പാലക്കുന്ന് കഴകം ക്ഷേത്രത്തിൽ ധനുമാസ കലംകനിപ്പ് ചൊവ്വാഴ്ച

Share

പാലക്കുന്ന്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ ധനുമാസ കലംകനിപ്പ് ചൊവ്വാഴ്ച നടക്കും. ഫെബ്രുവരി 3 ന് നടക്കുന്ന മകരത്തിലെ വലിയ കലംകനിപ്പ് മഹാനിവേദ്യത്തിന് മുന്നോടിയായി നടക്കുന്ന ചെറിയ കലംകനിപ്പിന് നൂറുകണക്കിന് നിവേദ്യകലങ്ങൾ ചൊവ്വാഴ്ച ക്ഷേത്രത്തിൽ സമർപ്പിക്കും. നിഷ്ഠയിലും ചിട്ടയിലും ധനു, മകരമാസ കലംകനിപ്പുകൾക്ക് സമാന രീതിയാണെങ്കിലും ഘോഷയാത്രയോടെയുള്ള സമർപ്പണം മകരത്തിലാണ് നടക്കുക. ചൊവ്വാഴ്ച രാവിലെ 10നകം ഭണ്ഡാര വീട്ടിൽ നിന്ന് പണ്ടാരക്കലം ക്ഷേത്രത്തിലേക്ക് പുറപ്പെടും. സമീപത്തുള്ള വീടുകളിൽ നിന്നുള്ളവർ പണ്ടാരക്കലത്തെ അനുഗമിക്കും.
തുടർന്ന് വിവിധ പ്രാദേശങ്ങളിൽ നിന്ന് വ്രതശുദ്ധിയോടെ സ്ത്രീകൾ പുത്തൻ മൺകലങ്ങളിൽ ഉണക്കലരി, ശർക്കര, തേങ്ങ, അരിപ്പൊടി, വെറ്റിലടക്ക എന്നിവ നിറച്ച് വാഴയിലകൊണ്ട് കലത്തിന്റെ വായ മൂടിക്കെട്ടി കൈയിൽ കുരുത്തോലയുമായി ക്ഷേത്രത്തിലെത്തും. സമർപ്പണത്തിന് ശേഷം ക്ഷേത്രത്തിൽ പാകം ചെയ്ത ഉണക്കലരി കഞ്ഞി മാങ്ങ അച്ചാറും ചേർത്ത് കഴിച്ച് വ്രതം അവസാനിപ്പിക്കും.സന്ധ്യക്ക് ശേഷം കലാശാട്ടും കല്ലൊപ്പിക്കലും അനുബന്ധ ചടങ്ങുകൾക്കും ശേഷം നിവേദ്യ ചോറും ചുട്ടെടുത്ത അടയും നിറച്ച കലങ്ങൾ തിരിച്ചു നൽകും.

Back to Top