ടി-20 ലോകകപ്പ് 2024 ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.15 അംഗ ടീമിനെ രോഹിത് ശര്‍മ്മ നയിക്കും. മലയാളി താരം സഞ്ജു സാംസൺ ടീമിൽ

Share

ടി-20 ലോകകപ്പ് 2024 ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.15 അംഗ ടീമിനെ രോഹിത് ശര്‍മ്മ നയിക്കും. മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്. ഇന്ന് പ്രഖ്യാപിച്ച ടീമില്‍ വിക്കറ്റ് കീപ്പറായിട്ടാണ് സഞ്ജുവെത്തിയത്. സഞ്ജുവിനൊപ്പം റിഷഭ് പന്തും ടീമിലിടം നേടിയപ്പോള്‍ കെ എല്‍ രാഹുലിന് സ്ഥാനം നഷ്ടമായി. ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.

ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത് , സഞ്ജു സാംസണ്‍, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍ , അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ഋഷഭ് പന്തിനൊപ്പം രണ്ടാം വിക്കറ്റ് കീപ്പറായാണ് സഞ്ജു ടീമിലിടം നേടിയിരിക്കുന്നത്. അങ്ങനെ മലയാളിത്തിളക്കമുള്ള ഒരു ലോകകപ്പ് കൂടി കാണാൻ അവസരമൊരുങ്ങിയിരിക്കുകയാണ് കേരളീയർക്ക്. ഇഷാൻ, കിഷൻ, കെ.എൽ. രാഹുൽ, ദിനേഷ് കാർത്തിക്, ജിതേഷ് ശർമ, ധ്രുവ് ജുറേൽ എന്നിവരെ മറികടന്നാണ് സഞ്ജു ടീമിൽ ഇരിപ്പുറപ്പിച്ചിരിക്കുന്നത്.

ഐ.പി.എൽ. നടപ്പു സീസണിലെ പ്രകടനംതന്നെയാണ് സഞ്ജുവിനെ പരിഗണിച്ചതിൻ്റെ പ്രധാന കാരണം. ഒൻപത് കളിയിൽനിന്ന് എട്ട് ജയവും ഒരു തോൽവിയുമായി പോയിൻ്റ് പട്ടികയിൽ ഒന്നാമതാണ് രാജസ്ഥാൻ. സഞ്ജു സാംസന്റെ വ്യക്തിഗത മികവിന്റെയും നേതൃപാടവത്തിന്റെയും വിജയമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.

ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഐ പി എൽ മത്സരങ്ങളിൽ ഒമ്പത് കളികളിൽ നിന്നായി 385 റൺസ് നേടി ഓറഞ്ച് ക്യാപ് പട്ടികയിൽ ആറാമതായി സഞ്ജുവുണ്ട്. 398 റൺസോടെ ഋഷഭ് പന്ത് നാലാമതുണ്ടെങ്കിലും 11 കളികളിൽനിന്നാണ് ഈ നേട്ടം. അതേസമയം, ഒൻപത് കളിയിൽ 378 റൺസോടെ കെ.എൽ. രാഹുൽ ഏഴാമതുമുണ്ട്. പുറത്താവാതെ നേടിയ 82 റൺസ് ഉൾപ്പെടെ നാല് അർധ സെഞ്ചുറികൾ ചേർന്നതാണ് സഞ്ജുവിൻ്റെ ഇന്നിങ്സ്. ഒന്നാം സ്ഥാനത്തുള്ള വിരാട് കോലിയേക്കാൾ ആവറേജിലും സ്ട്രൈക്ക് റേറ്റിലും മുന്നിൽ. ആദ്യ പത്തിൽ സഞ്ജുവിനേക്കാൾ സ്ട്രൈക്ക് റേറ്റുള്ളത് ട്രാവിസ് ഹെഡിനും സുനിൽ നരെയ്നും മാത്രം.

 

Back to Top