സൗഹൃദം പങ്കിട്ടും ബന്ധങ്ങളുറപ്പിച്ചും വ്യാപാരി കുടുംബസംഗമം

Share

കാഞ്ഞങ്ങാട്: മർച്ചൻ്റ്സ് അസോസിയേഷൻ ( കെ എം എ ) ഞായറാഴ്ച്ച വൈകീട്ട് പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ നടത്തിയ കുടുംബസംഗമം സൗഹൃദം പങ്കിട്ടും ബന്ധങ്ങളുറപ്പിച്ചും ശ്രദ്ധേയമായി.വ്യാപാരി കുംടുംബങ്ങൾ അവതരിപ്പിച്ച കലാപരിടികളും വ്യാപാരി വനിത വിങ്ങ് അവതരിപ്പിച്ച തിരുവാതിരയും ഫ്യൂഷൻ ഡാൻസും ആകർഷകമായിരുന്നു

തകർന്ന് തരിപ്പണമായി കൊണ്ടിരിക്കുന്ന വ്യാപാര മേഖലയെ സംരക്ഷിക്കാനും അവരുടെ ക്ഷേമ – ഐശ്വര്യത്തിനും കെ എം എ നടപ്പിലാക്കുന്ന പദ്ധതികൾ മാതൃകാപരമാണെന്ന് സംഗമം ഉൽഘാടനം ചെയ്ത വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് പറഞ്ഞു. കെ എം എ പ്രസിഡണ്ട് സി.യൂസഫ് ഹാജി അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി ക്ഷേമ പദ്ധതികൾ നാടിൻ്റെയും സർക്കാറിൻ്റെയും പ്രശംസ നേടിയതായി മുഖ്യപ്രഭാഷകൻ ഏകോപന സമിതി സംസ്ഥാന സെക്രട്ടറി കോട്ടയിൽ ബാബു പറഞ്ഞു.എന്നാൽ വ്യാപാരികൾ അഭിമുഖീകരിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ സന്നദ്ധമാവുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.സാമൂഹ്യ സുരക്ഷ പദ്ധതി പ്രകാരം അംഗങ്ങളുടെ കുടുംബത്തിനുള്ള മരണാനന്തര ധനസഹായ വിതരണം ജില്ല സെക്രട്ടറി കെ.ജെ.സജിയും ട്രഷറർ മാഹിൻ കോളിക്കരയും ജില്ല വൈസ് പ്രസിഡണ്ട് സി.ഹംസയും നിർവ്വഹിച്ചു. കെ എം എ സെക്രട്ടറി എം.വിനോദ് സ്വാഗതവും ജനറൽ സെക്രട്ടറി കെ.വി.ലക്ഷ്മണൻ നന്ദിയും പറഞ്ഞു.

സംഗമത്തിൻ്റെ ഭാഗമായി അംഗങ്ങൾക്കായി നേരത്തെ നടത്തിയ ഫുട്ബോൾ,ക്രിക്കറ്റ്,ഷട്ടിൽ ബാറ്റ്മെൻ്റ്,കരോക്കെ സംഗീതം,പാചക മൽസരം വിജയികൾക്ക് കെ എം എ ഭാരവാഹികൾ സമ്മാനങ്ങൾ വിതരണം ചെയ്തു. കെ എം എ അംഗങ്ങൾ കുടുംബാംഗങ്ങൾ സമീപ പ്രദേശത്തെ ഏകോപന സമിതി യൂണിറ്റ് ഭാരവാഹികൾ എന്നിവരുൾപ്പെടെ രണ്ടായിരത്തിലേറെ പേർ സംഗമത്തിലും സൗഹൃദ വിരുന്നിലും സംബന്ധിച്ചു.

Back to Top