പേര് അടിപ്പാത, കാഴ്ചയ്ക്ക് കുളം; ചെറുവത്തൂര്‍ മയിച്ചയിലെ റെയില്‍വേ അടിപ്പാത മൂന്ന് മാസത്തിനകം തുറന്ന് കൊടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.

Share

പേര് അടിപ്പാത, കാഴ്ചയ്ക്ക് കുളം; ചെറുവത്തൂര്‍ മയിച്ചയിലെ റെയില്‍വേ അടിപ്പാത മൂന്ന് മാസത്തിനകം തുറന്ന് കൊടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കാസര്‍കോട്: ചെറുവത്തൂര്‍ മയിച്ചയിലെ റെയില്‍വേ അടിപ്പാത മൂന്ന് മാസത്തിനകം തുറന്ന് കൊടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.

സ്ഥിരം പമ്ബ് സെറ്റ് സ്ഥാപിച്ച്‌ അടിപ്പാതയിലെ വെള്ളം ഒഴുക്കി കളഞ്ഞ് ഗതാഗത യോഗ്യമാക്കണമെന്നാണ് നിര്‍ദേശം.വെള്ളം നിറഞ്ഞ് കിടക്കുന്നത് കാസര്‍കോട് മയിച്ചയിലെ റെയില്‍വേ അടിപ്പാത. ചെറുവത്തൂര്‍ നീലേശ്വരം റെയില്‍പ്പാതയുടെ അടിയില്‍ കൂടെ ട്രാക്കിന്റെ ഇരുവശത്തേക്കുമുള്ള സഞ്ചാര സൗകര്യമായിരുന്നു ഇത്. തേജസ്വിനി പുഴയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് ഇവിടം. എന്നാല്‍ ഇന്ന് വാഹന ഗതാഗതത്തിനോ കാല്‍നട യാത്രക്കോ ഉപകരിക്കാത്ത അവസ്ഥയിലാണ് അടിപ്പാതയുള്ളത്. പേരിന് അടിപ്പാതയാണെങ്കിലും കാഴ്ചയ്ക്ക് കുളത്തിന് സമമാണ് അടിപ്പാത.

ഈ അടിപ്പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞു. അടിപ്പാത തുറക്കാനായി നിരവധി സമരങ്ങളും പ്രതിഷേധങ്ങളും ജനത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായെങ്കിലും അതിനൊന്നും യാതൊരു ഫലവുമുണ്ടായില്ല.ഇതേ തുടര്‍ന്നാണ് നാട്ടുകാര്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.

ഒന്നരക്കോടി രൂപയില്‍ അധികം ചെലവിട്ടായിരുന്നു അടിപ്പാതയുടെ നിര്‍മ്മാണം. അശാസ്ത്രീയമായ രീതിയില്‍ നിര്‍മ്മിച്ചതിനാലാണ് വെള്ളം കെട്ടി നില്‍ക്കുന്നതെന്നാണ് സാമൂഹ്യപ്രവര്‍ത്തകനായ സഞ്ജീവന്‍ മടിവയല്‍ ആരോപിക്കുന്നത്. നിലവില്‍ സ്കൂള്‍ കുട്ടികള്‍ അടക്കമുള്ള നിരവധി പേര്‍ റെയില്‍പാത മുറിച്ച്‌ കടന്നാണ് സഞ്ചരിക്കുന്നത്. ഏത് സമയത്തും ഒരപകടം മുന്നിലുണ്ടെന്ന ഭീതിയിലാണ് നാട്ടുകാര്‍. അടിപ്പാത തുറക്കുകയും വെള്ളക്കെട്ടിന് പരിഹാരം കാണുകയും ചെയ്താല്‍ നാട്ടുകാര്‍ക്ക് സുരക്ഷിതവും സുഗമവുമായി സഞ്ചരിക്കാനാവും.

Back to Top