ചീമേനി മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് സ്ഥലം സന്ദർശിക്കാനെത്തിയ ഉദ്യോഗസ്ഥ സംഘത്തെ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ തടഞ്ഞു

Share

ചീമേനി : 3 ജില്ലകളിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് സ്ഥലം സന്ദർശിക്കാനെത്തിയ ഉദ്യോഗസ്ഥ സംഘത്തെ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ തടഞ്ഞു. പ്രതിഷേധം കനത്തതിനെ തുടർന്ന് സംഘം മടങ്ങി. ഇന്നലെ ചീമേനിയിലെ പോത്താംകണ്ടത്തേക്കാണ് മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട സ്ഥലം സന്ദർശനത്തിന് ഉദ്യോഗസ്ഥ സംഘം എത്തിയത്.

കാസർകോട്, കണ്ണൂർ, വയനാട് എന്നീ ജില്ലകളിൽ നിന്നുള്ള മാലിന്യങ്ങൾ കുഴിയുണ്ടാക്കി മറവ് ചെയ്യുന്ന പദ്ധതിയാണത്രെ ചീമേനിയിൽ വരാൻ പോകുന്നത്. ഇതിനായി 25 ഏക്കർ സ്ഥലം പോത്താംകണ്ടത്ത് ഏറ്റെടുത്തതായും പറയുന്നു. ഇക്കാര്യം നേരത്തെ മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരത്തിലുള്ള പദ്ധതി വരുന്നത് സംബന്ധിച്ച് അറിവില്ലെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം.

എന്നാൽ സംഗതി ശരിവയ്ക്കുന്ന രീതിയിലാണ് ഇപ്പോൾ കാര്യങ്ങളുടെ പോക്ക്. ഉദ്യോഗസ്ഥ സംഘം ഇന്നലെ സ്ഥലത്തെത്തിയതോടെ പദ്ധതി വരുമെന്നുറപ്പായി. സംസ്കരണ പ്ലാന്റുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പുറമേ പ്ലാന്റേഷൻ കോർപറേഷൻ, സോളർ പ്ലാന്റ്, റവന്യു എന്നിവയിലെ ഉദ്യോഗസ്ഥരും സംഘത്തിൽ ഉണ്ടായിരുന്നു.

രാവിലെ ഉദ്യോഗസ്ഥർ സ്ഥല പരിശോധനയ്ക്കെത്തിയ വിവരം അറിഞ്ഞ് യൂത്ത് കോൺഗ്രസ് നേതാക്കളായ എം.വിനോദ് കുമാർ, ടി.പി.ധനേഷ്, സന്ദീപ് ചീമേനി, പ്രകാശൻ ചെമ്പ്രകാനം എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി തങ്ങളുടെ പ്രതിഷേധം അറിയിച്ചു. വിവരം അറിഞ്ഞെത്തിയ നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയതോടെ ഉദ്യോഗസ്ഥ സംഘം മടങ്ങി.

Back to Top