രാജ്യവ്യാപകമായി 26 കോടി രൂപയുടെ ഓണ്‍ലൈൻ തട്ടിപ്പ് നടത്തിയെന്ന കേസില്‍ രണ്ട് കാസർകോട് സ്വദേശികളെ ഹൈദരാബാദ് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്‌തു.

Share

നൗശാദ് സി എച്, അഹ്‌മദ്‌ കബീർ സി എച് എന്നിവരാണ് അറസ്റ്റിലായത്. 2020 മുതല്‍, പ്രതികളും കൂട്ടാളികളും ജോലി വാഗ്ദാനം നല്‍കി രാജ്യത്തുടനീളമുള്ള തൊഴിലന്വേഷകരെ കബളിപ്പിച്ചാണ് ഇത്രയും തുക തട്ടിയെടുത്തതെന്ന് ഡെപ്യൂടി പൊലീസ് കമീഷണർ (സൈബർ ക്രൈം) ദാര കവിത മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

 

9.44 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്ന ഹൈദരാബാദ് സ്വദേശിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. കാസർകോട് നിന്നാണ് ഇരുവരെയും പിടികൂടിയത്. ഇവരില്‍ നൗശാദ് ദുബൈയില്‍ നിന്നാണ് പ്രവർത്തിച്ചിരുന്നതെന്നും പാർട് ടൈം ജോലിയുടെ പേരില്‍ ടെലിഗ്രാം ആപ് വഴിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയതെന്നും ഡിസിപി പറഞ്ഞു. പൊലീസിന്റെ കണ്ണില്‍ പെടാതിരിക്കാൻ പ്രതികള്‍ ഇടപാടുകാരുമായി ആശയവിനിമയം നടത്താൻ വിപിഎൻ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരുന്നതെന്നും ഡിസിപി വിശദീകരിച്ചു.

 

ഡിസിപി പറയുന്നത് ഇങ്ങനെ:

 

‘പ്രതികള്‍ അയച്ച ലിങ്കില്‍ ആരെങ്കിലും ക്ലിക് ചെയ്താല്‍ അവരെ ടെലിഗ്രാമില്‍ ചേർക്കും. സോഷ്യല്‍ മീഡിയ ലിങ്കുകളില്‍ ക്ലിക് ചെയ്യുക, വിവിധ ഓണ്‍ലൈൻ സേവനങ്ങള്‍ക്ക് റേറ്റിംഗ് നല്‍കുക, അഭിപ്രായങ്ങള്‍ എഴുതുക തുടങ്ങിയ ജോലികള്‍ ചെയ്യാനായിരുന്നു നിർദേശം. ജോലിയില്‍ ചേരുന്നവരോട് പിന്നീട് നിശ്ചിത തുക നിക്ഷേപിക്കാൻ ആവശ്യപ്പെടും. മികച്ച ലാഭവിഹിതം വാഗ്‌ദാനം ചെയ്തായിരുന്നു ആളുകളെ കയ്യിലെടുത്തിരുന്നത്. പ്രലോഭനത്തില്‍ വീണ പലരും തുക നിക്ഷേപിച്ചു. ചിലർക്ക് ഒമ്ബത് ലക്ഷം രൂപ വരെ നഷ്ടമായി.

തട്ടിപ്പ് നടത്താൻ ഇവർ ദുബൈയില്‍ ഏതാനും പേരെയും നിയോഗിച്ചു. ജോലി ആഗ്രഹിക്കുന്നവരുടെ പണം ബാങ്ക് അകൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്ത ശേഷം, ഇൻഡ്യയില്‍ നിന്ന് പണം പിൻവലിക്കുകയും ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ ഡോളറാക്കി മാറ്റുകയും ചെയ്യും. പ്രതികള്‍ 18 ബാങ്ക് അകൗണ്ടുകള്‍ പ്രവർത്തിപ്പിച്ചിരുന്നു, അതിലൂടെ 26 കോടി രൂപയാണ് ലഭിച്ചത്. ജനുവരിയില്‍, ഹൈദരാബാദിലെ യുവാവില്‍ നിന്നാണ് പൊലീസിന് ആദ്യം പരാതി ലഭിച്ചത്, ഒരു അജ്ഞാതൻ ടെലിഗ്രാമില്‍ തന്നെ ബന്ധപ്പെടുകയും പാർട് ടൈം ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തുവെന്ന് ഇയാള്‍ പറയുന്നു.

Back to Top