പാലക്കുന്ന് ക്ഷേത്രത്തിൽ മൂന്ന് തറകളിൽ മറുത്തു കളിക്ക് പന്തൽ കളി തുടങ്ങി 

Share

പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവത്തോടനുബന്ധിച്ച് നടക്കുന്ന മറുത്തു കളിയുടെ ഭാഗമായി അനുഷ്ഠാന പരമായ ചടങ്ങുകൾക്ക് തുടക്കമിട്ടു. മാർച്ച്‌ 11ന് ഭരണി ഉത്സവം കൊടിയിറങ്ങി 5 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടങ്ങുന്ന പൂരോത്സവത്തിന് ഇവിടെ ഈ വർഷം മറുത്തുകളി ഉണ്ടായിരിക്കും.

കഴകത്തിലെ മൂന്ന് തറകൾ കേന്ദ്രീകരിച്ചു നടക്കുന്ന മറത്തുകളിക്ക് മൂന്ന് പണിക്കന്മാരെ നേരത്തേ തീരുമാനിച്ചിരുന്നു. പെരുമുടിത്തറയിൽ രാജീവൻ കൊയങ്കര,മേൽത്തറയിൽ രാജേഷ് അണ്ടാൾ , കീഴ്ത്തറയിൽ ബാബു അരയി എന്നിവരാണ് കളിക്ക് നേതൃത്വം നൽകുക. പി.വി. കുഞ്ഞിക്കോരനാണ് ക്ഷേത്രത്തിലെ സ്ഥിരം പണിക്കർ.

അതത് തറകൾ കേന്ദ്രീകരിച്ച് അതിനായി പ്രത്യേകം രൂപീകരിച്ച കമ്മിറ്റിയുടെ പ്രതിനിധികൾ പണിക്കന്മാരെ വീടുകളിൽ ചെന്ന് ‘കുറിയിട്ട് വണങ്ങി’ ഭണ്ഡാര വീട്ടിലേക്ക് ആനയിച്ചു. പടിഞ്ഞാറ്റയിൽ പ്രാർഥനയ്ക്ക് ശേഷം

പണിക്കന്മാർ അതത് തറയിൽ വീട് തറവാടുകളിലേക്ക് യാത്രതിരിച്ചു. അവിടങ്ങളിൽ ഉയർത്തിയ പ്രത്യേകം പന്തലുകളിൽ ‘ദൈവത്തറകൾ’ ഉണ്ടാക്കി ഞായറാഴ്ച സന്ധ്യാദീപത്തിന് ശേഷം പന്തൽകളിക്ക് തുടക്കമിട്ടു. ഈമാസം 21ന് മേൽത്തറ, കീഴ്ത്തറ പണിക്കന്മാർ മേൽത്തറയിലും , 22ന് ഇവർ കീഴ്ത്തറയിലും മറുത്തുകളി നടത്തും.

പൂരോത്സവത്തിന് മറുത്തു കളി

അഞ്ചു വർഷത്തിന് ശേഷമാണ് പാലക്കുന്ന് ക്ഷേത്രത്തിൽ പൂരോത്സവത്തിന്റെ ഭാഗമായി മറുത്ത് കളിക്ക് വേദിയൊരുങ്ങുന്നത്. മാർച്ച്‌ 21ന് മൂന്നാം പൂരനാളിൽ ക്ഷേത്രത്തിൽ മേൽത്തറ, പെരുമുടിത്തറ പണിക്കന്മാരും 22ന് രണ്ടാം പൂരനാളിൽ കീഴ്ത്തറ, പെരുമുടിത്തറ പണിക്കന്മാരും മറുത്തു കളി നടത്തും . പൂരം ഒന്നാം നാളിൽ മൂന്ന് പണിക്കന്മാരുടെ ഒത്തുകളിയും നടക്കും. മൂന്ന് പണിക്കന്മാർ ഒന്നിച്ചു മറുത്തുകളിക്കുന്നത് പാലക്കുന്ന് ക്ഷേത്രത്തിൽ മാത്രമാണ്.

Back to Top