കലോത്സവത്തിന് സസ്യാഹാരവും മാംസാഹാരവും വിളമ്പുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി..

കോഴിക്കോട് : അടുത്തവര്‍ഷം മുതല്‍ കലോത്സവ മാന്വല്‍ പരിഷ്‌ക്കരിക്കുമെന്നും കലോത്സവത്തിന് സസ്യാഹാരവും മാംസാഹാരവും വിളമ്പുമെന്നും മന്ത്രി വി.ശിവന്‍കുട്ടി..
കലോത്സവത്തിന് സ്ഥിരമായി സസ്യാഹാരം മാത്രം വിളമ്പുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇത്രയും ആളുകള്‍ പങ്കെടുക്കുന്ന സ്ഥലത്ത് മാംസാഹാരം നല്‍കാന്‍ ഉള്ള പ്രയാസം കണക്കില്‍ എടുത്താണ് അത്തരം കാര്യങ്ങള്‍ ചെയ്യാത്തത്. വിവാദങ്ങള്‍ ഉണ്ടാക്കാന്‍ സർക്കാർ താല്പര്യ പെടുന്നില്ല. രണ്ടുതരം ഭക്ഷണ ശീലം ഉള്ളവരും ഉണ്ടാകും. എല്ലാവരെയും പരിഗണിച്ചു ഭക്ഷണം വിളമ്പുമെന്നും മന്ത്രി പറഞ്ഞു
15000 കുട്ടികൾ എന്നത് ഒരു വലിയ സംഖ്യ ആണ് ഭക്ഷണം വിളമ്പാൻ സർക്കാരിന് ബുദ്ധിമുട്ടില്ല. വീട്ടിൽ നിന്നും മാറി നിന്ന് ഇത്തരം ഭക്ഷണം കഴിക്കുമ്പോൾ എന്തെങ്കിലും പ്രശ്നം ഉണ്ടായാലോ എന്ന ആശങ്ക മാത്രമേ ഉണ്ടായിരുന്നുള്ളു. അടുത്ത വർഷം ഇക്കാര്യം നേരത്തെ തന്നെ കുട്ടികളെയും മാതാപിതാക്കളെയും അറിയിച്ച് കൃത്യമായ എണ്ണം കണക്കാക്കി രണ്ടുതരം ഭക്ഷണവും വിളമ്പുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. കഴിഞ്ഞ അറുപതുവർഷമായി പിന്തുടരുന്ന രീതിക്കാണ് സർക്കാർ മാറ്റം വരുത്തുന്നത്.
കഴിക്കുന്നത് കുട്ടികളായത് കൊണ്ട് നോണ്‍വെജ് കൊടുത്തതിന്റെ പേരില്‍ ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടായാലോ എന്നൊരു ആശങ്ക മാത്രമാണുള്ളതെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് എത്തിയ കുട്ടികള്‍ക്ക് ബിരിയാണി കൊടുക്കണം എന്നായിരുന്നു ആഗ്രഹം. താന്‍ അത് ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. 60 വര്‍ഷം ഇല്ലാത്ത ബ്രാഹ്മണ മേധാവിത്വം ഇപ്പൊ ആണോ കാണുന്നതെന്നും കലോത്സവ ഭക്ഷണ വിവാദത്തോട് പ്രതികരിച്ചുകൊണ്ട് മന്ത്രി ചോദിച്ചു.ഒരു വിവാദവും ഇല്ലാത്തപ്പോള്‍ എന്തെങ്കിലും ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. പറയുന്നതെല്ലാം ശുദ്ധ അബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലോത്സവത്തില്‍ മാംസാഹാരം ഇല്ലാത്തതിന്റെ പേരില്‍ പ്രമുഖര്‍ അടക്കം കഴിഞ്ഞ ദിവസം വിമര്‍ശനം ഉന്നയിച്ചിരുന്നു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പാചകത്തിന്റെ ചുമതലയുള്ള പഴയിടം മോഹനന്‍ നമ്പൂതിരിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ ആക്രമണമാണ് നടന്നത്. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.