ബേക്കല്‍ ബീച്ച് ഫെസ്റ്റിനെത്തുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

കാഞ്ഞങ്ങാട് : ബേക്കല്‍ ബീച്ച് ഫെസ്റ്റിനെത്തുന്നവരുടെ സുരക്ഷ കണക്കിലെടുത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയതായി ബിആര്‍ഡിസി എം.ഡി പി.ഷിജിന്‍ പറഞ്ഞു. അപകടങ്ങള്‍ ഒഴിവാക്കാന്‍ കൂടുതല്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. ബേക്കല്‍ പാലത്തിന് സമീപത്തെ ബസ് സ്റ്റോപില്‍ ഇറങ്ങി വരുന്ന ആളുകള്‍ റെയില്‍പാളം മുറിച്ചുകടക്കുന്ന സ്ഥലത്ത് ലൈറ്റില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ രാത്രി തന്നെ കൂടുതല്‍ വെളിച്ചം ക്രമീകരിച്ചിരുന്നു. പാളത്തിന്റെ ഇരു ഭാഗത്തും രണ്ട് വീതം പോലീസുകാരെ ഫെസ്റ്റിന്റെ മഴുവന്‍ സമയത്തും ഡ്യൂടിക്ക് നിയോഗിച്ചിട്ടുണ്ടെന്ന് ബേക്കല്‍ ഇന്‍സ്‌പെകടര്‍ യു.പി വിപിന്‍ പറഞ്ഞു. ട്രെയിന്‍ വരുമ്പോള്‍ പാളം മുറിച്ചു കടക്കുന്നത് അപകടത്തിന് ഇടയാക്കുമെന്നതുകൊണ്ടാണ് കൂടുതല്‍ സുരക്ഷാ സന്നാഹം ഏര്‍പ്പെടുത്തിയത്. ടോയിലറ്റിന്റെ അപര്യാപ്തത പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നാല് ടോയിലറ്റ് കോംപ്ലക്‌സ് ബീച്ച് പാര്‍ക്കില്‍ നിലവിലുണ്ട്. ഇത് കൂടാതെ താല്‍കാലികമായുള്ള 15 ബോക്‌സ് ടോയിലറ്റുകളും ഫെസ്റ്റിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. ശുചിത്വമിഷന്റെ 20 ടോയിലറ്റുകളും തിങ്കളാഴ്ചയോടെ ഏര്‍പ്പെടുത്തും. ഇത് കൂടാതെ ഒരു കോടി രൂപ ചിലവഴിച്ച് പണികഴിപ്പിച്ച ഇന്റര്‍നാഷണല്‍ ടോയിലറ്റ് ഉദ്ഘാടനം ചെയ്ത് തിങ്കളാഴ്ച വൈകിട്ടോടെ തന്നെ തുറന്നുകൊടുക്കും. രണ്ട് ദിവസം മുമ്പ് ടോയിലറ്റ് തുറന്നു കൊടുത്തിരുന്നെങ്കിലും ഇതിന്റെ വാതില്‍ തകര്‍ത്തതിനാല്‍ അടച്ചിട്ടിരുന്നു. ഇതിന്റെ പരിപാലനവും മേല്‍നോട്ടവും അടക്കം ഏര്‍പ്പെടുത്തിയാണ് ഇന്റര്‍നാഷണല്‍ ടോയിലറ്റ് തുറന്നുകൊടുക്കുന്നത്. ടോയിലറ്റുകള്‍ ശുചിത്വത്ത്വത്തോടെ നിലനിര്‍ത്തുന്നതിനായി ഹരിതകര്‍മസേനയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 25 ടോയ്ലറ്റുകള്‍ അടങ്ങുന്ന ഇന്റര്‍നാഷണല്‍ ടോയ്ലറ്റില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അംഗപരിമിതര്‍ക്കും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ടോയ്ലറ്റ് കുറവാണെന്ന പരാതിക്ക് ഇതോടെ പരിഹാരമാകുമെന്നും ബിആര്‍ഡിസി എം.ഡി ചൂണ്ടിക്കാട്ടി. പ്രധാന കവാടത്തിന് സമീപമാണ് ഈ ടോയിലറ്റുകള്‍ സജ്ജമാക്കിയിട്ടുള്ളത്. ഇത് കൂടാതെ റെഡ്മൂണ്‍ ബീചിലും കെടിഡിസിയുടെ കോടേജിലും റൈഡുകള്‍ക്ക് സമീപവും ടോയിലറ്റുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ടോയിലറ്റ് ഉപയോഗിക്കുന്നവരില്‍ നിന്നും മിതമായ നിരക്ക് ഈടാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനിടെ കഴിഞ്ഞ ദിവസം കടലില്‍ കുളിക്കാനിറങ്ങിയ കാസര്‍ഗോഡ് സ്വദേശിയായ 22 കാരനെ സ്പീഡ് ബോട്ടുകാരും ലൈഫ്ഗാര്‍ഡും ചേര്‍ന്ന് രക്ഷപ്പെടുത്തി, കാസര്‍ഗോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കടല്‍ തീരത്ത് ഉണ്ടാകുന്ന അപകടങ്ങള്‍ തടയാന്‍ പയ്യന്നൂരില്‍ നിന്നും 12 പേരടങ്ങുന്ന സിവില്‍ ഡിഫന്‍സിന്റെ സ്വിമിങ് റെസ്‌ക്യൂ ടീമെത്തുന്നതായി ബിആര്‍ഡിസി എം.ഡി അറിയിച്ചു. പോലീസിന്റെ മികച്ച പ്രവര്‍ത്തനം കാരണമാണ് ഒരു ലക്ഷത്തിലധികം പേര്‍ എത്തിയിട്ടും യാതൊരു പ്രശ്‌നവുമില്ലാതെ ഫെസ്റ്റിന്റെ പ്രവര്‍ത്തനം സുഖമമായി മുന്നോട്ട് പോയത്. ഫെസ്റ്റിന് അകത്ത് തന്നെ പോലീസ് സ്റ്റേഷനും ലോക്കപ്പും വരെ തയ്യാറാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും വന്‍ ജനസമുദ്രം തന്നെ ബേക്കലിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുവത്സരാഘോഷത്തിന്റെ തലേ ദിവസവും വലിയ ജനക്കൂട്ടത്തെ പ്രതീക്ഷിക്കുന്നുണ്ട്. ഫുഡ്‌കോര്‍ട്ടിലെ ഭക്ഷണങ്ങളുടെ നിലവാരം ഉറപ്പുവരുത്തുന്നതിനായി ഫുഡ്‌സേഫ്റ്റി ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പും രംഗത്തുണ്ട്.