മുഖ്യപ്രാണ ക്ഷേത്ര സന്നിധിയിയെ സ്വരമധുര മുഖരിതമാക്കി ശ്രീനിധി ഭട്ട് സമർപ്പിച്ച സംഗീത സമർപ്പണം ശ്രദ്ധേയമായി

Share

കാഞ്ഞങ്ങാട്:യുവ ഗായികയും കർണ്ണാടക സംഗീതജ്ഞയുമായ രാജപുരം പൂടുംങ്കലിലെ ശ്രീനിധി ഭട്ട് ശ്രീരാമനവമി നാളിൽ ബേക്കലം ശ്രീ മുഖ്യപ്രാണ ക്ഷേത്രത്തിൽ അവതരിപ്പിച്ച സംഗീത കച്ചേരി ഏറെ ശ്രദ്ധേയമായി. ശ്രീരാമ സ്തുതികളുടെ രാഗവിസ്താരവും ആലാപന മധുരവും ആസ്വാദക സദസിന് ശ്രവണ പുണ്യമായി.

മോഹന കല്യാണി രാഗത്തിലുള്ള ലാൽഗുഡിയുടെ പ്രസിദ്ധമായ” വല്ലഭൈനായക ” എന്ന വർണ്ണത്തോടെ ആരംഭിച്ച കച്ചേരിയിൽ സിംഹേന്ദ്രമധ്യമം രാഗത്തിൽ ആലപിച്ച “നിന്ന നമിതേനയ്യ ശ്രീരാമ ” എന്ന കീർത്തനവും രാമകീർത്തനങ്ങളും ആഞ്ജനേയ സ്തുതികളും സദസിനെ വിസ്മയിപ്പിച്ചു. ആനന്ദകൃഷ്ണ കോഴിക്കോട് വയലിനിലും, വെള്ളിനേഴി രമേശ് പാലക്കാട് മൃദംഗത്തിലും വിസ്മയം തീർത്തു. ഇതിനോടകം നിരവധി വേദികളിലും

സ്കൂൾ – ജില്ല – സംസ്ഥാന കലോൽസവങ്ങളിലും മിന്നുന്ന വിജയം കരസ്ഥമാക്കി തൻ്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീനിധി സംഗീതജ്ഞ ഡോ:രൂപാസരസ്വതിയുടെ മകളാണ്. അച്ചൻ ഗണേഷ് ഭട്ട് നൈജീരിയയിൽ ഓഡിറ്ററായി സേവനമനുഷ്ഠിച്ചു വരുന്നു.

തങ്ങളുടെ കുടുംബക്ഷേത്രവും കൂടിയായ ബേക്കലം ശ്രീ മുഖ്യപ്രാണ ക്ഷേത്രത്തിൽ നടന്ന് വരുന്ന ബ്രഹ്മകലശത്തിൽ പങ്കെടുക്കാനെത്തിയ വിശ്വാസികൾ ഉൾപ്പെടെ നിരവധി ആളുകൾ സംഗീത കച്ചേരിയിൽ പങ്കാളികളായി.ക്ഷേത്ര ട്രസ്റ്റി എച്ച് മഞ്ജുനാഥ ഭട്ട് പ്രസാദം നൽകി പൊന്നാട അണിയിച്ച് ശ്രീനിധിയെ ആദരിച്ചു.

 

Back to Top