പാലക്കുന്ന് ക്ഷേത്രത്തിൽ ഉത്രവിളക്ക് ഉത്സവം സമാപിച്ചു. ഇന്ന് ഭണ്ഡാര വീട്ടിൽ തെയ്യങ്ങൾ കെട്ടിയാടും   

Share

പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവത്തിന് ശേഷം നടന്ന ഉത്രവിളക്ക് ഉത്സവം ഭണ്ഡാര വീട്ടിലേക്കുള്ള തിരിച്ചെഴുന്നള്ളത്തോടെ സമാപിച്ചു.

കോലത്തു നാട്ടിൽ തീയ സമുദായ ക്ഷേത്രങ്ങളിൽ പാലക്കുന്നിൽ മാത്രം ആചരിക്കുന്ന അനുഷ്ഠാനമാണിതെന്ന് ക്ഷേത്രത്തിലെ മൂത്ത ഭഗവതിയുടെ നർത്തകനായ കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ പറഞ്ഞു. ഉത്സവത്തോടനുബന്ധിച്ച് ഇന്നലെ പകൽ ചുവട്മായ്ക്കലും നടന്നു. കല്ലൊപ്പിക്കലിനും അനുബന്ധ ചടങ്ങുകൾക്കും ശേഷം വീണ്ടും ചുവട്മായ്ക്കൽ പൂർത്തിയാക്കി പള്ളിയറയിൽ തിരുവായുധം സമർപ്പിച്ചതോടെ ഉത്രവിളക്ക് സമാപിച്ചു.

ഇന്നലെ രാത്രി ഭണ്ഡാര വീട്ടിൽ തെയ്യം കൂടൽ ചടങ്ങ് നടന്നു

ഇന്ന് 25 മാർച്ച്‌ പകൽ വിഷ്ണുമൂർത്തി, പടിഞ്ഞാറ്റ ചാമുണ്ഡി, മൂവാളംകുഴി ചാമുണ്ഡി തെയ്യങ്ങൾ കെട്ടിയാടും. തൃക്കണ്ണാടപ്പന്റെ ‘അഞ്ച് കഴിഞ്ഞു ആറാമത്തെ’ പരദേവതയായി സങ്കൽപ്പിച്ചു വരുന്ന ശക്തിസ്വരൂപിണിയായ മൂവാളംകുഴി ചാമുണ്ഡിയമ്മയെ ഏതാനും ക്ഷേത്രങ്ങളിൽ മാത്രമേ കെട്ടിയാടാറുള്ളൂ . വൈകുന്നേരം വിളക്കിലരിയോടെ സമാപിക്കും.

ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും.

പടം : പാലക്കുന്ന് ക്ഷേത്രത്തിൽ ഉത്രവിളക്ക് ഉത്സവത്തോടനുബന്ധിച്ച് നടന്ന ചുവട് മായ്ക്കൾ

Back to Top