ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളിലെ കുട്ടികളുടെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് കേന്ദ്രസര്‍ക്കാര്‍ വെട്ടി.

എട്ടാം ക്ലാസ് വരെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് കേന്ദ്രം വെട്ടി
ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളിലെ കുട്ടികളുടെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് കേന്ദ്രസര്‍ക്കാര്‍ വെട്ടി.
എല്ലാ സര്‍ട്ടിഫിക്കറ്റുകളും സമര്‍പ്പിച്ച് സ്‌കൂള്‍, ജില്ല, സംസ്ഥാന തലത്തിലുള്ള പരിശോധനകള്‍ നടത്തി അപേക്ഷ നല്‍കേണ്ട അവസാന തീയതിയും കഴിഞ്ഞപ്പോഴാണ് ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് കൊടുക്കേണ്ടെന്ന ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയത്. ഒൻപത്, പത്ത് ക്ലാസുകളിലെ കുട്ടികള്‍ക്ക് മാത്രം സ്‌കോളര്‍ഷിപ്പ് നല്‍കിയാല്‍ മതിയെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ നയം. ഈ വര്‍ഷം ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചപ്പോള്‍ മുന്‍ വര്‍ഷങ്ങളില്‍നിന്നു വ്യത്യസ്തമായി വരുമാന സര്‍ട്ടിഫിക്കറ്റിനോടൊപ്പം മൈനോരിറ്റി അല്ലെങ്കില്‍ ജാതി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും വേണമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് എഡ്യുക്കേഷന്‍ നിര്‍ദേശിച്ചിരുന്നു.
1000 രൂപ ലഭിക്കുന്ന സ്‌കോളര്‍ഷിപ്പിനുവേണ്ടി രണ്ടും മൂന്നും ദിവസങ്ങള്‍ ജോലി നഷ്ടപ്പെടുത്തിയാണ് പല രക്ഷിതാക്കളും അക്ഷയ വഴി അപേക്ഷ സമര്‍പ്പിച്ചത്. വില്ലേജ് ഓഫീസുകളില്‍നിന്ന് വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ വൈകിയതായും പരാതി ഉയര്‍ന്നിരുന്നു. ഇങ്ങനെ അപേക്ഷ നല്‍കിയവര്‍ക്കാണ് കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം ഇരുട്ടടിയായത്. ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസവകാശ നിയമപ്രകാരം സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നല്‍കുന്നത് സര്‍ക്കാരിന്‍റെ കടമയാണെന്ന വാദത്തിലൂന്നിയാണ് ഈ ക്ലാസുകളിലെ കുട്ടികളുടെ സ്‌കോളര്‍ഷിപ്പ് ആനുകൂല്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചിരിക്കുന്നത്.