ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം 40 അടി താഴ്ചയിലേക്ക് മറിഞ്ഞത് ദര്‍ശനം കഴിഞ്ഞ് മടങ്ങി വരുന്ന വഴി; അപകടം കുമളി -കമ്പം ദേശീയ പാതയിൽ;

Share

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം 40 അടി താഴ്ചയിലേക്ക് മറിഞ്ഞത് ദര്‍ശനം കഴിഞ്ഞ് മടങ്ങി വരുന്ന വഴി; അപകടം കുമളി -കമ്പം ദേശീയ പാതയിൽ; വാഹനത്തിലുണ്ടായിരുന്ന 10 പേരിൽ 8 പേരും മരിച്ചു, ഒരാളുടെ നില ഗുരുതരം; ദുരന്തത്തിന്റെ ഞെട്ടലിൽ നാട്

ഇടുക്കി: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം കുമളിക്ക് സമീപം കൊക്കയിലേക്ക് മറിഞ്ഞു 8 പേർ മരിച്ചു. 7 കുട്ടിയുൾപ്പെടെ രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി തേക്കടി-കമ്പം ദേശീയപാതയിൽ തമിഴ്‌നാട് അതിർത്തിയിലാണ് അപകടം ഉണ്ടായത്. ശബരിമല ദർശനത്തിനു ശേഷം തമിഴ്‌നാട്ടിലേക്ക് മടങ്ങിപ്പോകുകയായിരുന്ന അയ്യപ്പന്മാരാണ് അപകടത്തിൽപ്പെട്ടത്.

ഇവർ സഞ്ചരിച്ച ടവേര വാഹനത്തിൽ കുട്ടി ഉൾപ്പെടെ 10 പേരാണ് ഉണ്ടായിരുന്നത്. വാഹനം കുമളിയിൽനിന്നും തമിഴ്‌നാട്ടിലേക്കു പോകുന്നവഴിയിൽ ചുരം റോഡിൽ ആദ്യത്തെ പാലത്തിൽ വാഹനം കയറിയപ്പോഴായിരുന്നു അപകടം. പാലത്തിൽ ഇടിച്ചതിനെ തുടർന്ന് വാഹനത്തിൽനിന്നും കുട്ടി തെറിച്ച് റോഡിലേക്ക് വീണു. ഈ സമയം ഇതുവഴി വന്ന പച്ചക്കറി വാഹനത്തിലെ ആളുകളാണ് കുട്ടിയെ രക്ഷപെടുത്തിയത്. ഇവർ സംഭവം പൊലീസിൽ അറിയിച്ച ശേഷം കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാലത്തിൽ ഇടിച്ച ശേഷം വാഹനം തലകീഴായി കൊക്കയിലേക്ക് മറിയുകയായിരുന്നു. മുല്ലപ്പെരിയാറിൽനിന്നും തമിഴ്‌നാട്ടിലേക്ക് വെള്ളംകൊണ്ടുപോകുന്ന പെൻസ്റ്റോക് പൈപ്പുകൾക്ക് മുകളിലേക്കാണ് വാഹനം വീണത്. തലകീഴായി മറിഞ്ഞ വാഹനം വെട്ടിപ്പൊളിച്ചാണ് അയ്യപ്പന്മാരെ പുറത്തെടുത്തത്.

Back to Top