അപകീർത്തിക്കേസിൽ ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ അപേക്ഷ സൂറത്ത് സെഷൻസ് കോടതി തള്ളി

Share

സൂറത്ത്∙ 2019-ലെ ‘മോദി’ പരാമർശത്തിലെ അപകീർത്തിക്കേസിൽ ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ അപേക്ഷ സൂറത്ത് സെഷൻസ് കോടതി തള്ളി.

കേസിൽ രാഹുൽ ഗാന്ധിക്ക് സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി രണ്ടു വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. തുടർന്ന് രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയിരുന്നു. ശിക്ഷാ വിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ രാഹുലിന്റെ എംപി സ്ഥാനത്തിനുള്ള അയോഗ്യത തുടരും. ഇതോടെ രാഹുലിന്റെ ലോക്സഭാ മണ്ഡലമായ വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്ന ചോദ്യം വീണ്ടും ഉയർന്നു.

രാഹുലിന്റെ അപേക്ഷയിൽ ഈ മാസം 13ന് കോടതി 5 മണിക്കൂർ വാദം കേട്ടിരുന്നു. മാപ്പ് പറയാൻ കൂട്ടാക്കാത്ത രാഹുൽ അഹങ്കാരിയാണെന്നും സ്റ്റേ നൽകരുതെന്നുമായിരുന്നു പരാതിക്കാരനും ബിജെപി നേതാവുമായ പൂർണേശ്മോദിയുടെ വാദം. രാഹുൽ നൽകിയ അപേക്ഷയിൽ സൂറത്ത് സെഷൻസ് കോടതി നേരത്തേ ജാമ്യകാലാവധി നീട്ടി നൽകിയിരുന്നു.

2019ൽ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ പൊതുറാലിയെ അഭിസംബോധന ചെയ്യവേ, ‘എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് പൊതുവെയുള്ളത് എന്തുകൊണ്ടാണെന്ന്’ രാഹുൽ ഗാന്ധി നടത്തിയ പരാമർശമാണ് കേസിനാധാരം. തുടർന്ന് ഗുജറാത്തിലെ ബിജെപി നേതാവ് പൂർണേഷ് മോദി നൽകിയ പരാതിയിലാണ് രാഹുൽ ഗാന്ധിയെ കോടതി ശിക്ഷിച്ചത്

രാഹുലിന്റെ പരാമർശം മോദി എന്നു പേരുള്ള എല്ലാവരെയും അപമാനിക്കുന്നതിനു തുല്യമാണെന്നും തനിക്കും വ്യക്തിപരമായി മാനഹാനി ഉണ്ടാക്കുന്നതാണ് പ്രസ്താവനയെന്നും പൂർണേഷ് മോദി അവകാശപ്പെട്ടിരുന്നു. തന്റെ ഭാഗത്ത് തെറ്റില്ലെന്ന് പറഞ്ഞ് പ്രസംഗത്തെ ന്യായീകരിച്ച രാഹുല്‍, സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റി വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും പൂര്‍ണേഷ് മോദിയെ ലക്ഷ്യവച്ചല്ല പ്രസംഗിച്ചതെന്നും പ്രധാനമന്ത്രിയെ ഉദ്ദേശിച്ചായിരുന്നു പരാമര്‍ശമെന്നും വാദിച്ചെങ്കിലും കോടതിയിൽ വിലപ്പോയില്ല.

കേസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് രാഹുലിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ കേസിന്റെ വിചാരണ നടപടികൾ ഗുജറാത്ത് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സ്റ്റേ നീക്കിയതിനെ തുടർന്ന് 2023 ഫെബ്രുവരിയിലാണ് വിചാരണ പുനഃരാരംഭിച്ചത്. അന്തിമ വാദത്തിനു ശേഷം ഐപിസി സെക്‌ഷൻ 504 പ്രകാരം രാഹുൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. തുടർന്ന് സൂറത്ത് ചീഫ് മജിസ്ട്രേറ്റ് എച്ച്.എച്ച്.വർമ രണ്ടുവർഷം തടവുശിക്ഷ വിധിച്ചു. രാഹുലിന്റെ സാന്നിധ്യത്തിലായിരുന്നു വിധി പ്രസ്താവിച്ചത്. 10,000 രൂപ കെട്ടിവച്ച് ഉടന്‍ തന്നെ രാഹുൽ ജാമ്യം നേടിയിരുന്നു.

മാർച്ച് 23 മോദി പരാമർശത്തിലെ അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയെ സൂറത്ത് ചീഫ് മജിസ്ട്രേട്ട് കോടതി രണ്ടുവർഷത്തെ തടവിനു ശിക്ഷിച്ചു.

മാർച്ച് 24: രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കി.

മാർച്ച് 27: എംപിയെന്ന നിലയിൽ അനുവദിച്ച ഔദ്യോഗിക ബംഗ്ലാവ് ഏപ്രിൽ 22നകം ഒഴിയാൻ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു.

ഏപ്രിൽ 3: രാഹുൽ ഗാന്ധി സൂറത്ത് സെഷൻസ് കോടതിയിൽ അപ്പീൽ നൽകി. രാഹുൽ ഗാന്ധിയുടെ അഭിഭാഷകർ രണ്ട് അപേക്ഷകളാണ് സമർപ്പിച്ചത്: ഒന്ന് ശിക്ഷ സ്റ്റേ ചെയ്യാനും (അല്ലെങ്കിൽ അപ്പീൽ തീർപ്പാക്കുന്നത് വരെ ജാമ്യം). രണ്ടാമത്തേത്, അപ്പീൽ തീർപ്പാക്കുന്നതുവരെ ശിക്ഷ സ്റ്റേ ചെയ്യാനും. സെഷൻസ് കോടതി, ജാമ്യകാലാവധി നീട്ടി നൽകി

ഏപ്രിൽ 13: കോടതി ഇരു കക്ഷികളുടെയും (രാഹുൽ ഗാന്ധിയുടെയും പരാതിക്കാരനായ പൂർണേഷ് മോദിയുടെയും) വാദം കേട്ട് വിധി പറയുന്നത് ഏപ്രിൽ 20 ലേക്ക് മാറ്റി.

ഏപ്രിൽ 14: രാഹുൽ ഗാന്ധി തന്റെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാനുള്ള നടപടികൾ ആരംഭിച്ചു.

Back to Top