റാണിപുരം റോഡുകള്‍ നവീകരിച്ചു;

Share

റാണിപുരം:
കാസർഗോഡ് ജില്ലയിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്
റാണിപുരം. അതിമനോഹരമായ പുൽമേടുകളും മലകളും നിറഞ്ഞ റാണിപുരത്തേക്ക് ഏറെ സഞ്ചാരികൾ എത്തിയിരുന്നു. എന്നാൽ അത്ര മികച്ചതല്ലാത്ത റോഡുകളായിരുന്നു റാണിപുരം യാത്രയ്ക്ക് മുന്നിലുണ്ടായിരുന്ന വെല്ലുവിളി. എന്നാലിപ്പോൾ ഈ പ്രതിസന്ധി പരിഹരിക്കപ്പെട്ടിരിക്കുന്നു. റാണിപുരത്തേക്കുള്ള റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്.

11 കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്ന കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ പനത്തടി റാണിപുരം റോഡിന്റെ അവസാനഘട്ട പ്രവർത്തനങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ബി.എം.ബി.സി നിലവാരത്തിൽ ടാറിംഗ് പ്രവൃത്തി, ട്രാഫിക് സുരക്ഷാ ക്രമീകരണങ്ങൾ എന്നിങ്ങനെ 90 ശതമാനം പ്രവൃത്തിയും പൂർത്തിയായിട്ടുണ്ട്.

റാണിപുരം

139 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന ജൈവവൈവിധ്യങ്ങളുടെ വനമേഖലയാണ് റാണിപുരം. നിബിഡ വനങ്ങളും മലനിരകളും പുൽതകിടികളും ചേർന്ന് ഭൂമിയൊരുക്കുന്ന റാണിപുരത്തെ കാഴ്ച വിവരണാതീതമാണ്. കർണാടകയുടെ അതിർത്തി പങ്കിട്ട് പനത്തടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന റാണിപുരം പ്രക്യതി കനിഞ്ഞനുഗ്രഹിച്ച പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ്. ചുരുങ്ങിയ കാലം കൊണ്ട് റാണിപുരത്ത് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻതോതിലുള്ള വർധനയാണുണ്ടായത്.
കാസർകോട് ജില്ലയിലെ പനത്തടി പഞ്ചായത്തിലാണ് റാണിപുരം. കാഞ്ഞങ്ങാട് നിന്ന് 48 കിലോമീറ്റർ കിഴക്കോട്ടേക്ക് സഞ്ചരിച്ചാൽ റാണിപുരത്തെത്താം. കർണാടകയുടെ സൗന്ദര്യങ്ങളായ കുടക്, കുശാൽനഗർ, മൈസൂർ റാണിപുരത്തിന്റെ അയൽക്കാർ. പാണത്തൂരിൽ നിന്ന് തലക്കാവേരിയിലേക്ക് 40 കിലോമീറ്ററും കുടകിലേക്ക് 60 കിലോമീറ്ററും എരുമാട് ദർഗ്ഗയിലേക്ക് 60 കിലോമീറ്ററും ദൂരമേയുള്ളൂ.

റാണിപുരത്തെ കാലാവസ്ഥ ഊട്ടിയ്ക്ക് സമാനമാണ്. കേരളത്തിന്റെ ഊട്ടിയെന്ന വിശേഷണം റാണിപുരത്തിന് വന്നത് അങ്ങനെയാണ്. മഞ്ഞിന്റെ വെള്ളപ്പട്ടുടുത്ത് നിൽക്കുന്ന റാണിപുരത്തെത്തുമ്പോൾ മനസ്സും ശരീരവും കുളിരണിയും.

Back to Top