‘ഉണരൂ കേരളം ‘ എന്ന മുദ്രാവാക്യമുയർത്തി സിഎംപി സംസ്ഥാനതല ക്യാമ്പയിൻ നവംബർ 29 കാസർഗോഡ് നിന്നും തുടങ്ങും

Share

കാസറഗോഡ് : സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള പോരില്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ ആയിരക്കണക്കിന് കുട്ടികള്‍ സർട്ടിഫിക്കേറ്റ് കിട്ടാതെ വലയുന്നതായും പിണറായി സര്‍ക്കാറിന്റെ കാലത്ത് അന്ധവിശ്വാസ കൊലകള്‍ നടന്നിട്ടും ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും സിഎംപി സംസ്ഥാന ജനറൽ സെക്രട്ടറി സിപി ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഈ വിഷയങ്ങള്‍ അടക്കം ഉന്നയിച്ച് ‘ഉണരൂ കേരളം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി അന്ധവിശ്വാസങ്ങള്‍ക്കും വികലമായ ഭരണത്തിനെതിരെ കുടുംബസദസ്സകൾ നടത്തി നവംബര്‍ 29 മുതല്‍ ഡിസംബര്‍ 20 വരെ സംസ്ഥാന തല കാംപയിന്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നവംബര്‍ 29ന് രാവിലെ കാസര്‍കോട്ട് നിന്നാണ് യാത്ര ആരംഭിക്കുന്നത്.

കേന്ദ്ര – കേരള ഭരണകൂടങ്ങള്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അന്വേഷിക്കാന്‍ പോലും തയ്യാറാകാതെ സ്വന്തക്കാരെ സംരക്ഷിക്കുന്ന തിരക്കിലാണ്. വെറുപ്പിന്റെ രാഷ്ട്രീയം സമർത്ഥമമായി കൈകാര്യം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും ഗ്യാസിന്റെയും അടക്കം വിലകൂട്ടി ജനങ്ങളെ കഷ്ടപ്പെടുത്തുകയാണ്. രണ്ടാം പിണറായി സര്‍ക്കാർ ഇടതുഭരണത്തിന്റെ നിഴല്‍ പോലും അല്ലാത്ത വിധത്തിലാണ് പ്രവര്‍ത്തിക്കുന്നത്
പാർട്ടി നേതാക്കളുടെയും ബന്ധുക്കളുടെയും കാര്യങ്ങള്‍ അല്ലാതെ കുതിച്ചുയരുന്ന വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ക്രമസമാധാനപാലനം പൂര്‍ണമായും പരാജയമാണ്. നരബലി പോലുള്ള പൈശാചികമായ സംഭവം ഒരു പ്രദേശിക സിപിഎം പ്രവര്‍ത്തകന്റെ വീട്ടിലാണ് നടന്നതെന്നത് ലജ്ജിപ്പിക്കുന്ന കാര്യമാണ്. മയക്കുമരുന്നുകളുടെ പറുദീസയായി കേരളം മാറി. പൊലീസ് ഓഫീസര്‍മാര്‍ തന്നെ കൂട്ടബലാത്സംഗം നടത്തുന്നു. സര്‍വകലാശാല വിസിമാരെ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി പുറത്താക്കിയതിനാല്‍ അവര്‍ ഒപ്പിട്ട സർട്ടിഫിക്കറ്റിന് വിലയുണ്ടെന്ന് പോലും പറയാന്‍ സര്‍ക്കാറിന് സാധിച്ചിട്ടില്ല.

തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളില്‍ 100 കണക്കിന് തൊഴിലാളികളെ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് പോലെ പ്രവര്‍ത്തിച്ച് പാര്‍ട്ടിക്കാരെ തിരുകി കയറ്റുകയാണ്. കേരളത്തില്‍ നിലവിലുണ്ടായിരുന്ന ഉന്നത വിദ്യാഭ്യസത്തെ കടുത്ത പ്രതിസന്ധിയിലേക്കാണ് സര്‍ക്കാര്‍ തള്ളി വിട്ടിരിക്കുന്നത്. സാങ്കേതിക സര്‍വകലാശാല വിസിയെ ഗവര്‍ണര്‍ നിയമിച്ചിട്ടും അധികാരങ്ങള്‍ കൈമാറാത്തതിനാല്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് സർട്ടിഫിക്കറ്റ് കിട്ടാതെ വലയുന്നത്.

Back to Top