്ഞൻ വെള്ളിക്കോത്ത് വിഷ്ണു ഭട്ട് ഭദ്രദീപം തെളിയിക്കുന്നു

Back to Top