ഇന്ത്യൻ കമ്പനികളിൽ ജോലി ചെയ്യുന്ന കപ്പൽ ജീവനക്കാർക്ക് വേതന വർധന, ജനുവരി 1 മുതൽ ഇത് പ്രാബല്യത്തിൽ വരും എൻ.എൻ.ബി.കരാർ വ്യവസ്ഥയിൽ ജോലിചെയ്യുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക

Share

പാലക്കുന്ന് : എൻ. എം. ബി. (നാഷണൽ മരിടൈം ബോർഡ്‌ ) കരാറിൽ ഇന്ത്യൻ ഫ്ലാഗ് രജിസ്‌ട്രെഷനിൽ ഇന്ത്യക്കകത്തും പുറത്തും ജോലി ചെയ്യുന്ന ഇന്ത്യൻ കപ്പൽ ജീവനക്കാർക്ക് വേതനവിലും മറ്റ് ആനുകൂല്യങ്ങളിലും മാറ്റങ്ങൾ വരുത്തി പുതിയ കരാർ മുംബൈയിൽ ഒപ്പ് വെച്ചു. കപ്പലോട്ടക്കാരുടെ സംഘടനയായ നുസി (നാഷണൽ യൂണിയൻ ഓഫ് സീഫെയറെസ് ഓഫ് ഇന്ത്യ ) യുടെ വൈസ് പ്രസിഡന്റ് ലൂയിസ് ഗൂമ്സ് , ജനറൽ സെക്രട്ടറി മിലിന്റ് കന്റാൽ ഗോൺക്കർ, അസിസ്റ്റന്റ് ജനറൽ സെക്രട്ടറി സുനിൽ നായർ തുടങ്ങിയവരും വിവിധ കപ്പൽ കമ്പനി പ്രതിനിധികളും മറ്റ് എൻ.എം. ബി. ബോർഡ് അംഗങ്ങളും ഒപ്പ് വെച്ച ഉടമ്പടിക്ക് 2027 ഡിസംബർ 31 വരെ പ്രാബല്യം ഉണ്ടായിരിക്കും. 48 മത് എൻ. എം. ബി. എഗ്രിമെന്റ് ആണിത്.അടിസ്ഥാന വേതനത്തിൽ 42 ശതമാനം വർധനവ് രാജ്യത്തിന് പുറത്തു സഞ്ചരിക്കുന്ന കപ്പലുകളിൽ (ഫോറിൻ ഗോയിങ് വെസ്സൽസ്) ജോലി ചെയ്യുന്നവർക്ക് 42 ഉം ഇന്ത്യയ്ക്കകത്തു(ഹോം ട്രേഡ് ) 25 ശതമാനവും അടിസ്ഥാന വേതനത്തിൽ വർധനവ് ലഭിക്കും. നിലവിലെ സേവന ദൈർഘ്യം 8 മാസമായി ചരുങ്ങും. ചില സാഹചര്യങ്ങളിൽ കൂടുതൽ നാൾ കഴിയേണ്ടി വന്നാൽ അടിസ്ഥാന വേതനത്തിൽ 10 ശതമാനം വർധന ലഭിക്കും.

സർവീസിലിരിക്കെ മരണപ്പെട്ടാൽ കിട്ടിയിരുന്ന നഷ്ട പരിഹാരതുക 22 ലക്ഷത്തിൽ നിന്ന് 40 ലക്ഷമായി ഉയർത്തി.100 ശതമാനം വികലതയ്ക്ക് 25 ലക്ഷ മെന്നത് 35 ലക്ഷമാകും.

55 വയസിൽ ജോലിയിൽ നിന്ന് പിരിയേണ്ടി വന്നാൽ 6 ലക്ഷവും,58 ൽ 4.5 ലക്ഷവും 58ന് മുകളിൽ 4 ലക്ഷവും നൽകും.

രാജ്യത്തിനകത്തും പുറത്തും വ്യവഹാര യാത്ര നടത്തുന്ന ഇന്ത്യൻ കപ്പലുകളിൽ ജോലി ചെയ്യുന്ന റേറ്റിംഗ്, പെറ്റിഓഫിസർ റാങ്കിൽ ജോലി ചെയ്യുന്ന സീമെൻരും കൂടാതെ തീരത്തു നിന്നകലെ ( ഓഫ്‌ഷോർ) യാനങ്ങളിലും ടഗുകളിലും ജോലി ചെയ്യുന്നവരുമാണ് എൻ.എം.ബി. എഗ്രിമെന്റ് പരിധിയിൽ പെടുന്നുണ്ട്.

വൈദ്യ ചികിത്സ, കുട്ടികൾക്കുള്ള വിദ്യാഭ്യാസ ഗ്രാന്റ്, സ്കോളർഷിപ്പുകൾ നുസി യിൽ നിന്ന് തുടർന്നും നൽകുമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു

Back to Top