ജില്ലാശുപത്രിയുടെ 25 വർഷത്തേക്കുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി മാസ്റ്റർ പ്ലാൻ തയ്യാറാക്കി.

Share

മാസ്റ്റർ പ്ലാൻ കൈമാറി
———————————————
കാഞ്ഞങ്ങാട് : ജില്ലാശുപത്രിയുടെ 25 വർഷത്തേക്കുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി മാസ്റ്റർ പ്ലാൻ തയ്യാറാക്കി. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ സഹായത്തോടെ കിറ്റ്കോ ലിമിറ്റഡ് ആണ് ജില്ലാശുപത്രിക്ക് വേണ്ടി മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്.10 ബ്ലോക്കുകളിലായി സൂപ്പർ സ്പെഷ്യലിറ്റി സംവിധാനത്തോട് കൂടിയ മാസ്റ്റർ പ്ലാൻ ആണ് തയ്യാറാക്കിട്ടിട്ടുള്ളത്. ജില്ലാ ജയിൽ സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് 100 കോടി മുതൽ മുടക്ക് വരുന്ന സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്ക്‌ വിഭാവനം ചെയ്തിട്ടുള്ളത്. മൂന്നു ഘട്ടങ്ങളിലായി ആശുപത്രിയുടെ പഴയ ബ്ലോക്കുകൾ പൊളിച്ചുമാറ്റി മാസ്റ്റർ പ്ലാൻ പ്രകാരമുള്ള പുതിയകെട്ടിടങ്ങൾ നിർമ്മിക്കുന്നത്.

ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം )കോൺഫറൻസ് ഹാളിൽ വച്ച് നടന്ന യോഗത്തിൽ മാസ്റ്റർ പ്ലാനിന്റെ പകർപ്പ് ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. റിജിത് കൃഷ്ണൻ കാഞ്ഞങ്ങാട് നിയോജകമണ്ഡലം എം എൽ എ ഇ.ചന്ദ്രശേഖരൻ അവർകളുടെ സാന്നിധ്യത്തിൽ ജില്ലാശുപത്രി എച്ച് എം സി ക്ക് കൈമാറി. മാസ്റ്റർ പ്ലാൻ സർക്കാരിലേക്ക് സമർപ്പിച്ച് പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടികൾ ഉടനടി സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ബേബി ബാലകൃഷ്ണൻ അറിയിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയർ പേഴ്സൺ കെ വി സുജാത ടീച്ചർ, ജില്ലാശുപത്രി സുപ്രണ്ട് ഡോ പ്രകാശ് കെ വി,ഡെപ്യൂട്ടി സുപ്രണ്ട് ഡോ ചന്ദ്രമോഹൻ ഇ വി,ആർ എം ഒ ഡോ. ശ്രീജിത്ത്‌, ലേ സെക്രട്ടറി വിശ്വനാഥൻ,എച്ച് എം സി അംഗങ്ങളായ പി കുഞ്ഞികൃഷ്ണൻ,വിനോദ് കുമാർ പള്ളയിൽ,പി പി രാജു, വസന്തകുമാർ,രതീഷ് പുതിയപുരയിൽ, പി പി രാജൻ, , നഴ്സിങ് സുപ്രണ്ട് ഗീത, എൻ എച്ച് എം എഞ്ചിനീയർ നിതിൻ,പി ആർ ഒ അൽഫോൻസ, എസ് എൻ ഒ ബിനി എന്നിവർ പങ്കെടുത്തു.

Back to Top