ധീരജിന്റെ അവയവങ്ങൾ നാലു പേർക്ക് പുതുജീവൻ നൽകും

Share

മുൻപേയുള്ള ആഗ്രഹം പ്രകാരം ധീരജിന്റെ അവയവങ്ങൾ നാലു പേർക്ക് പുതുജീവൻ നൽകും,  തൃശൂർ കാട്ടൂർ സ്വദേശിയായ ധീരജ് (44) മരണാനന്തര അവയവദാനത്തിലൂടെ ഇനി 4 പേരുടെ ജീവിതങ്ങളിൽ കരുത്താകും. ആസ്റ്റർ മെഡ്സിറ്റിയിൽ ചൊവാഴ്ച മസ്തിഷ്ക മരണം സംഭവിച്ച ധീരജിന്റെ അവയവങ്ങൾ നാലു പേരിൽ മാറ്റിവച്ചു. ഈ മാസമാദ്യം കടുത്ത തലവേദനയും ചർദിയും മൂലമാണു ധീരജിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിൽ അമിതമായ രക്തസ്രാവം കണ്ടെത്തിയതിനെത്തുടർന്നു ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്കു ശേഷം സ്ഥിതി വഷളായതിനെത്തുടർന്ന് ആസ്റ്റർ മെഡ്‌സിറ്റിയിലേക്കു മാറ്റി.

 

ചൊവാഴ്ച വൈകിട്ട് മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ ധീരജിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം സന്നദ്ധരായി. മരണാനന്തര അവയവദാനം ധീരജിന്റെ മുൻപേയുള്ള ആഗ്രഹമായിരുന്നു. കരൾ ആസ്റ്റർ മെഡ്സിറ്റിയിൽ തന്നെ ചികിത്സയിലുണ്ടായിരുന്ന തൃശൂർ പുത്തൻചിറ സ്വദേശിയായ നാൽപത്താറുകാരനാണു നൽകിയത്. വൃക്കകൾ കോട്ടയം ഗവ. മെഡിക്കൽ കോളജിനും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്കും കൈമാറി.

 

നേത്രപടലം ഗിരിധർ ആശുപത്രിയിലേക്കാണു നൽകിയത്. കാട്ടൂർ നിവാസികളായ ജോർജിന്റെയും മേരിയുടെ മകനാണു ധീരജ്. ഭാര്യ: ജിഫ്ന ധീരജ്. മക്കൾ: കൃപ മരിയ, ക്രിസ്മാരിയോ, ക്രിസ്റ്റ്യാനോ, കാരിസ്മരിയ. സഹോദരൻ: സൂരജ്.

Back to Top