ഗാന്ധിയുഗത്തിന്റെ ഉദയം ഒരു ചരിത്രാന്വേഷണം. സുധാമേനോൻ സോഷ്യലിസ്റ്റ് യൂത്തിൽ എഴുതിയ ലേഖനം

Share

സോഷ്യലിസ്റ്റ് യൂത്ത് മാസികയിൽ സുധാ മേനോൻ എഴുതിയ ലേഖനം…

ഇന്ത്യൻ നാഷണൽ കോൺഗസ്സിനെ മഹത്തായ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റിയെടുത്തതും, വൈവിധ്യങ്ങളെ അതിലംഘിച്ച് നില്ക്കുന്ന ഒരു പാൻ ഇന്ത്യൻ ദേശീയതയുടെ പിറവിക്കും വളർച്ചയ്ക്കും കളമൊരുക്കിയതും മഹാത്മാഗാന്ധി എന്ന അനിതരസാധാരണനായ മനുഷ്യൻ ആയിരുന്നു എന്ന് എല്ലാവർക്കും അറിയാം.

പക്ഷെ, ദക്ഷിണാഫ്രിക്കയിൽ നിന്നും ഗാന്ധിജി ഇന്ത്യയിലേക്ക് തിരിച്ചു വന്ന നാളുകളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് താരതമ്യേന ദുർബലമായിരുന്നു. 1907ലെ പിളർപ്പിന്റെ ആഘാതം മറികടക്കാൻ കഴിയാതെ ആലസ്യത്തിലാണ്ടു കിടക്കുന്ന കോൺഗ്രസിനെ ആയിരുന്നു 1915 ജനുവരിയിൽ ഗാന്ധിജി ഇന്ത്യ യിൽ എത്തുമ്പോൾ കണ്ടത്. വരേണ്യരായ മധ്യവർഗങ്ങൾക്കിടയിൽ മാത്രം ഒതുങ്ങി നിന്ന ആ പ്രസ്ഥാനത്തെ ഇന്ത്യയിൽ ഉടനീളം വേരുകൾ ഉള്ള ഒരു സാമ്രാജ്യത്വവിരു പ്രസ്ഥാനമാക്കി മഹാത്മാഗാന്ധി മാറ്റിയെടുത്തത് എങ്ങനെയാണെന്ന് അധികമാർക്കും അറിയില്ല.

അതുകൊണ്ടുതന്നെ ഈ ലേഖനം മഹാത്മാഗാന്ധിയുടെ ആദ്യ കാല പ്രവർത്തനങ്ങളിലേക്കുള്ള ഒരു ചരിത്രാന്വേഷണമാണ്. 1907ൽ സൂററ്റിൽ വെച്ച് നടന്ന ചരിത്രപ്രധാനമായ പിളർപ്പിനു ശേഷം, പ്രമേയംപാസാക്കുന്നതിലും, വൈസ്രോയിക്ക് കത്ത് കൊടുക്കുന്നതിലും മാത്രം കോൺഗ്രസ് പ്രവർത്തനങ്ങൾ ഒതുങ്ങി നിന്ന കാലമായിരുന്നു അത്. നിരന്തരം കത്തുകൾ അയച്ചും, പെറ്റിഷൻ എഴുതിയും പ്രമേയം പാസ്സാക്കിയും ബ്രിട്ടീഷ് സർക്കാരിന്റെ മനോഭാവത്തിൽ മാറ്റം വരുത്താൻ നോക്കിയിട്ടും മാറി മാറി വരുന്ന വൈസ്രോയിമാർ ചെറുവിരൽ അനക്കിയില്ല എന്ന് മാത്രമല്ല എല്ലായ്പ്പോഴും അവർ പുച്ഛത്തോടെയും വെറുപ്പോടെയുമാണ് കോൺഗ്രസ്സിനെ കണ്ടത്. ഇതെല്ലാം, വളർന്നു വരുന്ന യുവതയുടെ ദേശീയബോധത്തിന് ഊർജ്ജം പകരാൻ കോൺഗ്രസ്സിനു കഴിയുന്നില്ല എന്നൊരു പൊതു ബോധം സൃഷ്ടിക്കാൻ ഇടയാക്കി.തീവ്രവാദികളും, ഭീകരവാദികളും ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉദയം ചെയ്തത് കോൺഗ്രസിന്റെ ഈ മെല്ലെപ്പോക്ക് നയം കാരണമായിരുന്നു. വരേണ്യവർഗ്ഗത്തിൽ നിന്നും സാധാരണ ഇന്ത്യക്കാരിലേക്ക് ദേശീയബോധം വ്യാപിപ്പിക്കാനും ഒരു പാൻ ഇന്ത്യൻ ജനകീയമുന്നേറ്റം നടത്താനും അന്നത്തെ നേതാക്കൾ വിമുഖരായിരുന്നു.

അന്നത്തെ തീവ്രവാദി നേതാക്കൾ ആയിരുന്ന ബാലഗംഗാധര തിലകനും, അരവിന്ദഘോഷും, ലാലാ ലജ്പത് റായിയും ആകട്ടെ, ദേശീയവികാരം ഉണർത്താൻ ശ്രമി ച്ചുവെങ്കിലും, അതിന് വേണ്ടി അവർ ഹൈന്ദവബിംബങ്ങൾ പരക്കെ ഉപയോഗിച്ചത് ദേശീയപ്രസ്ഥാനത്തിൽ നിന്നും മുസ്ലിങ്ങളെ അകറ്റി നിർത്തി. കോൺഗ്രസിലെ മിതവാദി നേതാവായ ഗോഖലെ ഇത്തരം സങ്കുചിതദേശീയതയുടെ വളർച്ചയിൽ അസ്വസ്ഥനായിരുന്നു. “എളുപ്പവഴി’യിലൂടെ സൃഷ്ടിക്കപ്പെടുന്ന വ്യാജദേശീയബോധം ഇന്ത്യയെന്ന ബഹുസ്വര രാഷ്ട്രത്തിനെ അപകടക രമായ വർഗീയധ്രുവീകരണത്തിലേക്ക് നയിക്കുമെന്ന ഉൾക്കാഴ്ച അന്ന് തന്നെ ഗോഖലേക്ക് ഉണ്ടായിരുന്നു. ഈ സങ്കുചിതസ്വഭാവം കാരണം, തീവ്രവാദി നേതാക്കൾക്ക് വിശാല മായ ദേശീയമുന്നേറ്റം ഉണ്ടാക്കാനോ, നിലനിർത്താനോ കഴിഞ്ഞില്ല. വാചാടോപത്തിനും ഹൈന്ദവ ദേശീയ വികാരം ഉയർത്തിവിടുന്നതിനും അപ്പുറം കോൺഗ്രസ്സിനു ഒരു ജനകീയ സ്വഭാവം നല്കുന്നതിൽ അവർ തീർത്തും പരാജയപ്പെട്ടു.

ചുരുക്കത്തിൽ, കോൺഗ്രസ്സിന്റെ പിളർപ്പും മൗനവും ഒരർത്ഥത്തിൽ രാഷ്ട്രീയ ഇന്ത്യക്കാരന്റെ മരണം കൂടിയായിരുന്നു. നിശബ്ദതയുടെ, ഒത്തുതീർപ്പിന്റെ, അലസതയുടെ രാഷ്ട്രീയത്തിലേക്ക് ഇന്ത്യ പെട്ടെന്ന് തന്നെ വീണുപോയി. 1912 ആയ പ്പോഴേക്കും സ്വദേശി പ്രസ്ഥാനകാലത്ത് കേട്ട വന്ദേമാതരധ്വനികളും, മുദ്രാവാക്യങ്ങളും, പ്രതീക്ഷകളും ഇന്ത്യൻ തെരുവുകളിൽ നിന്നും എന്നന്നേക്കുമായി മാഞ്ഞുപോയി. കപ്പിത്താനില്ലാതെ പെരുംകടലിൽ അകപ്പെട്ട കപ്പൽ പോലെ, ഇന്ത്യൻ നാഷണൽ കോൺഗ്ര സ് വീണ്ടും വീണ്ടും പ്രമേയങ്ങൾ പാസാക്കുകയും, ഒരു തീർഥാടനം പോലെ എല്ലാ വർഷവും മഞ്ഞുകാലത്ത് രാജ്യത്തിന്റെ പലയിടങ്ങളിൽ സമ്മേളനം നടത്തുകയും ചെയ്തു.ദേശീയപ്രസ്ഥാനത്തിന്റെ അകാലചരമത്തെ ഭയന്ന ഗോഖലെ, കടുത്ത പ്രമേഹരോഗത്താൽ വലയുന്ന സമയമായിരുന്നു അത്. കോൺഗ്രസിനെ നയിക്കാൻ തനിക്കു കഴിയില്ലെന്ന് തിരിച്ചറിവിൽ അദ്ദേഹം ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര തിരിച്ചു. ദക്ഷിണാഫ്രിക്കയിൽ ജനകീയസമരവും സത്യഗ്രഹവും നടത്തി പ്രശസ്തനായ മോഹന്ദാസ് കരം ചന്ദ് ഗാന്ധി എന്ന ഗുജറാത്തി ബാരിസ്റ്ററെ നേരിൽ കണ്ടു സംസാരിക്കാൻ ആയിരുന്നു ഗോഖലെ പോയത്. ദീർഘകാലമായി ഗോഖലെയുടെ സുഹൃത്തായിരുന്നു മോഹൻദാസ്. ഫിനിക്സ് സെറ്റിൽമെന്റ്, ടോൾസ്റ്റോയ് ഫാം തുടങ്ങിയ പരീക്ഷണങ്ങളിലൂടെയും, സിവിൽ നിയമലംഘന പ്രസ്ഥാനങ്ങളിലൂടെയും മോഹൻദാസ് കരംചന്ദ് ദക്ഷിണാഫ്രിക്കയിൽ അപ്പോഴേക്കും ഒരു വികാരമായിക്കഴിഞ്ഞിരുന്നു. ഇന്ത്യയിലെ ദേശീയ പ്രസ്ഥാനത്തിനെ ഒരു പുതിയ വഴിത്താരയിലേക്ക് നയിക്കാൻ മോഹൻദാസിന്റെ അനന്യമായ സംവേദനരീതികൾക്കും ചിന്തകൾക്കും കഴിയുമെന്ന് ഗോഖലേക്ക് ഉൾവിളി ഉണ്ടായി. അതുകൊണ്ടാണ് അദ്ദേഹം ദക്ഷിണാഫ്രിക്കയിലേക്ക് പോയതും തന്റെ ശിഷ്യനെ നേരിൽ കണ്ടതും.

കടുത്ത പ്രമേഹരോഗം മൂലം കടലാസ് വഞ്ചി പോലെയായി മാറിയ ശരീരവുമായി ഗാന്ധിക്കൊപ്പം ദക്ഷിണാഫ്രിക്കയിലെ വിദൂരഗ്രാമങ്ങളിൽ സംഘടിപ്പിച്ച യോഗങ്ങളിൽ പങ്കെടുത്ത ഗോഖലെ, മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ അസാധാരണമായ ജനപിന്തുണയിലും സത്യസന്ധതയിലും അമ്പരന്നു പോയി. ഇന്ത്യൻ ജനതയെ ഒരുമിച്ചു ചേർത്തു കൊണ്ട് സാമാജ്യത്വത്തിന് എതിരെ പോരാടാൻ അദ്ദേഹത്തിനു കഴിയുമെന്ന് ഗോ ഖലെ ഉറപ്പിച്ചു. ആദ്യം താല്പര്യം കാണിച്ചില്ലെങ്കിലും, ഗോഖലെയുടെ നിർബന്ധം മൂലം, ഒടുവിൽ ഇന്ത്യ യിലേക്ക് തിരികെ വരാമെന്ന ഉറപ്പ് ഗാന്ധിജിയിൽ നിന്നും കിട്ടി. ഗോഖലെ ആഹ്ലാദവാനായി. അദ്ദേഹം തിരികെ ഇന്ത്യയിൽ എത്തി, തന്റെ പ്രിയ ശിഷ്യനെ കാത്തിരുന്നു.

അങ്ങനെ 1915 ജനുവരി 9 ന് രാവിലെ ഗാന്ധിജി ബോംബെയിൽ കപ്പലിറങ്ങി, അന്ന് ബോംബെ തുറമുഖം അസാധാരണമായ വിധത്തിൽ ജനനിബിഡമായിരുന്നു. പത്രക്കാരും, ബഹുജനങ്ങളും, ഗുജറാത്തി വ്യാപാരികളും, അതിരാവിലെ മുതൽ അക്ഷമയോടെ കാത്തു നിന്നു. ഗാന്ധി പുറത്തിറങ്ങിയപ്പോൾ ജനക്കൂട്ടം ആർത്തിരമ്പി. ഒരു ഇന്ത്യൻ നേതാവിനും ലഭിക്കാത്ത സ്വീകരണമായിരുന്നു അന്ന് ബോംബെ കണ്ടത്. ദൂരെ കാത്തു നില്ക്കുന്ന കാറിന് അരികിൽ എത്തിയപ്പോഴേക്കും പൂമാലകൾക്കിടയിൽ അദ്ദേഹത്തിന്റെ മെലിഞ്ഞ രൂപം ഏതാണ്ട് മറഞ്ഞു കഴിഞ്ഞിരുന്നു. കാറിൽ കയറിയിട്ടും ജനക്കൂട്ടം കുറച്ചു നേരം അതിനു പിന്നാലെ ഓടിക്കൊണ്ടിരുന്നു. അത്രമേൽ പ്രതീക്ഷ ആയിരുന്നു ഗാന്ധിജി.

പക്ഷെ, ഗാന്ധിജി ഉടൻ രാഷ്ട്രീയത്തിൽ ഇറങ്ങിയില്ല. അദ്ദേഹത്തോട് ഗോഖലെ ഉപദേശിച്ചത് ഒരു വർഷം ഇന്ത്യ മുഴുവൻ സഞ്ചരിച്ച് ഇന്ത്യക്കാരോട് സംവദിച്ചശേഷം മാത്രം രാഷ്ട്രീയത്തിൽ സജീവമാകാൻ ആണ്. പിന്നീടുള്ള ഒരു വർഷം, ഗോഖലെയുടെ ഉപദേശപ്രകാരം ഇന്ത്യ മുഴുവൻ സഞ്ചരിച്ച്, ഈ സങ്കീർണ്ണമായ സാമൂഹ്യ ഘടനയും, സാംസ്കാരിക വൈവിധ്യങ്ങളും, രാഷ്ട്രീയഭൂമികയും ആഴത്തിൽ മനസിലാക്കാൻ ഗാന്ധിജി ശ്രമിച്ചു. രാജ്യത്തെ അറിയാതെ, രാഷ്ട്രീയത്തിൽ ഇറങ്ങരുതെന്ന ഗുരുവിന്റെ ഉപദേശം ശി ഷ്യൻ അനുസരിച്ചു.

കാശ്മീർ മുതൽ മദ്രാസ് വരെ യും, ധാക്ക മുതൽ പോർബന്തർ വരെയുമുള്ള ആ യാത്രയിൽ അദ്ദേഹം ഇന്ത്യയെ അറിഞ്ഞു. സ്വാതന്ത്യത്തിന്റെ അർത്ഥരതലങ്ങൾ അദ്ദേഹത്തിന് മുന്നിൽ അനാവൃതമായി. സ്വരാജ് എന്നാൽ മധ്യവർഗ വരേണ്യ ഇന്ത്യക്കാരന്റെ ദാർശനിക വ്യഥക്കപ്പുറം, ഇന്നാട്ടിലെ സാധുവായ കർഷകനും, തൊഴിലാളിയും തോട്ടിയും ഒക്കെ അനുഭവിക്കുന്ന നിരന്തര ചൂഷണങ്ങളിൽ നിന്നുള്ള മോചനം ആയിരിക്കണമെന്നു ഗാന്ധിജി ഉൾക്കൊണ്ടു. ഇന്ത്യയുടെ ഭാവി വിഭിന്ന മത വിഭാഗങ്ങളുടെ സദ്ഭാവനയിലും സഹജീവനത്തിലും അധിഷ്ടിതമാണെന്നും, അദ്ദേഹത്തിനു മനസിലായി. ഗാന്ധിജിയുടെ ഈ യാത്രക്കിടയിൽ അദ്ദേഹം ശാന്തിനികേതനിൽ താമസിക്കുമ്പോഴാണ്, രോഗാതുരനായ ഗോഖലെ ഈ ലോകത്തോട് വിട പറഞ്ഞത്. 1915 ഫെബ്രുവരി 19ന്. ഗാന്ധിജിയെ ഇന്ത്യയിൽ തിരികെ എത്തിക്കുക എന്ന ചരിത്ര ദൗത്യം പൂർത്തിയാക്കാൻ വേണ്ടി മാത്രം മരണം ഗോഖലെ തൊടാതെ കാത്തിരുന്നു എന്നത് വിസ്മയാവഹമാണ്.

ഗോഖലെയുടെ മരണശേഷം സർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ പ്രവർത്തനങ്ങളിൽ സജീവമാകാനും ഫിനിക്സ് സെറ്റിമെന്റ് മാതൃകയിൽ അഹമ്മദാബാദിൽ ഒരുആശ്രമം സ്ഥാപിക്കാനും ആയിരു ന്നു ഗാന്ധിജിയുടെ തീരുമാനം. ഒടുവിൽ, ഒരു വർഷം കഴിഞ്ഞ്

1916, ഫെബ്രുവരി മാസം നാലാം തിയതി, ബനാറസ് ഹിന്ദു സർവകലാശാലയുടെ ഉത്ഘാടനച്ചടങ്ങിൽ വെച്ച് ഗാന്ധിജി തന്റെ ആദ്യത്തെ പ്രസംഗം നടത്തി. വൈസ്രോയ് ഹാർഡിംഗ് ആയിരുന്നു വിശിഷ്ടാതിഥി. ആനീ ബസന്റും, മദൻ മോഹൻ മാളവ്യയും, സർകലാശാലയുടെ പ്രൊമോട്ടർമാരായ നാട്ടുരാജാക്കന്മാരും അടങ്ങിയ വൻ സദസ്സായി രുന്നു അത്. ഉത്ഘാടന പ്രസംഗം കഴിഞ്ഞ ഉടൻ വൈസ്രോയ് മടങ്ങിപ്പോയി. ഗാന്ധിജി പരുക്കൻ ഖാദിയിൽ തയ്ച്ച ധോത്തിയിലും കത്തിയവാഡി കുപ്പായത്തിലും തലപ്പാവിലും നിവർന്നു നിന്നു.

ഗാന്ധിയുടെ പ്രസംഗം കേട്ടുപഴകിയ വാക്കുകളുടെ അനുരണനങ്ങൾ അല്ലായിരുന്നു. ഒട്ടും നാടകീയമല്ലാത്ത ആ വാക്കുകളിൽ ശ്രോതാക്കൾ ആത്മാർഥതയും, സത്യസന്ധതയുടെ ലളിതഭംഗിയും കണ്ടു. സർവാഭരണവിഭൂഷിതനായി വേദിയിൽ ഇരിക്കുന്ന ധർഭംഗയിലെ രാജാവിനെ വിമർശിച്ചുകൊണ്ട് ഗാന്ധി പറഞ്ഞത് ആഭരണങ്ങളും ആഡംബരങ്ങളും ഒഴിവാക്കി സാധാരണമനുഷ്യന്റെ സ്വത്താണ് നമ്മൾ കൈകാര്യം ചെയുന്നതെന്ന ആത്മബോധം ഉണ്ടെങ്കിൽ മാത്രമേ ഇന്ത്യക്കാരന് യഥാർത്ഥ മോചനം കിട്ടുകയുള്ളൂ എന്നാണ്. കോൺഗ്രസ്സിന്റെ സ്വയം ഭരണ പ്രമേയങ്ങളെ വിമർശിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു: കടലാസ് താളുകളിൽ കൂടിയുള്ള പ്രവർത്തനം സ്വയം ഭരണം കൊണ്ടുവരില്ല. ജനങ്ങളും, വിദ്യാർഥികളും നേരിട്ട് എന്തെങ്കിലും ചെയുന്നതിലാണ് എനിക്ക് താല്പര്യം. കർഷകന്റെ അധ്വാനഫലം മുഴുവൻ കൊള്ളയടിച്ചു ചൂഷണം ചെയ്യപ്പെന്ന സാഹചര്യത്തിൽ എന്താണ് നിങ്ങൾ സ്വയം ഭരണം കൊണ്ട് അർത്ഥമാകുന്നത്?

സദസ്സിൽ ഇരുന്ന ജനം കോരിതരിച്ചു. തികച്ചും ഗ്രാമീണനായ, അവർക്ക് മനസിലാകുന്ന ഭാഷയിൽ, അവരോടു സംവദിച്ച ആദ്യത്തെ നേതാവായിരുന്നു അദ്ദേഹം.

പക്ഷെ, വേദിയിൽ ഇരുന്ന ആനിബസന്റ് പൊട്ടിത്തെറിച്ചു. അവർ ഗാന്ധിജിയോട് നിർത്താൻ ആവശ്യപ്പെട്ടു. അപമാനിതനായ ആൽവാ മഹാരാജാവ് യോഗം ബഹിഷ്ക്കരിച്ചു. “അയാൾക്ക് ഭ്രാന്താണ്’, ഇറങ്ങിപ്പോകുമ്പോൾ രാജാവ് പിറുപിറുത്തു.

ആനിബസന്റിന്റെ ആക്രോശങ്ങൾക്കിടയലും, ഇറങ്ങിപ്പോകുന്ന മഹാരാജാക്കന്മാരുടെ ആഭരണങ്ങളുടെ കലമ്പലിനിടയിലും നിർഭയനായി ഗാന്ധിജി തുടർന്നു കൊണ്ടേയിരുന്നു. “സ്വയംഭരണം, നിങ്ങളെ ഒരിക്കലും ഇങ്ങോട്ട് തേടിവരില്ല. സൗത്ത് ആഫ്രിക്കയിൽ ബോവറുകൾ ചെയ്തതുപോലെ നമ്മൾ തന്നെ അത് നേടിയെടുക്കണം.

ഇത്രയുമായപ്പോൾ, ആനിബസന്റ് ഗാന്ധിജിയോട് വേദിയിൽനിന്ന് ഇറങ്ങിപോകാൻ ആവശ്യപ്പെട്ടു. യോഗം പിരിച്ചുവിട്ടതായി ബ്രിട്ടിഷ് രാജിന്റെ ആശ്രിതനായ ധർഭഗ രാജാവ് അറിയിച്ചു. വിരലുകൾ വേദനിക്കും വരെ കൈയ്യടിച്ചുകൊണ്ട് സദസ്സ് ഗാന്ധിജിയോടൊപ്പം നിന്നു. രാഷ്ട്രപിതാവിലെക്കുള്ള യാത്രയിൽ ഗാന്ധിജിയുടെ പൊതുവേദിയിലെ ആദ്യത്തെ ലിട്മസ് ടെസ്റ്റ്, അങ്ങനെ ഗംഗയുടെ തീരത്ത് വെച്ച് നടന്നു. ഗാന്ധിജി പിന്നെ വെറുതെയിരുന്നില്ല. പൂനയിൽ, ഹരിദ്വാരിൽ, കറാച്ചിയിൽ, മദ്രാസിൽ… അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ തീ പടർത്തി. ഗോഖലെയുടെ ഒന്നാം ചരമവാർഷികം ആചരിക്കാൻ പൂനയിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് ജനങ്ങളെ നോക്കി ഗാന്ധിജി പറഞ്ഞു രാജ്യമെമ്പാടും ദേശസ്നേഹം തുടി ക്കുന്നുണ്ട്, പക്ഷെ അകാരണമായ ഭയം നമ്മുടെ ചക്രവാളങ്ങൾക്ക് മുകളിൽ പുതഞ്ഞു നില്ക്കുകയാണ്. ഗാന്ധിജിയോടൊപ്പം ഇന്ത്യയിൽ ഉദയം ചെയ്യാൻ തുടങ്ങിയത് ഒരു പുതിയ രാഷ്ട്രീയത്തിന്റെ കിരണങ്ങൾ കൂടിയായിരുന്നു. പങ്കാളിത്തം എന്ന വാക്കിനു ഗാന്ധിജി വിശാലമായ അർഥം നല്കി. കർഷകരും, തൊഴിലാളികളും, ഇന്ത്യയിലെ എല്ലാ വിഭാഗം സാധാരണമനുഷ്യരും സ്വരാജ് ഗൗരവത്തോടെ കാണണമെങ്കിൽ അവരുടെ പങ്കാളിത്തമുള്ള ഒരു മഹാപ്രസ്ഥാനമായി നമ്മൾ സ്വയം നവീകരിക്കണമെന്ന ആശയം ഇന്ത്യക്ക് പുതിയതായിരുന്നു ഡ്രോയിങ് റൂം    രാഷ്ട്രീയമായി മാത്രം അനന്തമായി തുടരേണ്ട ഒന്നല്ല ഇന്ത്യയുടെ സ്വരാജിലേക്കുള്ള പ്രയാണം എന്ന് ഗാന്ധിജി അസന്നിഗ്ധമായി പ്രഖ്യാപിച്ചു. ആരെയും കാത്തുനില്ക്കാതെ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സാമ്പ്രദായിക രീതികളെ ആശ്രയിക്കാതെ, ഗാന്ധിജി നേരിട്ട് ഇന്ത്യൻ മണ്ണിലേക്ക് ഇറങ്ങി. മനുഷ്യനിൽ അന്തർലീനമായ നന്മയിൽ അദ്ദേഹം വിശ്വസിച്ചു. ആ ഉദാത്തമായ ധാർമികബോധത്തെ, നീതി ബോധത്തെ ഉണർത്തി വിട്ടാൽ അത് പതുക്കെ പതുക്കെ രാജ്യം മുഴുവൻ നന്മയുടെ തീപ്പന്തമായിപടർന്നു പിടിച്ചുകൊള്ളും എന്ന് ഗാന്ധിജിക്ക് അറിയാമായിരുന്നു. ആ ഉണർവിന്റെ നിമിഷത്തിനായി അദ്ദേഹം കാത്തുനിന്നു. ഒടുവിൽ ചമ്പാരനിൽ നിന്നും ആ തിരി കത്തിക്കുന്നത് വരെ…..

1917-ൽ ആണ് ആദ്യത്തെ സമരത്തിൽ ഗാന്ധിജി ഇന്ത്യയിൽ പങ്കെടുത്തത്. ബീഹാറിലെ ചമ്പാരനിൽ കടുത്ത വേനലിൽ ആണ് ഗാന്ധിജി ബീഹാറിലെ ചമ്പാരനിൽ എത്തിയത്. രാമായണത്തിലെ നായികയായ സീതാദേവിയുടെ ജന്മഭൂമിയായ ചമ്പാരൻ മാമ്പഴങ്ങളുടെ പറുദീസയാണ്. കർഷകരുടെ താല്പര്യത്തിനു എതിരായി ഇൻഡിഗോ കൃഷി ചെയ്യാൻ യൂറോപ്യൻ പ്ലാന്റർമാരും കൊളോണിയൽ സ്റ്റേറ്റും നിർബന്ധിക്കുകയും, അതിനു വഴങ്ങാത്ത കർഷകരുടെ കൃഷിഭൂമി ബലമായി കണ്ടുകെട്ടുകയും ചെയ്യുന്ന സമയം. കർഷകർക്ക് ആവശ്യമുള്ള ഭക്ഷ്യവിളകൾ കൃഷി ചെയ്യാൻ സമ്മതിക്കാതെയാണ് നീലം കൃഷി ചെയ്യാൻ അവരിൽ സമ്മർദ്ദം ചെലുത്തുന്നത്. കൃഷി ചെയ്യുന്ന ഇരുപത് കഡിയ (ഒരേക്കർ) ഭൂമിയിൽ മൂന്നു കഡിയ എങ്കിലും ജന്മിയ്ക്കുവേണ്ടി നീലമോ മറ്റു നാണ്യവിളകളോ കൃഷിചെയ്ത വിളവെടുത്തുകൊടുക്കൻ നിയമമുണ്ടായിരുന്നു, തീൻ കഡിയ എന്ന റിയപ്പെട്ട ഈ നിയമം നീതിരഹിതവും ക്രൂരവും ആയിരുന്നു. 1914ൽകിഴക്കൻ ചമ്പാരണിലെ പിപ്രായിലും, 1916ൽ തുർകൗളിയായിലും കർഷകർ പ്രതിഷേധം ഉയർത്തിയെങ്കിലും ശക്തനായ നേതാവും, രാഷ്ട്രീയ പിന്തുണയും ഇല്ലാത്തത് കൊണ്ട് സമരം വളരെ പെട്ടെന്നു ബ്രിട്ടിഷുകാർ അടിച്ചമർത്തി .

രാജ്കുമാർ ശുക്ല എന്ന പ്രാദേശികനേതാവാണ് ആദ്യമായി ഗാന്ധിജിയെ ചമ്പാരനുമായി ബന്ധപ്പെടുത്തുന്നത്. 1916ലെ ലക്നോ കോൺഗ്രസ് സമ്മേളനത്തിൽ എത്തിയ ശുക്ല, ആദ്യം സമീപിച്ചത് തിലകനെ ആയിരുന്നു. തിലകൻ, പക്ഷെ, ഹോം റൂളിന്റെ തിരക്കിൽ ആയതിനാൽ ശുക്ലയുടെ ആവശ്യങ്ങൾ പരിഗണിച്ചില്ല. മദന്മോഹൻ മാളവ്യയും ശുക്ലയുടെ ആവശ്യം തിരസ്കരിച്ചു. പിന്നീട് ഗാന്ധിജിയെ കണ്ട് ശുക്ല അദ്ദേഹത്തിലെ കാലിൽ സാഷ്ടാംഗം പ്രണമിച്ചു കൊണ്ടാണ് ചമ്പാരൻ സന്ദർശിക്കണമെന്ന് അഭ്യർത്ഥിച്ചത്. പക്ഷെ,ഗാന്ധിജി വിസമ്മതിച്ചു. അവിടുന്ന് കാൻപൂരിലേക്ക് പോയ ഗാന്ധിജിയെ പിന്തുടർന്നു കൊണ്ട് ശുക്ല അവിടെയുമെത്തി. തന്റെ അപേക്ഷ ആവർത്തിച്ചു. പിന്നീട് ഒരിക്കൽ വരാമെന്ന് സമ്മതിച്ച ഗാന്ധി ഒടുവിൽ അഹമ്മദാബാദിലെ ആശ്രമത്തിൽ എത്തിയപ്പോഴേക്കും, സർവവ്യാപിയായ രാജ്കുമാർ ശുക്ല അവിടെ കാത്തിരിപ്പുണ്ടായിരുന്നു. ഒഴിഞ്ഞുമാറാൻ അവസരമില്ലാതെ ഒടുവിൽ ഏപ്രിൽ മാസം ബീഹാറിൽ വരാമെന്ന് ഗാന്ധിജിക്ക് സമ്മതിക്കേണ്ടി വന്നു. സമാധാനത്തോടെ ശുക്ല തിരിച്ചു പോയി.

തുടർന്ന് ഗാന്ധിജി ആറാഴ്ചയോളം ചമ്പാരനിലെ കർഷകർക്ക് ഒപ്പം താമസിക്കുകയും, അവരിൽ നിന്നും യഥാർത്ഥ വസ്തുതകൾ മനസിലാക്കുകയും ചെയ്തു. അങ്ങനെ കോൺഗ്രസിലെ വളണ്ടിയർ മാതൃകയുടെ ബാലപാഠങ്ങൾക്ക് അദ്ദേഹം അമോൽവയിലും, കിഴക്കൻ ചമ്പാരനിലെ ഗ്രാമങ്ങളിലും വിത്തിട്ടു മുളപ്പിച്ചു. കർഷകർക്ക് ഒപ്പം മോത്തി ഹാരിയിലും ചമ്പാരനിലും ജീവിച്ച ആ ഒന്നരമാസം ആയിരുന്നു ഗാന്ധിജി ഇന്ത്യയുടെ രാഷ്ട്രപിതാവായി, ദേശിയ പ്രസ്ഥാനത്തിന്റെ ആത്മാവായി മാറുന്നതിനുള്ള ആദ്യചുവ ടുവെപ്പുകൾ നടത്തിയത്. ജെ ബി കൃപലാനിയും, രാജേന്ദ്രപ്രസാദും ഗാന്ധിജിയോടൊപ്പം ചേർന്നതും അവിടെ വച്ചായിരുന്നു. ചമ്പാരൻ വിടാനുള്ള ബ്രിട്ടീഷ് പോലീസിന്റെ താക്കീതു തള്ളിക്കളഞ്ഞ് സമരം തുടങ്ങിയതോടെയാണ് ഗാന്ധിജി ഒരു പാൻ ഇന്ത്യൻ നേതാവായത്. ഒടുവിൽ ആ കർഷകസമരം വിജയിക്കുകയും, ആദ്യമായി കൊളോണിയൽ ഭരണകൂടത്തിനു ജനങ്ങളുടെ സമരവീര്യത്തിനു മുന്നിൽ അടിയറവ് പറയേണ്ടി വരികയും ചെയ്തു.

ഗാന്ധിജിയുടെ സ്വന്തം നാടായ ഗുജറാത്തിലും അതിന്റെ അനുരണ നങ്ങൾ ഉണ്ടായി. വല്ലഭായി പട്ടേലും, മഹാദേവദേശായിയും, നരഹരി പരേഖും, അടങ്ങുന്ന പ്രഗല്ഭരായ വക്കീലന്മാർ തങ്ങളുടെ തൊഴിൽ ഉപേക്ഷിച്ചുകൊണ്ടാണ് ഗാന്ധിജിക്ക് ഒപ്പം ദേശിയ പ്രസ്ഥാനത്തിലേക്ക് ഇറങ്ങിയത്. തുടർന്ന്, കൃഷിനാശവും പ്ലേഗ് രോഗപ്പകർച്ചയും കാരണം ഉയർന്ന നികുതി അടയ്ക്കാൻ സാധിക്കാതിരുന്ന കർഷകരെ സംഘടിപ്പിച്ചുകൊണ്ട് ഗാന്ധിജിയും, പട്ടേലും, ആനന്ദിന് അടുത്തുള്ള ഖേഡയിൽ സത്യാഗ്രഹസമരം നടത്തി, കൃഷിഭൂമിയും സ്വത്തും കണ്ടുകെട്ടുമെന്ന ഭീഷണിക്ക് മുന്നിലും പതറാതെ ഖേഡയിലെ കർഷകർ സമരം തുടർന്നു. ഒടുവിൽ, നികുതി വർധനവിന്റെ നിരക്ക് കുറയ്ക്കാനും കണ്ടുകെട്ടിയ കൃഷിഭൂമികൾ തിരിച്ചുനൽകാനും നിരുപാധികം സമ്മതിക്കേണ്ടി വന്നു, ഭരണകൂടത്തിന്. ഈ കർ ഷകസമരങ്ങളുടെ വിജയങ്ങളുടെ തുടർച്ച ആയിരുന്നു, 1918ൽ നടന്ന അഹമ്മദാബാദിലെ മിൽ തൊഴിലാളികളുടെ സമരം.

അങ്ങനെ കർഷകരിൽ നിന്നും, തൊഴിലാളികളിലേക്കും അതിൽ നിന്നും കുറെക്കൂടി വിശാലമായ ഇന്ത്യയുടെ ക്യാൻവാസിലേക്കും ഗാന്ധിജി പതുക്കെ ഇറങ്ങി ചെല്ലുകയായിരുന്നു..

ചുരുക്കത്തിൽ, മഹത്തായ രണ്ടു കർഷകസമരങ്ങളും അത് നയിച്ച ഗാന്ധിജിയും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ വഴി പതുക്കെ സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലെ മനുഷ്യരുടെ പ്രശ്നങ്ങളിലേക്ക് തിരിച്ചുവിട്ടു. ബീഹാറിലെയും ഗുജറാത്തിലെയും കർഷകർ ഊതി ഊതി തെളിയിച്ച ഒരു തീപ്പൊരിയിൽ നിന്നും ആയിരുന്നു മഹാത്മാഗാന്ധിയെന്ന അനിതരസാധാരണനായ മനുഷ്യൻ ഇന്ത്യയാകെ സമരത്തിന്റെ ദീപശിഖകൾ തെളിയിച്ചത്.

മറ്റു നേതാക്കളിൽ നിന്ന് വ്യത്യസ്തമായി, ഗാന്ധിജി, സമൂഹത്തെ ആകമാനം പിടിച്ചുകുലുക്കുന്ന പ്രചണ്ഡതയോടെ ഒറ്റപ്പെട്ടുനില്ക്കുന്നത് അത്ഭുതത്തോടെ ജനങ്ങൾ കണ്ടു. അദ്ദേഹത്തിന്റെ കാല്പ്പാടുകൾ പതിച്ച ഇടങ്ങളിലെല്ലാം, മനുഷ്യജീവിതം അനിയതമായി സ്പന്ദിക്കുകയും, അവരുടെ ലോകം എന്നന്നേക്കുമായി മാറുകയും ചെയ്തു. ആദർശത്തിലെ വെണ്മ കൊണ്ട് ഗാന്ധിജി, കോൺഗ്രസ് പ്രവർത്തകരുടെ യൗവനത്തെ പൊതിഞ്ഞു. കോൺഗ്രസ് സമ്മേളന നഗരികളിൽ കണ്ടുമുട്ടിയ ടൈയും, കോട്ടും, ഷേർവാണിയും അണിഞ്ഞ മനുഷ്യരിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത അപൂർവമായൊരു സത്യസന്ധതയുടെ ലളിതഭംഗി കൃശഗാത്രനായ ആ മനുഷ്യനിൽ ഇന്ത്യക്കാർ കണ്ടു. പുഴ അനാദിയായ കടലിലേക്ക് എന്നപോലെ, ചെമ്മരിയാടുകൾ ഇടയന്റെ സംഗീതത്തിലേക്ക് എന്നപോലെ ഇന്ത്യൻ ജനത ഗാന്ധിയെന്ന പ്രതിഭാസത്തിലേക്ക് തിരിച്ചുവരവില്ലാത്തവിധം ഒഴുകിപ്പോവുകയായിരന്നു

അതോടെ ഇന്ത്യൻ ദേശിയപ്രസ്ഥാനത്തിന്റെ അനിഷേധ്യനേതാവായി ഗാന്ധിജി ഉദിച്ചുയർന്നു.

 

Back to Top