12 പഞ്ചായത്തുകളില്‍ ഖര മാലിന്യ സംസ്‌കരണം ഇനി സ്മാര്‍ട്ടാവും

Share

 

12 പഞ്ചായത്തുകളില്‍ ഖര മാലിന്യ സംസ്‌കരണം ഇനി സ്മാര്‍ട്ടാവും

ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് നൂറ് ശതമാനം പൂര്‍ത്തിയായി

ജില്ലയിലെ 12 പഞ്ചായത്തുകളില്‍ ഖര മാലിന്യ സംസ്‌കരണം ഇനി സ്മാര്‍ട്ടാവും. ലക്ഷ്യമിട്ട മുഴുവന്‍ പഞ്ചായത്തുകളിലും ഖര മാലിന്യ സംസ്‌കരണത്തിനായി ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് തയ്യാറായിക്കഴിഞ്ഞു. ബേഡഡുക്ക, കാറഡുക്ക, മുളിയാര്‍, കുറ്റിക്കോല്‍, കിനാനൂര്‍-കരിന്തളം, പിലിക്കോട്, പടന്ന, കോടോം ബേളൂര്‍, അജാനൂര്‍, ഈസ്റ്റ് എളേരി, പുല്ലൂര്‍-പെരിയ, മടിക്കൈ പഞ്ചായത്തുകളിലാണ് ഹരിത മിത്രം ആപ്പ് നടപ്പിലാക്കിയത്.

ഓരോ വീട്ടില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന ഖരമാലിന്യത്തിന്റെ മൊത്തം അളവ്, തരംതിരിച്ചുള്ള കണക്ക് തുടങ്ങിയ വിവരങ്ങള്‍ തത്സമയം ക്യൂആര്‍ കോഡ് വഴി രേഖപ്പെടുത്തും. വാര്‍ഡ് പ്രതിനിധി മുതല്‍ മുഖ്യമന്ത്രി വരെയുള്ളവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇതു പരിശോധിക്കാം. മാലിന്യ സംസ്‌ക്കരണ നടപടികള്‍ ഡിജിറ്റല്‍ ആക്കാന്‍ ശുചിത്വ മിഷന്റെയും നവകേരള കര്‍മ്മ പദ്ധതിയുടെയും സഹായത്തോടെ തീവ്ര യജ്ഞത്തിലേക്ക് കടക്കുകയാണ്. ഇതിലൂടെ സംസ്‌ക്കരണ സംവിധാനങ്ങള്‍ ആസൂത്രണം ചെയ്യാനും പോരായ്മ പരിഹരിക്കാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയും. മാലിന്യം സംബന്ധിച്ച വിവരങ്ങള്‍ ഹരിതകര്‍മ്മസേനകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍, റിപ്പോര്‍ട്ടുകള്‍, പരാതികള്‍ അറിയിക്കാന്‍ തുടങ്ങിയവയ്ക്ക് ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് ആപ്പ് മുഖാന്തിരം സാധിക്കും.

ഹരിതകേരള മിഷന്‍, ശുചിത്വ മിഷന്‍, കില എന്നിവ സംയുക്തമായി കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെ നടത്തുന്ന ഹരിത മിത്രം -സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പിന്റെ പ്രവര്‍ത്തനത്തിന് ജില്ലയില്‍ തുടക്കമിട്ടത് ഈ വര്‍ഷം ആഗസ്റ്റ് മാസത്തിലാണ്. ഉപയോക്താവിന് പ്രത്യേക സേവനങ്ങള്‍ക്കായി അഭ്യര്‍ത്ഥിക്കാനും, ഉന്നയിക്കാനും, മാലിന്യം തള്ളുന്നത് റിപ്പോര്‍ട്ട് ചെയ്യാനും മൊബൈല്‍ ആപ്പ് വഴി സാധിക്കും.

ആപ്പിന്റെ പ്രവര്‍ത്തനത്തിനായി ആദ്യഘട്ടത്തില്‍ എല്ലാ വീടുകളിലും ക്യൂ.ആര്‍ കോഡ് പതിപ്പിച്ചു. ഇതിനായി ഹരിത കര്‍മ സേനകളുടെ പ്രത്യേക സംഘം വീടുകള്‍ തോറും കയറിയിറങ്ങി ക്യൂ.ആര്‍ കോഡ് പതിപ്പിക്കല്‍ പൂര്‍ത്തിയാക്കി. കെല്‍ട്രോണ്‍ ആണ് ഇതിനായുള്ള സാങ്കേതിക പരിശീലനം നല്‍കിയത്.

ആദ്യം പൂര്‍ത്തിയാക്കിയത് ബേഡഡുക്ക പഞ്ചായത്ത്

ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പിന്റെ പ്രവര്‍ത്തനത്തിന് വേണ്ടിയുള്ള ക്യു.ആര്‍ കോഡ് പതിപ്പിക്കല്‍ മുഴുവന്‍ വീടുകളിലും പൂര്‍ത്തിയാക്കിയ ആദ്യ പഞ്ചായത്ത് ജില്ലയില്‍ ബേഡഡുക്കയാണ്.
8215 വീടുകളിലും സ്ഥാപനങ്ങളിലും ക്യൂ.ആര്‍ കോഡ് പതിപ്പിച്ചുള്ള ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 40 ഹരിത കര്‍മസേനാംഗങ്ങളാണ് രംഗത്തുണ്ടായത്. ഇവര്‍ക്ക് സഹായവുമായി കാസര്‍കോട് ഗവ.കോളേജിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരും എത്തിയിരുന്നു.

നഗരസഭകളിലും ആപ്പ് നടപ്പിലാക്കി

പന്ത്രണ്ട് പഞ്ചായത്തുകളെ കൂടാതെ നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭകളിലും ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് മുഖേനയാണ് മാലിന്യ ശേഖരണവും സംസ്‌കരണവും നടത്തുന്നത്.

Back to Top