ഇസ്രയേൽ ഹമാസ് യുദ്ധം : നാലു ദിവസത്തെ താൽക്കാലിക വെടിനിർത്തൽ

Share

ജറുസലം : ഇസ്രയേൽ – ഹമാസ് സംഘർഷം ആരംഭിച്ച് ഒന്നര മാസം പിന്നിടുമ്പോൾ, താൽക്കാലിക വെടിനിർത്തൽ കരാറിന് ഇസ്രയേൽ മന്ത്രിസഭയുടെ അനുമതി. ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ്, വെടിനിർത്തൽ കരാറിനു വഴിതെളിഞ്ഞത്. ഇതനുസരിച്ച്, 50 ബന്ദികളെ വിട്ടയ്ക്കാൻ ധാരണയായി. ഇതിനായി നാലു ദിവസത്തെ താൽക്കാലിക വെടിനിർത്തലിനാണ് ഇസ്രയേൽ മന്ത്രിസഭ അംഗീകാരം നൽകിയത്.

ഇക്കാര്യം വ്യക്തമാക്കി ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്താവന പുറത്തിറക്കി. അതേസമയം, യുദ്ധം പൂർണമായി അവസാനിപ്പിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രസ്താവനയിൽ വ്യക്തമാക്കി. ഇസ്രയേലിന്റെ കസ്റ്റഡിയിലുള്ള 150 പലസ്തീൻ തടവുകാരെയും മോചിപ്പിച്ചേക്കുമെന്നാണ് വിവരം.

ഇവർക്കു പുറമേ ഓരോ 10 ബന്ദികളെ മോചിപ്പിക്കുമ്പോഴും, വെടിനിർത്തൽ ഓരോ ദിവസം കൂടി നീട്ടാനാണ് തീരുമാനം.

എല്ലാ ബന്ദികളെയും നാട്ടിൽ തിരികെയെത്തിക്കാൻ ഇസ്രയേൽ ഭരണകൂടം കടപ്പെട്ടിരിക്കുന്നു. ഈ ലക്ഷ്യം മുൻനിർത്തിയുള്ള ആദ്യ പടിയെന്ന നിലയിൽ, താൽക്കാലിക വെടിനിർത്തലിന് സർക്കാർ അനുമതി നൽകുന്നു. ഇതുപ്രകാരം, ആദ്യ ഘട്ടത്തിൽ നാലു ദിവസം കൊണ്ട് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള 50 ബന്ദികളെ മോചിപ്പിക്കും. ഈ ഘട്ടത്തിൽ താൽക്കാലിക വെടിനിർത്തൽ പ്രാബല്യത്തിലുണ്ടാകും.

എല്ലാ ബന്ദികളെയും രാജ്യത്തു തിരിച്ചെത്തിക്കാനും ഹമാസിനെ സമ്പൂർണമായി ഉൻമൂലനം ചെയ്യാനും ഗാസയിൽനിന്ന് ഇനി മേലാൽ യാതൊരുവിധ ഭീഷണിയും ഉയരുന്നില്ലെന്ന് ഉറപ്പാക്കാനും ഇസ്രയേൽ സർക്കാരും സൈന്യവും സുരക്ഷാ സംവിധാനവും പോരാട്ടം തുടരും.’’ – ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള പ്രസ്താവനയിൽ വ്യക്തമാക്കി.

Back to Top