കാസര്‍കോട് കൊട്ടോടിയില്‍ ക്നാനായ സഭാ വിവാഹം ആചാര തര്‍ക്കത്തിലേക്ക്

കാസര്‍കോട്: കാസര്‍കോട് കൊട്ടോടിയില്‍ ക്നാനായ സഭാ വിവാഹ ആചാര തര്‍ക്കം. ഇതര സഭാ വിവാഹത്തിന് അനുമതി നിഷേധിച്ചു.
കോടതി വിധിക്ക് ശേഷം നിശ്ചയിച്ച വിവാഹത്തിന് അനുമതി നിഷേധിച്ചതോടെ വരനും വധുവും പള്ളിക്ക് പുറത്ത് വച്ച് പ്രതീകാത്മകമായി മാലയിട്ടു.
ക്നാനായ സഭാ അംഗം ജസ്റ്റിന്‍ ജോണും സീറോ മലബാര്‍ സഭയിലെ വിജിമോളും തമ്മിലുള്ള വിവാഹമാണ് ഇന്ന് നടക്കേണ്ടിയിരുന്നത്. ക്നാനായ സഭാംഗത്വം നിലനിര്‍ത്തി മറ്റൊരു സഭയില്‍ നിന്ന് വിവാഹം കഴിക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു.ഇതോടെ പള്ളിയില്‍ വച്ച് ഇവരുടെ ഒത്തുകല്യാണം നടന്നു. എന്നാല്‍ ഇന്നത്തെ കല്യാണത്തിന് പള്ളിയില്‍ നിന്ന് നല്‍കേണ്ട അനുമതി കുറി നല്‍കാന്‍ വികാരി തയ്യാറായില്ല. ഇതോടെ കല്യാണം മുടങ്ങി, പ്രതിഷേധമായി. ഒടുവില്‍ വധുവിന്‍റെ പള്ളി മുറ്റത്തെത്തി പരസ്പരം മാല ചാര്‍ത്തി ജസ്റ്റിനും വിജിമോളും വിവാഹ പ്രഖ്യാപനം നടത്തി. നിലവിലെ കോടതി വിധിയില്‍ ആചാരത്തില്‍ മാറ്റം വരുത്തണമെന്ന് നിര്‍ദേശമില്ലെന്നാണ് ക്നാനായ സഭയുടെ വിശദീകരണം.