ഭാഷാ വികാസത്തിന്റെ സാഹചര്യങ്ങൾ നിലനിർത്തണം : കെ സച്ചിദാനന്ദൻ

Share

ബഹുഭാഷാ സമ്മേളനത്തിന് മഞ്ചേശ്വരത്ത് തുടക്കം

ഭാഷാവികാസത്തിന്റെ സാഹചര്യങ്ങൾ നിലനിർത്തുക എന്നതാണ് ഒരു ഭാഷയെ സംരക്ഷിക്കാനുള്ള പ്രധാന വഴിയെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ പറഞ്ഞു. കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാരകത്തിൽ സംഘടിപ്പിക്കുന്ന ഗിളിവിണ്ടു ബഹുഭാഷാ സമ്മേളനം ഉദ്ലാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ കാലത്ത് ഭാഷകളെ സംരക്ഷിക്കാനും ഭാഷകളെ പാർശ്വവൽക്കരിക്കാനുമുള്ള ശ്രമം നടന്നുവരികയാണ്. രാഷ്ട്രീയത്തേയും സാമൂഹ്യ ചിന്തകളെയും സംസ്കാരത്തെയും ഏകഭാഷണത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നു. അതുകൊണ്ട് ഭാഷകളെ സംരക്ഷിക്കുക എന്നത് പ്രധാനമായി മാറുന്നു. ഏത് ഭാഷയായാലും അതിനൊക്കെ വികാസത്തിന്റെയും രൂപീകരണ
ത്തിന്റെയും ചരിത്രമുണ്ട്. . ഏകഭാഷണത്തിലേക്കുള്ള നീക്കങ്ങൾക്കെതിരായ പ്രതിരോധത്തിന് കൂടി ബഹുഭാഷാ സമ്മേളനത്തിൽ തുടക്കം കുറിക്കുകയാണ്. ഭാഷകൾ നിലനിർത്തുക വഴി സംസ്കാരങ്ങളെയും പ്രാദേശിക സവിശേഷതകളെയും നിലനിർത്തും എന്ന് ഓരോരുത്തരും പ്രതിജ്ഞ എടുക്കണമെന്നും ബഹുഭാഷാ സമ്മേളനത്തിന്റെ ആത്യന്തികമായ സന്ദേശം ഇതാണെന്നും അദ്ദേഹം പറഞ്ഞു.. ഭാഷകൾ ലോകവീക്ഷണമാണ്. ഭാഷ മരിക്കുമ്പോൾ ലോകത്തെ നോക്കിക്കാണുന്ന രീതിയാണ് മരിക്കുന്നത്. ഏതെങ്കിലും ഒരു ഭാഷയാണ് നമ്മുടെ ഭാഷ എന്ന് പറയുന്നതിൽ അപകടമുണ്ട്. ആ ഭാഷയിൽ എല്ലാവരും സംസാരിക്കണമെന്നും ആശയങ്ങൾ കൈമാറണമെന്നും വാദിക്കാനാരംഭിക്കുന്ന നിമിഷത്തിൽ തകർന്ന് പോകുന്നത് ഇന്ത്യ എന്ന മഹത്തായ ആശയമാണ്. ബഹുമുഖങ്ങളായ സംവാദങ്ങളെ മുഴുവൻ നിശ്ചലമാക്കാൻ , നിശബ്ദമാക്കാനുള്ള ശ്രമം നടക്കുന്ന കാലത്ത് വിയോജിപ്പിന്റെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാന അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുക എന്നത് പുതിയ കാലത്തെ മുഴുവൻ ജനതയുടെയും ദൗത്യമാണെന്നും കെ.സച്ചിദാനന്ദൻ പറഞ്ഞു.
എ.കെ.എം അഷ്റഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ഗോവിന്ദ പൈ സ്മാരക ട്രസ്റ്റീ അംഗവും എഴുത്തുകരനുമായ ഡോ കെ ചിന്നപ്പ ഗൗഡ, എഴുത്തുകാരൻ ഡോ. ഇ.വി രാമകൃഷ്ണൻ, എന്നിവർ പ്രഭാഷണം നടത്തി. മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജീൻ ലെവിനോ മൊന്തേരോ , കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ, കേരള സാഹിത്യ അക്കാദമി അംഗങ്ങളായ ഇ.പി രാജഗോപാലൻ , എം.കെ മനോഹരൻ, രാവുണ്ണി, ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റും മുൻ എം.എൽ.എയുമായ കെ.വി കുഞ്ഞിരാമൻ, എഴുത്തുകാരൻ ഡോ എ എം ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു.
തുളു അക്കാദമി ചെയർമാൻ കെ.ആർ ജയാനന്ദ സ്വാഗതവും ഡി . കമലാക്ഷ നന്ദിയും പറഞ്ഞു.

Back to Top