എം. സ്വരാജ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി, കെ. ബാബുവിന് എം.എല്‍.എയായി തുടരാം

Share

തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ കെ. ബാബുവിന്റെ തിരഞ്ഞെടുപ്പുവിജയം ചോദ്യംചെയ്ത് എം. സ്വരാജ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി.

തെരഞ്ഞെടുപ്പ് കേസായതിനാല്‍ പ്രധാനപ്പെട്ട സാക്ഷികളെയും കോടതി നേരിട്ട് വിസ്തരിച്ചിരുന്നു. 2021 ജൂണിലാണ് സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. 2021ലെ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ 992 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ. ബാബു വിജയിച്ചത്. കെ. ബാബുവിന് 65,875 വോട്ട് ലഭിച്ചപ്പോള്‍ എതിര്‍സ്ഥാനാര്‍ഥി സി.പി.എമ്മിലെ എം. സ്വരാജിന് 64,883 വോട്ടാണ് ലഭിച്ചത്.

ബാബുവിന് എം.എല്‍.എയായി തുടരാം.  മതചിഹ്നം ഉപയോഗിച്ച് കെ.ബാബു വോട്ട് തേടി എന്നാണ് ഹരജിയിലെ ആക്ഷേപം. ജസ്റ്റിസ് പി.ജി.അജിത് കുമാറിന്‍റെ ബെഞ്ചാണ് വിധി പറഞ്ഞത്.

അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചുവെന്നും മതചിഹ്നം ദുരുപയോഗം ചെയ്തുവെന്നുമാണ് ഹരജിയിലെ പ്രധാന ആരോപണം. അയ്യപ്പന്റെ പേര് ദുരുപയോഗം ചെയ്താണ് ബാബു വിജയിച്ചത്. അയ്യനെ കെട്ടിക്കാന്‍ വന്ന സ്വരാജിനെ കെട്ടുകെട്ടിക്കണം എന്ന തരത്തില്‍ ചുമരെഴുത്തുകള്‍ വരെയുണ്ടായി. അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച സ്ലിപ്പുകള്‍ വിതരണം ചെയ്തു. ഇതില്‍ ബാബുവിന്റെ പേരും ചിഹ്നവുമുണ്ടായിരുന്നു. മണ്ഡലത്തിന്റെ പലഭാഗങ്ങളിലും സ്ഥാനാര്‍ഥി നേരിട്ടെത്തി അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചു. ജാതി, മതം, ഭാഷ, സമുദായം എന്നിവയുടെ പേരില്‍ വോട്ട് ചോദിക്കരുതെന്ന തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനം നടത്തിയ ബാബുവിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നായിരുന്നു സ്വരാജിന്റെ ആവശ്യം.

എന്നാല്‍ അയ്യപ്പന്റെ പേരില്‍ വോട്ടു പിടിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കാലത്തോ അതിനെ തൊട്ടടുത്ത ദിവസങ്ങളിലോ ഇത്തരം പരാതി എല്‍.ഡി.എഫ് ഉയര്‍ത്തിയിട്ടില്ലെന്നുമാണ് കെ.ബാബുവിന്റെ വാദം. സ്വരാജിന്റെ തെരഞ്ഞെടുപ്പ് ഹരജി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി കെ.ബാബു ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹരജി നിലനില്‍ക്കുമെന്നും വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കി വിധി പറയണമെന്നുമായിരുന്നു സുപ്രിംകോടതി നല്‍കിയ നിര്‍ദേശം.

Back to Top