കാസര്‍കോട് കുസുമം പദ്ധതിക്ക് ഏറെ സാധ്യതയുള്ള നാട്’ മന്ത്രി കെ.കൃഷ്ണന്‍കുട്ടി സൗരോര്‍ജ്ജ നിലയങ്ങളും ഇ വി ചര്‍ജ്ജിങ് ശൃംഖലയുടെയും ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

കാസര്‍കോട് കുസുമം പദ്ധതിക്ക് ഏറെ സാധ്യതയുള്ള നാട്’ മന്ത്രി കെ.കൃഷ്ണന്‍കുട്ടി
സൗരോര്‍ജ്ജ നിലയങ്ങളും ഇ വി ചര്‍ജ്ജിങ് ശൃംഖലയുടെയും ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു
കാസര്‍കോട് ജില്ല കുസുമം പദ്ധതിക്ക് ഏറെ സാധ്യതയുള്ള നാടാണെന്നും ജില്ലയിലെ കര്‍ഷകര്‍ അവ പരമാവധി ഉപയോഗപ്പെടുത്തണമെന്നും വൈദ്യുതിവകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. മാവുങ്കാലില്‍ കെ.എസ്.ഇ.ബി ഇലക്ട്രോണിക് വെഹിക്കിള്‍ ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും കാര്‍ഷിക മേഖലയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരാനും പദ്ധതിക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ പമ്പുകള്‍ക്ക് 60 ശതമാനം സബ്‌സിഡിയും കര്‍ഷകര്‍ക്ക് ലഭിക്കും. കര്‍ഷകര്‍ക്ക് സൗരോര്‍ജ്ജ കൃഷിയുടെ നേട്ടങ്ങള്‍ ഉറപ്പുവരുത്താന്‍ വേണ്ട നടപടികള്‍ ഉടനടി ചെയ്യണമെന്ന് ജില്ലയിലെ എം.പിയോടും എം.എല്‍.എയോടും മറ്റു ജനപ്രതിനിധികളോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഓണ്‍ലൈന്‍ വഴി ചടങ്ങില്‍ പങ്കെടുത്തു. കാഞ്ഞങ്ങാട് മാവുങ്കാല്‍ 110 കെ.വി സബ് സ്റ്റേഷന്‍ പരിസരത്ത് നടന്ന ചടങ്ങില്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയായി.
പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുക, ഊര്‍ജ സുരക്ഷ ഉറപ്പാക്കുക, പെട്രോള്‍ വില വര്‍ദ്ധനവ് മൂലമുള്ള പ്രയാസം ഗണ്യമായി കുറക്കുക തുടങ്ങിയ സുപ്രധാന ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇലക്ട്രോണിക് വെഹിക്കിള്‍ പോളിസിയുടെ ഭാഗമായാണ് കെ.എസ്.ഇ.ബിയുടെ നേതത്വത്തില്‍ ഫാസ്റ്റ് ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ മാവുങ്കാലില്‍ സജ്ജമായത്. സംസ്ഥാനത്ത് പൂര്‍ത്തിയായ 56 ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ ഒന്നാണ് മാവുങ്കാലിലുള്ളത്. ഒപ്പം ഓട്ടോ റിക്ഷകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും ചാര്‍ജ് ചെയ്യാന്‍ ഉതകുന്ന തരത്തില്‍ സംസ്ഥാനത്ത് 1165 പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് സെന്ററുകളുടെ നിര്‍മാണം പുരോഗമിച്ച് വരികയാണ്. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 37 പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തന സജ്ജമായി. ജില്ലയില്‍ ആകെ 38 ഇടങ്ങളിലായി വിപുലമായ ചാര്‍ജിംഗ് ശൃംഖലയാണ് കെ.എസ്.ഇ.ബിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. ഈ സ്റ്റേഷനുകളില്‍ എല്ലാതരം ഇലക്ട്രിക് ഓട്ടോറിക്ഷകളും ഇരുചക്ര വാഹനങ്ങളും ചാര്‍ജ്ജ് ചെയ്യുന്നതിന് സാധിക്കും. ഇ.വി. യാത്രികര്‍ക്ക് സൗകര്യപ്രദമായ ചാര്‍ജ്ജിംഗിന് ഇവ പര്യാപ്തമാണ്. നിര്‍മ്മാണച്ചിലവ് 12.95 ലക്ഷം രൂപയാണ്. ചാര്‍ജ്ജിംഗിനുളള മൊബൈല്‍ ആപ്ലിക്കേഷന്‍ ചാര്‍ജ്ജ് മോഡ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് നിര്‍മ്മിച്ചിരിക്കുന്നത്.
കെ.എസ്.ഇ.ബി ലിമിറ്റഡ് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പി.സീതാരാമന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ, കാഞ്ഞങ്ങാട് ബ്ലോക്ക് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ റഹ്മാന്‍, അജാനൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ കെ.ആര്‍.ശ്രീദേവി, വിവിധ രാഷ്ട്രീയ പ്രതിനിധികളായ അഡ്വ.കെ.രാജമോഹന്‍, എ.ദാമോദരന്‍, പി.പി.രാജു, പി.വി.സുരേഷ്, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, വസന്തകുമാര്‍ കാട്ടുകുളങ്ങര, രവീന്ദ്രന്‍ മാവുങ്കല്‍, കൃഷ്ണന്‍ പനങ്കാവ്, ബില്‍ടെക്ക് അബ്ദുള്ള, രതീഷ് പുതിയപുരയില്‍, സി.എസ് തോമസ്, സന്തോഷ് മാവുങ്കല്‍, തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. നോര്‍ത്ത് മലബാര്‍ ഡിസ്ട്രിബ്യൂഷന്‍ ചീഫ് എന്‍ജിനീയര്‍ ഹരീശന്‍ മൊട്ടമ്മല്‍ സ്വാഗതവും കണ്ണൂര്‍ ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ജി.അനില്‍കുമാര്‍ നന്ദിയും അറിയിച്ചു.