അപ്രതീക്ഷിതമായതൊന്നും സംഭവിച്ചില്ല , ഹോളണ്ടിന് എതിരെ ഇന്ത്യക്ക് ജയം

Share

അപ്രതീക്ഷിതമായതൊന്നും സംഭവിച്ചില്ല. കരുതലോടെ ബാറ്റു വീശിയ ബാറ്റർമാർക്കു പിന്നാലെ അച്ചടക്കമുള്ള ബോളിങ് പ്രകടനവുമായി ബോളർമാരും തിളങ്ങിയതോടെ, നെതർലൻഡ്സിനെതിരായ ലോകകപ്പ് പോരാട്ടത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. രാജ്യാന്തര ട്വന്റി20യിൽ ആദ്യമായി മുഖാമുഖമെത്തിയ നെതർലൻഡ്സിനെ, 56 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 179 റൺസ്. നെതർലൻഡ്സിന്റെ മറുപടി 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 123 റൺസിൽ അവസാനിച്ചു.

25 പന്തിൽ പുറത്താകാതെ 51 റൺസെടുത്ത് ഇന്ത്യയ്ക്ക് മികച്ച സ്കോർ ഉറപ്പാക്കിയ സൂര്യകുമാർ യാദവാണ് കളിയിലെ കേമൻ. ഇതോടെ, രണ്ടു കളികളിൽനിന്ന് നാലു പോയിന്റുമായി ഇന്ത്യ രണ്ടാം ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി. ഞായറാഴ്ച കരുത്തരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. പോയിന്റ് പട്ടികയിൽ ഇന്ത്യയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്ക. സിംബാബ്‌വെയ്ക്കെതിരായ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചതാണ് അവർക്ക് തിരിച്ചടിയായത്.

ഇന്ത്യ ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്സ്, ഒരു ഘട്ടത്തിലും വിജയപ്രതീക്ഷ ഉയർത്താതെയാണ് കീഴടങ്ങിയത്. 15 പന്തിൽ ഒരു പടുകൂറ്റൻ സിക്സറും ഫോറും സഹിതം 20 റൺസെടുത്ത ടിം പ്രിംഗിളാണ് അവരുടെ ടോപ് സ്കോറർ. പ്രിംഗിളിനു പുറമെ നെതർലൻഡ്സ് നിരയൽ രണ്ടക്കം കണ്ടത് അഞ്ചു പേരാണ്. ഓപ്പണർ മാക്സ് ഒദോദ് (10 പന്തിൽ 16), ബാസ് ഡി ലീഡ് (23 പന്തിൽ 16), കോളിൻ ആക്കർമാൻ (21 പന്തിൽ 17) എന്നിവരാണ് രണ്ടക്കം കണ്ട് പുറത്തായവർ. വാലറ്റക്കാരായ ഷാരിസ് അഹമ്മദ് (11 പന്തിൽ പുറത്താകാതെ 16), പോൾ വാൻ മീകരൻ (ആറു പന്തിൽ പുറത്താകാതെ 14) എന്നിവർ പിരിയാത്ത 10–ാം വിക്കറ്റിൽ 12 പന്തിൽ 22 റൺസ് കൂട്ടിച്ചേർത്താണ് പരാജയഭാരം കുറച്ചത്.
ഇന്ത്യയ്ക്കായി ഇന്ത്യയ്ക്കായി ഭുവനേശ്വർ കുമാർ മൂന്ന് ഓവറിൽ 9 റൺസ് വഴങ്ങിയും അക്ഷർ പട്ടേൽ നാല് ഓവറിൽ 18 റൺസ് വഴങ്ങിയും രവിചന്ദ്രൻ അശ്വിൻ നാല് ഓവറിൽ 21 റൺസ് വഴങ്ങിയും അർഷ്ദീപ് സിങ് മൂന്ന് ഓവറിൽ 23 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് ഷമി നാല് ഓവറിൽ 27 റൺസ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി.

Back to Top