സംസ്ഥാനത്തെ ആദ്യ ദത്തെടുക്കല്‍ ഉത്തരവിറക്കി കാസര്‍ഗോഡ് ജില്ലാ കളക്ടര്‍

Share

 

സംസ്ഥാനത്തെ ആദ്യ ദത്തെടുക്കല്‍ ഉത്തരവിറക്കി കാസര്‍ഗോഡ് ജില്ലാ കളക്ടര്‍.

കാസര്‍ഗോഡ്: ദത്തെടുക്കലുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ കോടതിയുടെ അധികാര പരിധിയില്‍ നിന്നും ജില്ലാ മജിസ്‌ട്രേറ്റിന്റെ അധികാര പരിധിയിലേക്ക് മാറ്റിയതിന് ശേഷമുള്ള സംസ്ഥാനത്തെ ആദ്യ ദത്തെടുക്കല്‍ ഉത്തരവിറക്കി കാസർഗോഡ് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്.
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ജില്ലയിലെ ശിശുവികാസ് ഭവന്‍ എന്ന ദത്തെടുക്കല്‍ സ്ഥാപനത്തിലെ ഒരു വയസ്സ് പ്രായമുള്ള രണ്ട് ആണ്‍ കുട്ടികളുടെ ദത്തെടുക്കല്‍ സംബന്ധിച്ച ഹിയറിംഗ് നടന്നു. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ദമ്പതികളാണ് കുട്ടികളെ ദത്തെടുത്തത്. ഇവരുടെ ദത്ത് പെറ്റീഷന്‍ കാസര്‍ഗോഡ് കുടുംബ കോടതിയില്‍ സമര്‍പ്പിച്ചിരുന്നെങ്കിലും ജുവനൈല്‍ ജസ്റ്റിസ് ആക്‌ട്-2015ലെ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ കുടുംബ കോടതി പെറ്റീഷന്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറുകയായിരുന്നു. ഇത് സംബന്ധിച്ച ഫയല്‍ പരിശോധിച്ചതിനു ശേഷം ഉടന്‍ ഹിയറിംഗ് നടത്താനുള്ള നടപടി ക്രമങ്ങള്‍ ജില്ലാ കളക്ടര്‍ സ്വീകരിക്കുകയായിരുന്നു. ജുവനൈല്‍ ജസ്റ്റ്സിസ് ഭേദഗതി ആക്‌ട് -2021, അഡോപ്ഷന്‍ റെഗുലേഷന്‍-2022 എന്നിവയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ദത്തെടുക്കല്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ജില്ലാ കളക്ടറുടെ ഹിയറിംഗ് നടപടി ക്രമങ്ങളില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എ.കെ.രമേന്ദ്രന്‍, ജില്ലാ ലോ ഓഫീസര്‍ കെ.മുഹമ്മദ് കുഞ്ഞി, ഡി.സി.പി.യു പ്രൊട്ടക്ഷന്‍ ഓഫീസര്‍ കെ.ഷുഹൈബ്, ശിശുവികാസ് ഭവന്‍ ഹോം മാനേജര്‍ പി.ബി.രേഷ്മ, അപേക്ഷകരായ രണ്ട് ദമ്പതികളും കുട്ടികളും പങ്കെടുത്തു.

*ദത്തെടുക്കാന്‍ താല്പര്യമുണ്ടോ…?*

ജില്ലാതലത്തില്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റാണ് ദത്തെടുക്കല്‍ നടപടികള്‍ ഏകോപിപ്പിക്കുന്നത്. ദത്ത് സംബന്ധിച്ച ഓറിയന്റേഷനും കൗണ്‍സിലിംഗും ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ലഭ്യമാണ്. ദത്തെടുക്കാന്‍ താല്പര്യമുള്ളവര്‍ക്കായി വനിതാ ശിശുവികസന വകുപ്പിലെ വിദ്യാനഗര്‍ കളക്‌ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റുമായോ, ജില്ലയിലെ ദത്തെടുക്കല്‍ സ്ഥാപനമായി ചെങ്കള പഞ്ചായത്ത് പരിധിയിലെ ചേരൂറില്‍ പ്രവര്‍ത്തിക്കുന്ന ശിശുവികാസ് ഭവനുമായോ ബന്ധപ്പെടാവുന്നതാണ്. വിശദവിവരങ്ങള്‍ സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് അതോറിറ്റിയുടെ കെയറിംഗ്സ് വെബ് പോര്‍ട്ടലില്‍ (www.cara.nic.in) ലഭ്യമാണ്. ഫോണ്‍ (ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്) 04994-256990.

Back to Top