കണ്ണികുളങ്ങര വലിയവീട് വയനാട്ടുകുലവൻ തറവാട് തെയ്യംകെട്ടിന് ഇന്ന് (28 ) തുടക്കം 

Share

ഉദുമ :ഉദുമ കണ്ണികുളങ്ങര വലിയവീട് വയനാട്ടുകുലവൻ തറവാട് തെയ്യംകെട്ടിന് ഇന്ന് കലവറ നിറയ്‌ക്കലോടെ തുടക്കമാകും. രാവിലെ 10നും 11നും മധ്യേ കന്നികലവറ നിറയ്‌ക്കും. ശേഷം തറവാട് സ്ഥിതിചെയ്യുന്ന ഒന്നാം കിഴക്കേക്കര പ്രാദേശിക സമിതിയുടെ കലവറ നിറയ്ക്കൽ ഘോഷയാത്രയായിരിക്കും ആദ്യമെത്തുക. തുടർന്ന് വിവിധ പ്രാദേശിക സമിതികളിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും ഭക്ഷണമൊരുക്കാനുള്ള കോപ്പുകളുമായി ഘോഷയാത്രകൾ തറവാട്ടിൽ പ്രവേശിക്കും. രാത്രി പൊട്ടൻ തെയ്യം, പന്നിക്കുളത്ത് ചാമുണ്ഡി, കുറത്തിയമ്മ, വിഷ്ണുമൂർത്തി, പടിഞ്ഞാറ്റ ചാമുണ്ഡി, ഗുളികൻ എന്നീ തറവാട് ധർമദൈവങ്ങളുടെ തെയ്യംകൂടൽ. ഇന്ന് 5000ലേറെ ജനങ്ങൾക്ക് ഭക്ഷണം ഒരുക്കുന്നുണ്ടെന്ന് ആഘോഷകമ്മിറ്റി ചെയർമാൻ ഉദയമംഗലം സുകുമാരൻ അറിയിച്ചു. കലവറയുമായി വരുന്ന വാഹനങ്ങൾ ഉദുമ കോ ഓപ്പറേറ്റിവ് ബാങ്ക് റോഡിലൂടെ അകത്തു പ്രവേശിക്കേണ്ടതാണ്. ഉത്സവദിവസങ്ങളിൽ സംസ്ഥാനപാതയിലൂടെ വടക്ക് ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ ഇന്ത്യൻ കോഫി ഹൗസിന് പിറകിലെ വയലിലും തെക്ക് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ഉദയമംഗലം ക്ഷേത്രത്തിന് മുന്നിലെ ചെരിപ്പാടി ദേവസ്വം വക വയലിൽ പാർക്ക് ചെയ്യാനും സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അറിയിച്ചു.

നാളത്തെ ( 30) പരിപാടികൾ

പുലർച്ചെ 3ന് പൊട്ടൻ തെയ്യം,5ന് പന്നിക്കുളത്ത് ചാമുണ്ഡി,7ന് കുറത്തിയമ്മ,11ന് വിഷ്ണുമൂർത്തി,12ന് പടിഞ്ഞാറ്റ ചാമുണ്ഡി 3ന് ഗുളികൻ തെയ്യങ്ങൾ കെട്ടിയാടും. രാത്രി 7ന് കൈവീതിന് ശേഷം വയനാട്ടുകുലവൻ തെയ്യംകൂടൽ.

30ന് രാത്രി കണ്ടനാർ കേളന്റെ ബപ്പിടലും 31ന് വൈകുന്നേരം വയനാട്ടുകുലവന്റെ ചൂട്ടൊപ്പിക്കലും നടക്കും.

Back to Top