ഇന്ത്യക്ക് അടിതെറ്റി; ആറാം കിരീടത്തില്‍ മുത്തമിട്ട് ആസ്ട്രേലിയ; ട്രാവിസ് ഹെഡിന് തകര്‍പ്പൻ സെഞ്ച്വറി

Share

ഇന്ത്യക്ക് അടിതെറ്റി; ആറാം കിരീടത്തില്‍ മുത്തമിട്ട് ആസ്ട്രേലിയ; ട്രാവിസ് ഹെഡിന് തകര്‍പ്പൻ സെഞ്ച്വറി

ഏകദിന ക്രിക്കറ്റിന്റെ വിശ്വകിരീടത്തില്‍ മൂന്നാം മുത്തമെന്ന 140 കോടി ജനങ്ങളുടെ സ്വപ്നങ്ങളെ തകര്‍ത്ത് ആസ്ട്രേലിയ കിരീടം റാഞ്ചി.ഇത് ആറാം തവണയാണ് ഏകദിന ലോകകപ്പ് കീരീടം ഓസീസ് ഷോക്കേസിലെത്തുന്നത്. വിശ്വം ജയിച്ച്‌ കലാശപ്പോരിനിറങ്ങിയ ഇന്ത്യയെ ആറ് വിക്കറ്റിനാണ് ആസ്ട്രേലിയ തകര്‍ത്തത്.

 

തകര്‍പ്പൻ സെഞ്ച്വറിയുമായി കളം നിറഞ്ഞ് കളിച്ച ഓപണര്‍ ട്രാവിസ് ഹെഡാണ് (137) നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ആതിഥേയരുടെ കണ്ണീര്‍ വീഴ്ത്തിയത്. കൂട്ടിന് അര്‍ധ സെഞ്ച്വറിയുമായി (58*) ഓസീസ് മധ്യനിര ബാറ്റര്‍ ലബൂഷെയ്നും ഉണ്ടായിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 43 ഒാവറില്‍ നാല് വിക്കറ്റ് നഷ്ത്തില്‍ ലക്ഷ്യം കണ്ടു. 47 റണ്‍സിന് മൂന്ന് വിക്കറ്റെന്ന് പരാജയ മുഖത്ത് നിന്നാണ് ട്രാവിസ് ഹെഡും മാര്‍നസ് ലബൂഷെയ്നും ചേര്‍ന്ന്ഓസീസിനെ വിജയത്തിലേക്കി കൈപിടിച്ച്‌ ഉയര്‍ത്തുന്നത്.

 

തകര്‍ച്ചയോടെ തുടങ്ങിയ ഓസീസ്

 

ഇന്ത്യ മുന്നോട്ട് വെച്ച 241 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആസ്ട്രേലിയക്ക് 47 റണ്‍സെടുക്കുന്നതിനിടെയാണ് മൂന്ന് വിക്കറ്റ് നഷ്ടമായത്. ഓപണര്‍ ഡേവിഡ് വാര്‍ണറും വണ്‍ഡൗണായെത്തിയ മിച്ചല്‍ മാര്‍ഷും മുൻ നായകൻ സ്റ്റീവൻ സ്മിത്തുമാണ് പുറത്തായത്. തകര്‍പ്പനടികളിലൂടെ തുടങ്ങിയ ആസ്ട്രേലിയക്ക് ആദ്യ പ്രഹരമേല്‍പിച്ചത് മുഹമ്മദ് ഷമിയായിരുന്നു. മൂന്ന് പന്തില്‍ ഒരു ഫോറടക്കം ഏഴ് റണ്‍സെടുത്ത വാര്‍ണറെ ഷമി വിരാട് കോഹ്‍ലിയുടെ കൈയിലെത്തിക്കുകയായിരുന്നു.ആദ്യ ഓവറില്‍ 15 റണ്‍സ് വഴങ്ങിയ ബുംറ പിന്നീട് താളം കണ്ടെത്തിയതോടെ രണ്ടാം വിക്കറ്റും വീണു. 15 പന്തില്‍ അത്രയും റണ്‍സെടുത്ത മാര്‍ഷിനെ ബുംറ വിക്കറ്റ് കീപ്പര്‍ കെ.എല്‍ രാഹുലിന്റെ കൈയിലെത്തിക്കുകയായിരുന്നു. തുടര്‍ന്നെത്തിയ സ്റ്റീവൻ സ്മിത്തിനെയും നിലയുറപ്പിക്കും മുമ്ബ് ബുംറ മടക്കി. ഏഴാം ഓവറിലെ അവസാന പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. തുടര്‍ന്ന് ലബൂഷെയ്നെ കൂട്ടുനിര്‍ത്തി ട്രാവിസ് പതിഞ്ഞ താളത്തില്‍ തുടങ്ങി സംഹാരതാണ്ഡവമാടുകയായിരുന്നു.

 

ബാറ്റിങ്ങില്‍ കൈവിട്ട കളി

 

സ്വന്തം മണ്ണില്‍ മൂന്നാം ലോകകപ്പ് കിരീടം ലക്ഷ്യമിട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 240 റണ്‍സാണ് നേടിയത്. കെ.എല്‍ രാഹുലും വിരാട് കോഹ്‍ലിയും നേടിയഅര്‍ധസെഞ്ച്വറികളാണ് ഇന്ത്യയെ തകര്‍ച്ചയില്‍നിന്ന് കരകയറ്റിയത്. തരക്കേടില്ലാത്ത തുടക്കമാണ് ഇന്ത്യക്കായി ഓപണര്‍മാര്‍ നല്‍കിയത്. 4.2 ഓവറില്‍ 30 റണ്‍സ് നേടിയ രോഹിത്-ഗില്‍ സഖ്യം പൊളിച്ചത് മിച്ചല്‍ സ്റ്റാര്‍ക്കാണ്. ഏഴ് പന്തില്‍ നാല് റണ്‍സെടുത്ത ഗില്ലിനെ ലോങ് ഓണില്‍ ആദം സാംബയുടെ കൈയിലെത്തിക്കുകയായിരുന്നു.

 

എന്നാല്‍, പതിവുപോലെ ആക്രമണ മൂഡിലായിരുന്ന ക്യാപ്റ്റൻ രോഹിത് ശര്‍മയെ െഗ്ലൻ മാക്സ് വെല്‍ വീഴ്ത്തി. പത്താം ഓവറില്‍ മാക്സ്വെല്ലിന്റെ രണ്ടാം പന്ത് സിക്സും മൂന്നാം പന്ത് ഫോറുമടിച്ച രോഹിതിനെ നാലാം പന്തില്‍ ട്രാവിസ് ഹെഡ് പിറകിലേക്കോടി അത്യുജ്വലമായി കൈയിലൊതുക്കുകയായിരുന്നു31 പന്തില്‍ മൂന്ന് സിക്സും നാല് ഫേറുമടക്കം 47 റണ്‍സാണ് രോഹിത് നേടിയത്. വൈകാതെ മൂന്നാം വിക്കറ്റും വീണു. മൂന്ന് പന്തില്‍ നാല് റണ്‍സെടുത്ത ശ്രേയസ് അയ്യരെ കമ്മിൻസിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസ് പിടികൂടുകയായിരുന്നു. മൂന്നിന് 81 എന്ന നിലയില്‍ പ്രതിസന്ധിയിലായ ടീമിനെ പിന്നീട് വിരാട് കോഹ്‍ലിയും കെ.എല്‍ രാഹുലും ചേര്‍ന്ന് പതിയെ കരകയറ്റുകയായിരുന്നു.

 

63 പന്തില്‍ നാല് ഫോറടക്കം 54 റണ്‍സ് നേടിയ കോഹ്‍ലിയെ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസാണ് വീഴ്ത്തിയത്. കമ്മിൻസിന്റെ പന്ത് ബാറ്റില്‍ തട്ടി സ്റ്റമ്ബില്‍ പതിക്കുകയായിരുന്നു. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 109 പന്തില്‍ 67 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്.107 പന്തില്‍ 66 റണ്‍സ് നേടിയ രാഹുല്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസ് പിടികൂടിയാണ് മടങ്ങിയത്. ടീം തകര്‍ച്ചയിലേക്ക് നീങ്ങുമ്ബോള്‍ ക്ഷമയോടെ പിടിച്ചുനിന്ന് 86 പന്തില്‍ ഒറ്റ ഫോറിന്റെ മാത്രം അകമ്ബടിയിലാണ് താരം 50ലെത്തിയത്.

 

22 പന്തില്‍ ഒമ്ബത് റണ്‍സെടുത്ത രവീന്ദ്ര ജദേജയെ ഹേസല്‍വുഡിന്റെ പന്തിലും 10 പന്തില്‍ ആറ് റണ്‍സെടുത്ത മുഹമ്മദ് ഷമിയെ സ്റ്റാര്‍ക്കിന്റെ പന്തിലും വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസ് പിടികൂടിയപ്പോള്‍ ബുംറയെ ആദം സാംബ വിക്കറ്റിന് മുമ്ബില്‍ കുടുക്കുകയായിരുന്നു. പിന്നെയുള്ള പ്രതീക്ഷ മുഴുവൻ സൂര്യകുമാര്‍ യാദവിലായിരുന്നു. എന്നാല്‍, 28 പന്തില്‍ ഒരു ഫോറടക്കം 18 റണ്‍സെടുത്ത സൂര്യകുമാറിനെ ഹേസല്‍വുഡ് വിക്കറ്റ് കീപ്പറുടെകൈയിലെത്തിച്ചു. അവസാന പന്തില്‍ രണ്ട് റണ്‍സ് ഓടിയെടുക്കാനുള്ള ശ്രമത്തിനിടെ കുല്‍ദീപ് യാദവ് റണ്ണൗട്ടായി. മുഹമ്മദ് സിറാജ് ഒമ്ബത് റണ്‍സുമായി പുറത്താകാതെ നിന്നു.

 

ആസ്ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നും പാറ്റ് കമ്മിൻസ്, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ രണ്ട് വീതവും െഗ്ലൻ മാക്സ്വെല്‍, ആദം സാംബ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി

Back to Top