കണികണ്ടുണരാൻ വീണ്ടുമൊരു വിഷുപുലരി, ഗൃഹാതുരതയോടെ🖊️ പാലക്കുന്നിൽ കുട്ടി 

Share

🖊️പാലക്കുന്നിൽ കുട്ടി 

മീനം രാശിയിൽ നിന്ന് മേടം രാശിയിലേക്കുള്ള സൂര്യന്റെ പരിക്രമണമായി വീണ്ടുമൊരു വിഷുപുലരിയെ വരവേൽക്കാൻ നമ്മൾ ഒരുങ്ങിക്കഴിഞ്ഞു.

പതിവില്ലാത്ത വിധം കൊടും ചൂടിന്റെ പിടിയിലാണ് ഈ വർഷത്തെ ഈദുൽ ഫിത്തറ് പിന്നിട്ടത്. ചുവട് വെച്ച് തൊട്ടു പിറകെ വിഷുവിനേയും വരവേൽക്കുകയാണ്‌ നമ്മൾ.. കേരളത്തിന്റെ നാൾവഴികൾ ബ്ലാക്ക് ആൻഡ് വൈറ്റ് ഫ്ലാഷ്ബാക്കിലൂടെ നോക്കിയാൽ മഴയുടെ കുറവിനോടൊപ്പം ചൂടിന്റെ കാഠിന്യവും ഇത്രത്തോളം നമുക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ടോ എന്നത് മനസ്സിൽ ഒരു ചോദ്യചിന്ഹമായി വെന്തുരുകുന്നുണ്ട്. പ്രകൃതി സമ്മാനിച്ച ചൂടിനോടൊപ്പം തെരഞ്ഞെടുപ്പിന്റെ ചൂട് വേറെയും. വേനലിന്റെ താപനിലയിൽ വെന്തുരുകുന്ന വേളയിലെ നോയ്മ്പും തുടർന്ന് ആഘോഷിച്ച ഈദുൽ ഫിത്തറും ഒപ്പം സമാഗതമായ വിഷുവും നമുക്ക് പുണ്യ നാളുകൾ തന്നെ.

വിഷു വിശേഷങ്ങൾ

പ്രകൃതി നമുക്ക്‌ നൽകിയ അനുഗ്രഹങ്ങൾ ഓർത്തുവെക്കാനും അതൊക്കെ പരിപാലിക്കാനുമുള്ള ഓർമപ്പെടുത്തലുകൾ വിഷുവെന്ന സങ്കൽപത്തിലൂടെ നമുക്ക്‌ നിമിത്തമാകുന്നുണ്ട്. ചക്ക, മാങ്ങ, തേങ്ങ, നെല്ല്, അടക്ക വെറ്റില, കൺമഷി, ചാന്ത്, സിന്ദൂരം, നിലവിളക്ക്, വെള്ളം നിറച്ച ഓട്ടുകിണ്ടി, സ്വർണനിറമാർന്ന വെള്ളരി, സൗവർണ്ണ ശോഭയുള്ള കണിക്കൊന്നയ്ക്കും പുറമെ, ഗ്രന്ഥങ്ങൾ, സ്വർണം, നാണയം, ധാന്യങ്ങൾ, പൂക്കൾ, ഫലങ്ങൾ, കോടി വസ്ത്രം, വാൽകണ്ണാടി തുടങ്ങിയവ കണികാണാനായി ഓട്ടുരുളിയിലോ താലത്തിലോ വെക്കും. പുത്തൻ മൺകലത്തിൽ ഉണ്ണിയപ്പവും . മറ്റ് ഇഷ്ട ദേവത സങ്കൽപ്പങ്ങൾക്കൊപ്പം ശ്രീകൃഷ്ണ പ്രതിമയോ വിഗ്രഹമോ തീർച്ചയായും ഉണ്ടാകും. കണിയൊരുക്കുന്ന രീതി കേരളത്തിൽ പലയിടത്തും പലവിധമാണ്. കാർഷിക സംസ്കാരവുമായി ഏറെ ബന്ധപ്പെട്ടതാണ് വിഷുവിന്റെ വരവ്.കാർഷികവൃത്തികൾക്ക് തുടക്കം കുറിക്കുന്ന ശുഭദിനം. കാർഷികവും പ്രകൃതിപരവുമായ ഒരാഘോഷമാണല്ലോ നമുക്ക്‌ വിഷുവെന്ന പുതുവർഷാരംഭം.

കണികാണൽ

വിഷുപുലരിയിലെ ഐശ്വര്യദായകമായ കാഴ്ചയാണ് മേടം ഒന്നിന്റെ ആരംഭം.ഉണർന്നെഴുന്നേറ്റ് കണ്ണ് തുറന്നാൽ കാണുന്ന മംഗളകരമായ കാഴ്ചയാണ് വിഷുക്കണി. വീട്ടിലെ തലമുതിർന്നവർ തലേന്ന് രാത്രി തന്നെ കണിയൊരുക്കും. പുലർച്ചെ വീട്ടിലെ ഓരോരുത്തരെയും വിളിച്ചുണർത്തി കണ്ണുകൾ പൊത്തി കണിയൊരുക്കിയ ഇടത്തേക്ക് കൊണ്ടുപോകും. എല്ലാം വെട്ടിത്തിളങ്ങുന്ന സുന്ദരമായ ആ കാഴ്ചയാണ്‌ വിഷുക്കണി. തുടർന്ന് പുത്തനുടുപ്പിട്ട് സമീപ ക്ഷേത്രങ്ങളിലും തറവാടുളിലും ബന്ധു ഗൃഹങ്ങളിലും കണികാണാൻ പോകും.

വിഷു കൈനീട്ടം

വിഷുക്കണി കണ്ട ഉടനെ വീട്ടിലെ മുതിർന്ന ആൾ പ്രായം കുറഞ്ഞവർക്കും വിഷുക്കണി കാണാനെത്തുന്നവർക്കും വിഷുക്കൈനീട്ടം നൽകും. കൈനീട്ടം വാങ്ങുന്നവർക്കും അത് നൽകുന്നവർക്കും ഐശ്വര്യ സമ്പൂർണമായ ഒരു വർഷം ഉണ്ടാകാൻ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടായിരിക്കുമത്രെ. കൈയ്യും മനസും തൊട്ടുരുമ്മി ഹൃദയ ശുദ്ധിയോടെ നൽകുന്നതും അതേ സ്നേഹവായ്‌പ്പോടെ സ്വീകരിക്കുന്നതും രണ്ടുപേർക്കും ആ വർഷം ഐശ്വര്യപൂർണമായിരിക്കുമെന്നാണ് പറയുന്നത് .അങ്ങോട്ട് ചെന്ന് കൈനീട്ടം നൽകരുതെന്നും വിവക്ഷയുണ്ട്. മുൻ കാലങ്ങളിൽ നാണയതുട്ടുകളായിരുന്നു കൈനീട്ടം.

ഇന്നത് പുതുപുത്തൻ നോട്ടുകളായി മാറി. ബാങ്കുകളിൽ നിന്ന് നേരത്തേ പുത്തൻ നോട്ടുകൾ കരുതിവെക്കും. കൈനീട്ടം ഗൂഗിൾ പേ ആയും നൽകുന്ന കാലം അത്ര വിദൂരമല്ല. പ്രവാസികളിൽ ചിലർ ഇഷ്ടപ്പെട്ടവർക്ക് ഇപ്പോൾ ഗൂഗിൾ പേ വഴി ‘കൈനീട്ടം’ നൽകുന്നുണ്ടെന്ന് ഒരു പ്രവാസി സുഹൃത്ത് പറഞ്ഞു. എന്തായാലും കൈനീട്ടം നൽകുന്നവർക്കും വാങ്ങുന്നവർക്കും ഉണ്ടാകുന്ന സന്തോഷത്തിന് അതിരില്ല, ആ തുകയുടെ വലിപ്പം എന്തായാലും.

വിഷു സദ്യ 

ഓണസദ്യയ്ക്ക് സമാനമായ രീതിയിൽ വീടുകളിൽ വിഷു സദ്യയൊരുക്കും. എങ്കിലും വടക്കരുടെ വിശേഷങ്ങളിൽ കോഴിവിഭവത്തിന്റെ മണവും രുചിയുമില്ലെങ്കിൽ അത് സദ്യയാവില്ല. നമുക്ക്‌ നമ്മുടെ രീതി, അവർക്ക് അവരുടെ രീതി. പച്ചക്കറിയിൽ മാത്രം ഓണം, വിഷു സദ്യയൊരുക്കുന്നവരും ഇവിടങ്ങളിൽ ഇല്ലെന്ന് പറയാനാവില്ല. മാറിയ ചുറ്റുപാടിൽ കോഴിബിരിയാണിയും നൈച്ചോറും മീൻ പൊരിച്ചതും ഉണ്ടാക്കി വിഷുസദ്യയുണ്ണുന്ന ന്യുജെൻ സംസ്കാരവും ഇവിടങ്ങളിൽ ക്ലച്ചു പിടിച്ചുതുടങ്ങിയിരിട്ടുണ്ട്.

വിഷു ആഘോഷം അവരവരുടെ ഇഷ്ടാനുസാരം നടക്കട്ടെ, അതിൽ അവർ ആനന്ദം കണ്ടെത്തുന്നുവെങ്കിൽ അതാണ് അവരുടെ വിഷു ആഘോഷം . ആഘോഷം ഏതായാലും ഭക്ഷണം എന്താണ് ഒരുക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് അവർ തന്നെയല്ലേ?

വിഷുപടക്കം

വിഷുവിന് തലേന്നാൽ മുതൽ വീടുകളിൽ പടക്കം പെട്ടിക്കൽ തുടങ്ങും.പുലർച്ചെ കണി കണ്ടശേഷവും ഇത് തുടരും. കുട്ടികൾക്ക് വിഷുവുമായി ബന്ധപ്പെട്ട് ഒഴിച്ചുകൂടാനാവാത്തതാണ് പടക്കം പൊട്ടിക്കൽ. അവർക്ക് അതാണ് വിഷു. കുഞ്ഞു നാളിൽ എനിക്കും അതായിരുന്നു ഹരം

കണിക്കൊന്ന

കൊന്ന പൂത്തുതുടങ്ങുന്നത് തന്നെ പുതുവർഷത്തിന്റെ തുടക്കമാണെന്ന വിളംബരമാണ് . ഇപ്പോഴിത് ചിലയിടങ്ങളിൽ നേരത്തേ പൂത്തുകാണാറുണ്ട്. ഇലകൊഴിയുന്ന വൃക്ഷമാണ് കൊന്ന.മഞ്ഞനിറമാർന്ന പൂങ്കുലകൾ കണ്ണിനാനന്ദം നൽകുന്ന കാഴ്ചയാണ്. സ്വർണകിങ്ങിണികൾ പോലെ ചില്ലകൾ തോറും പൂങ്കുലകൾ കാറ്റത്ത് ആടുന്നത് കണ്ടിരിക്കാൻ എന്തൊരു ചേലാണ്, അല്ലേ. വിഷുവിന് കണികണ്ടുണരാൻ പ്രകൃതി നമുക്ക് നൽകിയ വിഷുകൈനീട്ടമാണ് ഈ സ്വർണമഞ്ഞപ്പൂക്കൾ. കർണ്ണികാരം എന്നും ഇതിന് പേരുണ്ട്. ആരഗ്വധ, രാജവൃക്ഷ എന്ന് സംസ്കൃതത്തിൽ പറയും. കാസ്യുഫിസ്റ്റുല എന്നാണ് ശാസ്ത്രീയ നാമം.

വിഷു ഓർമ്മകൾ

വിഷു വിശേഷങ്ങളും വിഷു സങ്കൽപങ്ങളും ഞങ്ങളുടെ ചെറുപ്രായത്തിൽ പടക്കം പൊട്ടിക്കലിന് അമിത പ്രാധാന്യം നൽകുന്നവയായിരുന്നു. പടക്കം വാങ്ങാൻ വീട്ടിൽ നിന്ന് പൈസ കിട്ടാറില്ലാത്ത സാഹചര്യം. കുഞ്ഞു നാളിലെ ആ നൊമ്പരങ്ങൾക്ക് എന്നും ആശ്വാസം വീടിന് തൊട്ടപ്പുറത്തെ പാലക്കുന്ന് ക്ഷേത്ര പറമ്പിലെ പടുകൂറ്റൻ കാഞ്ഞിര മരമായിരുന്നു. (എന്തിനാണ് ആ മരം പിന്നീട് കൊലക്കത്തിക്ക് ഇരയാക്കിയതെന്ന് ഞാൻ ചിന്തിച്ചു പോകാറുണ്ട്. ). ആ മരത്തിൽ നിന്ന് വീഴുന്ന കാഞ്ഞിരക്കുരു ഞാനും എന്റെ അന്നത്തെ കളികൂട്ടുകാരും പെറുക്കി സഞ്ചിയിൽ സൂക്ഷിച്ചു വെക്കും. ഉദുമ ഗവ. എൽ. പി. സ്കൂളിലായിരുന്നു പ്രൈമറി വിദ്യാഭ്യാസം. സ്കൂളിനടുത്ത് അനാദി കച്ചവടക്കാരനായ മമ്മിച്ച ( പേരിൽ ഒരു സംശയമുണ്ട്. ഉദുമ ടൗണിലെ പള്ളിക്കടുത്തായിരുന്നു കട ) കാഞ്ഞിരക്കുരു തൂക്കിവാങ്ങുമായിരുന്നു. അങ്ങിനെ കിട്ടുന്ന തുട്ട് പൈസകൾ സ്വരൂപിച്ചു വെക്കുന്ന ശീലം ചെറുപ്പത്തിലുണ്ടായിരുന്നു. മമ്മിച്ച കാഞ്ഞിരക്കുരു എന്തിനാണ് വാങ്ങുന്നതെന്ന് ചോദിച്ചറിയാനുള്ള അറിവൊന്നും അന്ന് ഉണ്ടായിരുന്നില്ല. (ചർമരോഗ ചികിത്സയ്ക്ക്

ആയുർവേദ മരുന്നുണ്ടാക്കാൻ ഇപ്പോഴും കാഞ്ഞിരക്കുരു ഉപയോഗിക്കാറുണ്ടെന്ന് എന്റെ സഹപാഠിയായ അപ്പകുഞ്ഞി വൈദ്യർ പറയാറുണ്ട് ).

അമ്മയുടെ അച്ഛൻ അപ്പുടു പൂജാരി പാലക്കുന്ന് ക്ഷേത്ര ഭരണ നിർവഹണങ്ങൾ സ്വന്തം നിലയിൽ നടത്തിയിരുന്ന കാലം. തമ്പാച്ചന്റെ കുഞ്ഞു കുഞ്ഞു ആവശ്യങ്ങൾ നിറവേറ്റികൊടുക്കുമ്പോൾ വല്ലപ്പോഴും കിട്ടുന്ന എട്ടണ തുട്ടുകൾ സ്വരൂപിച്ചു വെക്കുന്ന ശീലമുണ്ടായിരുന്നു അന്ന്. മംഗലാപുരത്ത് നിന്ന് ബൻസ് വാങ്ങി കൊണ്ടുവന്ന് ഇവിടെ വില്പന നടത്തിയിരുന്ന ബൻസ് രാമേട്ടനെ മറ്റാരുമറിയാതെ ആ ‘തുട്ടുകൾ’ ഞാൻ ഏൽപ്പിക്കും.ഞങ്ങൾക്ക് പാലക്കുന്നിൽ ഉണ്ടായിരുന്ന ഹോട്ടലിലായിരുന്നു രാമേട്ടന്റെ പതിവ് താവളം. വിഷു എത്താറാകുമ്പോൾ രാമേട്ടൻ ആ പൈസയും അദ്ദേഹത്തിന്റെ കൈനീട്ടവും ചേർത്തു എനിക്ക് തിരിച്ചു തരും. ഈ എട്ടണതുട്ട് ശേഖരവും, കാഞ്ഞിരക്കുരു പൈസയും ചേർക്കുമ്പോൾ ‘തെക്കാൾപ്പിലെ’ വെടി ഞങ്ങൾക്ക് പൂരമാകും.

വിഷുവിന് പടക്കം പൊട്ടിക്കാനുള്ളകുഞ്ഞു മനസ്സിലെ ആവേശം പറഞ്ഞറിയിക്കാനാവില്ല.

പടക്കം വാങ്ങാനുള്ള ഏക ആശ്രയമായിരുന്നു ക്ഷേത്ര പറമ്പിലെ കാഞ്ഞിരമരവും തമ്പാച്ചന്റെ എട്ടണതുട്ടുകളും.

വിഷുവുമായി ബന്ധപെട്ട വൈലോപ്പിള്ളിയുടെ വരികൾ ഒരിക്കൽ കൂടി പാടിക്കൊണ്ട് ഇന്നത്തെ വിഷുചിന്തകൾ നിർത്തുന്നു.

*”ഏതു ധൂസര സങ്കൽപങ്ങളിൽ വളർന്നാലും ഏതു യന്ത്രവൽകൃത ലോകത്തിൽ പുലർന്നാലും

മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിൻ വിശുദ്ധിയും മണവും മമതയും ഇത്തിരി കൊന്നപ്പൂവും” *

ഏവർക്കും എന്റെയും കുടുംബത്തിന്റെയും വിഷു ആശംസകൾ…

പാലക്കുന്നിൽ കുട്ടി

9447692439

 

 

 

 

 

 

 

 

 

Back to Top