ഏറ്റവും ഉയർന്ന പോളിങ് വടകരയിൽ 77.66% രണ്ടാമത് കണ്ണൂർ 77.23%. ഏറ്റവും കുറവ് പത്തനംതിട്ട 63.35%

Share

ലോക്സഭാ തിരഞ്ഞെടുപ്പിൽ 20 മണ്ഡലങ്ങളിലെയും വിധിയെഴുതി കേരളം. പോളിങ് സമയം അവസാനിച്ചെങ്കിലും പല ബൂത്തുകളിലും നീണ്ട നിര തുടർന്നു. വരിയിൽനിന്ന എല്ലാവർക്കും സ്ലിപ് നൽകിയതിനാൽ വോട്ട് രേഖപ്പെടുത്താനാകും. 70.80 % പോളിങ്ങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. രാവിലെ 7 ന് തുടങ്ങിയ പോളിംഗ് പല ബൂത്തുകളിലും രാത്രി പതിനൊന്നു മണി വരെ  തുടർന്നു . റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തിയ 2019 നേക്കാൾ ഇത്തവണ പോളിംഗ് ശതമാനം കുറവാണ്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ (2019) 77.84 ശതമാനമായിരുന്നു പോളിങ്. 30 വർഷത്തിനിടെയുള്ള റെക്കോർഡ് പോളിങ്ങായിരുന്നു അന്ന്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ‌ (2021) കോവിഡ് പ്രതിസന്ധിക്കിടയിലും പോളിങ് 74.06 ശതമാനത്തിലെത്തിയിരുന്നു

ഏറ്റവും ഉയർന്ന പോളിങ് വടകരയിൽ 77.66% രണ്ടാമത് കണ്ണൂർ 77.23%. ഏറ്റവും കുറവ് പത്തനംതിട്ട: 63.35%

ഇടുക്കി, കോട്ടയ്ക്കൽ, കുട്ടനാട്, കാസറഗോഡ് പട്ടുവം തുടങ്ങിയയിടങ്ങളിലെ അക്രമ സംഭവങ്ങൾ ഒഴിച്ചാൽ വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു.

ആകെയുള്ള 25,231 പോളിങ് ബൂത്തുകളിൽ ആറായിരത്തിലധികം എണ്ണത്തിൽ 6 മണിക്കു ശേഷവും പോളിങ് തുടർന്നു. കനത്ത ചൂടു കാരണം വോട്ടർമാർ‌ ബൂത്തുകളിലെത്താത്തതും മണിക്കൂറുകളുടെ കാത്തിരിപ്പു കാരണമുള്ള മടങ്ങിപ്പോക്കും വോട്ടിങ് ശതമാനം കുറയാൻ കാരണമായിട്ടുണ്ടെന്നാണു പൊതുവിലയിരുത്തൽ. വോട്ടിങ് മെഷീനിലെ തകരാറും ഉദ്യോഗസ്ഥരുടെ പരിചയക്കുറവു കാരണമുള്ള കാലതാമസവും പലയിടത്തും രാത്രി 11 വരെ വോട്ടെടുപ്പു നീളാനിടയാക്കി.

തിരുവനന്തപുരം-66.43, ആറ്റിങ്ങല്‍-69.40, കൊല്ലം-67.92, പത്തനംതിട്ട-63.35, മാവേലിക്കര-65.88, ആലപ്പുഴ-74.37, കോട്ടയം-65.59, ഇടുക്കി-66.39, എറണാകുളം-68.10, ചാലക്കുടി-71.68, തൃശൂര്‍-72.11, പാലക്കാട്-72.68, ആലത്തൂര്‍-72.66, പൊന്നാനി-67.93, മലപ്പുറം-71.68, കോഴിക്കോട്-73.34, വയനാട്-72.85, വടകര-77.66, കണ്ണൂര്‍-77.23, കാസര്‍ഗോഡ്-75.28 എന്നിങ്ങനെയാണ് പോളിങ് ശതമാനം. ആകെ 2.77 കോടി വോട്ടർമാരാണ് കേരളത്തിലുള്ളത്. പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു. സിനിമാ താരങ്ങളും രാവിലെതന്നെ വോട്ട് ചെയ്തവരിൽ ഉൾപ്പെടുന്നു. പല ബൂത്തുകളിലും രാവിലെ വോട്ടിങ് യന്ത്രത്തിന് തകരാർ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് വോട്ടിങ് യന്ത്രം മാറ്റി പ്രശ്നം പരിഹരിച്ചു. മറ്റു 12 സംസ്ഥാനങ്ങളിലെ 68 മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമാണിത്. വോട്ടെണ്ണൽ ജൂൺ നാലിന്.

Back to Top