ആരോഗ്യ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ

Share

കാസറഗോഡ് ജില്ലാ ആശുപത്രിയിൽ കൂടുതൽ ഓപ്പറേഷൻ തിയേറ്ററുകൾ, ലിഫ്റ്റ്, കുട്ടികളുടെ ഒപി താഴെ നിലയിലേക്ക് മാറ്റൽ തുടങ്ങിയ ഒരുപിടി ആവശ്യങ്ങളും പരാതികളുമായി നിവേദനം നൽകി.

കാസറഗോഡ് ജില്ലാ ആശുപത്രിയിൽ ഒരൊറ്റ ഓപ്പറേഷൻ തിയേറ്റർ മാത്രമേ ഉള്ളൂ വെന്നും സകലമാന ഓപ്പറേഷനുകളും ഒരേ തിയേറ്ററിൽ ആണ് നടത്തപ്പെടുകയെന്നും ഓപ്പറേഷനുകളുടെ എണ്ണം വളരെ കൂടുതൽ ആവുമ്പോൾ സമയവും സൗകര്യവും ഇല്ലാത്തത് കാരണം ഓപ്പറേഷൻ നിശ്ചയിച്ചവർക്ക് ഡേറ്റ് കൊടുത്ത് വീട്ടിലേക്ക് തിരിച്ചയക്കുകയാണ് ചെയ്യുന്നതെന്നും എയിംസ് കൂട്ടായ്മ പരാതിപ്പെട്ടു.

ഓർത്തോ വിഭാഗത്തിന് ആഴ്ചയിൽ രണ്ട് ദിവസമാണ് ഓപ്പറേഷൻ നിശ്ചയിച്ചിട്ടുള്ളതെന്നും ഈ രണ്ട് ദിവസങ്ങളിൽ പരമാവധി 10 ഓപ്പറേഷനുകൾ നടത്തുകയും ബാക്കിയുള്ളവർക്ക് ഡേറ്റും കാത്ത് മാസങ്ങളോളം കാത്തിരിക്കേണ്ടതായ ദുരവസ്ഥ ആണ് നില നിൽക്കുന്നതെന്നും ഈ അവസ്ഥ മാറ്റാൻ കൂടുതൽ ഓപ്പറേഷൻ തിയേറ്ററുകൾ അനുവദിക്കുകയും സൗകര്യങ്ങൾ വർദ്ദിപ്പിക്കുകയും ചെയ്യുനമെന്നും ഇതിന് വേണ്ടി ഉടനടി നടപടികൾ സ്വീകരിക്കണമെന്നും വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു.

‘കാസറഗോഡ് ജില്ലാ ആശുപത്രിയിൽ ലിഫ്റ്റ് ഇല്ല. ലിഫ്റ്റിനുള്ള സ്ഥലം ഒഴിച്ചിട്ടിട്ടുണ്ട്. ലിഫ്റ്റ് സ്ഥാപിച്ചിട്ടില്ല. ഉടനടി ലിഫ്റ്റ് സ്ഥാപിക്കാനുള്ള ഉത്തരവ് നൽകേണ്ടതുണ്ട്.

കുട്ടികളുടെ ഒപി ചുട്ടുപൊള്ളുന്ന ആസ്ബറ്റോസ് ഷീറ്റിന് കീഴിൽ മൂന്നാം നിലയിലാണ്. എൻഡോസൾഫാൻ മൂലവും അല്ലാതെയും അവശരായ അമ്മമാർ എൻഡോസൾഫാൻ ദുരിതരായ കുട്ടികളെയും ഒക്കത്തിരുത്തി മൂന്നാം നിലയിലേക്ക് കയറിപ്പോകണം. ചൂട് കൊള്ളണം. ലാബ് ടെസ്റ്റിനായി ലാബിലേക്ക് താഴ്പ്പോട്ട് ഇറങ്ങണം. വീണ്ടും മുകളിലോട്ട് റിപ്പോർട്ടുമായി പോവണം. ഇതെന്തൊരു കണ്ണിച്ചോര ഇല്ലാത്ത ഏർപ്പാട് ആണ് വകുപ്പ് മന്ത്രിയേ… നിങ്ങളും ഒരു സ്ത്രീ അല്ലേ…? ഒരു അമ്മ അല്ലേ…? മാറ്റണം., കുട്ടികളുടെ ഒപി താഴെ നിലയിലേക്ക് മാറ്റണം. അതിന് (മാറ്റലിന്) ഒരൊറ്റ മണിക്കൂറിന്റെ സർക്കാർ ഉത്തരവ് നടപടി ക്രമങ്ങളും ഇപ്പോൾ തന്നെ ഉണ്ടാവണം.’ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

കാസറഗോഡ് ജില്ലാ ആശുപത്രിയിൽ കൂടുതൽ ഓപ്പറേഷൻ തിയേറ്ററുകൾ, ലിഫ്റ്റ്, കുട്ടികളുടെ ഒപി താഴെ നിലയിലേക്ക് മാറ്റൽ എന്നിവ നടപ്പിലാക്കുന്നതിന് കേരള സർക്കാർ അടിയന്തിര പ്രാധാന്യത്തോടെ പുതിയ നടപടികൾ സ്വീകരിക്കണമെന്നും യുദ്ധകാല അടിസ്ഥാനത്തിൽ ഭരണ-സാമ്പത്തിക അനുമതികൾ ബഹുമാനപ്പെട്ട വകുപ്പ് മന്ത്രിയും മന്ത്രിസഭയും പാവപ്പെട്ട ജനങ്ങൾക്ക് ലഭ്യമാക്കണമെന്നും ആരോഗ്യ മേഖലയിൽ ജില്ലയുടെ പിന്നോക്കാവസ്ഥക്ക് പരിഹാരം ഉണ്ടാവണമെന്നും എയിംസിന് വേണ്ടി കാസറഗോഡ് ജില്ലയിൽ ഭൂമി അനുവദിക്കണമെന്നും എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയ്‌ക്ക് വേണ്ടി വൈസ് പ്രസിഡന്റുമാരായ ജമീല അഹമ്മദ്‌, ഫൈസൽ ചേരക്കാടത്ത്, ട്രഷറർ സലീം സന്ദേശം എന്നിവർ നേരിട്ട് നൽകിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

 

 

Back to Top