രാവണീശ്വരം കോതോളംകര ദുർഗ ഭഗവതി ക്ഷേത്ര ഒറ്റത്തിറ കളിയാട്ട മഹോത്സവം: കലവറ നിറയ്ക്കൽ നടന്നു.

Share

രാവണീശ്വരം: ഡിസംബർ 29 മുതൽ ജനുവരി ഒന്നുവരെ നടക്കുന്ന രാവണീശ്വരം കൊതോളംകര ദുർഗ ഭഗവതി ക്ഷേത്രം ഒറ്റത്തിറ കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായുള്ള കലവറ നിറക്കൽ ചടങ്ങ് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു .കലവറ നിറയ്ക്കൽ ചടങ്ങിന്റെ ആദ്യപടിയായി കൊതോളംകര ദുർഗ ഭഗവതി ക്ഷേത്രത്തിൽ നിന്ന് ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങളുമായി കന്നി കലവറ നിറയ്ക്കൽ ചടങ്ങ് നടന്നു. തുടർന്ന് നാരം തട്ട തറവാട് വകയായുള്ള കലവറ നിറയ്ക്കൽ. നാട്ടുകാരുടെയും മറ്റ് ഭക്തജനങ്ങളുടെയും നേതൃത്വത്തിൽ കലവറ നിറയ്ക്കൽ ഘോഷയാത്ര രാവണേശ്വരം മാക്കി ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ നിന്ന് വാദ്യമേളം മുത്തുക്കുട എന്നിവയുടെ അകമ്പടിയോടെ പുറപ്പെട്ടു. നാല് ദിവസങ്ങളിലായി നടക്കുന്ന കളിയാട്ട ദിവസങ്ങളിൽ എത്തുന്ന ഭക്തജനങ്ങൾക്ക് അന്നംമൂട്ടുന്നതിനുള്ള സാധനസാമഗ്രികളു മായി കുട്ടികൾ ഉൾപ്പെടെയുള്ള ആബാലവൃദ്ധം ജനങ്ങളും ഘോഷയാത്രയിൽ അണിചേർന്നു. ആഘോഷ കമ്മിറ്റി ചെയർമാൻ എൻ. കേളു നമ്പ്യാർ, ജനറൽ കൺവീനർ അനീഷ് ദീപം, ഖജാൻജി പ്രവീൺകുമാർ കെ. വി, ക്ഷേത്രം പ്രസിഡണ്ട് എൻ.അശോകൻ നമ്പ്യാർ, ക്ഷേത്രം ഖജാൻജി എ.ബാലൻ, യു.എ.ഇ കമ്മിറ്റി രക്ഷാധികാരി എൻ. മുരളീധരൻ നമ്പ്യാർ, യു.എ.ഇ കമ്മിറ്റി സെക്രട്ടറി അനിലൻ കെ. വി. മാതൃ സമിതി പ്രസിഡണ്ട് അജിത മുരളി, സെക്രട്ടറി പുഷ്പ ഗോവിന്ദൻ തുടങ്ങി ആഘോഷ കമ്മിറ്റി ഭാരവാഹികളും ക്ഷേത്ര ഭാരവാഹികളും ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി. കലവറ നിറക്കൽ ചടങ്ങാനന്തരം മാതൃസമിതി ക്ഷേത്രത്തിലേക്ക് 101 കിലോ വെള്ളോട്ടിൽ തീർത്ത വാർപ്പ് സമർപ്പിച്ചു. ഇതോടൊപ്പം ക്ഷേത്രം രക്ഷാധികാരി എൻ. മുരളീധരൻ നമ്പ്യാർ ക്ഷേത്രത്തിലേക്ക് സംഭാവന ചെയ്ത തുലാഭാര തട്ട് സമർപ്പണവും നടന്നു. തുടർന്ന് തണ്ണീലാമൃതും അന്നദാനവും നടന്നു. വൈകിട്ട് ആറുമണിക്ക് കളിയാട്ടത്തിന് സമാരംഭം കുറിച്ചുകൊണ്ട് ദുർഗ ഭഗവതി ക്ഷേത്രത്തിൽ നിന്നും തെയ്യം നടക്കുന്ന കുഞ്ഞിപ്പറമ്പത്തേക്ക് ക്ഷേത്രത്തിൽനിന്ന് ദീപവും തിരിയും എഴുന്നെള്ളത്ത് പുറപ്പെട്ടു.തുടർന്ന് തെയ്യം കൂടലും വിവിധ തെയ്യങ്ങളുടെ തോറ്റവും എഴുന്നള്ളത്തും നടന്നു. ക്ഷേത്ര മാതൃ സമിതിയുടെ നേതൃത്വത്തിൽ മെഗാ തിരുവാതിരയും വിവിധ കലാപരിപാടികളും അരങ്ങേറി. ഒറ്റത്തിറ മഹോത്സവത്തിന്റെ ഭാഗമായി രാത്രി അഞ്ചണങ്ങം ഭൂതം, രക്തജാതൻ ദൈവം എന്നിവയുടെ പുറപ്പാടും നടന്നു. മഹോത്സവത്തിന്റെ രണ്ടാം ദിവസമായ ഡിസംബർ 30ന് രാവിലെ അടുക്കത്ത് ചാമുണ്ഡി, വിഷ്ണുമൂർത്തി, മുളവന്നൂർ ഭഗവതി തെയ്യങ്ങൾ അരങ്ങിൽ എത്തും തുടർന്ന് ഭക്തജനങ്ങൾക്ക് അന്നദാനവും നടക്കും.
വൈകിട്ട് ആറുമണിക്ക് ഭജനയും രാത്രി കനലാട്ടം കലാപരിപാടിയും നടക്കും. രാത്രി 9ന് നാരംതട്ട തറവാട്ടിൽ പൊട്ടൻ തെയ്യം കൂടലും പുലർച്ചെ 3:00 മണിക്ക് പൊട്ടൻ തെയ്യത്തിന്റെ പുറപ്പാടും നടക്കും

Back to Top