തോക്കാനം താനത്തിങ്കാൽ ദേവസ്ഥാനത്ത് വയനാട്ടുകുലവൻ തെയ്യംകെട്ടിന് കൂവം അളന്നു   

Share

ഏപ്രിൽ 5 മുതൽ 7 വരെയാണ്‌ ഇവിടെ തെയ്യംകെട്ടുത്സവം

പാലക്കുന്ന് : കീക്കാനം കുന്നത്ത് കോതോർമ്പൻ തറവാട് തോക്കാനം-താനത്തിങ്കാൽ ദേവസ്ഥാനത്ത് ഏപ്രിൽ 5 മുതൽ 7 വരെ നടക്കുന്ന വയനാട്ടുകുലവൻ തെയ്യംകെട്ടിന് മുന്നോടിയായി ഇന്നലെ(26) രാത്രി കൂവം അളന്നു. കുണ്ടംകുഴി പഞ്ചലിംഗേശ്വര, തൃക്കണ്ണാട് ത്രയംബകേശ്വര, ചന്ദ്രഗിരി ശാസ്താ , പനയാൽ മഹാലിംഗേശ്വര ക്ഷേത്രങ്ങളിലേക്കും കോട്ടപ്പാറ വയനാട്ടുകുലവൻ ദേവസ്ഥാനത്തേക്കും 21 ഇടങ്ങഴി വീതവും, കരിപ്പോടി ശാസ്താ , അരവത്ത് സുബ്രഹ്മണ്യസ്വാമി, പാക്കത്തപ്പൻ മഹാദേവ, പാക്കം മഹാവിഷ്ണു, മഡിയൻ കൂലോം, ഉദിനൂർ ക്ഷേത്ര പാലക, ആലക്കോട് മഹാവിഷ്ണു, ദേവൻപൊടിച്ചപാറ അർധനാരീശ്വര, പെരിയോക്കി ഗൗരി ശങ്കര, കൂടാനം മണിയന്തട്ട മഹാവിഷ്ണു, ശ്യാമളമണ്ഡപം ദുർഗാപരമേശ്വരി, കല്ല്യോട്ട് ഭഗവതി, അച്ചേരി മഹാവിഷ്ണു, പുല്ലൂർ വിഷ്ണുമൂർത്തി, തിരുവക്കോളി പാർഥസാരഥി ക്ഷേത്രങ്ങളിലേക്ക് 11

 ഇടങ്ങഴിയും വീതമാണ് കൂവം അളന്നത്. അനുബന്ധ ചടങ്ങുകൾക്ക് ശേഷം തറവാട് തിരുമുറ്റത്ത് കൂട്ടിവെക്കുന്ന നെല്ലിൻ കൂമ്പാരത്തിൽ നിന്ന് അളന്ന് പ്രത്യേക ചാക്കുകളിൽ കെട്ടിവെക്കുന്നതാണ് രീതി. തെയ്യംകെട്ട് നടക്കും മുൻപേ ഇവ അതത് ഇടങ്ങളിൽ എത്തിച്ചിരിക്കണമെന്നാണ് ചട്ടം. നിത്യപൂജ സമ്പ്രദായങ്ങൾ ഇല്ലാത്ത ക്ഷേത്രങ്ങളും തറവാടുകളും അടക്കം 29 ഇടങ്ങളിലേക്ക് ദീപത്തിന് എണ്ണയും നൽകും. തെയ്യംകെട്ട് ചടങ്ങുകൾക്കായി 6 പറവീതം പച്ചരിയും പുഴുങ്ങലരിയും 2 കൈവീതിനായി 21 ഇടങ്ങഴി വീതവും അളന്നുമാറ്റി.

തറവാടുകളിൽ വലിയൊരു ഉത്സവം നടക്കുമ്പോൾ സമീപത്തെ ക്ഷേത്രങ്ങളിലെ ദേവത സങ്കൽപ്പങ്ങളെ മറന്നുപോകരുതെന്ന ഓർമപ്പെടുത്തൽ കൂടിയാണ് കൂവം അളക്കൽ എന്നാണ് പഴമൊഴി. വെളിച്ചപ്പാടാന്മാരുടെയും പാലക്കുന്ന് ക്ഷേത്ര ആചാര സ്ഥാനികരുടെയും മേൽനോട്ടത്തിൽ നടന്ന ചടങ്ങിന് ക്ഷേത്ര ഭരണസമിതി , തെയ്യംകെട്ട് ആഘോഷ കമ്മിറ്റി, തറവാട്, പ്രാദേശിക സമിതി ഭാരവാഹികൾ നേതൃത്വം നൽകി. ചൂട്ടൊപ്പിക്കൽ ചടങ്ങിന് നിയുക്തനായ പട്രച്ചാൽ നാരായണനാണ് കൂവം അളന്നത്.ചടങ്ങിന്റെ ഭാഗമായി ആയിരത്തിൽ പരം ഭക്തർക്ക് ഭക്ഷണം വിളമ്പി.

അര നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷമാണ് ഇവിടെ തെയ്യംകെട്ട് ഉത്സവം നടക്കുന്നത്.

Back to Top